Image

ജമന്തിപ്പൂവുകള്‍ (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്‍)

Published on 25 December, 2019
ജമന്തിപ്പൂവുകള്‍ (രമ പ്രസന്ന പിഷാരടി, ബാഗ്ലൂര്‍)
ഓര്‍മ്മകള്‍ക്കെല്ലാമൊരേ
മൗനമാണതില്‍ നിന്ന്
ഞാനൊരു സ്വരം തേടി
നടക്കും വര്‍ഷാന്ത്യത്തില്‍
കാലമേ നെരിപ്പോടില്‍
പുകഞ്ഞു നീറിടുന്ന
ജീവമുദ്രകള്‍ക്കുള്ളില്‍
നിഷാദവിഷാദങ്ങള്‍
നോവുകളെല്ലാം  കര
ഞ്ഞോടുന്ന ദിനാന്ത്യത്തില്‍
ഏകതാളത്തില്‍ ഭൂമി
നീങ്ങുന്ന പഥങ്ങളില്‍
താരകേ നീ കണ്ടൊരു
പ്രളയത്തിനപ്പുറം
വാളയാര്‍ ചുരമുണ്ട്
മറന്നേ പോകുന്നത്
സ്ഫടികപാത്രങ്ങള്‍ പോല്‍
ഉടഞ്ഞ  നിമിഷങ്ങള്‍
ഘടികാരങ്ങള്‍ക്കുള്ളില്‍
ഉറഞ്ഞങ്ങിരിപ്പുണ്ട്
ആരവമിതേ പോലെ
രാപ്പകല്‍ ചുറ്റിച്ചുറ്റി
നോവുന്ന മുറിവായി
ഉണങ്ങാതിരിപ്പുണ്ട്
കാലമോടുന്നു കടി
ഞ്ഞാണുകള്‍ പൊട്ടി
ത്തകര്‍ന്നാരകക്കോലില്‍
രാശി മറന്ന വെണ്‍ശംഖുകള്‍
സൂര്യസന്ധ്യകള്‍ക്കുള്ളില്‍
ചക്രവാളത്തില്‍ മഞ്ഞു
തൂവുന്ന ധനുമാസ
രാവിനെ കടന്നിതാ
ഓര്‍മ്മകളെല്ലാം ശൈല
ശൃംഗങ്ങള്‍ കടന്നേറി
താഴ്വാരമുഴക്കമായ്
പിന്‍വിളിയേറ്റീടുമ്പോള്‍
നിലാവിന്‍ തണുപ്പുണ്ട്
പുഴ പോലൊഴുക്കുണ്ട്
കറുത്ത വാവും, കടല്‍
ത്തിരയും ഇരമ്പവും
കരിമ്പടങ്ങള്‍ ചുറ്റി
വരുന്ന രാവില്‍ നിന്ന്
വെളിച്ചം നീറ്റാന്‍
ജപമിരിക്കും പ്രഭാതമേ
സൂര്യകാന്തിപ്പാടങ്ങള്‍,
രാജമല്ലികള്‍, അഗ്‌നി
നാളങ്ങള്‍  എന്നും  നുകര്‍
ന്നുണരും വാകപ്പൂക്കള്‍
ഋതുഭേദങ്ങള്‍ കഴിഞ്ഞൊരു
വര്‍ഷത്തിന്‍ ശിലാ
ഫലകം സൂക്ഷിക്കുന്ന
ധനുമാസസന്ധ്യകള്‍
തെളിഞ്ഞു തെളിഞ്ഞിതാ
ദീപമാല്യങ്ങള്‍
മഞ്ഞിലുറങ്ങിയുണരുന്ന
പുതിയ പ്രത്യാശകള്‍
ഭ്രമണപഥം, സൂര്യ
മിഴിയില്‍ തിളങ്ങുന്ന
ജമന്തിപ്പൂക്കള്‍ കൈയി
ലെടുത്തു നില്‍ക്കും ഭൂമി.
ഉമിത്തീക്കനല്‍ വീണു
ജ്വലിക്കും സ്വര്‍ണ്ണം പോലെ
ജമന്തിപ്പൂവിന്നിതള്‍
ചൂടുന്ന പുതുവര്‍ഷം......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക