Image

കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ (വെള്ളാശേരി ജോസഫ്)

Published on 02 December, 2019
കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങള്‍ (വെള്ളാശേരി ജോസഫ്)
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതണം. എഴുതാനുള്ള സര്‍വ സ്വാതന്ത്ര്യവും ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സിസ്റ്റര്‍ക്ക് ഉണ്ട്. നേരത്തേ സിസ്റ്റര്‍ ജെസ്മി 'ആമേന്‍' എന്ന പേരില്‍ ആത്മകഥ എഴുതിയിരുന്നു. സിസ്റ്റര്‍ മേരി ചാണ്ടി 'സ്വസ്തി' എന്ന പേരിലും ജീവിതകഥ എഴുതിയിരുന്നു. തമിഴ് എഴുത്തുകാരി ബാമയുടെ കോണ്‍വെന്‍റ്റ് ജീവിതം 'കരുക്ക്' എന്ന പേരില്‍ പ്രകാശിതമായി. ഇംഗ്‌ളീഷിലും, മറ്റനേകം ഭാഷകളിലും 'കരുക്ക്' വിവര്‍ത്തനം ചെയ്യപ്പെട്ടു. 'പനമുള്ള്' എന്ന പേരില്‍ മലയാള വിവര്‍ത്തനവും ബാമയുടെ കോണ്‍വെന്‍റ്റ് ജീവിതത്തിന് ഉണ്ടായി. ഇങ്ങനെ കോണ്‍വെന്‍റ്റ് ജീവിതത്തെ കുറിച്ച് അനേകം പുസ്തകങ്ങള്‍ ഉള്ളതിനാല്‍ 'കര്‍ത്താവിന്‍റ്റെ നാമത്തില്‍' എന്ന പേരില്‍ പുതിയൊരു ജീവിതകഥ കൂടി വരുന്നത് വലിയ സംഭവം അല്ലെന്നാണ് തോന്നുന്നത്.

മലയാളം വാര്‍ത്താ ചാനലുകള്‍ ഇപ്പോള്‍ നോക്കിയാല്‍ കന്യാസ്ത്രീ പീഡനം എന്ന ഒറ്റ വിഷയമേ ഉള്ളൂ. ഇതിന് കാരണമെന്താണ്?? കേരളത്തില്‍ ഇന്ന് ആവശ്യത്തില്‍ കൂടുതല്‍ വാര്‍ത്താ ചാനെലുകളും, പത്രങ്ങളും, ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുമെല്ലാം നിലവില്‍ ഉണ്ട്. പരസ്യവും വരുമാനവും കിട്ടണമെങ്കില്‍ ലൈംഗിക പീഡനം പോലുള്ള ആളുകളെ പിടിച്ചു നിറുത്തുന്നതും, വികാരം കൊള്ളിക്കുന്നതുമായ കഥകള്‍ ഉണ്ടായേ തീരൂ. പ്രളയവും, ദാരിദ്ര്യവും, രാഷ്ട്രീയവും ഒക്കെ കാണിച്ചാല്‍ ചാനലുകാരുടെ റെയ്റ്റിങ് കൂടത്തില്ലാ. ജനം ഇതൊക്കെ കണ്ടു മടുത്തതാണല്ലോ.

സഭാ വസ്ത്രം ഊരി വിവാഹജീവിതം നയിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ നമ്മുടെ കേരളത്തിലുണ്ട്. സഭാ വസ്ത്രം ഊരി വന്നവരെ കായികമായി ആക്രമിച്ച ഒരു സംഭവം പോലും കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാ. ആര്‍ക്കും എപ്പോള്‍ വേണെമെങ്കിലും സഭയില്‍ നിന്ന് പുറത്തു വരാം. സിസ്റ്റര്‍ ജെസ്മിയെ പോലെ മഠത്തില്‍ നിന്ന് വിടുതല്‍ നേടിയതിനു ശേഷം നിരന്തരമായി സഭാ സ്ഥാപനങ്ങള്‍ക്കെതിരെ പ്രസ്താവനാ യുദ്ധം നടത്തുന്നവരെ സഭാ വിശ്വാസികളായ ആരും ആക്രമിക്കാനൊന്നും പോയിട്ടില്ല. ഇന്നും സുരക്ഷിതയും, സ്വതന്ത്രയും ആയി ചാനലുകളിലൂടെ പ്രസ്താവനാ യുദ്ധം നടത്തി അവര്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നത് അതുകൊണ്ടാണ്. സാധാരണക്കാരനായ ഒരു ക്രിസ്ത്യാനി സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ആളാകയാല്‍ ക്രിസ്ത്യാനികള്‍ക്ക് ഇത്തരം വിവാദങ്ങള്‍ക്കൊന്നും സമയവും, താല്‍പര്യവും ഇല്ലാ എന്നതാണ് വസ്തുത.

സിസ്റ്റര്‍ ജെസ്മിയുടെ പ്രസ്താവനാ യുദ്ധങ്ങള്‍ കാണുമ്പോള്‍ പണ്ട് ട്രെയിനില്‍ കണ്ടുമുട്ടിയ ഒരു വൈദികനുമായുള്ള കൂടിക്കാഴ്ചയാണ് ഓര്‍മ വരുന്നത്. അദ്ദേഹം ഇതെഴുതുന്ന ആളോട് പറഞ്ഞത് സഭക്ക് സിസ്റ്റര്‍ ജെസ്മിയോട് അങ്ങനെ പറയത്തക്ക അഭിപ്രായ വിത്യാസം ഒന്നുമില്ലായിരുന്നു എന്നാണ്. പക്ഷെ തനിക്ക് മഠത്തിലെ സന്യാസിനീ ജീവിതത്തിലെ അനുവദിക്കപ്പെട്ട സ്വാതന്ത്ര്യം പോരാ എന്ന തിരിച്ചറിവില്‍ അവര്‍ സഭ വിട്ടു. മഠത്തില്‍ നിന്ന് വിടുതല്‍ നേടിയതിനു ശേഷം നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആരോപണങ്ങളിലും കുറച്ചു യുക്തിയൊക്കെ വേണ്ടേ? "കുറെ പെണ്ണുങ്ങള്‍ ഇങ്ങനെ ജീവിക്കുന്നു എന്ന മട്ടിലാണ് സഭയിലെ കന്യാസ്ത്രിമാരെ കാണുന്നത്" എന്ന് സിസ്റ്റര്‍ ജെസ്മി പറയുമ്പോള്‍ സഭയുടെ പ്രമുഖമായ രണ്ട് വനിതാ കോളേജിന്‍റ്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു വരെ എത്തിയ വ്യക്തി ആണ് ഇതു പറയുന്നത് എന്ന് അവര്‍ സ്വയം ഓര്‍ക്കണമായിരുന്നു. ഒരു യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും ഉന്നതമായ ബിരുദമായ ഡോക്ട്ടറേറ്റും സിസ്റ്റര്‍ ജെസ്മി നേടിയത് സഭയിലെ അന്തേവാസി ആയിരുന്നപ്പോള്‍ തന്നെയാണ്. സിസ്റ്റര്‍ ജെസ്മിയുടെ 'ആമേന്‍' എന്ന പുസ്തകത്തില്‍ ഏതൊരു സ്ഥാപനത്തിലും ഉള്ള ഈഗോ ക്ലാഷ്, ഇന്‍റ്റര്‍ പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍  ഇതൊക്കെയേ ഉള്ളൂ. സത്യത്തില്‍ 'ആമേന്‍' വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഡല്‍ഹിയില്‍ ജോലി ചെയ്ത സ്ഥാപനങ്ങളില്‍ സിസ്റ്റര്‍ ജെസ്മി 'ആമേനില്‍' പറയുന്നതിനേക്കാള്‍ 'ഇന്‍റ്റര്‍ പേഴ്‌സണാലിറ്റി' പ്രശ്‌നങ്ങളും 'ഈഗോ ക്‌ളാഷസും' ഒക്കെ ഉണ്ടായിരുന്നല്ലോ എന്നാണ്. തനിക്കെതിരേ ഊമ കത്തൊക്കെ പോകുന്നതിനെ വലിയ സംഭവമായിട്ടാണ് സിസ്റ്റര്‍ ജെസ്മി അവതരിപ്പിക്കുന്നത്. സത്യത്തില്‍ അധികാര സ്ഥാപനങ്ങളുടെ മുകളിലുള്ള ആര്‍ക്കെതിരെയാണ് ഊമ കത്തുകള്‍ പോകാത്തത്? ഞാന്‍ ജോലി ചെയ്ത സ്ഥാപനങ്ങളിലുള്ളവര്‍ക്കെതിരെയൊക്കെ ഊമ കത്തുകള്‍ പോയിട്ടുണ്ട്. സിസ്റ്റര്‍ ജെസ്മി അവതരിപ്പിക്കുന്നത് പോലെ ഇതൊന്നും അത്ര ഗൗരവമുള്ള വിഷയങ്ങളല്ല.

സിസ്റ്റര്‍ ജെസ്മിയുടെ പല പ്രസ്താവനകളും പബ്ലിസിറ്റിക്കായിട്ടാണെന്നാണ് ഇതെഴുതുന്ന ആള്‍ക്ക് തോന്നിയിട്ടുള്ളത്. ചുരുക്കം പറഞ്ഞാല്‍ സിസ്റ്റര്‍ ജെസ്മി മാത്രമല്ല; മറ്റു പലരും കന്യാസ്ത്രീ പീഡന വിഷയത്തില്‍ പബ്ലിസിറ്റിക്കാണ് ശ്രമിക്കുന്നത്. അല്ലാതെ കന്യാസ്തിക്കു നീതി കിട്ടണം എന്ന സദുദ്ദേശത്തില്‍ ഒന്നും അല്ല പലരും ചാനലായ ചാനലുകളിലെല്ലാം കേറിയിറങ്ങുന്നത്.

അതുകൊണ്ടു തന്നെ  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്‍റ്റെ കാടടച്ചു വെടി വെക്കുന്ന പരിപാടിയെ 'സത്യ സാക്ഷ്യം' എന്ന് പറയാനാവില്ല. അത് കൂടുതലും പുസ്തകം വിറ്റുപോകാനുള്ള വിപണന തന്ത്രം ആയിട്ടേ കണക്കാക്കാനാവൂ. നല്ല വൈദികരും, കന്യാസ്ത്രീമാരും കത്തോലിക്കാ സഭയില്‍ ഇന്നും ഇഷ്ടം പോലെ ഉണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് കാണിക്കാനാണ് പലപ്പോഴും മതസങ്കല്‍പ്പങ്ങളില്‍ വിശ്വാസമില്ലാത്ത ഇടതുപക്ഷക്കാരുടേയും അരാജകവാദികളുടേയും നീക്കം. ഇത്തരത്തില്‍ എന്തെങ്കിലും ഒരു സംഭവം ഏതെങ്കിലും മതത്തില്‍ ഉണ്ടായാല്‍ അവിടെയൊക്കെ ഇടതുപക്ഷക്കാരേയും അരാജകവാദികളേയും 'ഫുള്‍ സപ്പോര്‍ട്ടുമായി' കാണാം. വിവാഹത്തേയും, കുടുംബ സങ്കല്‍പ്പങ്ങളേയും, മത രീതികളേയും, ഭരണകൂടത്തേയും എന്നുവേണ്ട സമൂഹത്തിലെ സകല വ്യവസ്ഥാപിത രീതികളേയും വെല്ലുവിളിക്കുന്ന അവര്‍ ഇത്തരത്തിലുള്ള സംഭവങ്ങളെ പര്‍വ്വതീകരിക്കുന്നു; കന്യാമഠങ്ങളില്‍ പ്രശ്‌നങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു വെക്കുന്നു. 

മറ്റു പല വിഷയങ്ങളിലെന്നതു പോലെ സോഷ്യല്‍ മീഡിയയിലെ വികാര ജീവികള്‍ കന്യാസ്ത്രീ വിഷയത്തിലും ഉറഞ്ഞു തുള്ളുന്നത് വരും ദിവസങ്ങളില്‍ കാണാം. സംഘ പരിവാറുകാരും, ഇടതു പക്ഷക്കാരും, അരാജക വാദികളും പതിവിനു വിപരീതമായി ഈ വിഷയത്തില്‍ ഒന്നിച്ച് കൂട്ടുചേര്‍ന്ന് ആക്രമണം അഴിച്ചു വിടാനാണ് എല്ലാ സാധ്യതകളും. കന്യാസ്ത്രീമാരുടെ സന്യാസ വ്രതത്തിന്‍റ്റെ ഭാഗമായിട്ടുള്ള പല കാര്യങ്ങളോടും സംഘ പരിവാറുകാര്‍ക്കും, ഇടതു പക്ഷക്കാര്‍ക്കും, അരാജക വാദികള്‍ക്കും എന്നും തികഞ്ഞ പുച്ഛം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവരൊക്കെ ആക്രമണം അഴിച്ചു വിടുന്നതില്‍ അതിശയവും ഇല്ലാ. സംഘ പരിവാറുകാരാണെങ്കില്‍ ഈ അവസരം ഉപയോഗിച്ച് കള്ള പേരിലും, ഫെയിക്ക് ഐഡന്‍റ്റിറ്റിയിലും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ആക്രമിക്കുകയും അവഹേളിക്കുകയും ചെയ്യാനാണ് എല്ലാ സാധ്യതയും. 

ഇതെഴുതുന്നത് ഏതെങ്കിലും തരത്തില്‍ കന്യാസ്ത്രീ പീഡനങ്ങളെ ന്യായീകരിക്കുവാനല്ല. ഒരു വശത്ത് സ്വന്തം  മഠത്തില്‍ താമസിച്ചു കൊണ്ടും, സഭാ വസ്ത്രമിട്ടും കൊണ്ടും സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് താന്‍ അനുഭവിച്ചുവെന്നു പറയുന്ന നീതി നിഷേധത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കുവാമനായി എന്നത് ശ്ലാഖനീയമാണ്. മറുവശത്ത് സഭാ മേലധ്യക്ഷന്മാരുടെ യാഥാസ്ഥികത്ത്വത്തെ ഒരു രീതിയിലും നീതികരിക്കുവാനും ആവില്ല. കൂട്ടമണി അടിച്ചും, ഇടയ ലേഖനങ്ങള്‍ കൊടുത്തുവിട്ടും സഭാസ്ഥാപനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നീതികേടുകളെ മൂടിവെക്കുവാന്‍ സഭാ മേലധ്യക്ഷന്മാര്‍ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ യുഗത്തില്‍ സാധിക്കില്ല എന്ന ലളിതമായ സത്യം ഇനിയെങ്കിലും അവര്‍ തിരിച്ചറിയണം.

ഇന്ത്യയില്‍ സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന കളക്ടര്‍മാരും, പോലീസ് ഇന്‍സ്‌പെക്ടര്‍മാരും, ചില ആര്‍മി ഒഫീസര്‍മാരുമൊക്കെ പഴയ കാലത്തെ രാജാക്കന്മാരെപോലെയാണ് ഇന്നും പെരുമാറുന്നത്. പക്ഷെ സര്‍ക്കാര്‍ കൊടുക്കുന്ന പിന്തുണ പിന്‍വലിച്ചാല്‍ കഥയിലെ 'മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായതുപോലെ' ഇവരുടെ എല്ലാ അധികാരങ്ങളും അവസാനിക്കും. ഇതുപോലെ തന്നെയാണ് അധികാരം കയ്യാളുന്ന സഭാ മേലധ്യക്ഷന്മാരുടെ കാര്യവും. സഭ പിന്തുണ കൊടുത്തില്ലെങ്കില്‍ വൃത്തികേടുകള്‍ ഒരിക്കലും സഭാ സംവിധാനത്തില്‍ പുലരുകയില്ലാ. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭക്കുള്ളിലെ യാഥാസ്ഥികത്വവും കടും പിടുത്തവുമൊക്കെ വിട്ടുകളഞ്ഞു സ്വന്തം സഭക്കുള്ളിലെ സഹോദരിമാരുടെ കാര്യം കാണാനുള്ള സൗമനസ്യം സഭാ മേലധ്യക്ഷന്മാര്‍ കാണിക്കേണ്ടതുണ്ട്. സഭ എത്ര സംരക്ഷിച്ചു നിറുത്തിയാലും സോഷ്യല്‍ മീഡിയയുടെ ഈ കാലഘട്ടത്തില്‍ നീതി നിഷേധങ്ങളൊന്നും മൂടി വെക്കാന്‍ സാധിക്കുകയില്ല. എന്ന ലളിതമായ സത്യം ഇനിയെങ്കിലും അവര്‍ തിരിച്ചറിയണം.

എല്ലാ സംഘടനാ സെറ്റപ്പുകള്‍ക്കും അതിന്‍റ്റേതായ പ്രശ്‌നങ്ങളുണ്ട്. സംഘടനയുടെ നല്ല ഗുണങ്ങളും, മോശം കാര്യങ്ങളും സംഘടനാ സെറ്റപ്പുകള്‍ക്കുള്ളില്‍ വരും. സംഘടനാ സെറ്റപ്പാകുമ്പോള്‍ മോശം കാര്യങ്ങളെ സംഘടനയുടെ 'ഇമേജ്' ചോര്‍ന്നു പോകാതിരിക്കുവാന്‍ പരിരക്ഷിക്കേണ്ടത് സംഘടനയോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് നിര്‍ബന്ധമായി തോന്നാം. സഭ ഇപ്പോള്‍ ആ സ്വന്തം ഇമേജിന്‍റ്റെ തടവറയിലാണെന്നാണ് തോന്നുന്നത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന സഭയുടെ പ്രശ്‌നമാണിത്.

ആത്മീയാചാര്യനായ ശ്രീ എം. (മുംതാസ് അലി ഖാന്‍) പറഞ്ഞ ഒരു കഥയുണ്ട്: "ഒരിക്കല്‍ പിശാചിനെ സത്യം പ്രചരിപ്പിക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചു. പിശാച് എങ്ങനെ സത്യം പ്രചരിപ്പിക്കും??? പിശാചിന്‍റ്റെ പണി അതല്ലല്ലോ. നിങ്ങള്‍ എങ്ങനെ സത്യം പ്രചരിപ്പിക്കും എന്നു ചോദിച്ചപ്പോള്‍ പിശാച് നല്‍കിയ മറുപടി ആരെയും ചിന്തിപ്പിക്കേണ്ടതാണ്. "
I will ORGANIZE it"   എന്നായിരുന്നു പിശാചിന്‍റ്റെ മറുപടി. എല്ലാ സംഘടനാ സെറ്റപ്പുകളും കള്ളങ്ങളെ സത്യമാക്കി പൊതുജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ മഹാ വിരുതന്‍മാരാണ്. നമ്മുടെ പ്രധാന മന്ത്രിയെ എം.എ. കാരനായി അവതരിപ്പിക്കുന്നതിലും സംഘടനാ സെറ്റപ്പുകള്‍ വിജയിക്കുന്നുണ്ടല്ലോ!!!

പണ്ടത്തെ സംഘടനാ സെറ്റപ്പുകള്‍ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വലിയ പ്രസക്തിയൊന്നുമില്ല. പക്ഷെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മാറിയ രീതികളൊന്നും ഇനിയും പലരും ഉള്‍ക്കൊള്ളുവാന്‍ തയാറായിട്ടില്ല.  യാഥാസ്ഥികത്ത്വം കാത്തു സംരക്ഷിക്കുവാന്‍ പ്രതിജ്ഞാ ബന്ധരായവരുടെ തലയില്‍ കാര്‍ക്കശ്യം മാത്രമേ ഉള്ളൂ. 'റാഷണാലിറ്റിയും', 'ലോജിക്കുമൊന്നും' സംഘടനകളുടെ മനോവീര്യം സംരക്ഷിക്കുവാന്‍ നിയുക്തരായവര്‍ നോക്കില്ലെന്നത് തന്നെയാണ് പല സംഭവങ്ങളോടുമുള്ള അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.  ഇതാണ് സംഘടനാ സെറ്റപ്പുകളിലുള്ളവരുടെ പൊതുവെയുള്ള രീതി. ക്രിസ്ത്യന്‍ സഭയേയും ഭരിക്കുന്നത് അത് തന്നെയാണ്. ചുരുക്കം പറഞ്ഞാല്‍ ജനാധിപത്യ അവബോധമാണ് ഈ സംഘടനകള്‍ക്കുള്ളില്‍ അത്യന്താപേക്ഷിതമായി പുലരേണ്ടത്. 

ജനാധിപത്യ അവബോധം പോലെ തന്നെ പ്രധാനമാണ് പ്രായോഗികമായ പ്രശ്‌നങ്ങള്‍. മിക്ക മഠങ്ങളിലേയും ജോലിയും മതപഠനവും എന്നത് ഏഴു വര്‍ഷമാണെന്നു തോന്നുന്നു  നൊവിഷ്യേറ്റും പോസ്റ്റുലന്‍സിയും കൂടി.  എന്നാലേ ഉടുപ്പ് കിട്ടൂ. കന്യാസ്ത്രീമാരുടെ ഉടുപ്പിടല്‍ ചടങ്ങ്  അച്ചന്‍മാരുടെ പട്ടം കിട്ടല്‍ ചടങ്ങുമായി നോക്കുമ്പോള്‍ വളരെ ലളിതം.

നൊവിഷ്യേറ്റ് സമയത്ത് തന്നെ സാമ്പ്രദായിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നവര്‍ വളരെ ഉണ്ട്. എന്ന് വെച്ചാല്‍ പ്ലസ് ടു, ഡിഗ്രി, നേഴ്‌സിങ്, ലാബറട്ടറി ടെക്‌നിഷ്യന്‍ മുതലായവ. ചിലര്‍ക്കൊക്കെ ടീച്ചര്‍മാരായും, കോളേജ് അധ്യാപകരായും, ഡോക്ടര്‍മാരായും വക്കീലന്‍മാരായും വരെ അവസരം കിട്ടും  അത്തരം പഠിത്തമൊക്കെ വളരെ പണ്ടത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സര്‍വ സാധാരണമാണ്.

കേരളത്തില്‍ ദാരിദ്ര്യം കുറഞ്ഞതുകൊണ്ട് പഴയതു പോലെ അന്യ സംസ്ഥാനങ്ങളില്‍ മിഷനറി പ്രവര്‍ത്തനത്തിന് പോകാന്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ അപൂര്‍വമായേ കിട്ടൂ. പക്ഷെ ദാരിദ്ര്യം നിലനില്‍ക്കുന്ന ജാര്‍ക്കണ്ട് പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും മിഷന്‍ പ്രവര്‍ത്തനത്തിന് സന്നദ്ധരായി പെണ്‍കുട്ടികള്‍ മഠങ്ങളില്‍ ചേരാറുണ്ട്. കേരളത്തിലും കേരളത്തിനു പുറത്തുമുള്ള കോണ്‍ഗ്രിഗേഷനിലുള്ളവര്‍ക്കും അമിത സ്വാതന്ത്ര്യമൊന്നുമില്ല. വിദേശ വനിതാ മിഷനറിമാരുമായി നോക്കുമ്പോള്‍ സ്വാതന്ത്ര്യം വളരെ കമ്മി. ഡല്‍ഹി ഹരിയാന അതിര്‍ത്തിയോടടുത്തുള്ള ഒരു ഗ്രാമത്തിനടുത്ത് താമസിച്ചപ്പോള്‍ മിക്ക ദിവസങ്ങളിലും ഇതെഴുതുന്നയാള്‍ ഒരു മദാമ്മ കന്യാസ്ത്രീ ജീപ്പോടിച്ചു വരുന്നത് കാണുമായിരുന്നു. ഇന്നും െ്രെഡവിങ് പോലുള്ള കാര്യങ്ങളില്‍ 'സെല്‍ഫ് റിലയന്‍സിന്' ഇന്ത്യന്‍ മഠങ്ങളിലെ കന്യാസ്ത്രീകള്‍ ശ്രമിക്കാറില്ല; പലപ്പോഴും അവരെ അനുവദിക്കാറുമില്ല. ഈ 'സെല്‍ഫ് റിലയന്‍സ്' അവര്‍ക്കില്ലാത്തതാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിദേശ വനിതാ മിഷനറിമാരില്‍ നിന്ന് വ്യത്യസ്തരായി അവര്‍ പല പരമ്പരാഗത മൂല്യങ്ങള്‍ക്കും അടിമപ്പെടാന്‍ കാരണം.

കടുത്ത ദാരിദ്ര്യത്തിലോ, നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന പോലെയോ ഒന്നുമല്ല കേരളത്തിന് പുറത്തുള്ള മിഷന്‍ കോണ്‍ഗ്രിഗ്രേഷനില്‍ ഉളളവര്‍. പക്ഷെ സീനിയര്‍ സിസ്റ്റര്‍മാരോട് അനുസരണയുള്ളവര്‍ ആയി പെരുമാറണം എന്നത് അവരുടെ ചട്ടമാണ്. ഇങ്ങനെ പല ചട്ട കൂടുകള്‍ക്കുള്ളില്‍ പഠിച്ചു വളരുന്നവരാകയാല്‍ സ്വാതന്ത്ര്യവും സമത്വവും പോലെയുള്ള ആധുനിക മൂല്യങ്ങള്‍ പലപ്പോഴും ഇന്ത്യയിലെ കന്യാസ്ത്രീ സമൂഹം ഉള്‍ക്കൊള്ളുന്നില്ല. നല്ല സുഭിക്ഷമായ ഭക്ഷണവും മറ്റു നല്ല സാഹചര്യവും ഉള്ളപ്പോള്‍ തന്നെ ബിഷപ്പുമാര്‍ക്കും മറ്റ് സഭാ മേലധ്യക്ഷന്മാര്‍ക്കും ഇവരുടെ മേല്‍ ഒരു മേല്‍ക്കോയ്മ  ഉണ്ട്. ഇവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും എന്നാണ് തോന്നുന്നത്. 

വലിയൊരു കാലം കന്യാമഠങ്ങളില്‍ ജീവിച്ചതിനു ശേഷം മഠത്തില്‍ തുടരുന്നില്ലെങ്കില്‍ കന്യാസ്ത്രീകള്‍ എവിടെ പോകും എന്നത് അവരെ സംബന്ധിച്ച് വലിയൊരു പ്രശ്‌നമാണ്. ശരിക്കും ജീവന്‍ മരണ പ്രശ്‌നം. ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ പത്തു മുപ്പതു കൊല്ലം സഭയ്ക്കു വേണ്ടി സേവനം അര്‍പ്പിച്ചതിനു ശേഷം മഠത്തില്‍ തുടരുന്നില്ലെങ്കില്‍ ഇവര്‍ എന്തു ചെയ്യും? വീട്ടുകാര്‍ ചിലപ്പോള്‍ സ്വീകരിക്കണമെന്നില്ല. സ്വന്തമായി ജീവിക്കാനുള്ള സാമ്പത്തിക അടിത്തറയോ, പുതിയ ജോലി തേടിപ്പിടിച്ചു ജീവിതം കെട്ടിപ്പടുക്കാനുള്ള ശേഷിയോ തൊഴില്‍ പാടവമോ അവര്‍ക്ക് ഉണ്ടാവണം എന്നില്ല. സഭാ ശുശ്രൂഷ ഉപേക്ഷിച്ചു തിരിച്ചു വന്നയാളെ  സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും വീട്ടിലുള്ളവരുടേയും ബന്ധുക്കളുടേയും നാട്ടുകാരുടേയും എതിര്‍പ്പ് ഒരു പരമ്പരാഗത ക്രിസ്ത്യന്‍ കുടുംബത്തില്‍ വലിയ പ്രശ്‌നം തന്നെയാണ്. 'മഠം ചാടി പോന്നവള്‍ക്ക്' വലിയ സ്വീകാര്യതയൊന്നും കിട്ടാന്‍ സാധ്യതയില്ല. അപവാദം മാത്രമേ ഇത്തരക്കാരെ കുറിച്ച് നമ്മുടെ നാട്ടുകാര്‍ പറയൂ. കുടുംബ സ്വത്തിന്‍റ്റെ വീതം ഒരാള്‍ക്കു കൂടി കൊടുക്കേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ വേറെ. സ്വത്തുക്കള്‍ ഇതിനോടകം തന്നെ സഹോദരങ്ങള്‍ക്കിടയില്‍ വീതിച്ചു കാണും. അതിനേക്കാളൊക്കെ പ്രശ്‌നമാണ് അവര്‍ ഭാവിയില്‍ എന്ത് ചെയ്യുമെന്നുള്ള ചോദ്യം. സ്വത്ത് നഷ്ടപ്പെടാന്‍ ഒരു സഹോദരങളോ അവരുടെ മക്കളോ ആഗ്രഹിക്കില്ല. തന്നെയുമല്ല ഒരു വരുമാനവും ഇല്ലാത്ത സഹോദരിയെ സംരക്ഷിക്കാന്‍ എത്ര സഹോദരങ്ങളും അവരുടെ മക്കളും തയ്യാറാകും? ഇത്തരത്തിലുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരമില്ലാത്തതാണെന്ന് തോന്നുന്നു മിക്ക സന്യസ്തരുടേയും പ്രശ്‌നങ്ങള്‍. 

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
jacob 2019-12-02 13:24:03
Convent system and the rule priests should not marry came from a desire to save money. Priests and nuns are paid only just living expenses. They did not participate in the modern economy (buying houses, bank accounts, investment accounts etc.). The time has come to abolish the convent system and then to allow priests and nuns to marry. No point in sticking to old, outdated traditions. I am not against Catholic churches. I just want them to improve living and working conditions of priests and nuns.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക