Image

എഴുത്താണികള്‍ (കവിത: ഷാജു ജോണ്‍)

Published on 22 November, 2019
എഴുത്താണികള്‍ (കവിത: ഷാജു ജോണ്‍)
അന്ന് ഞാന്‍ , അമ്മതന്നുദരഭിത്തിയില്‍ 
നഖമില്ലാവിരലോരെഴുത്താണിയാക്കി    
അക്ഷരചിഹ്നങ്ങള്‍   കോറിടുമ്പോള്‍     
പരിഭവം പുണ്ടമ്മ പറയുമത്രെ 
വികൃതി ...................
അവനെന്‍റെ വയറ്റില്‍ കവിതകളെഴുതുന്നു !

പിന്നീട് ,  ഭൂമിതന്‍ ഗന്ധം ശ്വസിച്ച നാള്‍ 
നഗ്‌നമാം വായുവില്‍   കൈകള്‍ ചുഴറ്റി   
അര്‍ഥമില്ലാത്തോരോ വാക്കുകള്‍ തീര്‍ക്കുമ്പോള്‍   
കന്നത്തില്‍ മുത്തമിട്ടമ്മ
തന്‍ വിരലുകളെ എന്റെ തോഴരാക്കി
വളയുന്നോരെന്‍   വഴികളെ നേരെയാക്കാന്‍ 

വീണ്ടുമൊരുനാള്‍, ചുമരിലെ കുമ്മായ വെള്ളയില്‍  
കനലില്‍ വറുത്ത  കരിക്കട്ടയാല്‍     
വടിവില്ലാ ലിപികളില്‍  കുത്തിവരച്ചപ്പോള്‍ 
അകം തുടയില്‍ അമ്മയന്നാദ്യമായ് നുള്ളി 
നിലത്തെഴുത്താശാന്‍റെ കളരിയില്‍ എത്തിച്ചു 

പഞ്ചാര മണലില്‍ 'ഹരിശ്രീ'  കുറിച്ചന്നു 
കൈവിരല്‍ തുമ്പിലെ ചെറു നീറ്റല്‍ താങ്ങാതെ 
അക്ഷരം കൊത്തിയൊരാ പനയോലത്താളുകളില്‍ 
ആശാന്റെ തന്‍   നാരയത്തുമ്പിനാല്‍ ഞാന്‍  
കറുകറെ കോലം വരച്ചു ദേഷ്യം തീര്‍ത്തഹോ  

ജാമ്യമില്ലാതെത്തി  ശിക്ഷ,
നാരയത്തിന്‍ കൂര്‍ത്ത മറുതലക്കുമൊപ്പം
പുകയില മണക്കുന്ന വിരലുകളും
എന്നിരു ചെവികളിലും 
താണ്ഡവനൃത്തമാടിയപ്പോള്‍ 
അമ്പോ......അന്നാദ്യമായ്
ഞാനാകാശത്ത് പകല്‍നക്ഷത്രങ്ങള്‍  കണ്ടു !

കാലമെന്നെ വിദ്യാലയ കുപ്പായമുടുപ്പിച്ചു   
കൂട്ടിനായ്  ചതുര സ്ലേറ്റുമൊരു നീളന്‍ കല്ലു പെന്‍സിലും 
ആദ്യമായ് കണ്ടൊരാ  പെന്‍സില്‍ പടവാളാക്കി
കൂട്ടുകാരോട് പയറ്റിത്തെളിയവേ
മുന്‍ശുണ്ടി മാഷിന്റെ  ചൂരല്‍ പ്രയോഗത്തില്‍
മുറിചുരികയുമായ് നില്കും
ഒതേനനെ പോലെയായ് ഞാന്‍ 

കല്ലു പെന്‍സിലൊരു മരചട്ടയിലൊളിക്കും 
നട്ടെല്ലില്ലാവര്‍ണ പെന്‍സിലായ്  മാറി  
കാലമാ   പെന്‍സിലിനെ  മഷി പേനയാക്കി 
മഷി നിറച്ചതു  കുടഞ്ഞും....
കൂട്ടുകാരുടെ ഉടുപ്പില്‍ കുടഞ്ഞും 
ഹോളി കൊണ്ടാടിയൊരു നാള്‍    
െ്രെപമറി സ്കൂളിന്റെ പടികളിറങ്ങി 

മഷി പേന തഞ്ചത്തിലുരുളുന്ന ബോള്‍ പേനയായ് 
നിറമില്ലാ വഴികളില്‍  വര്‍ണം വിതറിയയാ തൂലിക 
ഇന്നുമെന്‍  കൂടെ പൊറുക്കുന്നുവെങ്കിലും , 
തട്ടിയെടുത്തതിന്‍ ദൗത്യം നവ    
'ന്യൂ ജെന്‍ '  കമ്പ്യൂട്ടര്‍ കീ ബോര്‍ഡ്.
എഴുത്ത് നിര്‍ത്താന്‍   കട കട കൊട്ടാന്‍  
തരിപ്പ് തരുന്നൊരീ
ആംഗലേയവിദേശിയാം  അക്ഷരപലകകള്‍ 

കാലമിനിയും  മാറും കഥയുമൊപ്പം 
അക്ഷരപലകയില്ലാക്കാലമടുത്തു  വരും
 ശൂന്യതയില്‍ എഴുതും നിന്‍ അക്ഷരങ്ങള്‍      
ജീവനില്ലാ തലച്ചോറിലായിടും !!
അതെ ........
കംപുട്ടെര്‍ ഹാര്‍ഡ് ഡിസ്കില്‍ ആയിടും
അല്ലേല്‍ അദൃശ്യമാം  ഐ ക്ലൗഡില്‍ തങ്ങിടും 

അന്ന് ഞാനമ്മ തന്‍ മടിത്തട്ടിലിരുന്നെന്‍ 
വിരലാമെഴുത്തണിയാല്‍   ചമച്ചതെല്ലാം
ഇന്നുമെന്‍ ചിന്തക്ക് ചന്തമേകുന്നുവെന്നാല്‍
ഇന്നെഴുതുന്നതൊന്നുമേ  ഇല്ലയെങ്ങും 
അലയുന്ന ശുന്യതയിന്‍ ക്യാന്‍വാസിലൊഴികെ

ശൂന്യതയില്‍ തുടങ്ങുന്നു ..തുടരുന്നു ........
അലയുന്നു.......   അണയാനായ് 
ശൂന്യതയില്‍ മറവിലലിയും  വരെ
ഞാനും എന്നിലെ സ്വപ്നങ്ങളും.
Join WhatsApp News
വിദ്യാധരൻ 2019-11-24 22:32:34
എന്ന് നീ ഭൂമിയിൽ വന്നു അന്ന്
നിന്നുപോയി നിന്റ വാസനകൾ 
ഇങ്ങീ ധരയിൽ   വന്നെതെന്തിനു നീ 
അമ്മേടെ ഉദരഭിത്തി തുരന്നുകൊണ്ട് 
അവിടെ ചെറു  കവിത കൊറി 
പണിചെയ്യാതെ തിന്നു ചീർത്ത് ,
കഴിയാമായിരുന്നില്ലേ കവി നിനക്ക്  ?
ഇവിടെ  കവികൾക്കൊറ്റ ചിന്ത 
പൊന്നാടേം ഫലകോം സ്വീകരണോം .
തീണ്ടിയിട്ടില്ലൊരുത്തന്റേം ഉള്ളിലല്പോം 
സത്യത്തിൻ 'എഴുത്താണി' സ്പർശം 
പാരപണിയാൻ ഇവിടെ കവികൾ 
വീരന്മാരാണ് വീരേന്ദ്ര്യന്മാരാ 
കണ്ടുകൂടാ കണ്ണിന് ഒരു കവിക്കും  
കൊണ്ടുപോയാൽ മുറുമുറുപ്പാ . 
എന്തിന് അല്ലേൽ  ഞാൻ മറച്ചിടേണം
നായിൻറ് സ്വഭാവം അത്ര തന്നെ . 
എന്തായാലും അമ്മയും ആശാനും നിന്നെ 
കുമ്മിയതിൻ ഫലം കാണാനുണ്ട് .
നാട്ടിലെ മതിലിൽ കരിതേച്ചാലെന്താ 
നല്ലൊരു കവിത നീ തീർത്തുവല്ലോ 
ചന്തിക്ക് കിഴുക്ക് തുടയ്ക്ക് പിച്ച് 
കൈവിരൽ മണലിൽ ഇട്ടൊരക്കൽ 
എല്ലാം നിനക്ക് അനുഗ്രഹമായി 
കാലങ്ങൾ മാറി കാലൻ വന്നു 
എഴുത്താശാനേം അമ്മേം  കൂട്ടി പോയി 
ഇണചേർന്ന് മലയാളം ഇംഗ്ലീഷുമായി 
മംഗ്ളീഷ് കുട്ടി പിറന്നു വീണു 
'മയിലാടും' കുന്നെന്നു ഞാൻ എഴുതി 
'മയിരാടും' കുന്നെന്നു  പുറത്തു വന്നു 
എന്തായാലെന്തു കുന്തമാണ് 
സാഹിത്യ അക്കാഡമി അവാർഡ് അതിനു കിട്ടി
പറയാൻ തുടങ്ങിയാൽ നിൽക്കുകില്ല 
അത്രയ്ക്കുണ്ട് പറഞ്ഞിടുവാൻ  
ഇങ്ങീ ധരയിൽ   വന്നെതെന്തിനു നീ 
അമ്മേടെ ഉദരഭിത്തി തുരന്നുകൊണ്ട് 
അവിടെ ചെറു  കവിത കൊറി 
പണിചെയ്യാതെ തിന്നു ചീർത്ത് ,
കഴിയാമായിരുന്നില്ലേ കവി നിനക്ക്  ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക