Image

അവര്‍ക്ക് മരണത്തോളം തന്നെ പേടിയുണ്ട് അധ്യാപകരെയും അവര്‍ മാര്‍ക്കിടുന്ന ആ ചുവന്ന മഷിയെയും (ലിഖിത ദാസ്)

Published on 17 November, 2019
അവര്‍ക്ക് മരണത്തോളം തന്നെ പേടിയുണ്ട് അധ്യാപകരെയും അവര്‍ മാര്‍ക്കിടുന്ന ആ ചുവന്ന മഷിയെയും (ലിഖിത ദാസ്)
കഴിഞ്ഞ കുറച്ചു ദിവസമായി കേള്‍ക്കുന്നതാണ് അമ്മയും അച്ഛനും ധൈര്യം കൊടുക്കാത്തതിനാല്‍ മനക്കട്ടി ഇല്ലാതായ കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നതത്രെ..

ഫാത്തിമ ലത്തീഫയുടെ മരണത്തെ എങ്ങനെയാണ് ഇത്രയധികം നോര്‍മലൈസ് ചെയ്ത് കാണാന്‍ കഴിയുന്നത്.

ചെറുത്തു നില്‍ക്കാന്‍ കരുത്തില്ലാത്ത ഒരു കുട്ടി മനം നൊന്ത് ആത്മഹത്യ ചെയ്തു എന്ന് വിഷയത്തെ ചെറുതാക്കിക്കാണിക്കുന്നത് അല്പത്തരമാണ്. പരന്ന വായനയും തന്റെ മാര്‍ഗങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് കൃത്യമായ ബോധ്യവുമുള്ള ഒരുകുട്ടി അധ്യാപകന്‍ ഇന്റേണല്‍മാര്‍ക്ക് കുറച്ചതിന്റെ പേരില്‍ മാത്രം ഹൃദയം വേദനിച്ച് ആത്മഹത്യ ചെയ്തുവെന്നും അങ്ങനെ അവള്‍ ചെയ്തത് മണ്ടത്തരമാണെന്നും പറയാനും വിശ്വസിക്കാനും അല്പം ബുദ്ധിമുട്ടുണ്ട്.നിരന്തരമായി അവള്‍ ഏല്‍ക്കുന്ന അപമാനവും ഭീതിയുമൊക്കെ ഫാത്തിമയുടെ ഉമ്മ കൃത്യമായി പറയുന്നുണ്ട്..

19 വയസുള്ള നൂറില്‍ എത്രകുട്ടികള്‍ തനിയ്ക്ക് നേരിടേണ്ടി വരുന്ന ഒരു വിഷയത്തോട് ശബ്ദമുയര്‍ത്തി സംസാരിക്കാറുണ്ട്..?? എന്തുകൊണ്ട് അവര്‍ പ്രതികരിക്കുന്നില്ല..??
ഭൂരിഭാഗവും അതിനോട് കഴിയുന്നത്ര അഡ്ജസ്റ്റ് ചെയ്തുപോകുന്നതെന്തുകൊണ്ട്..??
നിലനില്‍പ്പ്( പ്രത്യേകിച്ച് ഭാവി) ഒരത്യാവശ്യമാകുന്നിടത്ത് സമരസപ്പെടലു മാത്രമേ മാര്‍ഗമുള്ളൂ..കാരണം കുട്ടികള്‍ നിരായുധരാണ്.ഇന്റേണല്‍ മാര്‍ക്കും,അറ്റന്‍ഡന്‍സും,അസൈന്മെന്റും,സെമിനാറും കൊണ്ട് ഭീഷണിപ്പെടുത്തുന്ന അധ്യാപകന്‍ ഒരുവശത്ത് നില്‍ക്കുമ്പൊ ഒരുവാക്ക് കൊണ്ട് എതിര്‍ത്താല്‍ പോലും അവര്‍ ഭാവിതുലച്ചുകളയും എന്ന് ബോധ്യമുള്ള നമ്മുടെ കുട്ടികള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നില്ല എന്നാശ്വസിക്കുകയെ നിവൃത്തിയുള്ളൂ..
കുട്ടികളുടെ ഈയൊരു ഗതികേടിനെ അധ്യാപകര്‍ മുതലെടുത്തത് തന്നെയാണ് ഫാത്തിമയുടെ മരണകാരണം.

മതത്തിന്റെ  നിറത്തിന്റെ  ലിംഗത്തിന്റെ  ജാതിയുടെ  സാമ്പത്തിക ചുറ്റുപാടിന്റെ ഒക്കെപ്പേരില്‍ കുട്ടികളെ അപമാനിക്കുന്ന, കൊന്നുകളയുന്ന  ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന അധ്യാപകരെക്കുറിച്ച് സംസാരിക്കൂ..

യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ റിസര്‍ച്ച് സ്‌കോളേഴ്‌സിനെക്കൊണ്ട് വീട്ടിലേയ്ക്ക് ഗ്യാസ് ചുമപ്പിക്കുന്ന,പച്ചക്കറി വാങ്ങിപ്പിക്കുന്ന,തന്റെ വണ്ടി െ്രെഡവ് ചെയ്യിപ്പിക്കുന്ന ഗൈഡുകള്‍ ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയട്ടെ, സ്‌പോര്‍ട്‌സ് ക്വാട്ടകളില്‍ അഡ്മിഷന്‍ കിട്ടി വന്ന കുട്ടികളെ രണ്ടാം പന്തിക്കാരായി കണക്കാക്കുന്ന അധ്യാപകരുണ്ട്..

ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത വിഷയത്തില്‍ സമരങ്ങള്‍ സംഘടിപ്പിച്ചു എന്ന കുറ്റത്തിന് ഒരധ്യാപകന്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥി കളെ ഭീഷണിപ്പെടുത്തുകയും ഇന്റേര്‍ണല്‍ മിനിമം തരികയും ഒരു സെമസ്റ്റര്‍ മുഴുവന്‍ മാനസികമായി പീഡിപ്പിക്കുകയും പരിഹസിക്കുകയും, ചെയ്തത് പേരുകേട്ട സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലൊന്നില്‍ നിന്നാണ്..എതിര്‍ത്തു നിന്നാലും കേസു കൊടുത്താലും യൂണിവേഴ്‌സിറ്റി എന്ന മഹാപ്രസ്ഥാനത്തിനു തന്നെയാണ് അന്തിമവിജയം എന്ന് നിരവധി അനുഭവങ്ങള്‍ കൊണ്ട് തിരിച്ചറിഞ്ഞതിനാല്‍ ഉള്ള ജീവനും കിട്ടിയ മാര്‍ക്കും കക്ഷത്തില്‍ വച്ചാണ് അന്ന് ഞാന്‍ ഭാവി തേടി ഇറങ്ങിയത്.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പേരില്‍,അധ്യാപകനെ ചോദ്യം ചെയ്തുവെന്ന ക്രിമിനല്‍ കുറ്റത്തിന്, രണ്ടുദിവസം നേരം വൈകി വന്നാല്‍,തലവേദനയൊ വയറുവേദനയൊ കൊണ്ട് ഡസ്കില്‍ ഒന്ന് ചൂളിപ്പിടിച്ചു കിടന്നുപോയാല്‍,ഒന്ന് പ്രേമിച്ചുപോയാല്‍ ഒക്കെ 20 മാര്‍ക്ക് 8,7,6,5 എന്നിങ്ങനെ എണ്ണം പറഞ്ഞ് ഇടിഞ്ഞുതുടങ്ങും. അവനവന്റെ പൊളിറ്റിക്കല്‍, സോഷ്യല്‍,റിലീജ്യസ്,പേഴ്‌സണല്‍ ഫ്രസ്‌ട്രേഷന്‍ രാവിലെ കുട്ടികളുടെ നെഞ്ചത്തു തീര്‍ക്കുന്ന അധ്യാപകര്‍ ഉണ്ടെന്ന് അധ്യാപികയായി ഇരുന്നുകൊണ്ട് തന്നെ പറയാന്‍ കഴിയും.

അവനവന് പറ്റാണ്ട് പോയത് കുട്ടികള്‍ ചെയ്യുന്നത് കാണുമ്പൊ ഉള്ള ഒരു തരം കൃമികടിയും കൊണ്ട് നടക്കുന്ന അധ്യാപകരുള്ള എത്രയൊ സ്റ്റാഫ് റൂമുകള്‍ ഉണ്ട്.. ആ കടിയുടെ ദണ്ണം തീര്‍ക്കാന്‍ കുട്ടികളെയും മാതാപിതാക്കളെയും സ്റ്റാഫ് റൂമില്‍ വിളിച്ചു വരുത്തി വലിയവായില്‍ പരിഹസിച്ചും ആട്ടിത്തുപ്പിയും അവര്‍ നടത്തുന്ന കോലാഹലം കണ്ടിരിക്കേണ്ടി വന്നിട്ടുണ്ട്.. നിറഞ്ഞ കണ്ണുമായി ഇറങ്ങിപ്പോകുന്ന കുട്ടികള്‍ പോണപോക്കില്‍ ആ ബില്‍ഡിങ്ങില്‍ നിന്നു താഴേയ്ക്ക് ചാടല്ലേന്നു പ്രാര്‍ത്ഥിക്കുകയും പിറ്റേന്ന് ആ കുട്ടികള്‍ ക്ലാസില്‍ വന്നെന്ന് ഉറപ്പുവരുത്തി ഒരാത്മഹത്യ ഒഴിവായ സമാധാനത്തില്‍ തിരിച്ചു പോരുകയും ചെയ്തിട്ടുണ്ട്.
നിന്ന നില്പില്‍ തുണിയുരിഞ്ഞു പോയാല്‍ പോലും ഇത്രയധികം വെഷമമില്ലാരുന്നു എന്നു പറഞ്ഞ/ പറയുന്ന കുട്ടികളുണ്ട്.അവര്‍ക്ക് മരണത്തോളം തന്നെ പേടിയുണ്ട് അധ്യാപകരെയും അവര്‍ മാര്‍ക്കിടുന്ന ആ ചുവന്ന മഷിയെയും..

ധൈര്യം കൊടുക്കാന്‍ കെല്‍പ്പില്ലാത്ത അമ്മമാരെയും അച്ഛന്മാരെയും കുറിച്ച് സംസാരിച്ചുകൊള്ളൂ..വേണ്ടെന്നല്ല, തലമുറകളെ ചവിട്ടിത്തേച്ചും, ഭയപ്പെടുത്തിയും,അരികു തിരിച്ചും പഠിപ്പിക്കുന്ന  അതിന്റെ കൂലിയെണ്ണിവാങ്ങി കുട്ടികളുടെ കൊലച്ചോറുണ്ണുന്ന ആ ഒരു വിഭാഗമുണ്ടല്ലൊ.. അധ്യാപകര്‍..!! അവര്‍ക്കു നേരെ വേണം ആദ്യം വിരലു ചൂണ്ടാന്‍..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക