Image

ഹാലോവീന്‍ (കുഞ്ഞൂസ് കാനഡ)

Published on 31 October, 2019
ഹാലോവീന്‍ (കുഞ്ഞൂസ് കാനഡ)
ഇന്ന്, കാനഡയില്‍ എവിടെ നോക്കിയാലും വിചിത്രമായ വസ്ത്രങ്ങളണിഞ്ഞ പുരുഷാരത്തെ കാണാം. സ്‌കൂളുകളില്‍, ഓഫിസുകളില്‍, മാളുകളില്‍ എല്ലായിടത്തും മുഖത്തും ദേഹത്തും ചായങ്ങള്‍ കൊണ്ട് വികൃതരൂപങ്ങള്‍ വരഞ്ഞ്, പെയിന്ടടിച്ച രക്തരക്ഷസുകള്‍...

എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 കാനഡയില്‍ ഹാലോവീന്‍ കൊണ്ടാടുന്നു.

ഇതിന്റെ പിന്നിലെ ചരിത്രം തിരഞ്ഞു പോകുമ്പോള്‍ മതവിശ്വാസമാണ് കാണുന്നതെങ്കിലും ഇന്നത് മതത്തെ അതിജീവിച്ച് എല്ലാവര്‍ക്കുമുള്ള ആഘോഷമായി മാറിയിരിക്കുന്നു.

ക്രിസ്ത്വബ്ദത്തിനു മുന്‍പേ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായിരുന്ന സെല്‍റ്റിക്ക് മതത്തിലെ ആഘോഷമായാണ് ഹാലോവീന്‍ അറിയപ്പെടുന്നത്. ഗ്രീഷ്മത്തിന്റെ അവസാനം, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള അകലം നേര്‍ത്തു വരുമെന്നും ആത്മാക്കള്‍ ജീവിച്ചിരിക്കുന്നവരിലേക്ക് സന്നിവേശിക്കുമെന്നും അവര്‍ വിശ്വസിച്ചു. പഴയ കെല്‍റ്റിക്ക് വിശ്വാസമനുസരിച്ച്, ആത്മാക്കള്‍ക്ക് ജീവനുള്ളവരുടെ ലോകത്തേക്കു കടക്കാന്‍ കഴിയുന്ന ഒരൊറ്റ രാത്രിയാണത്രെ ഇത്... അതിനാല്‍, പിശാചുക്കളുടെയും രക്തരക്ഷസുകളുടെയും വേഷം കെട്ടി ആ ആത്മാക്കളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഈ ആചാരം.

സ്‌കോട്ട്‌ലാന്റുകാരുടെ കുടിയേറ്റത്തോടെയാണ് ഹാലോവീന്‍ കാനഡയില്‍ എത്തിയതെന്നു പറയപ്പെടുന്നു. വേഷഭൂഷാദികള്‍ മാത്രമല്ല, ശില്പവേല ചെയ്ത മത്തങ്ങകള്‍, ട്രിക് ഓര്‍ ട്രീറ്റ് തുടങ്ങിയവയെല്ലാം ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമാണ്.

വൈകിട്ട്, രക്ഷസിന്റെയും ആത്മാക്കളുടെയും പിശാചുക്കളുടെയുമൊക്കെ വേഷം കെട്ടി, കുട്ടികളും ചില മുതിര്‍ന്നവരും ഓരോ വീട്ടുവാതില്ക്കലും മുട്ടിവിളിക്കും. ട്രിക് ആണോ ട്രീറ്റ് ആണോയെന്നു ചോദിക്കും. കൈ നിറയെ മിഠായി കൊടുത്ത് കുട്ടികളെ സന്തോഷിപ്പിച്ച്, അവരുടെ ട്രിക്കുകളില്‍ നിന്നു രക്ഷപ്പെടുകയാണ് മിക്കവരും ചെയ്യുക.

അന്നേ ദിവസം വീടുകളുടെ മുന്നില്‍ മുഖത്തിന്റെ ആകൃതിയില്‍ ശില്പവേല ചെയ്ത മത്തങ്ങയും അതിനുള്ളില്‍ തിരിയോ വിളക്കോ തെളിച്ചതും വെയ്ക്കും. വിളവെടുപ്പുകാലം കഴിഞ്ഞു കഠിനമായ തണുപ്പുകാലത്തിലേക്കു കടക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ വിളക്കു തെളിക്കല്‍ എന്നൊരു കഥയുമുണ്ട്. എന്നാല്‍, നേരത്തെ പറഞ്ഞ ആത്മാക്കളെ വഴിതെറ്റിക്കാനാണെന്നും പറയപ്പെടുന്നു. ഈ മത്തങ്ങകള്‍ ' Jack O' lanterns' എന്നറിയപ്പെടുന്നു.

സൂര്യന്‍, ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്കു കടക്കുന്ന ദിവസവും ഇന്നു തന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക