Image

ചന്ദ്രശേഖരന്‍ വധം: ഔദ്യോഗിക നേതൃത്വത്തിനെതിരേ വീണ്ടും വി.എസ്

Published on 12 May, 2012
ചന്ദ്രശേഖരന്‍ വധം: ഔദ്യോഗിക നേതൃത്വത്തിനെതിരേ വീണ്ടും വി.എസ്
തിരുവനന്തപുരം: ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരേ ശക്തമായ നിലപാടുമായി വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. ചന്ദ്രശേഖരന്‍ കുലംകുത്തിയാണെന്ന് കരുതുന്നില്ലെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കുലംകുത്തി പ്രയോഗം നടത്തിയ പിണറായി വിജയനെ പിന്തുണച്ച ഔദ്യോഗികപക്ഷം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തിയെയും നിശിതമായി വിമര്‍ശിച്ചു.ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ രൂപീകരണത്തെ 1964 ല്‍ താനുള്‍പ്പെടെയുള്ളവര്‍ പുറത്തുവന്ന് സിപിഎം രൂപീകരിക്കാനുണ്ടായ സാഹചര്യത്തോടായിരുന്നു വി.എസ് ഉപമിച്ചത്. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. ലീഗും കോണ്‍ഗ്രസും പോലെ ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അനുസരിക്കുന്ന രീതിയല്ല സിപിഎമ്മിന്റേത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് സിപിഎമ്മിന് സംഘടനാപരമായ രീതിയുണ്ട്. ലീഗും കോണ്‍ഗ്രസും പോലെ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയും ബാക്കിയുള്ളവര്‍ അനുസരിക്കുകയുമല്ല. സെക്രട്ടറി പറഞ്ഞാല്‍ അതാണ് അവസാനം എന്ന ധാരണ വെച്ചുകൊണ്ടാണ് ദക്ഷിണാമൂര്‍ത്തിയുടെ അഭിപ്രായം. അത് താന്‍ അംഗീകരിക്കുന്നില്ല. പിണറായിയെ തിരുത്താനാവശ്യമായ നടപടികള്‍ എന്തുകൊണ്ടാണ് സംഘടനയ്ക്കുള്ളില്‍ ആരും സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് അത് ഉണ്ടാകുമെന്നും നേതൃത്വത്തിലും കമ്മറ്റികളിലും അതിനുള്ളവര്‍ വളര്‍ന്നുവരുമെന്നും വി.എസ് പറഞ്ഞു. തന്നെക്കുറിച്ച് പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് എന്തും തീരുമാനിക്കാം. താന്‍ ഓരോ വിഷയത്തെക്കുറിച്ചും പഠിച്ച ശേഷമാണ് നിലപാട് സ്വീകരിക്കുന്നത്. സിപിഎമ്മില്‍ ഏകാധിപത്യമാണോയെന്ന ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നും താന്‍ പറയാനുള്ളത് പറഞ്ഞെന്നുമായിരുന്നു വി.എസിന്റെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക