Image

യുവാവ് വിഷം കഴിച്ചു മരിച്ചു, പെണ്‍കുട്ടിയുടെ പിതാവടക്കം 15 പേര്‍ക്കെതിരെ കേസ്

Published on 12 November, 2019
യുവാവ് വിഷം കഴിച്ചു മരിച്ചു, പെണ്‍കുട്ടിയുടെ പിതാവടക്കം 15 പേര്‍ക്കെതിരെ കേസ്
കോട്ടക്കല്‍: ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായതിനെ തുടര്‍ന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. എടരിക്കോട് പുതുപ്പറമ്പ് പൊറ്റയില്‍ ഹൈദരലിയുടെ മകന്‍ ഷാഹിറാണ് (22) മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിയോടെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഷാഹിറിനെ ഒരുകൂട്ടമാളുകള്‍ മര്‍ദിച്ചെന്ന പരാതിയില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടിയുടെ പിതാവടക്കം 15 പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി കോട്ടക്കലിലെത്തിയ ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി പുതുപ്പറമ്പ് കാരാട്ടങ്ങാടിയില്‍ ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കാണുകയും തടഞ്ഞുവെച്ച് മര്‍ദിക്കുകയും ചെയ്തു. വീട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ ഷിബിലിയും സുഹൃത്തും മാതാവ് ഷൈലജയും സ്ഥലത്തെത്തി. ഷിബിലിയെയും മര്‍ദിച്ചു. പിന്നീട് പിതാവ് ഹൈദരലി എത്തുകയും ഒത്തുതീര്‍പ്പ് ചര്‍ച്ചക്കുശേഷം കുടുംബം മടങ്ങുകയും ചെയ്തു.
ഈ പ്രശ്‌നത്തില്‍ ഒരുമാസം മുമ്പ് ഇരുകൂട്ടരും പൊലീസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

രണ്ടുപേരും പരസ്പരം കാണുകയോ ഫോണ്‍ വിളിക്കുകയോ ചെയ്യരുതെന്നായിരുന്നു ഒത്തുതീര്‍പ്പ്. ഞായറാഴ്ച രാത്രി പുതുപ്പറമ്പില്‍ നബിദിനാഘോഷ പരിപാടിക്കെത്തിയപ്പോഴാണ് ഷാഹിറിനെ ഒരുസംഘം തടഞ്ഞുവെക്കുകയും മൊബൈല്‍ കൈക്കലാക്കി നഗ്‌നഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദനത്തിനുശേഷം കുടുംബത്തിനൊപ്പം വീട്ടില്‍ തിരിച്ചെത്തിയ ഷാഹിര്‍ വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചയോടെ ആശുപത്രിയിലെത്തിച്ച യുവാവ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. നിലമ്പൂര്‍ സ്വദേശികളായ ഷാഹിറും കുടുംബവും 10 വര്‍ഷമായി പുതുപ്പറമ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. കൂലിപ്പണിക്കാരനാണ്. ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം സ്ഥിതിഗതികള്‍ വിലയിരുത്തി. എസ്.എച്ച്.ഒ യു. യൂസുഫിനാണ് അന്വേഷണ ചുമതല. എസ്.ഐ റിയാസ് ചാക്കീരി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഷാഹിറിന്‍െറ മറ്റു സഹോദരങ്ങള്‍: ഷംലീന, ഷഹന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക