Image

തമിഴ്നാട് സര്‍ക്കാര്‍ കടം വീട്ടി; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് തസ്‌ദീക്ക് അലവന്‍സ് അനുവദിച്ചു

Published on 20 October, 2019
തമിഴ്നാട് സര്‍ക്കാര്‍ കടം വീട്ടി; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് തസ്‌ദീക്ക് അലവന്‍സ് അനുവദിച്ചു

തിരുവനന്തപുരം: തമിഴ്നാട് സര്‍ക്കാര്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് 18 വര്‍ഷത്തെ കുടിശ്ശിക സഹിതം 1.67 കോടി രൂപ തസ്‌ദീക്ക് അലവന്‍സ് അനുവദിച്ചു. 2001 മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ള തസ്ദിക് അലവന്‍സാണ് ഇപ്പൊള്‍ അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.


ലെയ്സണ്‍ ഓഫീസര്‍ ടി.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പഴയ ഫയലുകള്‍ കണ്ടെടുത്ത ശേഷം നാഗര്‍കോവിലില്‍ എത്തി റവന്യു അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രേഖകള്‍ സംഘടിപ്പിച്ച്‌ മെമ്മോറാണ്ടം തയ്യാറാക്കി തമിഴ്നാട് സര്‍ക്കാരിന് നല്‍കി. തുടര്‍ന്നാണ് തസ്‌ദീക്ക് അലവന്‍സ് കുടിശിക സഹിതം അനുവദിച്ചത്.


സംസ്ഥാന വിഭജനത്തെത്തുടര്‍ന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് കന്യാകുമാരി ജില്ലയിലുണ്ടായിരുന്ന ഭൂമി തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അവിടത്തെ കൃഷിക്കാരില്‍ നിന്ന് ക്ഷേത്രത്തിനു ലഭിച്ചിരുന്ന തിരുപ്പുവാരം നിയമപരമായി നിറുത്തലാക്കിയതിന്റെയും നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയിരുന്ന തസ്‌ദീക്ക് അലവന്‍സാണ് കുടിശിക സഹിതം അനുവദിച്ചത്. 1964-ലെ നിയമപ്രകാരം ഏറ്റെടുത്ത ക്ഷേത്രഭൂമിയ്ക്കും അതുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും സര്‍ക്കാര്‍ ഓരോ വര്‍ഷവും നിശ്ചിതതുക നല്‍കേണ്ടതുണ്ട്. തസ്ദിക് അലവന്‍സ് എന്ന പേരിലുള്ള ഈ തുക സര്‍ക്കാര്‍ ബജറ്റിലാണ് വകയിരുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക