Image

ഉത്തരേന്ത്യയും കേരളവും: വാളയാര്‍ സംഭവത്തിന്റ്റെ പശ്ചാത്തലത്തില്‍ ഒരന്വേഷണം (വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 29 October, 2019
ഉത്തരേന്ത്യയും കേരളവും: വാളയാര്‍ സംഭവത്തിന്റ്റെ പശ്ചാത്തലത്തില്‍ ഒരന്വേഷണം (വെള്ളാശേരി ജോസഫ്)
ഉത്തരേന്ത്യയില്‍ നടമാടുന്ന 'വയലന്‍സിനെ' കുറിച്ച് മനസിലാക്കാനുള്ള വളരെ നല്ല ഒരു സിനിമയാണ് 'ബണ്ടിറ്റ് ക്യൂന്‍'. ആ സിനിമ കേവലം ഫൂലന്‍ ദേവിയുടെ ചരിത്രം മാത്രമല്ല കാണിക്കുന്നത്. ഫൂലന്‍ ദേവിയെ നഗ്‌നയാക്കി ഗ്രാമ വഴികളിലൂടെ നടത്തുമ്പോള്‍ അമ്മമാര്‍ ആണ്‍കുട്ടികളുടെ കണ്ണ് പൊത്തുന്ന രംഗമുണ്ടത്തില്‍!!! ഇത്തരത്തില്‍ ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ട വിചാരണയും, മര്‍ദ്ദനവും കൊലപാതകവും, കൂട്ട ബലാത്സംഗങ്ങളും ചില ഗ്രാമങ്ങളില്‍ ഉണ്ടാകാറുണ്ട്. ഉത്തര്‍ പ്രദേശ്, ഹരിയാന, മധ്യ പ്രദേശ്  ഇവിടെയൊക്കെ ഏറ്റവും കൂടുതല്‍ അക്രമം കാണിക്കുന്നത് ജാട്ടുകളാണ്. പണ്ട് ഉപ പ്രധാന മന്ത്രിയായിരുന്ന ദേവി ലാലിന്റ്റെ ഒരു 'പച്ച സേന' ഉണ്ടായിരുന്നു. ഹരിയാന തെരെഞ്ഞെടുപ്പില്‍ അവര്‍ ആണിയടിച്ച ലാത്തി വെച്ച് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചു കൊല്ലുന്ന ഫോട്ടോയൊക്കെ പത്രങ്ങളില്‍ വന്നതാണ്. അന്നൊക്കെ 'ജാട്ട്' സമ്മേളനം നടക്കുമ്പോള്‍ അമ്മമാര്‍ പെണ്‍കുട്ടികളെ ഒളിപ്പിക്കുമായിരുന്നു എന്നാണ് പറയപ്പെടുന്നത്. ബീഹാറിലെ യാദവരും അക്രമം കാണിക്കുന്നതില്‍ ഒട്ടും മോശക്കാരല്ല. ലാലു പ്രസാദ് യാദവിനെ കാലിത്തീറ്റ കേസില്‍ അറസ്റ്റു ചെയ്യുന്നതിനെതിരെ കണ്ടമാനം അക്രമം കാണിച്ചവരാണവര്‍. ജാര്‍ക്കണ്ട്, ബീഹാര്‍, ഛത്തിസ്ഗഢ്  ഈ സംസ്ഥാനങ്ങളില്‍ നിന്ന് ദുര്‍മന്ത്രവാദം ആരോപി ച്ച്  സ്ത്രീകളെ നഗ്‌നയാക്കി ഗ്രാമ വഴികളിലൂടെ നടത്താറുണ്ട്. അവരുടെ സ്വത്തു തട്ടിയെടുക്കാനുള്ള തല്‍പര കക്ഷികളുടെ ശ്രമമാണിതൊക്കെ എന്നാണ് ചിലരൊക്കെ ഇതിനെ കുറിച്ച് പറയുന്നത്.

2030 വര്‍ഷങ്ങള്‍ക്കു മുന്‍പ് പോലും ദേവദാസി സമ്പ്രദായവും, പെണ്‍കുട്ടികളെ യെല്ലമ്മ ദേവിക്ക് സമര്‍പ്പിക്കുന്നതും, അത് വഴി പാവപ്പെട്ട സ്ത്രീകളെ വേശ്യ വൃത്തിയിലേക്ക് തള്ളി വിടുന്ന രീതിയും കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര  എന്നീ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നു. പ്രത്യേക സ്‌ക്വാഡിനെ ഇറക്കിയാണ് മഹാരാഷ്ട്രയില്‍ പോലീസ് ദേവദാസി സമ്പ്രദായം അമര്‍ച്ച ചെയ്തത്. ഈ പ്രത്യേക സ്‌ക്വാഡിനോട് പൊരുതാന്‍ ഗുണ്ടാ സംഘങ്ങളും, തല്‍പര കക്ഷികളും എത്തി. ഇതൊക്കെ ഈയടുത്ത് നടന്ന സംഭവങ്ങളാണ്. ലോക്‌സഭാ ചാനലില്‍ ആണെന്ന് തോന്നുന്നു  മഹാരാഷ്ട്രയിലെ ദേവദാസി സമ്പ്രദായത്തെ അടിസ്ഥാനപ്പെടുത്തി നല്ല ഒരു സിനിമ പ്രക്ഷേപണം ചെയ്തിരുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും 'സ്ട്രക്ച്ചറല്‍ വയലന്‍സ്' കണ്ടമാനം ഉണ്ട്. 'സുബ്രമണ്യപുരം' സിനിമ തമിഴ്‌നാട്ടിലെ 'സ്ട്രക്ച്ചറല്‍ വയലന്‍സ്' കാണിക്കുന്നുണ്ടല്ലോ. പണ്ട് ഗിരീഷ് കര്‍ണാട് സംവിധാനം ചെയ്ത ഒരു കന്നഡ സിനിമയും രണ്ടു ഗ്രാമങ്ങളിലുള്ളവര്‍ ഏറ്റുമുട്ടുന്നത് കാണിച്ചു. അതും ദേശീയ ചാനലില്‍ വന്നതാണ്. പോലീസ് പോലും ഇത്തരക്കാരുടെ മുമ്പില്‍ നിസ്സഹായരാകുകയാണ്.

ഒരു വശത്ത് ആത്മീയതയും, ഭക്തിയും ഉള്ളപ്പോള്‍ തന്നെ മറുവശത്ത് ഗുണ്ടായിസവും, അക്രമവും, അടിച്ചമര്‍ത്തലും ഇന്ത്യയില്‍ ധാരാളമായി നടക്കുന്നുണ്ട്. ഇത്തരത്തിലുള്ള 'വയലന്‍സിന്റ്റെ' പശ്ചാത്തലത്തില്‍ വേണം നാം ഗാന്ധിജിയുടെ അക്രമ രഹിത രാഷ്ട്രീയത്തിന്റ്റെ മഹത്ത്വം മനസിലാക്കാന്‍. ഇന്ത്യ ഇപ്പോഴും ഒരു രാഷ്ട്രം ആയി നില നില്‍ക്കാന്‍ പ്രധാന കാരണം നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ അക്രമ രാഹിത്ത്യത്തില്‍ ഊന്നിയ മഹത്തായ ആശയങ്ങളാണ്. അക്രമത്തിലൂടെ സാമൂഹ്യ മാറ്റത്തിനുള്ള ആഹ്വാനങ്ങള്‍ വന്നിരുന്നെന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യയില്‍ രക്ത പുഴകള്‍ ഒഴുകിയേനേ!!!  

ഇപ്പോള്‍ വാളയാറിലെ ദളിത് പെണ്‍കുട്ടികളുടെ അത്യന്തം നിര്‍ഭാഗ്യകരമായ കൊലപാതകത്തിന് ശേഷമുള്ള വിധിയുടെ പിന്നാലേ കേരളം സാമൂഹ്യ നീതിയുടെ കാര്യത്തില്‍ ഉത്തരേന്ത്യയെക്കാള്‍ പിന്നിലാണെന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. സംഘ പരിവാറുകാരാണെന്നു തോന്നുന്നു ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. സത്യത്തില്‍ ഉത്തരേന്ത്യയും കേരളവും തമ്മില്‍ ഏതെങ്കിലും രീതിയിലുള്ള താരതമ്യം സാധ്യമാണോ? സാമൂഹ്യ നീതിയുടെ കാര്യത്തില്‍ ഒരിക്കലും സാധ്യമല്ല. എത്രമാത്രം അനീതികളാണ് ഉത്തരേന്ത്യയിലെ സാമ്പത്തികവും സാമൂഹ്യവും ആയി പിന്നോക്കം നില്‍ക്കുന്നവര്‍ അനുഭവിക്കേണ്ടി വരുന്നതെന്ന് അറിയാന്‍ 'ബണ്ടിറ്റ് ക്യൂന്‍' എന്ന സിനിമ കണ്ടാല്‍ മാത്രം മതി. ഗ്രാമീണ രീതികള്‍ക്ക് എതിരായിട്ടുള്ള കുടുംബങ്ങളിലെ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്ന കാട്ടു നീതി ഒക്കെ ഇപ്പോഴും   ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുണ്ട്. ഫൂലന്‍ ദേവിയെ കുറിച്ചുള്ള 'ബണ്ടിറ്റ് ക്യൂന്‍' സിനിമ അത് കാണിക്കുന്നുമുണ്ടല്ലോ.

കേരളത്തില്‍ ആയിരക്കണക്കിന് കുറ്റക്രുത്യങ്ങള്‍ രെജിസ്റ്റര്‍ ചെയ്യപ്പെട്ട് അന്വേഷണം നടക്കുമ്പോള്‍ ഹരിയാനയിലും, ഉത്തര്‍ പ്രദേശിലും, ബീഹാറിലും മറ്റും പോലീസിന് അത്തരം ബുദ്ധിമുട്ടുകളില്ല; കേസുകള്‍ വെറുതെ എഴുതി തള്ളിയാല്‍ മാത്രം മതി. കേരളം അത്രയൊക്കൊന്നും എന്തായാലും  പുരോഗമിക്കില്ല. പഞ്ചാബിയായ ഒരാള്‍ ഇതെഴുതുന്ന ആളോട് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് കൊലപാതകത്തിന് ഇത്ര; ബലാല്‍സംഗത്തിന് ഇത്ര എന്നൊക്ക പറഞ്ഞു ഉത്തരേന്ത്യയിലെ മിക്ക പോലീസ് സ്‌റ്റേഷനുകളിലും അത്തരം കുറ്റകൃത്യങ്ങളൊക്കെ സെറ്റില്‍ ചെയ്യാന്‍ കണക്കുണ്ടെന്നാണ്!!! ഉത്തരേന്ത്യയില്‍ നടക്കുന്നത് പോലെ 'വാളയാര്‍' എന്നത് നാം പുലര്‍ത്തുന്ന മൗനങ്ങളുടേയും നമ്മുടെ അനീതികളുടേയും വിളിപ്പേരാകാത്തിരിക്കാനാണ് ഇപ്പോള്‍ മലയാളികളായ നാം ശ്രദ്ധിക്കേണ്ടത്.

'അച്ചൂത്തുകള്‍' ഉള്ള ബീഹാറിനെയോ, ഉത്തര്‍ പ്രദേശിനേയോ കുറിച്ച് കേരളത്തിലെ അധികമാര്‍ക്കും അറിയില്ല. ഇന്നും തോട്ടിപ്പണി ചെയ്യുന്ന ആളുകളെ കുറിച്ചും മലയാളികള്‍ക്ക് അറിയില്ല. 'ജീവിതമാണ്' എന്ന പുസ്തകത്തില്‍ എച്മുക്കുട്ടി ഇവരെ കുറിച്ചൊക്കെ കുറെ വിവരിക്കുന്നുണ്ട്. ബി. ജെ. പി. ഇപ്പോള്‍ പല പോഷക സംഘടനകളിലൂടെ പാവപ്പെട്ടവര്‍ക്ക് എതിരേയുള്ള വയലന്‍സിന് കൂട്ട് നില്‍ക്കുന്നു എന്നേയുള്ളൂ. അല്ലാതെ  ഉത്തരേന്ത്യന്‍ സമൂഹങ്ങളിലെ 'വയലന്‍സ്' ബി. ജെ. പി. അധികാരത്തില്‍ വന്നതുകൊണ്ടു മാത്രമല്ല. ദുരഭിമാന കൊലകള്‍ തന്നെ നോക്കൂ. ഉത്തരേന്ത്യയില്‍ ദുരഭിമാന കൊലകള്‍ സ്ഥിരം സംഭവമാണ്. ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ കൊലകള്‍ നടന്നാല്‍ സാക്ഷി പറയാന്‍ ഗ്രാമങ്ങളിലുള്ള ആരും തയാറാവുകയില്ല. സ്ത്രീകള്‍ പോലും ഇത്തരം ദുരഭിമാന കൊലകള്‍ക്ക് കൂട്ട് നില്‍ക്കും  കുടുംബത്തിന്റ്റെയും, വംശത്തിന്റ്റെയും, കുലത്തിന്റ്റെയും അഭിമാനം സംരക്ഷിക്കാന്‍!!!! അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ പശ്ചാത്താപവുമില്ല. കോടതിയും, പോലീസും, ഭരണ വ്യവസ്ഥിതിയും മിക്കപ്പോഴും ഇത്തരം കൊലയാളികള്‍ക്ക് കൂട്ട് നില്‍ക്കും. ഇത്തരം ദുരഭിമാന കൊലകളില്‍ ശിക്ഷിക്കപ്പെട്ട കേസുകള്‍ വളരെ അപൂര്‍വം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, പാവപ്പെട്ടവര്‍ക്കും എതിരേ ഇന്ത്യയില്‍ കണ്ടമാനം വയലന്‍സ് ഉണ്ട്. പശുവിന്റ്റെ പേരില്‍ ഉത്തരേന്ത്യയില്‍ കാണുന്ന വയലന്‍സ് അത്തരത്തിലുള്ളതാണ്. ബി.ജെ.പി. അധികാരത്തിലേറിയത് മുതല്‍ ഹിന്ദു മതത്തിന്റ്റെ പേര് പറഞ്ഞു ചില എക്‌സ്ട്രീമിസ്റ്റ് ഗ്രൂപ്പുകള്‍ വളരുമ്പോള്‍ അവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും, പാവപ്പെട്ടവര്‍ക്കും എതിരേയാണ് നിലകൊള്ളുന്നത്; അല്ലാതെ സമൂഹത്തിലെ സമ്പന്നര്‍ക്കെതിരേ അല്ല. കൊലപാതകങ്ങള്‍ സംഭവിക്കുന്നതിന്റ്റെ അടിസ്ഥാനപരമായ കാരണം ഇന്ത്യന്‍ സമൂഹത്തില്‍ നില നില്‍ക്കുന്ന മിഥ്യാഭിമാനത്തില്‍ ഊന്നിയ 'വയലന്‍സ്' ആണ്; നിയമവ്യവസ്ഥയോട് ആദരവില്ലാത്തതാണ്. ഈ 'വയലെന്‍സിനെതിരാണ്' പൊതു ബോധം ഉയരേണ്ടത്.

കുട്ടികളുടെ ഉന്നമനത്തിനായി രൂപം കൊടുത്ത കഇജട (കിലേഴൃമലേറ ഇവശഹറ ജൃീലേരശേീി ടരവലാല) പൂര്‍ണമായി കേരളത്തില്‍ നടപ്പാക്കിയാല്‍ തന്നെ കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ തടയാന്‍ സാധിക്കും. ഗവണ്‍മെന്റ്റും, സിവില്‍ സെസൈറ്റിയില്‍ സ്വാധീനമുള്ളവരും യോജിച്ച് ഇത്തരം കാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഉത്തരവാദിത്ത്വബോധമുള്ള പൗര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തില്‍ ഒരു 'െ്രെകസിസ്' അതല്ലെങ്കില്‍ പ്രതിസന്ധി രൂപപ്പെടുമ്പോഴാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കെതിരെ 'സുപ്പീരിയോറിറ്റി കോംപ്ലക്‌സോട്' കൂടി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അതൊന്നും ചിലവാകില്ല എന്ന് തന്നെ പറയണം. ചിലരെ നിയമം കര്‍ശനമായി നടപ്പാക്കുന്നതിലൂടെ തന്നെ അതൊക്കെ ബോധ്യപ്പെടുത്തണം. അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ഉള്ള കുറ്റപ്പെടുത്തലുകള്‍ അല്ല ഈ സമയത്ത് ഉണ്ടാവേണ്ടത്. സമുദായ സൗഹാര്‍ദം കാത്തു സൂക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അല്ലാതെ വാളയാറില്‍ ഉണ്ടായ അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവം ഉയര്‍ത്തി കാട്ടി സമുദായ സൗഹാര്‍ദം തകര്‍ക്കാനല്ല ഉത്തരവാദിത്ത്വമുള്ളവര്‍ ശ്രമിക്കേണ്ടത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക