Image

മറവിരോഗികള്‍ക്ക് ആശ്വാസംപകര്‍ന്ന് മരുന്നുമായി ചൈന

Published on 06 November, 2019
മറവിരോഗികള്‍ക്ക് ആശ്വാസംപകര്‍ന്ന് മരുന്നുമായി ചൈന
മറവിരോഗം ലോകത്ത് ഭീഷണിയാകുന്നു. ലോകത്ത് ഏഴ് സെക്കന്റില്‍ ഒരു അള്‍ഷിമേഴ്‌സ് രോഗി ഉണ്ടാവുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.

എന്നാല്‍ മറവിരോഗമായ അല്‍ഷിമേഴ്‌സിനെ ചികിത്സിക്കാന്‍ മരുന്നുമായി  രംഗത്തെത്തിയിരിക്കുകയാണ് ചൈന. മരണത്തിന് വരെ കാരണമാവുന്ന അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ gv-971 എന്ന മരുന്നാണ് ചൈന രംഗത്തിറക്കുന്നത്. 20 വര്‍ഷത്തെ ശ്രമഫലമായി കണ്ടെത്തിയിരിക്കുന്ന മരുന്നിന് ചൈന നാഷണല്‍ മെഡിക്കല്‍ പ്രോഡക്ട് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. കൂടുതല്‍ ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷം മരുന്ന് വിപണിയിലെത്തും. ഷാങ്ഹായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാവും മരുന്ന് വിപണിയിലെത്തിക്കുക.

ചൈനീസ് അക്കാദമി ഓഫ് സയന്‍സിന് കീഴിലുള്ള ഷാങ്ഹായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറ്റീരിയ മെഡിക്കയിലെ ഗെങ് മെയുവും സംഘവുമാണ് മരുന്നിന് പിന്നിലെ ഗവേഷക സംഘം. ഒരിനം കടല്‍പ്പായലുകളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഒലിഗോമനേറ്റ് എന്ന പേരുള്ള മരുന്നിന് മൈല്‍ഡ് അള്‍ഷിമേഴ്‌സ്, മോഡറേറ്റ് അള്‍ഷിമേഴ്‌സ് എന്നിവയെ ഫലപ്രദമായി ചികിത്സിച്ചുമാറ്റാന്‍ സാധിക്കുമെന്ന് ചൈന ഡ്രഗ് സേഫ്റ്റി ഏജന്‍സി വൃത്തങ്ങള്‍ വിശദീകരിച്ചു. കടല്‍പ്പായലുകള്‍ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഓര്‍മക്കുറവിനെ പ്രതിരോധിക്കാനാവുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.മരുന്ന് അള്‍ഷിമേഴ്‌സ് ചികിത്സയില്‍ നിര്‍ണായകമാവുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ. ചികിത്സാര്‍ഥം ഉപയോഗിച്ച് തുടങ്ങിയതിനുശേഷം എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ പ്രകടമായാല്‍ വിപണിയില്‍ നിന്നും മരുന്ന് പിന്‍വലിക്കുമെന്നും ഗവേഷക സംഘം പറഞ്ഞു.

ഏകദേശം 20 ലക്ഷം ആളുകള്‍ക്ക് പുതിയ മരുന്ന് സഹായമാവുമെന്നാണ് ഗവേഷകസംഘം പ്രതീക്ഷിക്കുന്നത്. ഇതിന് മുന്‍പ് അഞ്ചോളം മരുന്നുകള്‍ വികസിപ്പിച്ചിരുന്നെങ്കിലും ക്ലിനിക്കല്‍ ട്രയലില്‍ ഫലപ്രദമെല്ലെന്ന് കണ്ടെത്തുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക