Image

മണ്ഡലക്കാലം (തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 16 November, 2019
മണ്ഡലക്കാലം (തൊടുപുഴ  കെ ശങ്കര്‍, മുംബൈ)
മണ്ഡലക്കാലമായ് രുദ്രാക്ഷ മാലകള്‍
കണ്ഠത്തില്‍ ചാര്‍ത്തേണ്ട  കാലമായി!
കോടിക്കണക്കിനു  ഭക്ത ജനങ്ങളെ
മാടി  വിളിപ്പു  ശബരിമല !

പൊന്മല, പൂമല,  ശരണം  വിളികള്‍  തന്‍
പൂമഴ  പെയ്യുന്ന  പൂങ്കാവനം!
ശാദ്വല  ഭൂമിയാം  പൊന്നമ്പല മേടു
ശബ്ദായമാനമായ് മാറ്റിടുവാന്‍,

അയ്യപ്പസ്വാമിതന്‍ ദര്ശനം  നേടുവാന്‍
ആ  പുണ്യ  ദേവനെ  കൈവണങ്ങാന്‍,
ഇഷ്ട  ഭഗവാന്റെ  മന്ദസ്മിതം  കാണ്മാന്‍
നിഷ്ഠയോടെത്തുന്നു  ഭക്ത വൃന്ദം !

ഹരിഹര  പുത്രനായ് ഉള്ളം  കവരുമാ
ഹരിതാഭയോലുന്ന  കാനനത്തില്‍,
ജന്മമിയന്ന  ഭഗവാന്റെ  ഹൃത്തെന്നും
നന്മകള്‍  വര്‍ഷിക്കും  പാരിജാതം!

പ്രതിവര്ഷമേറുന്നു  ഭക്തര്‍തന്‍  സംഖ്യയും
പ്രതിപത്തിയുമൊപ്പം നാള്‍ക്കു  നാളില്‍!
എങ്ങും സമാധാനം, സന്തോഷം, സൗഹൃദം
ഏവര്‍ക്കുമെന്നും അരുളണമേ!

അയ്യപ്പാ! ആരാധ്യ  ദേവനേ, നിന്‍കൃപ
വയ്യകമാകെ ചൊരിയണമേ!
ശാന്തിയു,മൈശ്വര്യം, ദീര്‍ഘായുസ്സാരോഗ്യം
സന്തോഷം,സര്‍വ്വമരുളേണമേ!

ആനന്ദമെങ്ങും  പരത്തേണമേ, അന്ന
ദാന പ്രഭുവേ,ഭൂപാലകനേ!
ആരണ്യവാസാ,പൊന്നമ്പലവാസാ,നിന്‍
കാരുണ്യമെങ്ങും  പരക്കേണമേ!

കാനന  ഭൂവിലെ  കല്ലുകള്‍  മുള്ളുകള്‍,
കാലിനു  മെത്തയായ് മാറ്റുന്നു  നീ!
കഷ്ടങ്ങള്‍, ക്ലേശങ്ങള്‍,കാറ്റില്‍ പറത്തുന്നു
അഷ്ടദിക്  പാലകര്‍ രക്ഷിക്കുന്നു!

എങ്ങും  മുഴങ്ങും  ശരണം  വിളികളില്‍
എങ്ങോ  മറയുന്നു  ദുഃഖമെല്ലാം!
"എല്ലാമെന്നയ്യപ്പന്‍ മാത്രമെന്‍ ജീവനില്‍"
എന്നുള്ള  ചിന്ത  ജ്വലിച്ചു  നില്‍ക്കും!

****** 

വയ്യകം =ഭൂമി, ലോകം.
Join WhatsApp News
ദേവൻ 2019-11-16 23:16:52
കാണേണ്ടെനിക്കാരെയും 
ഞാൻ ക്ഷുഭിതനാണ് ;
കണ്ടത്തിൽ മാലയും ചാർത്തി
കറുത്ത മുണ്ടുമുടുത്ത് 
മുടിക്കെട്ടുമായി  
നെഞ്ചു കാണിച്ചൻറ് മുന്നിൽ 
വന്നു നിന്നിട്ടെന്ത് ഗുണമെനിക് ?
കണ്ടാൽ കൊള്ളാവുന്ന 
സുന്ദരി കുട്ടികൾ ആയിരുന്നെങ്കിൽ 
അന്തരത്മാവ് കുളിർക്കുമായിരുന്നു .
എത്രനാളയെന്നെ നിങ്ങളീ' 
ആരണ്യ ഗുഹാന്തരത്തിൽ 
ഒറ്റക്കിരുത്തി ശിക്ഷിക്കുന്നു കൂട്ടരേ ?
അങ്കത്തിലംഗ കളങ്കരഹിത 
തങ്കപങ്കജ കുളിർമുലപങ്കേരുകങ്ങ-
ളുള്ള  തങ്കമണിമാരുമായി 
വരിക നിങ്ങൾ ഭക്തരെ 
സ്ത്രീകളെ അനുവദിക്കുക 
എന്നെ വന്നു കാണുവാനും 
എന്റെ കണ്ണിന് കുളിർമയേകാനും'
നിങ്ങളെപ്പോലെ വികാരവിചാരങ്ങളുള്ള 
മനുഷ്യനാണ് ഞാനും; നിങ്ങൾ 
സൃഷ്ടിച്ച നിങ്ങളുടെ പ്രതിരൂപമായ 
അയ്യപ്പൻ, ഈ സ്വാമി അയ്യപ്പൻ 
തുറക്കുകെൻറ് നട സർവ്വർക്കുമായി 
ജാതിമത ഭേദമെന്ന്യ ഉടൻ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക