Image

കഥയുടെ സഞ്ചാരങ്ങള്‍ (പുസ്തകാസ്വാദനം: ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)

Published on 19 December, 2019
കഥയുടെ സഞ്ചാരങ്ങള്‍ (പുസ്തകാസ്വാദനം: ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)
"ദാഹിച്ച ചാതകത്തെപ്പോലെ  ആശ്വാസത്തിന്റെ ജീവജലത്തിനുവേണ്ടി യാചിച്ചു കിട്ടിയില്ല, പേടിച്ച പേടമാനിനെപ്പോലെ ആശ്രയത്തിനുവേണ്ടി അന്വേഷിച്ചു കണ്ടെത്തിയില്ല, മോഹിച്ച മണവാട്ടിയെപ്പോലെ ദയയുടെ വാതിലില്‍ മുട്ടിവിളിച്ചു തുറക്കപ്പെട്ടില്ല". ഭാവനയുടെ മനോഹരമായ  പളുങ്കുകൊട്ടാരം,   വാക്കുകള്‍ കൊണ്ട് കോര്‍ത്തിണക്കിയ കൗതുകമാര്‍ന്ന ഒരു മലര്‍ഹാരം, ചിട്ടയായി പദങ്ങള്‍ വിന്യസിച്ചു നല്‍കുന്ന വായനാസുഖം. നിസ്സഹായാവസ്ഥയെ വാക്കുകളുടെ പ്രഹരംകൊണ്ടു  മനസ്സിലാക്കിപ്പിയ്ക്കുകയാണ് കഥാകൃത്ത് ഇവിടെ. പിന്നിട്ട കാലഘട്ടത്തിന്റെ  ഏടുകള്‍ മറിച്ചുനോക്കി അതിലെ ഓരോ കഥാപാത്രത്തേയും വാക്ചാതുര്യംകൊണ്ട് വായനക്കാരന്റെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി പരിചയപ്പെടുത്തുന്ന അനുഭവം. ഓരോ കഥാപാത്രങ്ങള്‍ക്കും മറ്റൊന്നില്‍ നിന്നും വ്യത്യസ്!തമായ മുഖഛായ. പഴമയുടെ സുഗന്ധത്തില്‍ പുതുമയുടെ പുത്തന്‍ നിറക്കൂട്ടുകള്‍ ചാലിച്ചെഴുതിയ ശ്രീ ജോണ്‍ വേറ്റത്തിന്റെ  'കാലത്തിന്റെ കാല്‍പാടുകള്‍" എന്ന പതിനേഴു വ്യത്യസ്!തമായ കഥകളടങ്ങുന്ന സമാഹാരമാണ് ഈ പ്രത്യേക അനുഭൂതി നമുക്കായ് കാഴ്ചവച്ചിരിയ്ക്കുന്നത്

ഈ സമാഹാരത്തിന്റെ ശീര്‍ഷകം പോലെത്തന്നെ കാലത്തിന്റെ കാല്‍പ്പാടുകള്‍ തെളിഞ്ഞു കിടക്കുന്നത് മനുഷ്യരുടെ ജീവിതപാതയിലാണ്. ഈ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുപോകുമ്പോള്‍ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെയാണ്, കാഴച്ചകളെയാണ് സത്യസന്ധമായി, സുതാര്യമായി കഥാകൃത്ത് അവതരിപ്പിച്ചിരിയ്ക്കുന്നത് എന്നത്  കാലത്തിന്റെ കാല്‍പാടുകളിലൂടെ കഥാകൃത്തിനൊപ്പം സഞ്ചരിയ്ക്കുന്ന നമുക്കും അനുഭവിച്ചറിയാം.

മലയാളചെറുകഥയുടെ ചരിത്രത്തിലേയ്ക്ക് കണ്ണോടിയ്ക്കുമ്പോള്‍ കരുത്തും,  സൗന്ദര്യവും, കൗതുകവും കലര്‍ത്തി  വളരെ സ്വാദുള്ള വിഭവമാക്കി നമുക്ക് വിളമ്പിത്തന്നു വിജയിച്ച കുറെ നല്ല കഥാകൃത്തുക്കള്‍ മലയാളഭാഷയ്ക്കുണ്ടായിരുന്നു എന്ന് കാണാം.  കാലഘട്ടത്തിന്റെ ഭ്രമണത്തില്‍ ആധുനികതയോടു എഴുത്തുകാര്‍ കൂട്ടുപിടിച്ചപ്പോള്‍ വെറും ബുദ്ധിജീവികള്‍ക്ക് മാത്രം മനസ്സിലാകുന്നതായി മാറി ചെറുകഥയുടെ ഭാഷ. ഇതോടെ കഥകള്‍ ഇഷ്ടപ്പെട്ടിരുന്ന ഭൂരിപക്ഷം വരുന്ന  വായനാലോകം നിരാശയിലേയ്ക്ക് വഴുതിവീഴാന്‍ തുടങ്ങിയതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു.   വെറും ഭാവനാത്മകമായ കഥകളേക്കാള്‍ വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കാറുള്ളത് അവനു ചുറ്റിലും കാണുന്ന വ്യത്യസ്ത സ്വഭാവമുള്ള ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന കഥകളാണ്. ലളിതമായ ഭാഷയില്‍ കഥകളെ അവതരിപ്പിയ്ക്കുമ്പോള്‍ ആ കഥാപാത്രവുമായി സംവദിയ്ക്കുന്നതായ ഒരനുഭവം സാധാരണ വായനക്കാരന് ഉളവാക്കുന്നു. അത്തരം കഥാപാത്രങ്ങള്‍ മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തയാറാകാറില്ല. വായനക്കാരന്റെ ഈ അനുഭവം കഥാകൃത്തിന്റെ കഴിവും വിജയവും തന്നെയാണ്.  

ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയ ശ്രീ സുധീര്‍ പണിക്കവീട്ടില്‍ പറഞ്ഞതുപോലെ, "ശ്രീ  വേറ്റത്തിന്റെ കഥകളിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ പിന്നിട്ട കാലഘട്ടങ്ങളുടെ സ്പന്ദനങ്ങള്‍ നമ്മില്‍ മുഴങ്ങുന്നതുപോലെ അനുഭവപ്പെടുന്നു. പല കഥകളും വായിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അതില്‍ പ്രതിപാദിയ്ക്കുന്ന കഥാപാത്രത്തെ സമൂഹത്തിലെവിടെയോ സുപരിചിതമാണെന്ന ഒരു തോന്നല്‍ നമ്മിലുണ്ടാകുന്നു. എന്നിരുന്നാലും ആ കഥാപാത്രത്തിലെ നന്മകളും, തിന്മകളും നമ്മള്‍ തിരിച്ചറിയുന്നത് ഒരുപക്ഷെ കഥാകൃത്ത് ചൂണ്ടികാണിയ്ക്കുമ്പോഴാകാം.  കാരണം ഇദ്ദേഹം ഓരോ കഥാപാത്രങ്ങളെയും നമുക്ക് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുന്നത് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റും വിധത്തില്‍ വളരെ കലാപരമായാണ്. അതായത് കലയും ജീവിതവും കൈകോര്‍ത്ത് നില്‍ക്കുന്ന മനോഹാരിത പ്രതിഫലിപ്പിയ്ക്കാന്‍ ഇദ്ദേഹത്തിന്റെ തൂലികയ്ക്ക് കഴിയുന്നു.

കാലത്തിന്റെ കാല്‍പാടുകളിലൂടെ ശ്രീ  വേറ്റത്തോടൊപ്പം സഞ്ചരിയ്ക്കുമ്പോള്‍ ഓരോ കാലഘട്ടത്തെയും നമുക്കും തിരിച്ചറിയാനാകുംവിധമാണ് അദ്ദേഹം നമുക്കവരെ പരിചയപ്പെടുത്തുന്നത്.

ഏതു സാഹചര്യമാണ്, ഏതു വാചകമാണ്, ഏതു രംഗമാണ് ഒരു മനുഷ്യന്റെ ജീവിതത്തെ സ്വാധീനിയ്ക്കുക എന്ന് പറയാന്‍ കഴിയില്ല. ഒരു എഴുത്തുകാരന് വലിയ ഒരു സമൂഹത്തെ നന്നാക്കാന്‍ കഴിയുമോ എന്നത് വെറും മിഥ്യയായ ചിന്തയാണ്.   ശക്തമായ ആശയംകൊണ്ട് സമൂഹത്തെ ചിന്തിപ്പിയ്ക്കുക, മനോഹരമായ ഭാവനയിലൂടെ വായനക്കാരനെ മനോസംഘര്ഷങ്ങള്‍ ഇല്ലാത്ത ഒരു ഭാവനാലോകത്തേയ്ക്ക് കുട്ടിക്കൊണ്ടുപോകുക, ചുണ്ടുകളില്‍ നര്‍മ്മം ചാലിച്ചു ചേര്‍ത്ത് മനുഷ്യരെ ചിരിപ്പിയ്ക്കുക, ഓരോ ജീവിതരംഗങ്ങളില്‍ നിന്നും കണ്ടെത്തിയ കഥകള്‍ കലാപരമായി ആവിഷ്കരിക്കുക  എന്നതെല്ലാം  ഒരു നല്ല എഴുത്തുകാരന്റെ കര്‍ത്തവ്യമാണ്. ഈ ബോധം മനസ്സിലിട്ടു, ചിന്തകളെ ആറ്റി കുറുക്കി തയ്യാറാക്കിയതാണ് "കാലത്തിന്റെ കാല്‍പാടുകള്‍" എന്നത് ഇത് വായിയ്ക്കുന്ന ഓരോ വായനക്കാരും നിസ്സംശയം സമ്മതിയ്ക്കും.

ശ്രീ ജോണ്‍  വേറ്റത്തിന്റെ ഓരോ കഥകളും മറിച്ചുനോക്കുമ്പോള്‍ മേല്പറഞ്ഞ പ്രത്യേകത ഓരോ താളുകളിലും സ്പഷ്ടമാണ്. ഈ ഒരടുത്ത കാലം വരെയും എന്ന് തന്നെ പറയട്ടെ തെക്കന്‍ കേരളത്തിലെ വിവിധ കുടുംബങ്ങളിലെയും പെണ്‍കുട്ടികള്‍ നേഴ്‌സിംഗ് പഠിച്ച് വിദേശങ്ങളില്‍ പോയി പണം സമ്പാദിച്ച് തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക നിലയും, സഹോദരങ്ങളുടെ പഠനവും ജോലിയും വിവാഹവും എല്ലാം  ഏറ്റെടുത്ത് നടത്തി കുടുംബത്തെ കരകയറ്റുന്ന ഒരു രീതി ഉണ്ടായിരുന്നു.  'വാനമ്പാടി' എന്ന കഥയിലെ സാറാമ്മ എന്ന കഥാപാത്രത്തെ ഈ സാഹചര്യത്തിന്റെ പ്രതീകമായി ഇദ്ദേഹം അവതരിപ്പിച്ചിരിയ്ക്കുന്നു.

വീട്ടില്‍ പണിയ്ക്കുനില്‍ക്കുന്ന താണ ജാതിക്കാരിയായ സ്ത്രീയുടെ മകളെ സ്‌നേഹിയ്ക്കുകയും പിന്നീട്  ജാതിയും കുടുംബമഹിമയും പ്രശ്‌നമാകുമ്പോള്‍ അവളെ തഴഞ്ഞ് വേറൊരു പെണ്ണിനെ വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹം ചെയ്യുകയും പരസ്പരം യോജിച്ചുപോകാനാകാതെ ജീവിതത്തിന്റെ താളം തെറ്റുകയും ചെയ്യുന്ന ജീവിതങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നമ്മള്‍ നേരില്‍ കണ്ടിട്ടുള്ളതാണ്. 'ശിഥിലബന്ധങ്ങള്‍' എന്ന കഥയിലെ കൃഷ്ണപിള്ളയിലൂടെ കഥാകൃത്ത് പറയുന്നത് ഈ കഥ തന്നെയാണ്. വാര്‍ദ്ധക്യത്തിന്റെ മടിത്തട്ടില്‍ അസുഖങ്ങള്‍ക്ക് കീഴ്‌പ്പെട്ടു   മരണശയ്യയില്‍ കിടക്കുമ്പോള്‍  ഇന്നലെകളുടെ കുറ്റബോധവും, നഷ്ടബോധവും മനസ്സിനെ കാര്‍ന്നുത്തിന്നുന്ന കൃഷ്ണപിള്ളയെ നമ്മള്‍ക്ക്  പരിചയപ്പെടുത്തുന്നു.

വിവാഹത്തിനും സ്ത്രീധനത്തിനും ആവശ്യമായ സാമ്പത്തികശേഷി ഇല്ലാതാകുമ്പോള്‍ വീടുകളിലെ പെണ്‍കുട്ടികള്‍ കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ തീരുമാനിയ്ക്കുന്നതും, ആണ്‍കുട്ടികള്‍ കര്‍ത്താവിന്റെ സേവകനാകാന്‍ തീരുമാനിയ്ക്കുന്നതുമായ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇത്തരം ഒരു കുടുംബത്തിലെ തങ്കച്ചന്‍ സ്വന്തം ആഗ്രഹങ്ങളെ ബലികഴിച്ച് ദൈവമാര്‍ഗ്ഗത്തെ സ്വീകരിച്ചപ്പോള്‍ ഉണ്ടാകുന്ന അദ്ദേഹത്തിന്റെ മാനസിക പിരിമുറുക്കങ്ങള്‍ 'അനേകര്‍ക്കുവേണ്ടി' എന്ന കഥയില്‍ ശക്തമായി കഥാകൃത്ത് നിരത്തിയിരിയ്ക്കുന്നു

പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനുവേണ്ടി സഹോദരങ്ങളെ സ്ത്രീധനം വാങ്ങി  നിര്‍ബന്ധിതമായി വിവാഹം കഴിപ്പിയ്ക്കുകയും, വീട്ടില്‍ വന്നു കയറിയ പെണ്ണിന്റെ പൊന്നും പണവും ഉപയോഗിച്ച് സഹോദരിമാരുടെ വിവാഹം നടത്തുന്നതുമായ ഒരു സമ്പ്രദായവും കുറച്ച് കാലങ്ങള്‍ക്കു മുന്‍പ്  നിലനിന്നിരുന്നു. 'ജലനിരപ്പിലെ കാല്‍പ്പാടുകള്‍' എന്ന കഥയില്‍ അനുജത്തി അമ്മിണിയുടെ വിവാഹം നടത്താന്‍വേണ്ട പണത്തിനായി മാതാപിതാക്കള്‍ തങ്കച്ചനെക്കൊണ്ട് നിബന്ധിതമായി വിവാഹം കഴിപ്പിയ്ക്കുന്നു. തങ്കച്ചന്റെ ഭാര്യയുടെ പൊന്നും പണവും എല്ലാം ഉപയോഗിച്ച് സഹോദരിയുടെ വിവാഹം നടത്തി അമ്മിണിയ്ക്ക് കുടുംബത്തില്‍ ഒരു പ്രാധാന്യവും നല്‍കാതെയാകുന്നു. മാത്രമല്ല പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് കേള്‍ക്കേണ്ടിവരുന്ന അപവാദത്തെപ്പറ്റി ഈ കഥയില്‍ എടുത്തുപറഞ്ഞിരിയ്ക്കുന്നത് കാലഘട്ടത്തിന്റെ ശ്രദ്ധേയമായ സ്വഭാവവിശേഷം  ഒന്നുമാത്രമാണ്. 

തത്ത്വജ്ഞാനങ്ങളെ അടിസ്ഥാനപ്പെടുത്തി പല കഥകളെയും അവതരിപ്പിച്ചിരിയ്ക്കുന്നതായ ഒരു രീതിയും കഥാകൃത്ത് ഉപയോഗിയ്ക്കുന്നതായി ശ്രദ്ധേയമാണ്  .   "ലോകം സ്വയംഭുവാണ് മതം ഒരു മയക്കുമരുന്നാണ് ദൈവം ഒരു മിഥ്യയാണ് എന്ന്" 'വെളിച്ചം വിളിയ്ക്കുന്നു' എന്ന കഥയിലെ വാചകത്തില്‍ നിന്നും, "ക്ഷമിയ്ക്കാന്‍ കഴിയാത്ത സ്‌നേഹം സ്‌നേഹമല്ല, മറക്കാന്‍ കഴിയാത്ത മനസ്സ് ശുദ്ധമല്ല, മാപ്പുകൊടുക്കാന്‍ കഴിയാത്ത ഭാര്യാഭര്‍ത്തൃ ബന്ധം ശക്തമല്ല "   'കനലുകള്‍' എന്ന കഥയിലെ വാചകത്തില്‍ നിന്നും   ഇത് വ്യക്തമാണ്.  

അവിഹിത ബന്ധത്തില്‍ ഉണ്ടായ സന്തതിയെ നൊന്തുപ്രസവിച്ചതിനുശേഷം അമ്മയ്ക്ക് ബോധം തെളിയുന്നതിനുമുന്പ് സ്വാഭിമാനത്തിനുവേണ്ടി ആ പിഞ്ചുകുഞ്ഞിനെ അനാഥാലയത്തിലോ അല്ലെങ്കില്‍ ജീവനെടുക്കാനോ ഏല്‍പ്പിച്ച കുറ്റബോധത്തിന്റെ നെരിപ്പോടുമായി ജീവിത അവസാനം വരെ തുടരുന്ന ഒരു സ്ത്രീയിലെ മാതൃത്വമാണ് 'പുണ്യനിശയില്‍' ഒരു അനാഥക്കുഞ്ഞിന്റെ കരച്ചില്‍ കേട്ട അച്ചാമ്മ എന്ന നേഴ്‌സിന്റെ മാനസിക സംഘര്ഷങ്ങളിലൂടെ പ്രതിപാദിയ്ക്കുന്നത്.

മക്കള്‍ അമേരിക്കയിലും, വിദേശരാജ്യങ്ങളിലും സ്ഥിരതാമസമാക്കുമ്പോള്‍, കഷ്ടപ്പെട്ട് പഠിപ്പിച്ച് വളര്‍ത്തിവലുതാക്കിയ അച്ഛനമ്മമാരെ വളരെ സ്‌നേഹം ഭാവിച്ച് കൂടെ കൊണ്ടുപോയി വേലക്കാരെപ്പോലെ കണക്കാക്കുന്ന മക്കള്‍ ഇന്നും ധാരയാളമുണ്ട്.  മക്കള്‍ക്കുവേണ്ടി വാര്‍ദ്ധക്യത്തില്‍ അക്കരെയിക്കരെ താമസിയ്‌ക്കേണ്ടി വരുന്ന അച്ഛനമ്മമാരുടെ മനോവികാരങ്ങളെ എടുത്ത് പറഞ്ഞിരിയ്ക്കുകയാണ് 'നഷ്ടപുത്രന്‍' എന്ന കഥയിലൂടെ ലേഖകന്‍.

പട്ടാളക്കരാര്‍ ചെയ്യുന്ന നേരമ്പോക്കുകള്‍ പിന്നീട് ജീവിതത്തില്‍ ഗൗരവമേറിയ പ്രശ്‌നമാകുകയും, പുറം ലോകം അറിയാത്ത ഈ പ്രശ്‌നങ്ങള്‍ പിന്നീട് യഥാര്‍ത്ഥ ജീവിതത്തില്‍ ഉറക്കം കെടുത്തുകയും ചെയ്യുന്ന ഒരാളുടെ അവസ്ഥയാണ് 'മുഖങ്ങള്‍' എന്ന കഥ. മാലതി എന്ന പവിത്രമായ വികാരവിചാരങ്ങളും സ്വപ്നങ്ങളും ഉള്ള പെണ്ണിനെ വിവാഹം ചെയ്തിട്ടും, പട്ടാളക്യാമ്പില്‍ അവിചാരിതമായി വളര്‍ന്നുവന്ന അവിഹിത ബന്ധത്തിലെ  ഡൊറോദി എന്ന പെണ്‍കുട്ടിയും അവളെ നഷ്ടപ്പെട്ട സാഹചര്യങ്ങളും ഓര്‍ത്ത് ഉറക്കം നഷ്ടപ്പെടുത്തുന്ന, ജീവിതം ആസ്വദിയ്ക്കാന്‍ കഴിയാതെ നീറുന്ന  ഒരു ചെറുപ്പക്കാരനെയാണ് ലേഖകന്‍ ഈ കഥയിലൂടെ പരിചയപ്പെടുത്തുന്നത്.

അച്ഛന്റെ മരണശേഷം അമ്മയുടെ ഭര്‍ത്താവ് അലനില്‍  നിന്നും അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന പെരുമാറ്റത്തില്‍  ഭര്‍ത്താവെന്ന സങ്കല്പത്തോട് തോന്നിയ വെറുപ്പും, പ്രതികാരവും  അതേ സമയം ഒരു സ്ത്രീയിലുള്ള മാതൃത്വവും മൂലം ഭര്‍ത്താവില്ലാതെതന്നെ ഒരു കുഞ്ഞിനെ പ്രസവിയ്ക്കാന്‍ തയ്യാറാകുന്ന മേരിയുടെ തന്റേടത്തെ 'പിതൃത്വം അവകാശപ്പെടാനാകാത്ത ഒരു സമുദായത്തെ സൃഷ്ടിയ്ക്കുന്നത് ഒരു ദുഷിച്ച   കര്‍മ്മമാണെന്നുള്ള' ജോബിന്റെ പ്രതികാരത്തോടെ സമൂഹത്തിനു അനിവാര്യമായ ഒരു നല്ല സന്ദേശവും 'വിത്ത് എന്ന കഥയിലൂടെ കഥാകൃത്ത് കാഴ്ചവച്ചത് ജീവിയ്ക്കുന്ന സമൂഹത്തോടുള്ള ശക്തമായ ഒരു തൂലികയുടെ  കര്‍ത്തവ്യത്തില്‍ ശ്രീ. വേറ്റം അടിയുറച്ച് വിശ്വസിയ്ക്കുന്നു എന്നതിന്  തെളിവാണ്.
 
പവിത്രമായ ദൈവവിശ്വാസത്തെ, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഭരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടമാണ് ഇന്ന്. വടക്കേഇന്ത്യയിലെ ഒരു കുടുംബത്തിലെ പതിനൊന്നുപേരും ഈ അന്ധവിശ്വാസങ്ങളുടെ പേരില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഈ അടുത്ത കാലത്ത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇന്നും നിലനില്‍ക്കേ മനുഷ്യനെ ഇതേ കുറിച്ച് ചിന്തിപ്പിയ്ക്കുന്ന ഒരു പശ്ചാത്തലമാണ് 'കൂട്ടു കൃഷി' എന്ന കഥയില്‍ ഇദ്ദേഹം ഒരുക്കിയിരിയ്ക്കുന്നത്. 

കഥകള്‍ക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലങ്ങള്‍ ഒരുപാട് പുതുമ നിറഞ്ഞത് അല്ല എങ്കിലും ഓരോ കഥകളുടെ സാഹചര്യത്തിലും ഒരു ഗുണപാഠം വായനക്കാര്‍ക്കായി നല്‍കാന്‍ ശ്രീ. വേറ്റം പ്രത്യേകം ശ്രദ്ധിച്ചിരിയ്ക്കുന്നു. ആധുനിക കഥകളുടെ ആകസ്മികമായ അവതരണത്താല്‍ ആശയകുഴപ്പത്തിലാകുന്ന ഒരു രീതിയില്‍ തന്റെ അവതരണത്തെ മാറ്റാതെ വളരെ ലളിതമായ  ഭാഷയിലൂടെ തുടക്കം മുതല്‍ അവസാനംവരെ വ്യക്തമായ ഒരു അവതരണ ശൈലിയാണ് ഇദ്ദേഹം ഏറ്റെടുത്തിരിയ്ക്കുന്നത്. ഒരുപക്ഷെ ഇന്നത്തെ ആധുനികര്‍ക്ക് ഇതൊരു പഴഞ്ചന്‍ രീതിയായി തോന്നിയാലും സാധാരണ വായനക്കാര്‍ക്ക് ഇദ്ദേഹത്തിന്റെ കഥകള്‍ ഒരു കലാസമൃദ്ധമായ  വിഭവം തന്നെ.

സമൂഹത്തിനുവേണ്ടി,  ജനതയ്ക്കുവേണ്ടി ശ്രീ ജോണ്‍ വേറ്റത്തിന്റെ തൂലിക  കാലത്തിന്റെ കാല്‍പാടുകള്‍ക്കൊപ്പം ഇനിയും  സഞ്ചരിയ്ക്കട്ടെ, അദ്ദേഹത്തിന്റെ ലളിതമായ അവതരണങ്ങളാല്‍ വായനക്കാരെയും അദ്ദേഹത്തോടൊപ്പം കൊണ്ടുപോകാന്‍ കഴിയട്ടെ. അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് ഒരിക്കലും എണ്ണവറ്റാത്ത ഒരു നിലവിളക്കായി ജ്വലിച്ചുകൊണ്ടിരിയ്ക്കട്ടെ ശ്രീ വേറ്റം എന്ന് ആശംസിയ്ക്കുന്നു.

ഓരോ ചെറുകഥാ പ്രേമികളോടും ശ്രീ ജോണ്‍ വേറ്റത്തിന്റെ "കാലത്തിന്റെ കാല്‍പ്പാടുകള്‍" എന്ന കഥാ സമാഹാരം വായിയ്ക്കണമെന്നു ശുപാര്‍ശ ചെയ്യുന്നതോടൊപ്പം ശ്രീ വേറ്റത്തിന്റെ ഭാവി സാഹിത്യ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരട്ടെ.   




Join WhatsApp News
John Vettam 2019-12-19 23:14:53
Sincere thanks to Jyothylakshmy Nambiar for your thoughtful words.
Giri warrier 2019-12-20 01:22:14
നല്ലൊരു ആസ്വാദനക്കുറിപ്പ്‌. ഓരോ കഥയുടെയും ആത്മാവിലൂടെ സഞ്ചരിച്ച്‌ അരിച്ചുകുറുക്കി എഴുതിയ മനോഹരമായ കുറിപ്പ്‌. നല്ല ഭാഷ.. നന്നായിരിക്കുന്നു.🙏🙏
girish nair 2019-12-20 03:24:37
ശ്രീമതി ജ്യോതി ലക്ഷ്‌മിയുടെ നിരൂപണത്തിലുള്ള വ്യത്യസ്ത ശൈലി,  തനതായ കഴിവ് ശ്രദ്ധേയമാണ്.

പുസ്തകങ്ങൾ വായിച്ചാൽ മനസ്സിലാകണം. വായനക്കാരന് ഒരു അനുഭൂതി പകരണം. ശ്രീ ജോൺ വേറ്റം സാറിന്റെ സാഹിത്യം വളരെ ലളിതമാണ്. സർ തന്റെ സാഹിത്യ നിലനിർത്തുന്നത് കഥാജനകമായ ജീവിതാനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്.  കഥാകാരൻ തന്റെ സൃഷ്ടിക്കുവേണ്ടി ഒരുക്കുന്ന തീരുമാനങ്ങൾ, കാഴ്ചകൾ, അനുഭവങ്ങൾ, സ്ഥലകാല ഭാഷ നിർമ്മിതികൾ, ആഖ്യാനത്തിന്റെ ബല തന്ത്രങ്ങൾ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ സാഹിത്യ സവിശേഷതകൾ ആണ്.    

ശ്രീമതി ജ്യോതിലക്ഷ്മിക്കും ശ്രീ വേറ്റം സാറിനും, ചെറുകതക്കുവേണ്ടി അവതാരിക എഴുതിയ ശ്രീ സുധിർ സാറിനും  അഭിനന്ദനങ്ങൾ.

Sudhir Panikkaveetil 2019-12-20 08:19:01
ഒരു പുസ്തകാസ്വാദനം എന്നതിലുപരി ഇത് 
ഒരു നിഷ്‌പക്ഷ നിരൂപണം കൂടിയാണ്. അമേരിക്കൻ 
മലയാളി എഴുത്തുകാരന്റെ പുസ്തകം 
മുമ്പായിൽ ഇരുന്ന് വായിച്ച് അഭിപ്രായം 
എഴുതുന്ന ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ 
ഭാഷാസ്നേഹിയാണ്. അവർ അമേരിക്കൻ 
മലയാള സാഹിത്യത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു അല്ലെങ്കിൽ  ആണ്..
ഇവിടത്തെ ലാന സംഘടന അവർക്ക് 
അംഗത്വം നൽകുന്നത് ആലോചിക്കാവുന്നതാണ്. 
ശ്രീ വേറ്റം അമേരിക്കൻ മലയാള സാഹിത്യത്തിൽ 
സവിശേഷമായ സ്ഥാനം അർഹിക്കുന്ന 
അനുഗ്രഹീതനായ എഴുത്തുകാരനാണ്.
അദ്ദേഹത്തിന് അഭിനന്ദനങൾ. 
കോളമങ്ങളിലൂടെ , കവിതകളിലൂടെ      , ലേഖനങ്ങളിലൂടെ 
വായനക്കാരക്ക് സുപരിചിതയായ ശ്രീമതി 
ജ്യോതിലക്ഷ്മി നമ്പ്യാരിൽ നിന്നും ഇനിയും നല്ല നല്ല രചനകൾ 
പ്രതീക്ഷിക്കുന്നു. നന്മകളോടെ,
Das 2019-12-20 13:15:31
Excellent Review Jyoti ! Thoughts expressed by you is deeply appreciated ... Best wishes.
amerikkan mollakka 2019-12-22 09:58:48
നമ്പ്യാർ സാഹിബ അസ്സലാമു അലൈക്കും. ഞമ്മള് 
ഇപ്പോഴാണ് ബായിച്ചത്. ബേറ്റം സാഹിബിന്റെ 
കഥകൾ ഞമ്മക്ക് ഇസ്റ്റാണ് . 55 ബയസ്സായ ഞമ്മക്ക് 
ഇപ്പോയത്തെ കഥകളൊന്നും പുടിക്കുന്നില്ല.സാഹിബേ 
ഇങ്ങള് ഒരു നിരൂപക കൂടിയാണ്. ഹള്ളാ  ഞമ്മക്ക് 
ഒരു കിത്തബ്‌  എയ്താനെകൊണ്ട് പൂതിയുണ്ട്.
അതിനു അബതാരിക സാഹിബ  എയ്തണം.
അമേരിക്കയിൽ എല്ലാബരും പുസ്തകം എയ്തുന്നു.
ഞമ്മള് ഒരു കൈ നോക്കട്ടെ,  .അപ്പൊ ബീണ്ടും 
കാണാം. പടച്ചോൻ ഇങ്ങളെ കാത്ത് രക്ഷിക്കട്ടെ.
ഖുദാ ഹാഫിസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക