Image

നിഴലുകള്‍- (അവസാനഭാഗം- ജോണ്‍വേറ്റം)

ജോണ്‍വേറ്റം Published on 13 December, 2019
നിഴലുകള്‍- (അവസാനഭാഗം- ജോണ്‍വേറ്റം)
സര്‍ക്കാര്‍ വക്കീലിന്റെ വാദസംഗ്രഹം കേട്ടശേഷം പ്രതിഭാഗം വക്കീലിന് ബോധിപ്പിക്കുവാന്‍ വിഷയമുണ്ടെങ്കില്‍ ചുരുക്കിപ്പറയണമെന്ന് ജഡ്ജി അറിയിച്ചു. അതനുസരിച്ച് വര്‍ക്കി പ്രസ്താവിച്ചു: അവസാനമായി ബഹുമാനപ്പെട്ട കോടതിയെ തെര്യപ്പെടുത്താനുള്ളത് ഏതാനും സുപ്രധാനകാര്യങ്ങളാണ്. ഒരു കുലീന കുടുംബത്തിലെ ഗ്രാമീണകന്യകയെ സമീപിച്ചു ഭയപ്പെടുത്തുകയും അടിവസ്ത്രം അഴിച്ച് മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, ഏതൊരു സ്ത്രീക്കും ഉണ്ടാകാവുന്ന സ്വാഭാവികപ്രതകരണമേ എന്റെ കക്ഷിക്കും ഉണ്ടായിട്ടുള്ളൂ. സംശയനിവാരണത്തിനാണ് സ്വകാര്യഭാഗത്തുനിന്നും തുണിമാറ്റേണ്ടതെന്ന് സാക്ഷി പറഞ്ഞിട്ടുമില്ല. കുളത്തില്‍ ചത്തുകിടന്ന കുഞ്ഞ് ഏതെന്നോ, അതിനെ പ്രസവിച്ചത് ആരെന്നോ, കുളത്തില്‍ ഉപേക്ഷിച്ച്ത് ഏപ്പോഴെന്നും തെളിയിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് നാളിതുവരെ സാധിച്ചിട്ടില്ലെന്നും, കേസിലെ ഒന്നാം പ്രതിയായ യുവതിക്കെതിരെ പകയും പോരും പ്രതികാരചിന്തയും ഡാക്ടര്‍ക്ക് ഉണ്ടായിരുന്നുവെന്നും, സാക്ഷിമൊഴിയില്‍ വ്യക്തമാണ്. ഇത് ദുരുദ്ദേശത്തോടെ കെട്ടിച്ചമച്ച കേസാണ്. അതില്‍ വാസ്തവസംഗതികളില്ല. ശിക്ഷാര്‍ഹമായ കുറ്റങ്ങളുണ്ടെന്ന ആരോപണമല്ലാതെ, അവ തെളിയിച്ചിട്ടില്ല. സാക്ഷി, യുവതിയെ സമീപിച്ചതുതന്നെ, തെറ്റായ സംശയത്തോടെയും മുന്‍വിധിയോടു കൂടിയുമായിരുന്നുവെന്ന് മൊഴിയില്‍ തെളിഞ്ഞുനില്‍ക്കുന്നു. അധികാരവും സ്വാധീനതയും ഉപയോഗിച്ചും, പോലീസ്സും സാക്ഷിയും കൂട്ടുചേര്‍ന്നും, ക്രോഡീകരിച്ച കള്ളക്കേസാണ്. സാക്ഷിമൊഴികള്‍ പരസ്പരവിരുദ്ധവും, ബുദ്ധിയുടെ സമനില തെറ്റിയ തരത്തിലുളവാക്കിയതുമാണ്. എന്റെ കക്ഷികള്‍, ആരും തന്നെ, ഒറ്റക്കോ കൂട്ടു ചേര്‍ന്നോ ഒരു കുറ്റവും ചെയ്തിട്ടില്ല. അവര്‍ക്ക് നേരിടേണ്ടിവന്നത് അപമാനവും അപകീര്‍ത്തിയും നീതികെട്ട വഞ്ചനയുമാണ്! ആയതിനാല്‍, ബഹുമാനപ്പെട്ട കോടതി, വാസ്തവം മനസ്സിലാക്കി, ഈ കേസില്‍ നിന്നും എന്റെ കക്ഷികളെ  ഉപാധികള്‍ കൂടാതെ ഒഴിവാക്കുകയും, കേസ് തള്ളിക്കളയുകയും ചെയ്യണമെന്ന് വീനീതമായി അഭ്യര്‍ത്ഥിക്കുന്നു.' അതിനുശേഷം വാദപ്രതിവാദങ്ങള്‍ തുടര്‍ന്നില്ല. നിയമാനുസൃതമായ ചടങ്ങുകള്‍ക്കുശേഷം കോടതി പിരിഞ്ഞു.

വിധിന്യായം എഴുതുന്നതിന് കോടതിക്ക് കൂടുതല്‍ സമയം വേണമായിരുന്നു. അതുകൊണ്ട് വിധിദിവസം നിശ്ചയിച്ചില്ല. മാവേലിത്തറവാട് ദുഃഖമൂകമായി! ദൈവാരാധനയും നേര്‍ച്ചയും ആശ്രയമാക്കിയ പാര്‍വ്വതിയമ്മ, കദനഭാരം മറച്ചു മകളെ ആശ്വസിപ്പിച്ചു. 'എന്നെ അപമാനിതയാക്കി, ജീവനും മരണത്തിനുമിടയില്‍ എന്തിന് ഉപേക്ഷിച്ചു'  എന്ന് മീനാക്ഷിയും ഈശ്വരനോട് ചോദിച്ചു. കുറ്റവാളിയല്ലെങ്കിലും ശിക്ഷിക്കപ്പെടുമെന്നു ഭയന്നു. ആത്മാവില്‍ നിറഞ്ഞുനില്‍ക്കുന്ന ഭാവിവരന്‍ തെററിദ്ധരിച്ച് ഉപേക്ഷിച്ചു പോകുമെന്ന ആശങ്കയാല്‍, കൂടെക്കൂടെ അവള്‍ വിങ്ങിക്കരഞ്ഞു! പിഴച്ച പെണ്ണെന്ന ദുഷ്‌പേര് ഒരിക്കലും മായില്ലെന്ന വിശ്വാസം, മരണം എല്ലാറ്റിനും പരിഹാരമെന്ന് തോന്നിച്ചു. തന്നെ കെണിയിലകപ്പെടുത്തിയത് ആരാണെന്നറിയാനുള്ള ആവേശം കേശവപിള്ളയെ അസ്വസ്ഥതയിലൂടെ നയിച്ചു. അയാളുടെ ആഭിജാത്യം വേദനിച്ചു! പ്രതിയോഗി ആരായിരുന്നാലും, പ്രതികാരം ചെയ്യണമെന്ന ചിന്തയും മനസ്സില്‍ ജ്വലിച്ചു. ആദിയില്‍ ആരംഭിച്ച് മനുഷ്യവര്‍ഗ്ഗത്തിന്റെ തലമുറകളിലൂടെ  മുന്നേറുന്ന, അധര്‍മ്മം പരാജയപ്പെടുത്തുമോയെന്ന സന്ദേഹം വര്‍ക്കിവക്കീലിനുമുണ്ടായി. സത്യസന്ധതയുടെ ഭക്തി ഇഷ്ടപ്പെടുന്ന ദൈവം നിര്‍ദ്ദോഷികളെ രക്ഷിക്കുമെന്ന വിശ്വാസവും അയാള്‍ക്കുണ്ടായിരുന്നു.
താന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തന്റെ ഗുരുവായ കിടങ്ങില്‍ കൃഷ്ണപിള്ള വക്കീലിനെ വര്‍ക്കി സന്ദര്‍ശിച്ചു. കേസ് സംബന്ധിച്ച അഭിപ്രായം എന്തെന്ന് ചോദിച്ചു, സത്യം മറച്ചു കേസുണ്ടാക്കിയ പോലീസിനെയും അവര്‍ക്ക് കൂട്ടുനിന്നു മൊഴിതെറ്റിച്ച ഡാക്ടറെയും, കോടതി എങ്ങനെ കാണുന്നു? ആ കാഴ്ചപ്രകാരമായിരിക്കും വിധിവാചകം. പറയേണ്ടത് പറഞ്ഞു. കൊള്ളേണ്ടിടത്ത് കൊള്ളിച്ചിട്ടുമുണ്ട്. എന്നാലും, കുളത്തില്‍ നിന്നും കിട്ടിയ ശവം ഒരു കീറാമുട്ടിയാ.' അങ്ങനെയായിരുന്നു ആ നിയമപണ്ഡിതന്റെ അഭിപ്രായം. ജനങ്ങളില്‍ ഒരു വിഭാഗം വാദിഭാഗത്തെ പിന്താങ്ങി. പെണ്ണ് പെറ്റുവെന്നും കൊച്ചിനെ കുളത്തിലിട്ടുകൊന്നുവെന്നും വിശ്വസിച്ചവര്‍ അധികം. വര്‍ക്കി വക്കീല്‍ കേസ് കലക്കിമറിച്ചുവെന്ന് കരുതിയവര്‍ മറ്റൊരു ഭാഗം. വാസ്തവം മറഞ്ഞിരിക്കുന്നതിനാല്‍ കാത്തിരുന്നു കാണാമെന്ന് ന്യൂനപക്ഷം. കേസ് സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാന്‍ സകലരും ആകാംക്ഷയോടെ സംഭവഗതി ശ്രദ്ധിച്ചു. അങ്ങനെ, ഒന്‍പത് ദിവസം കഴിഞ്ഞു. വിധിദിവസം വന്നു.

കച്ചേരിമുക്കില്‍ ജനക്കൂട്ടം. കോടതിവളപ്പില്‍ ആള്‍ത്തിരക്ക്. പതിവ്‌പോലെ, കൃത്യസമയത്ത് 'ന്യായാലയം' തുറന്നു. അഭിഭാഷകരും കക്ഷികളും ഹാജരായി. കേസിന്റെ ഉള്ളടക്കം ഗ്രഹിച്ചും, സാഹചര്യത്തെളിവുകളെ സമാഹരിച്ചു വിലയിരുത്തിയും, സാക്ഷിമൊഴികളില്‍ ധ്വനിച്ച സാരവത്തായ വൈരുദ്ധ്യങ്ങളെ ജാഗ്രതയോടെ പഠിച്ചും, സത്യാസത്യങ്ങളെ വേര്‍തിരിച്ചു കണ്ടും, നീതിനിയമങ്ങളനുസരിച്ചും തയ്യാറാക്കിയ ന്യായാധിപന്റെ തീരുമാനം ജഡ്ജി 'വിശ്വേശ്വര അയ്യര്‍' ഉറക്കെ വായിച്ചു: കേസില്‍ ഉന്നയിച്ച ആരോപണസംഗതി സംശയാതീതമായി തെളിയിക്കുവാനും, കക്ഷികള്‍ കുറ്റം ചെയ്തുവെന്ന് ബോദ്ധ്യപ്പെടുത്തുവാനും, വാദിഭാഗത്തിന് കഴിയാഞ്ഞതിനാല്‍, ഒന്നാം പ്രതി മീനാക്ഷിയേയും രണ്ടാം പ്രതി കേശവപിള്ളയേയും മൂന്നാം പ്രതി പാര്‍വ്വതിഅമ്മയെയും നിര്‍ദ്ദോഷികളെന്നുകണ്ട് കേസില്‍ നിന്നും ഒഴിവാക്കി ഉപാധികള്‍ ഇല്ലാതെ വെറുതെ വി്ട്ടിരിക്കുന്നു. തറവാട്ട് കുളത്തില്‍ നിന്നും കണ്ടെടുത്ത ശിശുവിന്റെ മൃതശരീരം സംബന്ധിച്ച് ശരിയായ അന്വേഷണം പൂര്‍ത്തിയാക്കി, സത്യവാങ്ങ്മൂലം ഈ കോടതിയില്‍ സമര്‍പ്പിക്കുവാന്‍ പോലീസിനെ ഇതിനാല്‍ ചുമതലപ്പെടുത്തുകയും ചെയ്തുകൊള്ളുന്നു' എന്നായിരുന്നു വിധിന്യായത്തിന്റെ ഉള്ളടക്കം.

പ്രപഞ്ചസത്യങ്ങളായ ഇടിയും മിന്നലും കാറ്റും മഴയും അരുണോദയശോഭയും ഉച്ചവെയിലും സന്ധ്യാമംഗളവും സമ്മാനിച്ച, മൂന്ന് വര്‍ഷങ്ങള്‍ കൊഴിഞ്ഞു! മാവേലിത്തറവാട് സംബന്ധിച്ചുണ്ടായ കേസില്‍ ജയിച്ചതോടെ, വര്‍ക്കി വക്കീല്‍ പ്രസിദ്ധനായി. തറവാട്ട് കുളത്തില്‍ നിന്നെടുത്ത ശിശുവിനെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയില്‍ അവസാനിച്ചു. ധനാസക്തിമൂലം അധികാരം ദുര്‍വിനിയോഗിച്ച ഇന്‍സ്‌പെക്ടര്‍ നന്ദകുമാറും, വഞ്ചനാത്മകമായ സ്വാധീനതയ്ക്ക് അടിമയായി  പ്രവര്‍ത്തിച്ച ലേഡി ഡോക്ടറും സ്ഥലം മാറ്റപ്പെട്ടു. കുറ്റാന്വേഷണം മൂലം തകര്‍ന്ന ജീവിതാഭിലാഷങ്ങളുമായി നിരാശയില്‍ നിപതിച്ച മീനാക്ഷി മോചിതയായതോടെ, അവളുടെ ത്യാഗപൂര്‍ണ്ണമായ സ്‌നേഹം വീണ്ടും വിടര്‍ന്നു! മര്‍മ്മപ്രധാനമായ മോഹം സഫലമായി! ആനന്ദകരമായൊരു ഭാവിക്കുവേണ്ടി കരുതലോടെ കാത്തിരുന്ന അവളെ, ബാല്യം മുതല്‍ സ്‌നേഹിച്ച മുറച്ചെറുക്കന്‍ വിവാഹം ചെയ്തു! അവര്‍ വിദേശഭൂമിയില്‍-അമേരിക്കയില്‍-താമസമാക്കി! മനസ്സിനെയും ജീവിതത്തെയും മുറിപ്പെടുത്തിയ കലഹവും കേസും പിന്നിട്ടെങ്കിലും, തന്റെ കുടുംബത്തില്‍ കണ്ണീര്‍ ചാര്‍ത്തിയത് ആരാണെന്ന് അറിയാനുള്ള ആവേശം- ആ നീറുന്ന കനല്‍- കേശവപിള്ളയുടെ ഉള്ളില്‍ കെടാതെ കിടന്നു. അപ്പോഴും, പടിപ്പുരക്കുമിന്നിലുള്ള, അവകാശപ്പെട്ട, നടവഴി അടച്ചില്ല. പാര്‍ത്ഥസാരഥി അമ്പലത്തില്‍ ഈശ്വരദര്‍ശനത്തിനു പോകുന്നവരുടെ എളുപ്പവഴി തടയരുതെന്ന് തറവാട്ടമ്മയും പറഞ്ഞു. നേര്‍ച്ചയോടു കൂടിയ പ്രാര്‍ത്ഥന ഫലിക്കുമെന്നു പാര്‍വ്വതിയമ്മ വിശ്വസിച്ചു. 'കുളത്തില്‍ കിടന്ന കുഞ്ഞിന്റെ അച്ഛനമ്മമാര്‍ ആരെന്ന് തെളിയിക്കണേ കൃഷ്ണാ!' എന്ന പ്രാര്‍ത്ഥന കോടതിയില്‍ ഒരു കക്ഷിയെന്ന നിലയില്‍ നിന്നപ്പോള്‍ ആരംഭിച്ചതാണ്. അത് അവസാനിപ്പിച്ചില്ല.

അന്ന്, കോഴി കൂവുന്നത് കേട്ടു പാര്‍വ്വതിയമ്മ ഉണര്‍ന്നു. വിളക്ക് കൊളുത്തിവച്ചു പ്രാര്‍ത്ഥിച്ചു! അതിനുശേഷം അടുക്കളയിലേക്കുപോയി. പ്ട്ടികുരക്കുന്നതുകേട്ട് ഉമ്മറത്ത് ചെന്നുനിന്നു. ആകാസത്ത് പൂര്‍ണ്ണിമയുടെ പ്രകാശം മാഞ്ഞുതുടങ്ങി. മുറ്റത്ത് നല്ല വെട്ടം. പടിപ്പുരയില്‍ ആരോ നില്‍ക്കുന്നതുകണ്ടു കേശവപിള്ളയെ വിളിച്ചു. അയാളും ഉമ്മറത്തുവന്നു. വേലക്കാരിയെ വിട്ടു 'പടിപ്പുര' തുറപ്പിച്ചു. അപ്പോള്‍, മൂന്ന് അപരിചിതര്‍ നടുമുറ്റത്തിറങ്ങിനിന്നു. അവരില്‍ ഒരാള്‍ കേശവപിള്ളയുെ മുന്നില്‍ വന്നു. തമിഴകത്തു നിന്നും വരുന്നവരെന്നും, അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. എന്നാല്‍ കേശവപിള്ള സഹകരിച്ചില്ല. അതുകൊണ്ട്, പോലീസ് സ്‌റ്റേഷനില്‍ പോവുകയാണെന്നും അവിടെ വരണമെന്നും അറിയിച്ചശേഷം അവര്‍ മടങ്ങി. എന്താണ് ഉണ്ടായതെന്നറിയാതെ കേശവപിള്ള വിഷമിച്ചു! വിഹിതമല്ലാത്തതെന്തോ സംഭവിച്ചുവെന്ന് സംശയിച്ചു. പാര്‍വ്വതിയമ്മയും സംഭ്രമിച്ചു! ഭാര്യയെ ആശ്വസിപ്പിച്ചിട്ട്, കേശവപിള്ള കുളിച്ചൊരുങ്ങി വര്‍ക്കി വക്കീലിന്റെ വീ്ട്ടിലെത്തി. തമിഴരുടെ അന്വേഷണം എന്തിനെന്ന് അറിയാനുള്ള ആകാംക്ഷ വര്‍ക്കിക്കും ഉണ്ടായി. അതിനാല്‍, ഇരുവരും ഒന്നിച്ചു പോലീസ് സ്‌റ്റേഷനിലെത്തി. രാവിലെ തറവാട്ടില്‍ ചെന്ന രണ്ടുപേര്‍, തമിഴകം പോലീസിന്റെ യൂനിഫോറം ധരിച്ചുമുറ്റത്ത് നില്‍പുണ്ടായിരുന്നു. മൂന്നാമത്തെയാള്‍-ജയിലിനുള്ളില്‍- അഴികളില്‍ പിടിച്ചുനിന്നു. ക്രിമിനല്‍ കേസ് ആരംഭിക്കുന്നതിനുമുമ്പ് എപ്പോഴെങ്കിലും, പ്രസ്തുത ജയില്‍പ്പുള്ളിയെ കണ്ടിട്ടുണ്ടെയെന്നും തറവാട്ടില്‍ അയാള്‍ വന്നിട്ടുണ്ടോയെന്നും, തമിഴകം പോലീസ് കേശവപിള്ളയോട് ചോദിച്ചു. ഒരിക്കലും കണ്ടിട്ടില്ലെന്ന് കേശവപിള്ള പറഞ്ഞു. മറ്റൊരു ചോദ്യവും ഉണ്ടായില്ല. അപ്രകാരം ചോദ്യം ചെയ്യുന്നതിന്റെ ആവശ്യം എന്തെന്ന് വര്‍ക്കി അന്വേഷിച്ചു.

മൂന്ന് വര്‍ഷം മുമ്പ് ഇവിടെയുള്ള ജയിലില്‍നിന്നും ചാടിപ്പോയ ഒരു കള്ളനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തുവെന്നും തെളിവെടുപ്പിനും അന്വേഷണത്തിനും വേണ്ടി കൊണ്ടു വന്നിട്ടുണ്ടെന്നും ജോലിയിലിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എങ്കിലും, യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചുവെന്ന് തമിഴകം അന്വേഷണസംഘത്തില്‍ നിന്നും വര്‍ക്കി ചോദിച്ചറിഞ്ഞു. ഇന്‍പെക്ടര്‍ 'നന്ദകുമാറും' ലേഡി ഡക്ടര്‍ ഭാനുമതിയും തറവാട്ടില്‍ അന്വേഷണത്തിന് ചെന്നതിന്റെ തലേന്ന്, രാത്രിയില്‍, ജയിലില്‍ കിടന്ന തമിഴന്‍ മോഷ്ടാവിനെ പോലീസിന്റെ വേഷം ധരിച്ച ഒരാള്‍ ജയിലില്‍ നിന്നും കൊണ്ടുപോയി. അവിടെയുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ വച്ചിരുന്ന ഒരു ഭാണ്ഡം എടുപ്പിച്ചു. മറ്റൊരാളുടെ കൂടെ വിട്ടു. അവര്‍ രണ്ടുപേരുടേയും യാത്ര ഒരു കുതിരവണ്ടിയിലായിരുന്നു. പിന്നീട്, അവര്‍ ഒരു ഇടവഴിയിലൂടെ നടന്നു. മാവേലിത്തറവാട്ടു വക കുളത്തിന്നരികെ എത്തിയപ്പോള്‍, രണ്ടുപേരും കയ്യാലകടന്നു കുളക്കരയിലിറങ്ങി. ജയില്‍പ്പുള്ളി ചുമന്നുകൊണ്ടുവന്ന ഭാണ്ഡത്തിലുണ്ടായിരുന്ന മരിച്ച ശിശുവിനെ കുളത്തില്‍ കുടഞ്ഞിട്ടു. ഇരുവരും കയ്യാല ചാടിമടങ്ങിപ്പോയി. അര്‍ദ്ധരാത്രിയായിരുന്നു. മോഷ്ടാവും സഹയാത്രികനും മറ്റൊരു സ്ഥലത്തെത്തി. പോലീസ് സ്‌റ്റേഷനില്‍ മടങ്ങിപ്പോകരുതെന്നും, ചെങ്കോട്ട വഴി തമിഴകത്തേക്ക് പോകണമെന്നും നിര്‍ദ്ദേശിച്ചു. ആഹാരച്ചിലവിനും യാത്രക്കും വേണ്ടതിലധികം തുക നല്‍കി അയച്ചു. തമിഴകത്തെത്തിയ തസ്‌കരന്‍, ഏറെനാള്‍ ഒളിവില്‍ കഴിഞ്ഞു. വീണ്ടും മോഷണം ആരംഭിച്ചു. മൂന്ന് മാസം മുമ്പ് ഒരു കൊലക്കേസില്‍ കൂട്ടുപ്രതിയായി. പിടിക്കപ്പെട്ട അവനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍, നിരത്തിവച്ച നിരവധി കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ തെളിഞ്ഞുവന്നതാണ് ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച് തറവാട്ടുകുളത്തില്‍ എറിയപ്പെട്ട അനാഥശിശുവിന്റെ വിവരം. സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും ശിശുവിനെ മോഷ്ടിച്ച തസ്‌കരന്‍ തന്നെയോ അതിനെ കൊന്നതെന്നറിയാനുളള അന്വേഷണമാണ് നടന്നത്.

വാസ്തവമറിഞ്ഞ ആനന്ദത്തോടെ, പാര്‍വ്വതിയമ്മ ഈശ്വരനെ സ്തുതിച്ചു! ഉപയോഗിക്കാതെ, ഉപയോഗശൂന്യമായ തറവാട്ടുകുളം കുടുംബത്തിന് വ്യാകുലസ്മരണയായി! തിന്മയെ ജയിക്കാന്‍ നന്മക്കു മാത്രമേ കഴിയൂ എ്ന്നും, സര്‍വ്വജാതികളിലും സ്‌നേഹിതരെ ഉളവാക്കുന്നത് അനുഗ്രഹമെന്നും കേശവപിള്ള തിരിച്ചറിഞ്ഞു. വിദ്വേഷത്തെക്കാള്‍ നല്ലത് നിസ്വാര്‍ത്ഥ സ്‌നേഹം മാത്രമാണെന്നും, നന്മതിന്മകളുടെ 'നിഴലുകള്‍' അനന്തതയിലേക്ക് നീളുന്നുവെന്നും വിശ്വസിച്ചു.
(അവസാനിച്ചു....)

നിഴലുകള്‍- (അവസാനഭാഗം- ജോണ്‍വേറ്റം)
Join WhatsApp News
Sudhir Panikkaveetil 2019-12-13 20:18:35
കഥയിലെ ഉദ്വേഗജനകത്വം വരും അധ്യായങ്ങൾ വായിക്കാൻ പ്രേരണനൽകും വിധം എഴുതിയിട്ടുണ്ട്. ഇത്തരം കഥകളിലെ സസ്പെൻസ് വാസ്തവത്തിൽ രണ്ട് താരമാണ്. ഒന്ന് കഥാനായകൻ വിഷമിക്കുകയും, എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതിരിക്കുകയും ചെയ്യുമ്പോൾ മുൻപ് കഥാകൃത്ത് സൂചിപ്പിച്ച് സംഭവങ്ങളിലൂടെ വായനക്കാരന് അറിയാം. അതുകൊണ്ട് അവൻ കഥാനായകന്റെ അല്ലെങ്കിൽ നായികയുടെ വിഷമാവസ്ഥ ആസ്വദിക്കുന്നു. അല്ലെങ്കിൽ വായനക്കാരന്റെ മനസ്സിൽ പക ഉണ്ടാകുന്നു. ഈ കഥയിൽ അവസാനം വരെ കഥാകൃത്ത് സസ്പെ ൻസ് കൈ വിടുന്നില്ല. തന്നെയുമല്ല കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ ചുരുൾ ഇതിൽ നിവരുന്നു. ആധുനികതയുടെ വക്താക്കൾ ഈ കഥയെ അംഗീകരിക്കുമെന്ന് 
തോന്നുന്നില്ല. എല്ലാ രചനകളും എഴുത്തുകാരന്റെ സൃഷ്ടിയാണ്. ബുദ്ധിജീവികൾ പറയുന്നപോലെ എഴുതി അവരുടെ താളത്തിനു തുള്ളാതെ സ്വന്തമായ ശൈലിയിൽ എഴുതുന്ന ശ്രീ വേറ്റം സാർ അഭിനന്ദനമർഹിക്കുന്നു. നന്മകൾ നേർന്നുകൊണ്ട്. 
amerikkan mollakka 2019-12-14 11:10:32
ശ്രീമാൻ വേറ്റം സാഹിബ് അസ്സലാമു അലൈക്കും 
സുധീർ സാഹിബിന്റെ കമന്റ് കണ്ടപ്പോൾ 
ആണ് ഞമ്മക്ക് ഇങ്ങടെ കഥ മുയുവൻ 
ബായിക്കാൻ തോന്നിയത്. ആദ്യം 
ഒന്ന് രണ്ട്  അധ്യയങ്ങൾ ബായിച്ചിരുന്നു. 
ഇങ്ങള് കഥ  പറേണ  ചേല് ഞമ്മക്ക് 
പെരുത്ത് ഇസ്റ്റായി.  മുബാറക്ക് സാഹിബ്.
കമന്റ് എയ്തുന്നവർ നല്ല കാര്യമാണ് 
ചെയ്യുന്നത്. കമന്റ് കണ്ടാൽ ചിലപ്പോൾ 
ഇമ്മക്ക് അതെന്താണെന്നു അറിയാൻ 
ബേണ്ടി ബായിക്കും. . സാഹിബിനും കുടുംബത്തിനും 
നല്ലൊരു കൃസ്തുമസ്സും സന്തോഷകരമായ 
പുതുവര്ഷവും നേരുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക