Image

മഹാ മര്യാദ രാമന്‍മാരുടെ മലയാളപ്പറുദീസ (ശ്രീനി)

Published on 30 October, 2019
മഹാ മര്യാദ രാമന്‍മാരുടെ മലയാളപ്പറുദീസ (ശ്രീനി)
തികച്ചും ഒറ്റപ്പെട്ട സംഭവം എന്ന് ചിത്രീകരിച്ച് കേസില്ലാതെ ഒതുക്കിക്കളയുന്ന കൂട്ടക്കൊലപാതകങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ കേരളാപ്പോലീസ്. സ്വാഭാവികമായി മരിച്ചു, ജീവനൊടുക്കി, കൊന്നു, അപകടപ്പെട്ടു  എന്ന് എഴുതി നടതള്ളപ്പെട്ട സംഭവങ്ങളുടെ കല്ലറ തോണ്ടി, അല്ലെങ്കില്‍ മൃതദേഹം അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ മാന്തിപ്പരിശോധിച്ച് ജോളിയായി തെളിവുകള്‍ കണ്ടെത്തേണ്ട വലിയ കൃത്യാന്തര ബാധ്യതയിലേക്ക് അന്വേഷണ സംഘങ്ങള്‍ എത്തപ്പെട്ടിരിക്കുന്ന കാലഘട്ടമാണിത്. ഡി.എന്‍.എ ബയോമെട്രിക് ടെസ്റ്റ് വരെ നടത്തേണ്ടിയിരിക്കുന്നു പല കുറ്റകൃത്യങ്ങളും  തെളിയിക്കാന്‍. കൂടത്തായി, കരമന എന്ന് കേട്ടാല്‍ പേടി. പക്ഷേ അവിടെ ശാസ്ത്രം ചിലപ്പോള്‍ വന്‍ സ്വാധീനത്തില്‍ തോറ്റേക്കാം.

പണ്ടൊക്കെ കുഞ്ഞ് മോഷണങ്ങളായിരുന്നു. പിന്നെ അത് വലിയ കവര്‍ച്ചയിലേക്കും പകല്‍ കൊള്ളയിലേക്കും രൂപാന്തരപ്പെട്ടു. വെള്ളരിക്കാപ്പട്ടണങ്ങള്‍ ഉണ്ടായി. കുപ്രസിദ്ധ മോഷ്ടാക്കള്‍ പലരും കുടുങ്ങിയപ്പോള്‍ ആ മോഷണത്തിന് പിന്നിലെ കൊലപാതകങ്ങളും വെളിപ്പെട്ടു. കഥകളങ്ങനെ അനവധി. കോടികള്‍ അടിച്ചുമാറ്റി വമ്പന്‍മാര്‍ രാജ്യം വിട്ടപ്പോള്‍ മോഷണം മാന്യമായി മാറി. ആ കാലഘട്ടത്തില്‍ തന്നെ പെണ്‍വാണിഭം മറയില്ലാതെ രംഗപ്രവേശം ചെയ്തു. ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങള്‍ കേരളത്തിന്റെ മുക്കിലും മൂലയില്‍ നിന്നും പിടികൂടപ്പെട്ടു. സെക്‌സ് റാക്കറ്റിന്റെ ഏറ്റവും വലിയ ഉദാഹരമാണ് സൂര്യനെല്ലിക്കേസ്. പെണ്‍കുട്ടികള്‍ക്ക് സ്വന്തം വീട്ടില്‍ പോലും കിടക്കപ്പൊറുതിയില്ലാതായി. അതിനു ശേഷം ഒരുപാട് സമാനമായ വാണിഭ വാര്‍ത്തകള്‍ കേട്ട് കേരളത്തിന്റെ മനസാക്ഷി പാടേ മരവിച്ചു.

അവിടെനിന്ന് മലയാളികള്‍ ഉറക്കമുണര്‍ന്ന് രാവിലെ പത്രം വായിക്കുമ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തകളായിരുന്നു  പീഡനങ്ങള്‍. സ്ത്രീപീഡനങ്ങള്‍ പിന്നീട് തുടര്‍ പരമ്പരയായി. കുറേക്കഴിഞ്ഞപ്പോള്‍ അതിനും വാര്‍ത്താമൂല്യം നഷ്ടപ്പെട്ടു.  ഇതിനിടെ കേരളത്തിലേക്ക് ജോലി തേടി എത്തിയ "ബംഗാളികള്‍' എന്ന് പൊതുവേ വിശേഷിക്കപ്പെടുന്ന പൊക്കം കുറഞ്ഞ, കണ്ടാല്‍ ഒരുപോലെ ഇരിക്കുന്ന ആള്‍ക്കാരുടെ വലിയ പ്രവാഹമുണ്ടായി. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഇത്തരം കുറിയ മനുഷ്യര്‍ ബംഗാളികളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് കേരളത്തിലും ക്രിമിനല്‍ വാഴ്ച തുടങ്ങി. പലരും പിടിക്കപ്പെട്ടു. പിടിക്കപ്പെടാത്തവരുമുണ്ട് നാട്ടില്‍. ബംഗാളികള്‍ നമ്മുടെ നാട്ടിലേയ്ക്ക് പുതിയ ലഹരിപ്പായ്ക്കറ്റുകള്‍ കൊണ്ടുവന്നു. തമ്പാക്കും കൊച്ചു ബീഡിയും ഒക്കെയായി.

ബംഗാളികളുടെ പറുദീസയായി കേരളം മാറിക്കഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്തു ചെയ്യും എന്ന് വ്യസനിച്ച് പണിയില്ലാതെ വീട്ടിലിരിക്കുന്ന പലതരം മലയാളി മേസ്തിരിമാരുമുണ്ട്. അവര്‍ പതിയെ ചീട്ടുകളി സംഘങ്ങളില്‍ അംഗങ്ങളായി. ചെറുതും വലുതുമായ അത്തരം സംഘങ്ങള്‍ ഇന്ന് പലയിടത്തും കാണാം. പണ്ട് തമിഴന്മാര്‍ കേരളത്തില്‍ കെട്ടിടം പണിക്കായി വന്നപ്പോഴും മലയാളി പണിക്കാര്‍ക്ക് ചീട്ടുകളിയെ ആശ്രയിക്കേണ്ടി വന്നു. റബര്‍ തോട്ടങ്ങളിലും തോട്ടുവരമ്പിലും പോലീസിന്റെ ജീപ്പുകള്‍ എത്താത്ത ഇടങ്ങളിലും ഇരുന്ന് ചീട്ടുകളിച്ചുകൊണ്ടിരിക്കുന്ന കാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കേരളത്തിന്റെ നല്ലവരായ പണിക്കാര്‍ ഇന്നും പണിയില്ലാതെ സ്‌പേഡ് ഏഴാംകൂലിയായി തഴയപ്പെട്ടുപോകുന്നു.

കേരളത്തിലിപ്പോള്‍ സര്‍വത്ര ബംഗാളികളാണ്. താമസിയാതെ അവര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മലയാളി ഭവനങ്ങളിലേക്ക് വിവാഹാലോചനയുമായി അവര്‍ എത്തുന്ന കാലഘട്ടവും അനതി വിദൂരമല്ല. ഇപ്പോള്‍ തന്നെ പല മലയാളി പെണ്‍കുട്ടികളെയും അവര്‍ സ്‌നേഹിച്ച് വശീകരിച്ച് കൊണ്ടുപോയിട്ടുണ്ട്. ആ പെണ്‍കുട്ടികളുടെ അവസ്ഥ എന്താണ് എന്ന് പറയാന്‍ സാധിക്കുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബംഗാളി വര്‍ഗമുള്ളത് നെടുമ്പാശേരി വിമാനത്താവളത്തിനടുത്തുള്ള പെരുമ്പാവൂരിലാണ്. അതുകഴിഞ്ഞാല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്തുള്ള പായിപ്പാട് എന്ന കൊച്ചു ഗ്രാമത്തിലും. ഇത്രയും ആള്‍ക്കാരെ എങ്ങനെ ഈ നാടിന് താങ്ങാനാവുമെന്ന് അത്ഭുതപ്പെട്ടു പോകും. പോകട്ടെ, ജോലിക്കു വന്നവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് നോക്കുകൂലി ഇഷ്ടപ്പെടാത്ത നാട്ടുകാരുടെ മര്യാദ.

ഈ മര്യാദ ഒരുപക്ഷേ, രാഷ്ട്രീയക്കാര്‍ക്ക് ഉണ്ടാവണമെന്നില്ല. തങ്ങളുടെ ഉടയാത്ത ഷര്‍ട്ടും വടിവൊത്ത മുണ്ടുമായി വെളുത്ത ചിരിയോടെ രാവിലെ വീടിനു പുറത്തേക്ക് ഇറങ്ങുന്ന അവരുടെ ലക്ഷ്യവും നോക്കെത്താത്ത കൂലിയാണ്. ദിവസം പരമാവധി ഇരകളെ വിഴുങ്ങുകയെന്നതാണ് ഇക്കൂട്ടരുടെ അജണ്ട. എന്തും സാധിച്ചു കൊടുക്കും എന്ന ബോര്‍ഡ് തിരുനെറ്റിയിലെഴുതിപ്പിടിപ്പിച്ചാണ് വിയര്‍പ്പൊഴുക്കാത്ത "പൊതു'പ്രവര്‍ത്തനം. രാഷ്ട്രീയം സേവനമല്ല, ജോലിയാണ്. ഏത് ജോലിക്കും മഹത്വമുണ്ട് എന്ന തത്വത്തില്‍ വിശ്വസിച്ച് നമുക്കാശ്വസിക്കാം.

തൊഴില്‍ ഇല്ലാത്ത അനേകലക്ഷങ്ങള്‍ ഉണ്ട് കേരളത്തില്‍. അവരുടെ വിഷമം അറിയാതെ പണിമുടക്കില്‍ മുഴുകുന്ന ട്രേഡ് യൂണിയന്‍ സംസ്കാരവും നാടിന് പുത്തരിയല്ല. എത്ര കിട്ടിയാലും മതിയാവാതെ ശമ്പളത്തിനും ആനുകൂല്യ വര്‍ദ്ധനവിനും വേണ്ടി പണിയെടുക്കാതിരിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരെ മറക്കാനാവില്ല. ഇനി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കാര്യമെടുത്താല്‍ അവിടെയും കൊടി പിടിച്ച് സമരം ചെയ്ത് ആ സ്ഥാപനം തന്നെ പൂട്ടിക്കുന്ന തൊഴില്‍ അറപ്പുകാരുമുണ്ട് വേണ്ടതിലധികം. തൊഴിലാളി വര്‍ഗസര്‍വാധിപത്യത്തിനു വേണ്ടി വാദിക്കുന്നവര്‍ ആ തൊഴിലാളികളുടെ അടുപ്പു പുകയുന്നുണ്ടോ എന്ന് അന്വേഷിച്ചാല്‍ എത്ര നന്നായിരുന്നു.

നമ്മളില്‍ മിക്കവരും കെ.ജി ജോര്‍ജിന്റെ "പഞ്ചവടിപ്പാലം' എന്ന സിനിമ കണ്ടിട്ടുണ്ട്. സംഗതി ഗംഭീര കോമഡി തന്നെ. അതു കണ്ടിട്ടാണോ പാലാരിവട്ടം മേല്‍പ്പാലം പണിതത് എന്ന സംശയത്തിന് അര്‍ത്ഥമുണ്ട്. അന്നത്തെ മന്ത്രിയും സെക്രട്ടറിയും കരാറുകാരും കമ്മീഷന്‍കാരും പരാന്നഭോജികളും എല്ലാം അഴിയെണ്ണാന്‍ കാത്തിരിക്കുന്നു. നാട്ടുകാരുടെ ആയുസ്സിന്റെ ബലം കൊണ്ട് പാലാരിവട്ടം പാലം തകര്‍ന്നില്ല. പാലം കടന്നു...ഇനി കൂരായണ...

അറ് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഫിഫ്റ്റി ഫിഫ്റ്റി. ബി.ജെ.പി മുന്നണി ബിഗ് സീറോ. ഈ നിയമസഭയുടെ കാലാവധി കഷ്ടിച്ച് ഒന്നരക്കൊല്ലം. ഫിഫ്റ്റി ഫിഫ്റ്റിക്കാര്‍ അത്ഭുതം കാട്ടുമെന്ന് കരുതി ജി.എസ്.ടി കൊടുക്കാതിരുന്നാല്‍ വീട് പട്ടിണി. കുഴപ്പമില്ല, കാടിയായാലും മൂടിക്കുടിക്കാമല്ലോ. എന്നാല്‍ ഓണം കഴിഞ്ഞതുകൊണ്ട് "കാണം' വില്‍ക്കാനില്ല. പക്ഷേ "മോഡി'യായി ജീവിക്കാന്‍ രണ്ടായിരത്തിന്റെ നോട്ടടിച്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ അതങ്ങ് പിന്‍വലിക്കുമെന്നാണ് വാര്‍ത്ത. നിന്ന നില്‍പ്പില്‍ 1000, 500 പിന്‍വലിച്ച് ഇന്ത്യാക്കാരുടെ മനോബലം കൂട്ടിയതുകൊണ്ട് പ്രശ്‌നമില്ല.

കേന്ദ്രത്തിലേയ്ക്ക് പോണില്ല. ഈ പാവങ്ങള്‍ കേരളത്തില്‍ പിഴച്ചോട്ടെ. മിസോറാമില്‍ ചാന്‍സുണ്ടെങ്കില്‍ തരണേ. ഗവര്‍ണറുടെ കുശിനിപ്പണിയാണേലും മതി. അല്ല, ബി.ജെ.പ്പീ...ഈ ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ എന്തരാണ് അപ്പീ നിങ്ങക്ക് പങ്ക്..? സൂക്ഷിച്ച് കളിക്കണം. ശബരിമലയിലെ പരിപ്പ് അവിടെ വേവൂല്ലാട്ടാ. പോത്ത് ഫ്രൈ വേണേ നോക്ക്. ജാതിക്കളി വിടയ്യാ. അതിന് മ്മടെ ലീഗും, വെള്ളാപ്പള്ളീം, സുകുമാരേട്ടനും ഇണ്ടല്ലോ. ന്താ...വിടില്ലേ...? അപ്പറെ മാവോയിസ്റ്റുണ്ട്. താമരശേറി ചൊരം കേറി നോക്കിഷ്ടാ.

കൂടുതല്‍ പറഞ്ഞിട്ടെന്തുകാര്യം. "മറക്കാല്‍ പറയാന്‍ എന്തെളുപ്പം, മണ്ണില്‍ പിറക്കാതിക്കയാണതിലെളുപ്പം...' എന്ന് പാടിക്കൊണ്ട് ഒന്നുകൂടി. ബുദ്ധി കൂടിയാല്‍ വിക്രമാദിത്യന്‍. രണ്ടെണ്ണത്തില്‍ കൂടിയാല്‍ അപ്രമാദിത്യന്‍. ലക്കുകെട്ടാല്‍ അക്രമാസക്തന്‍. വാള്‌വച്ചാല്‍ വിശ്രമാദിത്യന്‍. പിറ്റേന്ന് രാവിലെ നിഷ്പ്രഭാദിത്യന്‍...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക