Image

മലയാളി ടെക്കികളുടെ മരണം: ദുരൂഹതയേറുന്നു

Published on 02 December, 2019
 മലയാളി ടെക്കികളുടെ മരണം: ദുരൂഹതയേറുന്നു
ബാംഗ്ലൂര്‍: ഒക്ടോബര്‍ 11 മുതല്‍ കാണാതായിരുന്ന തൃശൂര്‍ ആലമറ്റം കുണ്ടൂര്‍ ചിറ്റേത്തുപറമ്പില്‍ സുരേഷിന്റെയും ശ്രീജയുടെയും മകള്‍ ശ്രീലക്ഷ്മിയുടെയും,  പാലക്കാട് മണ്ണാര്‍ക്കാട് അഗളിയില്‍ മോഹനന്റെ മകന്‍ അഭിജിത്തിന്റെയും മരണത്തില്‍ ദുരൂഹത.

ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുന്‍പ് കമ്പനിയില്‍ ചേര്‍ന്ന ശ്രീലക്ഷ്മി ഉള്‍പ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിക്കാരായതിനാല്‍ വിവാഹത്തിനു വീട്ടുകാര്‍ എതിരു നിന്നപ്പോള്‍ ആത്മഹത്യ ചെയ്‌തെന്നും ആയിരുന്നു പൊലീസിന്റെ ആദ്യ റിപ്പോര്‍ട്ട്.

ഇക്കഴിഞ്ഞ നവംബര്‍ 23ന് ശ്രീലക്ഷ്മി അമ്മാവനെ ഫോണില്‍ വിളിച്ചെന്നും ‘ബുദ്ധിമുട്ടിച്ചതിന് നന്ദി’ എന്ന മട്ടില്‍ സംസാരിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ഇരുവരും ഒരേ ജാതിയില്‍ പെട്ടവരാണെന്നു ബന്ധുക്കള്‍ പറയുന്നു. അഭിജിത്തിനെപ്പറ്റി ശ്രീലക്ഷ്മി വീട്ടില്‍ സൂചിപ്പിച്ചിരുന്നതു പോലുമില്ല. അഭിജിത്തിന്റെ വീട്ടിലും ഈ ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നില്ല.

നവംബര്‍ 23നു ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്നു പറഞ്ഞ അതേ പൊലീസ് തന്നെയാണ് ഇരുവരുടെയും മൃതദേഹത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നവംബര്‍ 29 നു കണ്ടെത്തിയ മൃതദേഹത്തിന്റെ പഴക്കം ഫൊറന്‍സിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. പൊലീസിന്റെ അനാസ്ഥയെപ്പറ്റിയും ഇരുവരെയും അന്വേഷിക്കുന്നതിനിടെ സംശയമുണ്ടാക്കിയ കാര്യങ്ങളും ബെംഗളൂരുവില്‍ ജോലി നോക്കുന്ന ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ സേതുമോന്‍ ‘മനോരമ ഓണ്‍ലൈനി’നോട് വിശദീകരിക്കുന്നു:

‘ഒക്ടോബര്‍ 11നാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്. തന്റെ ഫോണും എടിഎം കാര്‍ഡും ഉള്‍പ്പെടെ ജോലിസ്ഥലത്തു വച്ചായിരുന്നു അവള്‍ പോയത്. അതിനും ഏതാനും ദിവസം മുന്‍പാണ് പേയിങ് ഗെസ്റ്റായി താമസിക്കുന്നയിടത്തു നിന്ന് ശ്രീലക്ഷ്മി കൂട്ടുകാരികള്‍ക്കൊപ്പം മറ്റൊരിടത്തേക്കു മാറുന്നത്. പാരപ്പന അഗ്രഹാരയിലായിരുന്നു പുതിയ താമസസ്ഥലം. 11ന് കാണാതായെങ്കിലും 12നാണു സുഹൃത്തുക്കളില്‍ ചിലര്‍ നാട്ടിലുള്ള അമ്മാവന്‍ അഭിലാഷിനെ വിവരം അറിയിക്കുന്നത്– ‘ശ്രീലക്ഷ്മിയെ കാണാനില്ല’ എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോള്‍ത്തന്നെ ബെംഗളൂരുവിലേക്കു തിരിച്ചു.

13 ന് അവിടെയെത്തിയ ശേഷമാണ് 14 ന് പൊലീസില്‍ ‘മിസ്സിങ്’ കേസ് ഫയല്‍ ചെയ്യുന്നത്. എന്നാല്‍ പാരപ്പന അഗ്രഹാര സ്‌റ്റേഷനില്‍നിന്ന് തുടക്കം മുതല്‍ മോശം പ്രതികരണമായിരുന്നു. യാതൊരു വിധത്തിലും സഹകരിക്കാത്ത അവസ്ഥ. പലരെക്കൊണ്ടും വിളിച്ചു പറയിപ്പിച്ചിട്ടു പോലും ഫലമുണ്ടായില്ല. കേരള പൊലീസും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇംഗ്ലിഷിലോ തമിഴിലോ ഹിന്ദിയിലോ പോലും ആരും സ്‌റ്റേഷനില്‍ ആശയവിനിമയത്തിനില്ലാത്ത അവസ്ഥ. ഒരു പൊലീസുകാരനാണ് ഇംഗ്ലിഷില്‍ കാര്യങ്ങള്‍ പറയാന്‍ തയാറായത്.

പൊലീസ് നിസ്സഹകരണത്തിലായതോടെ ബന്ധുക്കളെല്ലാവരും തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തി. അഭിജിത്തിനെയും കാണാതായ വിവരം അപ്പോഴാണ് അറിയുന്നത്. അതിനിടെ കൂട്ടുകാരില്‍ ചിലര്‍ ഒക്ടോബര്‍ 12ന് തങ്ങളുടെ ഫോണിലേക്കു വന്ന ചില വാട്‌സാപ് സന്ദേശങ്ങളെപ്പറ്റി പറഞ്ഞു. ‘ഇത്തിരി സീരിയസാണ്, വേഗം വായോ...’ എന്നുള്ള സന്ദേശമായിരുന്നു അതിലൊന്ന്. ‘വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ...’ എന്ന മട്ടിലുള്ള സന്ദേശങ്ങളും എത്തി. ഇരുവരും അപകടത്തില്‍പ്പെട്ടെന്നും ഒരിടത്തു കുടുങ്ങിയിരിക്കയുമാണെന്ന മട്ടിലുള്ള ആ സന്ദേശങ്ങള്‍ ലഭിച്ചത് ഉച്ചയ്ക്ക് 12നും 12.45നും ഇടയ്ക്കായിരുന്നു.

ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും സുഹൃത്തുക്കള്‍ക്ക് ആ സന്ദേശം ലഭിച്ചിരുന്നു. ഒരേ ഫോണില്‍ നിന്നായിരുന്നു രണ്ടു സന്ദേശവും. പക്ഷേ രണ്ടിലെയും അപേക്ഷയുടെ സ്വരം രണ്ടു വിധത്തിലായിരുന്നു. സന്ദേശങ്ങളിലൊന്ന് അയച്ചത് ശ്രീലക്ഷ്മിയാണെന്നു തന്നെയാണ് അതിലെ വാക്കുകള്‍ പ്രയോഗിച്ച രീതിയില്‍ നിന്നു ബന്ധുക്കള്‍ ഉറപ്പു പറയുന്നത്. വാട്‌സാപ്പില്‍ ചിന്തല മഡിവാളയിലെ ലൊക്കേഷനും അയച്ചിരുന്നു. സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളില്‍ ചിലര്‍ ഇവിടെയെത്തി. ഫോണ്‍ വിളിച്ചപ്പോള്‍ അഭിജിത്തിനെ കിട്ടുകയും ചെയ്തു. അകത്തോട്ടു വരാനായിരുന്നു പറഞ്ഞത്. ശ്രീലക്ഷ്മിയും ഒപ്പമുണ്ടെന്നു പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക