Image

പിറവി- (ജോസ് ചെരിപുറം)

ജോസ് ചെരിപുറം Published on 23 December, 2019
പിറവി- (ജോസ് ചെരിപുറം)
തൂമഞ്ഞിന്‍ വെള്ളപ്പുതപ്പണിഞ്ഞ്
താരകകള്‍ ചിരി തൂകും രാവില്‍,
താരുകള്‍, തളിരുകള്‍ താലമേന്തി
താഴത്തെ മരതകപ്പുല്‍പ്പരപ്പില്‍
സ്വര്‍ഗ്ഗീയകാന്തി ചിന്തിനില്‍ക്കും
ബത്‌ലഹേമിലെ പുല്‍ത്തൊട്ടിലില്‍
താരിളം പൈതലെ കീറത്തുണികളില്‍
താരാട്ടു പാടിയുറക്കുന്ന മേരി.
സ്വര്‍ഗീയതാതന്റെ പൊന്‍മകനെ,
മാനവരക്ഷയ്ക്കായ് വന്നവനെ
സ്വാഗതം ചെയ്യാനാരുമില്ല,
മണ്ണില്‍ തല ചായ്ക്കാനിടവുമില്ല.
താഴെയരികില്‍ മലഞ്ചെരിവില്‍
താഴേക്കിടക്കാരാമാട്ടിടയര്‍
മാലാഖമാരോടൊത്തുചേര്‍ന്ന്
മോദമായ് പാടുന്നു സ്തുതിഗീതങ്ങള്‍.
ഉണ്ണിയെ കണ്ടുനമസ്‌ക്കരിപ്പാന്‍
ഉണ്ടായി ഭാഗ്യമവര്‍ക്കുമാത്രം.
ആടിനെ മേയ്ച്ചുനടക്കുമിവര്‍തന്‍
ആത്മവിശുദ്ധിയറിഞ്ഞു ദൈവം.
ഉണ്ണി പിറക്കുന്നോരോ നിമിഷവും
നന്മ നിറഞ്ഞ ഹൃദയങ്ങളില്‍;
ഉണ്ടായിരിക്കേണ്ടതൊന്നുമാത്രം
സന്മനസ്സുള്ള മനസ്സുമാത്രം.

പിറവി- (ജോസ് ചെരിപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക