Image

ക്രിസ്മസ് ഓര്‍മ്മകള്‍ (കവിത: ഷാജു ജോണ്‍)

Published on 20 December, 2019
ക്രിസ്മസ് ഓര്‍മ്മകള്‍ (കവിത: ഷാജു ജോണ്‍)
ക്രിസ്മസ് പൊരുളുകള്‍ പെയ്തിറങ്ങുന്നൊരീ
വിസ്മയ കാഴ്ചയില്‍  മിന്നി  തുടിക്കുവാന്‍  
ധനുമാസ രാവുകളണയുന്നെന്‍ ചാരെ തന്‍
സ്‌നേഹതുവാലയില്‍ തൂമഞ്ഞിന്‍  കുളിരുമായ്    

ആകാശ താരത്തിനൊളിയിലന്നാ  ശ്രേഷ്ഠ
രാജാക്കളുണ്ണിയെ തേടിയതോര്‍ക്കുവാന്‍
മാലാഖ വൃന്ദപരി കാഹളങ്ങള്‍ക്കൊപ്പം
സ്‌തോത്രഗാനത്തിന്നിടയരെ ഓര്‍ക്കുവാന്‍

കുട്ടിമനസ്സുകളൊന്നായ്  ചമച്ചൊരാ
ക്രിസ്തുമസ് നാളുകള്‍ വീണ്ടുമോന്നോര്‍ക്കുവാന്‍
ഇത്തിരി നേരമിരുന്നിടട്ടെയതിന്‍ 
ചുറ്റുവട്ടത്തല്പം  ചുറ്റിത്തിരിയട്ടെ

മുളവാരി കീറിമിനുക്കിയെടുത്തതില്‍
നറുചെഞ്ചായ നിറമുള്ള  കടലാസു ചുറ്റി മമ
കൈകള്‍ മെനഞ്ഞൊരാ നക്ഷത്രവിളക്കുകള്‍  
മെഴുതിരി വെട്ടത്തില്‍ മിന്നി തിളക്കിയെന്‍          
മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ കൊരുത്ത നാള്‍  

പാടവരമ്പിലെ പശയൂറും  മണ്ണും
തൊടിയിലെ പുല്‍നാമ്പും,
നടയിലെ ചെടിക്കൊമ്പും ,
കൂടെയെന്നുള്ളില്‍ വിരിഞ്ഞൊരാ 
വര്‍ണ്ണസ്വപ്നങ്ങളും ചേര്‍ത്തന്നു  
ചേലൊറ്റ പുല്‍ക്കൂട് തീര്‍ത്തോരാ നാളുകള്‍ 

പെട്രോള്‍മാക്‌സിന്റെ മങ്ങിയ വെട്ടത്തില്‍ 
തപ്പിന്റെ താളവും പപ്പാഞ്ഞി മുഖവുമായ്  
പാതിമയക്കത്തില്‍ പൈതല്‍ മാലാഖകള്‍ ,
ക്രിസ്തുമസ്  കരോളിന്റെ ഭാവ ഗാനങ്ങളാല്‍
സ്വരരാഗ ലായതാള മേളം ചമച്ച നാള്‍       

പുതുമണം പൂക്കുന്ന പുത്തനുടുപ്പിട്ടു 
പതിരാ കുര്‍ബാനക്കപ്പന്റെയൊപ്പം
തെളിദീപമെണ്ണി നടന്നൊരാ രാത്രിയില്‍
തിരുപ്പിറവിയിന്‍ രൂപമെഴുന്നള്ളും നേരമെന്‍
ഉയരിലും ഉലകിലും ഉണ്ണി പിറന്ന നാള്‍

പാലപ്പവും ഒപ്പം  താറാവിന്‍ മപ്പാസ്സും
കൂടെയെന്‍ അമ്മതന്‍ സ്‌നേഹകരുതലും  
കൂട്ടികുഴച്ചു കഴിച്ചതില്‍ ആത്മ
നിര്‍വൃതി പൂണ്ടൊരാ  ദിവ്യ ദിനങ്ങള്‍

കൊതിയൂറും ക്രിസ്തുമസ് കേക്കിന്റെ രുചിയും
ചെന്നിറം പൂണ്ടൊരാ വൈനിന്റെ മണവും
ഇന്നുമെന്‍ ചിന്തകള്‍ക്കാസക്തി കൂട്ടുന്നു
വീണ്ടുമാ കളരിയിലോടിയെത്തീടുവാന്‍
ക്രിസ്മസിന്നാനന്ദം നൊട്ടിനുകരുന്ന
കുട്ടുകാര്‍ക്കൊപ്പമൊന്നാര്‍ത്തു വിളിക്കുവാന്‍

ഇന്‍സ്റ്റന്റ് ക്രിസ്മസിന് ദരിദ്ര സുഖം നുണയും
പുത്തന്‍  തലമുറക്കെല്ലാം നഷ്ടമായോ?
ചൈനീസ് വിളക്കിന്റെ ചിമ്മലുകള്‍ക്കൊപ്പം 
മിന്നിമറയും മിനുങ്ങുകളോ  അവര്‍ ?
ആവേശമില്ല  തെല്ലാനന്ദമില്ല
പതിവുത്സവം മാത്രമിന്നെല്ലാര്‍ക്കും ക്രിസ്തുമസ്  
ആരോ തെളിക്കുന്ന ചൂട്ടു വെളിച്ചത്തില്‍ 
ആടിത്തിമിര്‍ക്കുന്ന മര്‍ത്യരായ്  മാറി നാം

ഓര്‍മ തന്‍ ചെപ്പിലൊളിപ്പിച്ചു വെക്കുവാന്‍
ഒരു കോടി  സ്വപനങ്ങള്‍ തന്നൊരാ നാളുകള്‍
ഓര്‍ത്തു നടക്കുന്ന യാത്രികന്‍  ഞാനിനി
നടന്നത്ര ദുരം   ചരിക്കുവാനില്ലേലും   
വഴി കാട്ടുവാന്‍ വീണ്ടും വാല്‍താരകം തേടും  
അലസനാം യാത്രികന്‍, ഏകാന്തപഥികന്‍ !
പാഥേയമെടുക്കാന്‍  മറന്നൊരാ ............
അലസനാം യാത്രികന്‍, ഏകാന്തപഥികന്‍ ! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക