Image

കോഹിനൂര്‍ (കവിത: രമ പ്രസന്ന പിഷാരടി, ബംഗളൂരൂ)

Published on 27 October, 2019
കോഹിനൂര്‍ (കവിത: രമ പ്രസന്ന പിഷാരടി, ബംഗളൂരൂ)
പരിതാലഗ്രാമത്തിലായിരുന്നു രത്‌നഗിരിപോലെ,
സൂര്യന്റെ മിഴിപോലെയുജ്ജ്വലിച്ചൊരു
ശിലാരൂപത്തിനുള്ളിനുള്ളില്‍ നിന്നും ദീപമിഴികള്‍
തുറന്നുണര്‍ന്നിവിടേയ്ക്ക് വന്നതും
ഒരു സ്വര്‍ഗദേവിതന്‍ നയനത്തിലെ പ്രഭാവലയം
തിളങ്ങുന്ന കാഴ്ചകള്‍ കണ്ടുകണ്ടരികിലെ
പടയേറ്റമതിലൊഴുകിയെത്രയോ കഥകളില്‍
മങ്ങിത്തിളങ്ങിവലഞ്ഞതും
മുഗള്‍ രാജ സിംഹാസനം ദീപ്തമാക്കിയും
പഴയകാലത്തിന്റെ ചിത്രങ്ങളേറ്റിയും
ചിമിഴുകള്‍ മാറി, മിഴാവുകള്‍ക്കുള്ളിലെ
അധികമുഴക്കം ശ്രവിച്ച്, വെണ്‍ചാമരക്കുടകളെ
കണ്ട് നിശ്ശബ്ദമിരുന്നതും,
സ്മൃതി തീര്‍ഥ വാഹിനികളാകുന്ന ദിക്കിലും
സമതലങ്ങള്‍ക്കും, സമാന്തരപാതകള്‍ക്കരികിലും
പടയോട്ടമത് കണ്ട് കണ്ടു നിന്നെഴുതിത്തിളങ്ങി
ത്തിളങ്ങിപ്പരക്കുന്നൊരധികമൂല്യത്തിന്റെയാധിയാം
ഭാരത്തിനെതിര്‍ വാക്ക് ചൊല്ലുവാനാതെയെത്രയോ
രണമതില്‍ തൂവിയോരുന്മത്തരോഷത്തിനരികിലും
നീ തിളങ്ങീ, നിന്റെയുള്ളിലായ്
കനകകാവ്യങ്ങള്‍ ജ്വലിച്ചുയര്‍ന്നെങ്കിലും,
ഒടുവില്‍, നിശ്ശബ്ദം, നിലാവിന്റെയുള്ളിലെ
മൃദുലഭാവം തീര്‍ത്ത സൗമ്യനീര്‍ച്ചോലയില്‍
കഴുകിമിനുപ്പാര്‍ന്ന നിനവുകള്‍ക്കുള്ളിലായ്
കടലും കടന്ന് യാത്രയ്‌ക്കൊരുങ്ങി, സൂര്യനൊരു
നാളുമസ്തമിക്കാത്ത സാമ്രാജ്യത്തിലൊരു
കിരീടത്തിനരാജകഭാവത്തിലൊരു
ചെറുബിന്ദുവായ് മറയും വരേയ്ക്കുമാ
പരിതാലഗ്രാമം കരഞ്ഞുവോ, കോഹിനൂര്‍!
ഇനിവരില്ലെന്നോര്‍ത്തു മെല്ലെ വിതുമ്പിയോ ?
ഇവിടെയിന്നീ ചരിത്രം ചിരിക്കുന്നുവോ?
ഇവിടെയീ ഗ്രാമം ചരിത്രമാകുന്നുവോ?
അറിയുന്നു നീ പ്രകാശത്തിന്റെ പര്‍വതം
അറിയുന്നു നീയാര്‍ഷഭൂവിന്റെ സ്പന്ദനം...

(ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പരിതാലഗ്രാമത്തിനടുത്തുള്ള കൊല്ലൂര്‍ ഖനിയില്‍ നിന്നാണ്  കോഹിനൂര്‍ എന്ന വജ്രക്കല്ല് ഖനനം ചെയ്‌തെടുത്തത്   കോഹ്ഇ നൂര്‍ എന്നാല്‍ മൗണ്ടന്‍ ഓഫ് ലൈറ്റ്  പ്രകാശത്തിന്റെ പര്‍വ്വതം എന്നാണ്..)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക