Image

എച്ച്-1 ബി വിസ ഇന്ത്യാക്കാര്‍ക്ക് കിട്ടാക്കനിയാകുന്നു

Published on 06 November, 2019
എച്ച്-1 ബി വിസ ഇന്ത്യാക്കാര്‍ക്ക് കിട്ടാക്കനിയാകുന്നു
വാഷിങ്ങ്ടണ്‍: ട്രമ്പ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നയം മൂലം ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ എച്ച് 1 ബി വിസ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുന്നു. ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ എച്ച് 1 ബി വിസ അപേക്ഷകള്‍ തള്ളിയത് ട്രമ്പ് ഭരണകാലത്താണ്. നിരസിക്കുന്ന വിസകളുടെ എണ്ണം 2015-ല്‍ നാലു ശതമാനമായിരുന്നത് 2019 ആയപ്പോഴേക്കും 24 ശതമാനമായി.

നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയാണ് (എന്‍.എഫ്.എ.പി) ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള പതിനായിരക്കണക്കിന് ഐ.ടി വിദഗ്ധരാണ് ഓരോ വര്‍ഷവും ഈ വിസയില്‍ യു.എസിലെത്തുന്നത്.

2015-ല്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ആമസോണ്‍ കമ്പനികള്‍ക്ക് എച്ച് 1 ബി വിസ പ്രകാരമുള്ള തൊഴില്‍ അപേക്ഷകള്‍ ഒരു ശതമാനമാണ് നിരസിച്ചത്. 2019 ആയപ്പോഴേക്കും നിരസിച്ച വിസകളുടെ നിരക്ക് ഏഴു ശതമാനം വരെയായി. ടെക് മഹീന്ദ്ര കമ്പനിയില്‍ ഈ നിരക്കില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2015 ല്‍ നാലു ശതമാനം അപേക്ഷകള്‍ നിരസിച്ചപ്പോള്‍ 2019-ല്‍41ശതമാനമായി വര്‍ധിച്ചു.

ടാറ്റ കണ്‍സല്‍ട്ടന്‍സിയുടെ 34 ശതമാനം അപേക്ഷകളാണ് നിരസിച്ചത്. വിപ്രോയിലും ഇന്‍ഫോസിസിലും യഥാക്രമം 53, 45 ശതമാനം വീതവും. ഇന്ത്യയിലെ 12 കമ്പനികള്‍ യു.എസിലേക്ക് ഐ.ടി വിദഗ്ധരെ അയക്കുന്നുണ്ട്. മൂന്നുവര്‍ഷമാണ് വിസയുടെ കാലാവധി. ഇതു മൂന്നുവര്‍ഷത്തേക്കു കൂടി നീട്ടിക്കിട്ടും. പ്രതിവര്‍ഷം 45000 ഇന്ത്യന്‍ ഐ.ടി തൊഴിലാളികള്‍ ഈ വിസ വഴി യു.എസിലെത്തുന്നുണ്ട്.

ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് അമേരിക്ക എച്ച്1 ബി വിസ നിഷേധിച്ചതില്‍ മോദി സര്‍ക്കാറിനെ കുറ്റപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആരുടെ ക്ഷേമമാണ് ബി.ജെ.പി സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജനങ്ങള്‍ ചോദിക്കണമെന്ന് പ്രിയങ്കട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ സംഘടിപ്പിച്ച 'ഹൗഡി മോദി'പരിപാടിയില്‍ പങ്കെടുക്കാനായി പോയിരുന്നു. എന്നാല്‍, ഇന്ത്യക്കാര്‍ക്ക് എച്ച്-1 ബി വിസ നിഷേധിക്കുന്ന നടപടി വര്‍ധിപ്പിക്കുകയാണ് അമേരിക്ക ചെയ്തതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. സേവന മേഖല നിലംപരിശായി. തൊഴിലില്ലായ്മ വര്‍ധിക്കുന്നു. പൊതുജനങ്ങള്‍ വലിയ തകര്‍ച്ചയെ നേരിടുന്നത് ഭരണകൂടം ഗൗരവമായി കാണുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക