Image

വൈസ് മെന്‍സ് ക്ലബ്ബിന്റെ അന്തര്‍ദേശീയ സമ്മേളനം നവംബര്‍ 14 മുതല്‍ 17 വരെ ഒഹായോയില്‍

പി പി ചെറിയാന്‍ Published on 11 November, 2019
വൈസ് മെന്‍സ് ക്ലബ്ബിന്റെ അന്തര്‍ദേശീയ സമ്മേളനം നവംബര്‍ 14 മുതല്‍ 17 വരെ ഒഹായോയില്‍
ഒഹായോ: വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍  ക്ലബ്ബ് നൂറു വര്‍ഷം മുന്‍പ് പിറന്നു വീണ മണ്ണിനെ ആദരിക്കുവാനും പുതിയ പാതകള്‍ വെട്ടിത്തുറക്കുവാനുമായി  ക്ലബ്ബ് അംഗങ്ങള്‍ അമേരിക്കയിലെ ടോളിഡോ (ഒഹായോ)സിറ്റിയില്‍ സമ്മേളിക്കുന്നു. 

നവംബര്‍ 14 മുതല്‍ 17 വരെ നടപ്പെടുന്ന ക്ലബിന്റെ  നേതൃത്വ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ സംബന്ധിക്കും . സമ്മേളനങ്ങള്‍ക്കു അന്തര്‍ദേശീയ അദ്ധ്യക്ഷ ജെന്നിഫര്‍ ജോണ്‍സ് (ആസ്‌ത്രേലിയ) , മുന്‍ അധ്യക്ഷന്‍ മൂണ്‍ സാങ് ബോങ് (കൊറീയ), ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

1920 ല്‍ ജഡ്ജ് പോള്‍ വില്ലിയം അലക്‌സാണ്ടര്‍ ടോളിഡോ വൈ .എം .സി .എ യുടെ സഹായത്തിനായി ആരംഭിച്ച, 17 പേരടങ്ങിയ ചെറിയ ആണ്‍കൂട്ടം, ഇന്ന് ലോകത്തിലെ 70 രാജ്യങ്ങളിലായി പുരുഷന്മാരും, സ്ത്രീകളും അടങ്ങുന്ന ആയിരക്കണക്കിന് സന്നദ്ധ സേവകരുടെ വിശാലമായ സംഘടനയായി വളര്‍ന്നിരിക്കുന്നു.

സ്ഥാപക പ്രസിഡന്റ്‌റിന്റെ  സ്മരണ നിലനിര്‍ത്താന്‍ ടോളിഡോ സുപ്പീരിയര്‍ പാര്‍ക്ക്, ജഡ്ജ് പോള്‍ വില്ലിയം അലക്‌സാണ്ടര്‍ പാര്‍ക്ക് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടും. ഇന്ത്യയില്‍ നിന്നും രൂപകല്‍പ്പന ചെയ്യപ്പെട്ട ഗ്രാനൈറ്റ് സ്‌റ്റോണ്‍ അദ്ദേഹത്തിന്റെ ശവകൂടീരത്തില്‍ അനാവരണം ചെയ്യപ്പെടും. 

1922 ല്‍,  ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലാണ് അമേരിക്കയില്‍ ആദ്യത്തെ ദേശീയ സമ്മേളനം നടത്തപ്പെട്ടത്. 70 രാജ്യങ്ങളിലായി 1400 അനുബന്ധ ക്ലബ്ബ്കളുമായി നൂറു കണക്കിന് സന്നദ്ധ സേവകര്‍ ലോകത്തിന്റെ നന്മയെ ലാക്കാക്കി, ഓരോ മനുഷ്യാവകാശത്തിന്റെയും പിറകിലുള്ള കര്‍മ്മത്തെ ഏറ്റുപറഞ്ഞുകൊണ്ട് സേവനം നിര്‍വഹിക്കുകയാണ്. തനിക്കു ലഭിക്കുന്ന നന്മയുടെ താലന്തുകളെ സ്‌നേഹത്തില്‍ ചാലിച്ചു ലോകത്തിനു സമ്മാനിക്കുകയാണ് ഓരോ അംഗവും പ്രതിജ്ഞ ചെയ്തിരിക്കുന്ന കര്‍ത്തവ്യം.    
 
അനസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ലോക ഭൂപടത്തില്‍, നീതിയുടെയും കാരുണ്യത്തിന്റെയും നിറം തന്നെ ആപേക്ഷികമായി മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍, നന്മയുടെ വിശുദ്ധ പോരാളികളായി, നിഷ്‌കാമമായി പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂട്ടായ്മയായി ഈ സംഘടന അര്‍ഥപൂര്‍ണമായി വളരുകയാണ്. 

ഇന്ത്യയിലും കേരളത്തിലും നല്ല വേരോട്ടമുള്ള സംഘടനയാണ് ഇത്. ഇന്ത്യയില്‍ നിന്നും 15 നേതാക്കള്‍ ടോളിഡോ സമ്മേളനത്തിനു എത്തുന്നുന്നുണ്ട്. ജേക്കബ് ക്രിസ്റ്റന്‍സെന്‍ (ഡെന്‍മാര്‍ക്ക്) പുതിയ അന്തര്‍ദേശീയ പ്രസിഡന്റ് എലെക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2020 ആഗസ്റ്റില്‍ ഡെന്മാര്‍ക്കില്‍  വച്ചാണ് അന്തര്‍ ദേശീയ സമ്മേളനം നടത്തപ്പെടുക. 2022 ല്‍ അമേരിക്കയിലെ ഹവായില്‍ വച്ച് ശതവാര്‍ഷികാഘോഷം നടത്താനുള്ള തയാറെടുപ്പിലാണ് സംഘടന.

വേള്‍ഡ് വൈ. എം.സി.എ യും വൈസ് മെന്‍സ് ക്ലബ്ബും, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ , മാസ്റ്റര്‍കാര്‍ഡ് , യുണൈറ്റഡ് നേഷന്‍ ഫൗണ്ടേഷന്‍ തുടങ്ങിയ പ്രമുഖ അറുപതോളം കമ്പനികളുടെ സഹകരണത്തോടെ, എയിഡ്‌സ് , മലേറിയ, ട്യൂബര്‍കുലോസിസ് എന്നിവ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള ഒരു വമ്പന്‍ സന്നദ്ധ സഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ ക്ലബ്ബ് സെക്രട്ടറി ജനറല്‍ ജോസ് വര്‍ഗീസ് പങ്കെടുത്തു. സമാനകളില്ലാത്ത ഇടപെടലുകള്‍ കൊണ്ട് ലോകത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കുകയാണ് വൈസ് മെന്‍സ് ഇന്‍ര്‍നാഷണല്‍.

ടോളിഡോ സമ്മേളനം വിജയകരമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളൂം ചെയ്തുകഴിഞ്ഞു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായകമായ വഴിതിരുവായിരിക്കും ഈ സമ്മേളനം എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു..ഇന്റര്‍നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍   കോരസണ്‍ വര്‍ഗീസ്  (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക