Image

മഹാരാഷ്ട്രയും ഹരിയാനയും ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും നല്‍കുന്നപാഠങ്ങള്‍- ഭാവി പ്രക്ഷുബ്ദം (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 28 October, 2019
മഹാരാഷ്ട്രയും ഹരിയാനയും ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും നല്‍കുന്നപാഠങ്ങള്‍- ഭാവി പ്രക്ഷുബ്ദം (ഡല്‍ഹികത്ത് :  പി.വി.തോമസ് )
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെതിളക്കമാര്‍ന്ന വിജയത്തിനുശേഷം ആദ്യംനടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍-മഹാരാഷ്ട്ര, ഹരിയാന ബി.ജെ.പി.ക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പുകള്‍ പ്രതിപക്ഷത്തിനും പ്രത്യേകിച്ച ്‌ കോണ്‍ഗ്രസ് ചിലപാഠങ്ങളും സന്ദേശങ്ങളും നല്‍കുന്നുണ്ട്. രണ്ടിടത്തും ബി.ജെ.പി.ക്ക് അധികാരം നിലനിര്‍ത്തുവാന്‍ സാധിച്ചുവെങ്കിലും, ഏറ്റവും വല്യ ഒറ്റ കക്ഷി ആകുന്നതില്‍ വിജയിച്ചുവെങ്കിലും ഹരിയാനയില്‍ പ്രാദേശിക കക്ഷിയായ ജനനായക്ക് ജനതാപാര്‍ട്ടിയുടെ (ജെ.ജെ.പി.) സഹായം വേണ്ടി വന്നു. ഉപ മുഖ്യമന്ത്രി സ്ഥാനം ആദ്യമായി ജെ.ജെ.പി.യുടെ നേതാവ് ദുഷ്യന്ദ് ചൗതാലയ്ക്ക് അടിയറവ് പറയേണ്ടി വന്നു. ചൗതാലയുടെ കുടുംബമാകട്ടെ(അച്ഛനും മുത്തച്ഛനും) അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണുതാനും. ഗോപാല്‍ കാണ്ട എന്ന ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ നേതാവ് ബി.ജെ.പി.ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത്വരികയും അദ്ദേഹത്തെ ബി.ജെ.പി. പ്രത്യേക ചാര്‍ട്ടേട് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജനരോഷത്തെ തുടര്‍ന്ന് ബി.ജെ.പി. അദ്ദേഹത്തിന്റെ സഹായം വേണ്ടെന്ന് വെച്ചു. കാരണംകാണ്ട. രണ്ട് ആത്മഹത്യ പ്രേരണ കുറ്റത്തില്‍ അറസ്റ്റിലായി ജയിലിലും ബെയിലിലും ആണ്. ഹരിയാനയില്‍ ആകെയുള്ള തൊണ്ണൂറു സീറ്റുകളില്‍ എഴുപത്തിയഞ്ചിനു മുകളിലാണ് വിജയിക്കുവാന്‍ ബി.ജെ.പി. കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ വെറും നാല്‍പത് സീറ്റുകളില്‍ മാത്രമാണ് ജയിക്കുവാന്‍ സാധിച്ചത്. മഹാരാഷ്ട്രയില്‍ ആകട്ടെ ആകെയുള്ള ഇരുനൂറ്റി എണ്‍പത്തിയെട്ട് സീറ്റുകളില്‍ ഇരുപത് സീറ്റുകളില്‍ ഏറെ വിജയിച്ച് സഖ്യക്ഷിയായ ശിവസേനയെ കൂടാതെ കേവല ഭൂരിപക്ഷം നേടാമെന്നായിരുന്നു. പക്ഷെ അതും നടന്നില്ല. അവിടെയും പാര്‍ട്ടിയുടെ അംഗസഖ്യ വളരെ കുറഞ്ഞു. അതിന്റെ ഫലമായി ശിവസേന കൂടുതല്‍ പ്രബലപ്പെടുകയും മുഖ്യമന്ത്രി ഉള്‍പ്പെടെ 50: 50 എന്ന അധികാര ഷെയര്‍ ശാഠ്യത്തിലായി.

ഹരിയാനയിലും മഹാരാഷ്ട്രയിലും നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും(എന്‍.സി.പി.) നേട്ടങ്ങള്‍ വരിച്ചു. ഈ നേട്ടത്തില്‍ ശത് പവാറും(എന്‍.സി.പി.) ഭൂപീന്ദര്‍ സിംഗ് ഹൂഡയും ആണ് താരങ്ങള്‍. സോണിയ ഗാന്ധിയുടെയോ രാഹുല്‍ ഗാന്ധിയുടെയോ കാര്യമായ സാന്നിധ്യം ഈ രണ്ട് സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നില്ല. എന്നിട്ടും പാര്‍ട്ടിയുടെ നിലമെച്ചപ്പെടുത്തുവാന്‍ പ്രാദേശിക നേതാക്കന്‍മാര്‍ക്ക് സാധിച്ചു എന്നത് ഒരു ചൂണ്ടുപലകയാണ്. കോണ്‍ഗ്രസ് മുപ്പത്തിയൊന്ന് സീറ്റുകളില്‍ ഹരിയാനയില്‍ വിജയിച്ചു. മഹാരാഷ്ട്രയില്‍ രണ്ട് സീറ്റുകളില്‍ കൂടി കഴിഞ്ഞ പ്രാവശ്യത്തേതില്‍ നിന്നും ലഭിച്ചു. എന്നിട്ടും അവിടെ കോണ്‍ഗ്രസ് ബി.ജെ.പി.ക്കും ശിവസേനക്കും എന്‍.സി.പി.ക്കും ശേഷം നാലാം സ്ഥാനത്താണ്.

ആദ്യം ബി.ജെ.പി.യുടെ പ്രകടനം പരിശോധിക്കാം. മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല്‍പ്പത്തിയെട്ടില്‍ നാല്‍പ്പത്തിയൊന്ന് സീറ്റുകളും മോഡി-ഷാ കമ്പനി തൂത്തുവാരിയതാണ്. ഹരിയാനയില്‍ പത്തില്‍ പത്തും. എന്നിട്ട് ഇപ്പോള്‍ ഇതെന്തു പറ്റി? സംസ്ഥാന തിരഞ്ഞെടുപ്പും ദേശീയ തിരഞ്ഞെടുപ്പും രണ്ടും രണ്ടാണെന്നും ഇഷ്യൂകള്‍ വ്യത്യസ്തമാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പില്‍ പ്രാദേശിക നേതാക്കന്മാരുടെ വ്യക്തിപ്രഭാവം ആണ് പരീക്ഷിക്കപ്പെടുന്നതും എന്നുള്ള വാദഗതിയോട് യോജിക്കുവാന്‍ സാധിക്കുന്നില്ല. കാരണം ഇതേ മോഡി-ഷാ കമ്പനി തന്നെയാണ് 2014 ലും അസംബ്ലി), 2019 ലും(ലോകസഭ) ബി.ജെ.പി. ഹരിയാനയിലും മഹാരാഷ്ട്രയിലും നിര്‍ണ്ണായകമായ വിജയം കൈവരിച്ചപ്പോള്‍ മുന്‍നിര നായകന്മാരായി നയിച്ചത്. ആ വ്യക്തിപ്രഭാവത്തിന്റെ സ്വാധീനം ഇന്നെവിടെ പോയി? മാത്രവുമല്ല മോഡിയും ഷായും ഉയര്‍ത്തിയത് ആര്‍ട്ടിക്കിള്‍- 370ന്റെ ഇല്ലാതാക്കലും തീവ്രദേശീയതയും ദേശീയ സുരക്ഷയും ബാരാക്കോട്ട് മിന്നല്‍ ആക്രമണവും  ഹിന്ദുത്വയും ആയിരുന്നു. ബി.ജെ.പി.യുടെ മഹാരാഷ്ട്ര പ്രകടന പത്രിക ബില്‍ ഹിന്ദുത്വ തീവ്രവാദിയും മഹാരാഷ്ട്രക്കാരനുമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ കീര്‍ത്തി ചക്രമായ ഭാരതരത്‌നം നല്‍കി ആദരിക്കാമെന്ന് വാഗ്ദാനവും ചെയ്തിരുന്നു. ഇത് ഹിന്ദുത്വ ശക്തികളെ ദ്രുവീകരിപ്പിച്ച് വോട്ട് തേടുവാനുള്ള ഒരു തന്ത്രം ആയിരുന്നു. പക്ഷെ ഇത് വിലപ്പോയില്ല. ആരാണ് ഈ സവര്‍ക്കര്‍? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഒരു വിവാദ പുരുഷനും 'ഹിന്ദു രാഷ്ട്ര' എന്ന രാഷ്ട്രീയ സ്വയം സേവക് സംഖിന്റെ ചിന്താഗതിയുടെ ആചാര്യന്മാരില്‍ ഒരാളും ആണ്. മഹാത്മാഗാന്ധി വധകേസിലെ പ്രതികളില്‍ ഏഴാമന്‍ ആയിരുന്നു സവര്‍ക്കര്‍. അതുപോലെ തന്നെ മോഡിയുടേയും ഷായുടേയും തീവ്ര ദേശീയതയും ആര്‍ട്ടിക്കിള്‍- 370 ഉം ബാലാകോട്ടും രാമക്ഷേത്രവും ഒന്നും വില പോയില്ല. ഇവര്‍ മനഃപൂര്‍വ്വം സാമ്പത്തിക- കാര്‍ഷിക മേഖലയിലെ പരാധീനത മറച്ചുവെച്ചു. പക്ഷെ സമ്മതി ദായകര്‍ അതു മറന്നില്ല.

ഹരിയാനയില്‍ പത്തില്‍ പത്തും ലോക്‌സഭാ സീറ്റുകള്‍ നേടിയ ബി.ജെ.പി.യുടെ തന്ത്രങ്ങള്‍ ഫലിച്ചില്ല. അതിര്‍ത്തി സംസ്ഥാനം ആയ ഹരിയാനയില്‍ ബാലാകോട്ട് പോലുള്ള വൈകാരികമായ രാജു രക്ഷാ ബ്ലാക് മെയിലുകള്‍ ഏശിയില്ല. പഞ്ചാബിലെ പോലെ തന്നെ ഹരിയാനയിലും ചുരുങ്ങിയത് ഓരോ കുടുംബത്തില്‍ നിന്നും ഒരു അംഗമെങ്കിലും രക്ഷാ സേനയില്‍ ഉള്ളതാണ്. അവിടെ ബാലാകോട്ട് പോലുള്ള സെന്‍സിറ്റീവ് ആയിട്ടുള്ള മിലിട്ടറി ഓപ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയത് വില പോയില്ല. അതും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ തൊട്ടടുത്ത സംസ്ഥാനമായ ജമ്മു-കാശ്മീരിലെ ആര്‍ട്ടിക്കിള്‍-370 തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പട്ടാളത്തേയും തീവ്ര ദേശീയതയേയും ദുരുപയോഗപ്പെടുത്തുന്നതിന് ഏറ്റ തിരിച്ചടിയാണ് മഹാരാഷ്ട്രയും ഹരിയാനയും. ദേശീയ വിഷയങ്ങള്‍ക്ക് പകരം എന്തുകൊണ്ട് മോഡിയും ഷായും സാമ്പത്തിക മേഖലയിലേയും കാര്‍ഷിക രംഗത്തേയും തൊഴില്‍ വേദിയിലേയും അരാജകത്തെ പരാമര്‍ശിച്ചില്ല? കാരണം തീവ്ര ദേശീയതയും ആര്‍ട്ടിക്കിള്‍ -370 ഉം ബാലാകോട്ടും സമ്മതിദായകരുടെ ഇടയില്‍ എളുപ്പം വിറ്റഴിക്കാവുന്ന വൈകാരികമായ വില്‍പനചരക്കുകള്‍ ആണെന്ന് മോഡിയും ഷായും തെറ്റിദ്ധരിച്ചു. സാമ്പത്തിക രംഗത്തെ യാഥാര്‍ത്ഥ്യവും ജനങ്ങളുടെ കഷ്ടപ്പാടുകളുമായുള്ള മോഡി-ഷാ ദ്വയത്തിന്റെ ഡിസ്‌കണക്ട് ആണ് ഇത് തുറന്ന് കാട്ടുന്നത്. ഇന്ന് എന്താണ് ഇന്ത്യയിലെ ജനങ്ങളുടെ പ്രധാന പ്രശ്‌നങ്ങള്‍? തീവ്ര ദേശീയത ആണോ? സാംസ്‌കാരിക ദേശീയത ആണോ? അല്ല. അവ തൊഴില്‍ രാഹിത്യവും പൂട്ടി പോകുന്ന വ്യവസായ സ്ഥാപനങ്ങളും കയറ്റുമതിയില്‍ ഉള്ള  ഗുരുതരമായ ഇടിവും അവ ഉളവാക്കുന്ന പ്രത്യാഘതങ്ങളും ഉപഭോക്ത ആവശ്യങ്ങളില്‍ ഉണ്ടാകുന്ന വീഴ്ചയും ഗ്രാമീണ മേഖലയിലെ വരുമാനത്തില്‍ ഉണ്ടാകുന്ന വീഴ്ചയും എല്ലാമാണ്. പക്ഷെ അവയില്‍ ഒന്നു പോലും ഉയര്‍ത്തി കാണിക്കുവാന്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മോഡിക്കും ഷാക്കും സാധിച്ചില്ല. കാരണം എടുത്ത് പറയത്തക്കതായി  ഒന്നും  അവരുടെ മുമ്പില്ല.

 ഇനി കോണ്‍ഗ്രസിന്റെ  കഥ, കോണ്‍ഗ്രസ് അവസരത്തിനൊത്ത് ഉയരുവാന്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും പരാജയപ്പെട്ടു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കാര്യമായ ഒരു ശക്തി അല്ലെങ്കിലും ഹരിയാനയില്‍  കോണ്‍ഗ്രസിന് ശക്തമായൊരു തിരിച്ചു വരവ് നടത്തുവാന്‍ സാധിക്കുമായിരുന്നു. പാര്‍ട്ടിയിലെ അന്ത:ഛിദ്രവും നേതാക്കന്മാരുടെ കൂട്ടത്തോടെയുള്ള പലായനവും സര്‍വ്വോപരി ദേശീയ നേതൃരാഹിത്യവും, മഹാരാഷ്ട്രയിലെ പോലെ തന്നെ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ  സാരമായി ബാധിച്ചു. ഹൂഡ മാത്രമായിരുന്നു പാര്‍ട്ടിയുടെ പ്രധാന മുഖം. ഒപ്പം പ്രാദേശിക പാര്‍ട്ടി അധ്യക്ഷ കുമാരി ഷെല്‍ജയും. ഹൂഡയുടെ നേട്ടം കോണ്‍ഗ്രസിന് വലിയ ആത്മധൈര്യം പകര്‍ന്ന് കൊടുത്തെങ്കിലും സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അതിനെകുറിച്ച് ഒരു അക്ഷരം പോലും പരാമര്‍ശിക്കുക ഉണ്ടായില്ല.

ഈ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും വളരെയേറെ പ്രതീക്ഷ ഉളവാക്കുന്നവയാണ്. ഇന്ത്യയില്‍ ഒരു പ്രതിപക്ഷത്തിന്റെ ആവശ്യം ഉണ്ടെന്ന് മനസിലാക്കിക്കൊണ്ട് ജനം നല്‍കുന്ന ശക്തമായ സന്ദേശം ആണ് ഇത്. അത്  ഉള്‍ക്കൊള്ളുവാന്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ  കോണ്‍ഗ്രസിന് സാധിക്കുമോ? ഇപ്പോഴത്തെ അവസ്ഥയില്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം കോണ്‍ഗ്രസ് ഇന്ന് നാഥനില്ലാ കളരിയാണ്. ആശയപരമായി പാപ്പരാണ്. അണികള്‍ ബി.ജെ.പി.യില്‍ ചേരുവാന്‍ 'ക്യൂ' നില്‍ക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവ് ബുദ്ധിമുട്ടാണ്. എങ്കില്‍ എന്താണ് പ്രതിപക്ഷത്തിന്റെ ഭാവി? പ്രാദേശിക ശക്തികള്‍ മുമ്പോട്ട് വരുമോ? ഹരിയാനയില്‍ നിന്നും കരുത്താര്‍ജിച്ച് കോണ്‍ഗ്രസ് പുതിയ ഒരു തിരിച്ചു വരവിന് ശ്രമിക്കുമോ? എന്‍.സി.പി. മാതൃകയില്‍. പ്രാദേശിക കക്ഷികളും കോണ്‍ഗ്രസും ചേര്‍ന്ന് ബി.ജെ.പി.ക്ക് ശക്തവും ക്രിയാത്മകവുമായ ഒരു പ്രതിപക്ഷം പ്രദാനം ചെയ്തില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ  ഭാവി ഇരുണ്ടതാകും. ഇന്ത്യ ഒറ്റ പാര്‍ട്ടി- ഏകാധിപത്യ ഭരണത്തിന്റെ പിടിയിലമരും. ഒരു കാര്യം ഓര്‍മിക്കണം. മഹാരാഷ്ട്രയും ഹരിയാനയും ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായിരുന്നു. ഈ സംസ്ഥാനങ്ങള്‍ അത് തുടര്‍ച്ചയായി ഭരിച്ചതാണ് പതിനഞ്ചും പത്തും വര്‍ഷങ്ങള്‍ അതായത് 2014 ല്‍ ബി.ജെ.പി.ക്ക് വഴിമാറുന്നത് വരെ. ഒരു കാലത്ത് കോണ്‍ഗ്രസ് ഏകാധിപതി ആയിരുന്ന മഹാരാഷ്ട്രയില്‍ അത് ഇന്ന് എങ്ങനെ നാലാം സ്ഥാനത്ത് എത്തി? ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും. ഒരു പക്ഷെ മധ്യപ്രദേശില്‍ രാജസ്ഥാനും ഛത്തീസ്ഘട്ടും ഒഴിച്ച് ഇവിടങ്ങളില്‍  2018 ഡിസംബറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടി എങ്കിലും 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് അടിയറവ് പറയേണ്ടി വന്നു. അത്ര ദയനീയമായിരുന്നു ആ പരാജയം.

ഹരിയാനയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും 2020-21 കളില്‍ രാജ്യവും ബി.ജെ.പി.യും കോണ്‍ഗ്രസും പ്രതിപക്ഷവും നാല് സംസ്ഥാന തിരഞ്ഞെടുപ്പുകളിലേക്ക് പോവുകയാണ്. ഇതില്‍ ആദ്യത്തേത് 2019 ഡിസംബറില്‍ ജാര്‍ഖണ്ഡ് ആണ്. ജാര്‍ഖണ്ഡ് ഇപ്പോള്‍  ഭരിക്കുന്നത് ബി.ജെ.പി. ആണ്. ഇവിടെ ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ്. 2015 ല്‍ ആം ആദ്മി പാര്‍ട്ടി എഴുപതില്‍ അറുപത്തിയേഴ് സീറ്റുകളും നേടിയതാണ്. ബി.ജെ.പി. മൂന്നും കോണ്‍ഗ്രസ് പൂജ്യവും. ബി.ജെ.പി.യും കോണ്‍ഗ്രസും നില മെച്ചപ്പെടുത്തിയിട്ടുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടി കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചു വരുവാനാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യത. അതിനുശേഷം ആണ് ബീഹാറും ബംഗാളും തിരഞ്ഞെടുപ്പിനു പോകുന്നത്. ബീഹാറില്‍ ജെ.ഡി.യും. ബി.ജെ.പി.യും അധികാരത്തിലാണ്. ഇവരുടെ സഖ്യം ഇപ്പോള്‍ ശക്തമാണെങ്കിലും അടിയൊഴുക്കുകള്‍ തള്ളികളയുവാന്‍ ആകില്ല. അടുത്തത് പശ്ചിമ ബംഗാള്‍. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഈ കോട്ട ശക്തമാണെങ്കിലും ബി.ജെ.പി. അവിടെ വളരുന്ന ഒരു രാഷ്ട്രീയ പ്രതിയോഗി ആണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും ഈ കോട്ട കാത്തു സൂക്ഷിക്കുവാന്‍ സാധിച്ചേക്കും. പക്ഷെ ബി.ജെ.പി.യുടെ വെല്ലുവിളി കടുത്തതാണ്.

ഈ തിരഞ്ഞെടുപ്പുകള്‍ 20-24 ലേക്കുള്ള ചൂണ്ടുപലകയാണ്. ഇതിന്റെ ആദ്യപടിയാണ് മഹാരാഷ്ട്രയും ഹരിയാനയും. ഇവിടെ ഭരണം നിലനിര്‍ത്തുവാനും ഏറ്റവും വലിയ ഒറ്റ കക്ഷിയായി വരുവാനും ബി.ജെ.പി.ക്ക് സാധിച്ചെങ്കിലും അതിന്റെ അടി അല്‍പം പതറി പോയി. എന്തായിരിക്കും ജാര്‍ഖണ്ഡിലും ഡല്‍ഹിയിലും ബീഹാറിലും ബംഗാളിലും ബി.ജെ.പി.യേയും പ്രതിപക്ഷത്തേയും കാത്തിരിക്കുന്നത്? ഭരണ സ്ഥിരത പോലെ തന്നെ ശക്തമായ പ്രതിപക്ഷവും ജനാധിപത്യത്തിന്റെ മൂലകല്ലാണ്.

മഹാരാഷ്ട്രയും ഹരിയാനയും ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും നല്‍കുന്നപാഠങ്ങള്‍- ഭാവി പ്രക്ഷുബ്ദം (ഡല്‍ഹികത്ത് :  പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക