Image

നെടുമ്ബാശേരി വിമാനത്താവള നവീകരണം നാളെ തുടങ്ങും; പകല്‍ സര്‍വീസ് ഇല്ല

Published on 19 November, 2019
നെടുമ്ബാശേരി വിമാനത്താവള നവീകരണം നാളെ തുടങ്ങും; പകല്‍ സര്‍വീസ് ഇല്ല

നെടുമ്ബാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ നാളെ ആരംഭിക്കും. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച്‌ 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക.


റണ്‍വെ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് വിമാനങ്ങളുടെ ലാന്‍ഡിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്നത്. ഈ സമയത്ത് വിമാനങ്ങളുടെ ടേക്-ഓഫ്, ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. ഇതേത്തുടര്‍ന്ന് മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ദില്ലി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വ്വീസുകളും റദ്ദാക്കി. ദിവസേന 30000 യാത്രക്കാരെയും 240 സര്‍വീസുകളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്.


റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്ബുതന്നെ സിയാല്‍ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്ബനികള്‍ പൂര്‍ണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സര്‍വീസ് റദ്ദാക്കലുകള്‍ ഒഴിവാക്കാന്‍ സാധിച്ചതു സിയാലിനു നേട്ടമായി. 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം എന്നത് നാളെ മുതല്‍ 16 മണിക്കൂര്‍ ആയി ചുരുങ്ങുകയാണ്. രാവിലെയും വൈകിട്ടും തിരക്കു പ്രതീക്ഷിക്കുന്നുണ്ട്. ഇതു പരിഗണിച്ച്‌ ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്ബു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്ബും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 


വിമാനത്താവളത്തില്‍ 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്‌എഫ് നിയോഗിച്ചിട്ടുണ്ട്. ഇതോടെ സിയാലിലെ സിഐഎസ്‌എഫ് അംഗബലം 950 ആയി ഉയര്‍ന്നു. വരുന്ന ആഴ്ചകളില്‍ 400 പേര്‍ കൂടി എത്തുമെന്നും സിഐഎസ്‌എഫ് അറിയിച്ചിട്ടുണ്ട്.റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക