Image

അര്‍ത്ഥം നഷ്ടമാകുന്ന ക്രിസ്തുമസ് (ജി.പുത്തന്‍കുരിശ്)

Published on 21 December, 2019
അര്‍ത്ഥം നഷ്ടമാകുന്ന ക്രിസ്തുമസ് (ജി.പുത്തന്‍കുരിശ്)
ലോകത്തിലെ നല്ലൊരു ശതമാനം ജനങ്ങളെ സ്പര്‍ശിക്കാതെ അടുത്ത ക്രിസ്തുമസ് കടന്നുപോകുമെന്നു പറഞ്ഞാല്‍ ഒരു പക്ഷെ മിക്കവര്‍ക്കും അതിശയോക്തിയായി തോന്നിയേക്കാം. പ്രത്യേകിച്ച് ക്രിസ്തുമസ് ആഘോഷവുമായുള്ള ബന്ധത്തില്‍ നടക്കുന്ന വന്‍ ടി.വി. പരസ്യങ്ങളും വിളംബരങ്ങളും കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. എന്നാല്‍ സത്യമതാണ്. മാധ്യമങ്ങളുടെ അതിഗംഭീര പരസ്യങ്ങളും, മനുഷ്യമനസ്സിനെ മാസ്മരവിദ്യപ്രയോഗത്തിലെന്നപോലെ പിടിച്ചു നിറുത്തുവാന്‍ പോരുന്ന ക്രിസ്മസ് ഗാനങ്ങളും സിനിമകളും, മറ്റു മാര്‍ഗ്ഗങ്ങളും ഉണ്ടായിട്ടുപോലും, ലോകത്തിലെ എഴുനൂറ്റി അന്‍പത് കോടി ജനങ്ങളില്‍ അനേക കോടികളെ ഈ ക്രിസ്മസ് ആഘോഷങ്ങള്‍ സപ്ര്‍ശിക്കാതെ കടന്നുപോകും. കാരണം മറ്റൊന്നുമല്ല. വാണിജ്യവല്‍ക്കരിക്കപ്പെട്ട ക്രിസ്മസ് ആഘോഷങ്ങളില്‍ ക്രിസ്തുവിന്റെ ജനനത്തിന്റെ അര്‍ത്ഥവും സന്ദേശവും അസ്പഷ്ടവും അവ്യക്തവുമാകുന്നതുകൊണ്ടാണ്.

ക്രിസ്തു മനുഷ്യരാശിയുടെ നവീകരണത്തിനും പുനക്രമീകരണത്തിനും ജന്മംമെടുത്തു എന്നു വിശ്വസിക്കുകയും ആ ജനനത്തിന്റെ സന്ദേശം അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും., അശരണരും , അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനസമൂഹത്തില്‍ എത്തിക്കുന്നതില്‍ അതിന്റെ സന്ദേശ വാഹകര്‍ പരാജയപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് നാം ലോകമെങ്ങും കാണുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യുദ്ധകെടുതിയാലും പ്രതിസന്ധിയാലും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സ്വന്ത ദേശവും വീടും വിട്ട് അഭയാര്‍ത്ഥികളായി അന്യരാജ്യങ്ങളില്‍ അഭയം തേടികൊണ്ടിരിക്കുന്ന ഒുരു സമയത്താണ് നാം ജീവിക്കുന്നത്. യുദ്ധത്താല്‍ പിച്ചിച്ഛീന്തപ്പെട്ട സിറിയപോലെയുള്ള രാജ്യങ്ങളിലെ കോടിക്കണക്കിന് കടപുഴക്കപ്പെട്ട അഭ്യയാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരാന്‍ പല അന്തര്‍ദേശീയ സംഘടനകളും പെടാപ്പാട്‌പെടുകയാണ്. അമേരിക്കയെപോലുള്ള ക്രൈസസ്തവ രാജ്യങ്ങള്‍ ഇത്തരം അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിരസിക്കുന്നു എന്നു പറയുമ്പോള്‍, ആഫ്രിക്കയിലെ പതിനാല് രാജ്യങ്ങളില്‍ തൊണ്ണൂറ്റിനാല് ലക്ഷം ജനങ്ങള്‍ ഈ വര്‍ഷം പട്ടിണിയിലായിരിക്കും എന്ന് പറയുമ്പോള്‍, എനിക്ക് വിശന്നു നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ അതിഥിയായിരുന്നു നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു എന്ന സ്‌നേഹ സന്ദേശവുമായി എത്തിയ ആ മനുഷ്യസ്‌നേഹിയുടെ ജന്മലക്ഷ്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു അത്.

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന, പേരുകേട്ട സെന്റ്റ് നിക്കളസ് എന്ന ബിഷപ്പ്, മൂന്ന് പെണ്‍മക്കളെ പോറ്റി പുലര്‍ത്താനും അവരെ എങ്ങനെ വിവാഹം കഴിച്ചയക്കുമെന്ന് ഭാരപ്പെട്ടു കഴിഞ്ഞ ഒരു പിതാവിന്, ഒരു ബാഗില്‍ കുറച്ചു സ്വര്‍ണ്ണ നാണയം അവരറിയാതെ എറിഞ്ഞു കൊടുക്കുകയുണ്ടായി. സെന്റ്റ് നിക്കളസിന്റെ ആ അസാധാരണമായ മഹാമനസ്‌കതയുടെയും ഔദാര്യത്തിന്റേയും സംക്ഷിപ്ത രൂപമാണ് നാം ഇന്ന് കാണുന്ന സാന്താക്ലോസ് എന്ന സൃഷ്ടി. എന്നാല്‍ ആധുനിക സാന്താക്ലോസ് ആ ലക്ഷ്യങ്ങളില്‍ നിന്ന് എത്രയോ വിദുരമാണ്. പിന്നീട് സാന്താക്ലോസിന്റെ ജോലി, സമ്മാനങ്ങള്‍ കൊടുക്കലായി ചുരുങ്ങി. സേന്റ്റ് നിക്കളസിനെ നെതര്‍ലാന്‍ഡ് ദത്തെടുത്ത് കുട്ടികള്‍ക്ക് സമ്മാനം കൊടുക്കാനുള്ള പുരസ്‌കര്‍ത്താവാക്കി മാറ്റി. ക്രിസ്തുമസ് ആഘോഷത്തിന്റെ തലേന്നാള്‍ കുട്ടികള്‍ അവരുടെ ഷൂസില്‍ വൈയേ്ക്കാല്‍ നിറച്ച് നിക്കളസ് പുണ്യളാന്റെ വെള്ളക്കുതിരയുടെ സഞ്ചാരപഥത്തില്‍ വയ്ക്കും; വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കിട്ടുമെന്നുള്ള പ്രതീക്ഷയോടെ. യുണൈറ്റഡ് നേഷന്റെ ചില്‍ഡറന്‍സ് ഫണ്ട് പ്രോഗ്രാം അനുസരിച്ച് അറുനൂറ് മില്ലിയണ്‍ കുട്ടികളായിരിക്കും, ഒരു ഡോളറില്‍ താഴെ വികസ്വരരാജ്യങ്ങളില്‍ ഈ വര്‍ഷം ക്രിസ്തുമസ്സ് സമയത്ത് ആഹാരത്തിനായി ചിലവ് ചെയ്യുന്നത്. ഒരു മിന്നലാട്ടം പോലെ മിന്നിമറയുന്ന പണ്യവാളന്‍ നിക്കളസിന്റെ കുതിരയ്ക്ക്, കാലില്‍ ധരിയ്ക്കാന്‍ ഷൂസ് ഇല്ലാത്ത ഈ പിഞ്ചുകുഞ്ഞുങ്ങളെ കാണാന്‍ എവിടെ സമയം?

അനേകായിരങ്ങളെ ഈ ക്രിസ്തുമസ് സ്പര്‍ശിക്കാതെ പോകുമെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. ക്രിസ്തുവിന്റെ ജനനത്തിന്റ ലാളിത്യം ആചാരത്തിന്റേയും, പരമ്പരാഗതമായ ആചാരങ്ങളുടേയും നടുക്കടലില്‍ മുങ്ങി ആഴ്ന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് വിശന്നു നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ അതിഥിയായിരുന്നു നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു, നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു. തടവിലായിരുന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു; അതിന് നീതിമാന്മാര്‍ അവനോട് കര്‍ത്താവെ എപ്പോള്‍ ഞങ്ങള്‍ നിന്നെ വിശന്നു കണ്ടിട്ട് ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ട് കുടിപ്പാന്‍ തരികയോ ചെയ്തു? ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ട് ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കുകയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ കണ്ടിട്ട് എപ്പോള്‍ നിന്റെ അടുക്കല്‍ വന്നുവെന്ന് ചോദിച്ചു. അതിന് അവന്‍ അവരോട് എന്റെ ഈ ചെറിയ സഹോദരന്മാരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്തടത്തോളം എല്ലാം എനിക്കു ചെയ്തുവെന്ന് ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു.

എവിടെയാണ് ക്രിസ്തുവിന്റെ ജന്മത്തിന്റെ അര്‍ത്ഥം നമ്മള്‍ക്ക് നഷ്ടമായത്? സ്‌നേഹത്തിന്റെ മൂര്‍ത്തിമദ് ഭാവത്തെയാണ് ക്രിസ്തുവെന്ന ചരിത്ര പുരുഷനില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. ദൈവം സ്‌നേഹമായതുകൊണ്ട് അവന്റെ ജന്മത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകുന്നില്ല. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ, മറ്റൊരു മതവിശ്വാസിയെ, അവര്‍ണ്ണരെ, സവര്‍ണ്ണരെ, ദളിതരെ, അഭയാര്‍ത്ഥികളെ, അനാഥരെ, അശരണരെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലയെങ്കില്‍ ക്രിസ്തുവിന്റെ ജന്മത്തിന്റെ അര്‍ത്ഥം നഷ്ടമാക്കുന്നതില്‍ നമ്മളും പങ്കാളികളായിരിക്കും.

ഞാന്‍ മനുഷ്യന്മാരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്ക് സ്‌നേഹമില്ലയെങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രെ (1 കൊരന്ത്യര്‍ 13) 
Join WhatsApp News
ജോസഫ് പൊന്നാേലി 2019-12-21 23:32:36
ജോർജ് പുത്തൻകുരിശ്ശിന്റെ വാക്കുകൾ എത്ര അർത്ഥവത്താണ് : "വാണിജ്യവല്‍ക്കരിക്കപ്പെട്ട ക്രിസ്മസ് ആഘോഷങ്ങളില്‍ ക്രിസ്തുവിന്റെ ജനനത്തിന്റെ അര്‍ത്ഥവും സന്ദേശവും അസ്പഷ്ടവും അവ്യക്തവുമാകുന്നു....എവിടെയാണ് ക്രിസ്തുവിന്റെ ജന്മത്തിന്റെ അര്‍ത്ഥം നമ്മള്‍ക്ക് നഷ്ടമായത്? സ്‌നേഹത്തിന്റെ മൂര്‍ത്തിമദ് ഭാവത്തെയാണ് ക്രിസ്തുവെന്ന ചരിത്ര പുരുഷനില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. ദൈവം സ്‌നേഹമായതുകൊണ്ട് അവന്റെ ജന്മത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമാകുന്നില്ല. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ, മറ്റൊരു മതവിശ്വാസിയെ, അവര്‍ണ്ണരെ, സവര്‍ണ്ണരെ, ദളിതരെ, അഭയാര്‍ത്ഥികളെ, അനാഥരെ, അശരണരെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലയെങ്കില്‍ ക്രിസ്തുവിന്റെ ജന്മത്തിന്റെ അര്‍ത്ഥം നഷ്ടമാക്കുന്നതില്‍ നമ്മളും പങ്കാളികളായിരിക്കും." ശ്രീ പുത്തൻകുരിശ്ശിന്റെ ചിന്തോദ്ദീപകമായ ലേഖനത്തിനും ക്രിസ്തുമസ്സ് സന്ദേശത്തിനും അഭിനന്ദനങ്ങൾ.
John Kunnathu 2019-12-21 23:37:11
Very relevant and timely analysis!
Thomas K Varghese 2019-12-22 15:03:14
  അവസരത്തിനൊത്തു ചിന്തിക്കാൻ നിർബന്ധിക്കുന്ന ലേഖനം.   നന്ദി ..
            മറ്റൊരു കാര്യം കൂടി ചേർത്ത് ചിന്തിക്കണം,      അനേക നാളായി ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്ന,  ഒരു ജനതയെ, പുറം തള്ളപ്പെട്ട ഒരു വലിയ കൂട്ടം ആളുകളെ, അവർ മുസ്ലിം ങ്ങൾ ആയതിനാൽ പുറത്താക്കപ്പെടുന്ന  ഈ  സാഹചര്യത്തോടു  എതിർപ്പു പ്രകടിപ്പിക്കാൻ ഒരു പള്ളിയും മുന്നോട്ടു വരാത്തത്  അവരുടെ മനസ്സിൽ ക്രിസ്തു ജനിക്കാഞ്ഞിട്ടാണോ?   സ്വന്തം പള്ളിയിൽ  ക്രിസ്തുവിനു ജനിക്കാൻ  സാഹചര്യമില്ല,  പിന്നെയാ.........
              പഴുത്ത പ്ലാവില പൊഴിയുമ്പോൾ പച്ച പ്ലാവില  ചിരിക്കും.... നാളെ...?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക