Image

കഞ്ഞികുടി മുട്ടിക്കുന്നത് ഒളിക്കാന്‍ പൗരത്വ ബില്‍ വിവാദം? (വെള്ളാശേരി ജോസഫ്)

Published on 26 December, 2019
കഞ്ഞികുടി  മുട്ടിക്കുന്നത്  ഒളിക്കാന്‍ പൗരത്വ ബില്‍ വിവാദം? (വെള്ളാശേരി ജോസഫ്)
കഴിഞ്ഞ ദിവസം MTNL ലൈന്‍മാന്‍ ഇതെഴുതുന്നയാള്‍ ഓഫീസില്‍ പോകുന്ന 9 മണിക്ക് മുമ്പേ ഞങ്ങളുടെ ഫ്ളാറ്റില്‍ ബ്രോഡ്ബാന്‍ഡ് നന്നാക്കാനായി വന്നിരുന്നു. 'ഇനി ബ്രോഡ്ബാന്‍ഡ് കേടായാല്‍ കംപ്ലെയിന്റ്റ് കൊടുക്കരുത്; എന്നെ വിളിച്ചാല്‍ മതി' എന്ന് മൊബൈല്‍ നമ്പര്‍ തന്നിട്ട് എന്നോട് താഴ്മയോടെ പറഞ്ഞു. ആറടിയില്‍ മിച്ചം പൊക്കവും, ഒത്ത വണ്ണവുമുള്ള ജാട്ടുകാരനായ ആ ലൈന്‍മാന്‍ ആകെ പേടിച്ചിരിക്കയാണ്. 

ബി.എസ്.എന്‍.എല്ലില്‍ എഴുപതിനായിരത്തോളം പേരാണ് 'വോളന്റ്ററി റിട്ടയര്‍മെന്റ്റിന്' അപേക്ഷിച്ചിരിക്കുന്നത്; ചിലര്‍ സംഖ്യ എണ്‍പതിനായിരം കടന്നൂ എന്നും പറയുന്നൂ. അവരില്‍ മിക്കവരും സ്വമനസാലെ ചെയ്തിരിക്കുന്ന പരിപാടി അല്ലിത്. ജോലി പോകും എന്ന് പേടിച്ചാണ് റിട്ടയര്‍മെന്റ്റിന് അപേക്ഷിച്ചിരിക്കുന്നത്. എം.ടി.എന്‍.എല്ലില്‍ ഇപ്പോള്‍ ചിലര്‍ക്കൊക്കെ 'കമ്പള്‍സറി റിട്ടയര്‍മെന്റ്റ്' കൊടുത്തുകഴിഞ്ഞു എന്ന് ആ ലൈന്‍മാന്‍ ഇതെഴുതുന്നയാളോട് പറഞ്ഞു. 'പെര്‍ഫോമന്‍സ് അസസ്മെന്റ്റ്' എന്നു പറഞ്ഞുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പലര്‍ക്കും നോട്ടീസ് നല്‍കികഴിഞ്ഞു. ചിലര്‍ക്കൊക്കെ 'കമ്പള്‍സറി റിട്ടയര്‍മെന്റ്റും' കൊടുത്തുകഴിഞ്ഞു. 50 വയസു കഴിഞ്ഞ പലര്‍ക്കുമാണ് 'കമ്പള്‍സറി റിട്ടയര്‍മെന്റ്റ്' കൊടുക്കുന്നത്. 60 വയസു കഴിയുമ്പോള്‍ ഇതില്‍ ചിലര്‍ക്കൊക്കെ പെന്‍ഷന്‍ കിട്ടാനുള്ള വകുപ്പൊണ്ട്. പക്ഷെ 50 വയസുമുതല്‍ 60 വരെ എങ്ങനെ കഞ്ഞികുടിക്കും എന്നുള്ളതാണ് പ്രശ്‌നം.

'ശമ്പളം മാത്രമേ ഉള്ളൂ; ശമ്പളമില്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ പറ്റില്ലാ' എന്നുപറഞ്ഞു രാജു നാരായണ സ്വാമി ടി.വി. ക്യാമറകള്‍ക്ക് മുന്നില്‍ കരഞ്ഞത് ഈ പ്രശ്‌നം ഉള്ളതിനാലാണ്. ഐ.എ.എസ്. ഓഫീസറാണെങ്കിലും, സാധാരണ ജീവനക്കാരനാണെങ്കിലും കഞ്ഞികുടി ആണല്ലോ ജീവിതത്തില്‍ ഏറ്റവും പരമപ്രാധാനാമായ കാര്യം. 'Man is primarily material because he has to eat to live' - എന്ന് പറഞ്ഞാണല്ലോ കാറല്‍ മാര്‍ക്‌സ് തന്റ്റെ പ്രസിദ്ധമായ 'മെറ്റീരിയലിസ്റ്റ് അനാലിസിസ്' അല്ലെങ്കില്‍ ഭൗതിക വാദം തുടങ്ങുന്നത് തന്നെ. 'മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ലാ; പ്രത്യുതാ ദൈവത്തിന്റ്റെ വചനം കൊണ്ട് കൂടിയാണ് ജീവിക്കുന്നത്' എന്ന് അരുളിചെയ്തപ്പോള്‍ മനുഷ്യ ജീവിതത്തില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം ക്രിസ്തു പോലും നിഷേധിച്ചില്ലാ. പണ്ട് കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ അഴിമതിയും, പെണ്ണുപിടുത്തവുമൊക്കെ ഉണ്ടായിരുന്നെങ്കിലും മനുഷ്യന്റ്റെ കഞ്ഞികുടി മുട്ടിക്കുന്ന പരിപാടി ഇല്ലായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ ബി.ജെ.പി. ഭരിക്കുമ്പോള്‍ രാജ്യത്തെ പൗരന്മാര്‍ കഞ്ഞികുടി പോലും മുട്ടുന്ന രീതിയില്‍ അക്ഷരാര്‍ത്ഥത്തില്‍ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്.

സമ്പദ് വ്യവസ്ഥയുടെ അവസ്ഥ ഈയിടെ വളരെ ആശങ്കാജനകമായി കഴിഞ്ഞു. ഓട്ടോമൊബൈല്‍ സെക്റ്ററില്‍ ഒരു ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്നാണ് 'ഓട്ടോമോട്ടീവ് കംപോണെന്റ്റ് മാനുഫാക്ച്ചറേഴ്സ് അസോസിയേഷന്‍' തന്നെ ഈയിടെ പറഞ്ഞത്. കഴിഞ്ഞ ദിവസം ഇതെഴുതുന്നയാള്‍ താമസിക്കുന്ന നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിക്ക് അടുത്തുള്ള മെയിന്‍ മാര്‍ക്കറ്റില്‍ പോയപ്പോള്‍ സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥ നേരില്‍ മനസിലാക്കാന്‍ സാധിച്ചു. മാര്‍ക്കറ്റില്‍ തിരക്ക് ഒട്ടുമേ ഇല്ലാ. സാധാരണ ഗതിയില്‍ 6 മണി മുതല്‍ 9 മണി വരെയുള്ള സമയം വളരെ തിരക്ക് പിടിച്ചതാണ്; ബൈക്കുകളും മനുഷ്യരും അങ്ങോട്ടുമിങ്ങോട്ടും പായുന്ന സമയമാണത്. പക്ഷെ ഇപ്പോള്‍ ആ തിരക്കൊന്നുമില്ല. ചില കടകളൊക്കെ അടഞ്ഞുകിടക്കുന്നു; ചില നിരത്തുകളൊക്കെ ശൂന്യം. കടക്കാരൊക്കെ മരവിച്ച കണ്ണുകളോടെ കടയിലെ സാധനങ്ങളുമായി ആളുകളെ നോക്കിയിരിക്കുന്നു.

ജോലി നഷ്ടപ്പെടും എന്ന് തോന്നിയാല്‍ ആരാണ് സാധനങ്ങള്‍ക്കായി പണം മുടക്കാന്‍ തയാറാവുക? നമ്മുടെ വിപണി പ്രതിസന്ധിയിലാവുന്നതിന്റ്റെ കാരണം അതാണെന്നാണ് തോന്നുന്നത്. ഇതെഴുതുന്നയാള്‍ താമസിക്കുന്നതിന് താഴെയുള്ള ഫ്ളാറ്റിലെ ചെറുപ്പക്കാരന് ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. അയാളുടെ ഭാര്യ ഇപ്പോള്‍ ജോലിക്ക് അപേക്ഷിക്കുകയാണ്. രണ്ട് കൊച്ചു കുട്ടികളെ വളര്‍ത്തണം; അപ്പോള്‍ ജോലിക്ക് അപേക്ഷിക്കാതിരിക്കാന്‍ പറ്റുമോ? കുറച്ചു നാള്‍ മുമ്പ് ഒരു ഫ്ളാറ്റിലെ ചെറുപ്പക്കാരി വിഷം കുടിച്ച വാര്‍ത്ത കേട്ടിരുന്നു. ഇനിയിപ്പോള്‍ അങ്ങനെയുള്ള അനേകം വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും എന്നാണ് തോന്നുന്നത്. ഇതൊക്കെ എനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ്. 

അതിവിശാലമായ ഇന്‍ഡ്യാ മഹാരാജ്യത്തിലെ മൊത്തം സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും പരപ്പും അപ്പോള്‍ വായനക്കാര്‍ക്ക് ഊഹിക്കാവുന്നതാണ്. താഴേ തട്ടില്‍ ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ ഇതിനേക്കാളൊക്കെ രൂക്ഷമാണ്. ഇന്ത്യയില്‍ മധ്യ വര്‍ഗത്തെ കൂടി സാമ്പത്തിക മാന്ദ്യം ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും ഇത് ഇപ്പോള്‍ വലിയ വിഷയമായി ഏറ്റെടുക്കാന്‍ തയാറായത്. ഐ.എം. എഫ്. പോലും ഇന്ത്യ നേരിടുന്ന ഗുരുതരമായ ഈ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി.

വാര്‍ഷിക അവലോകനത്തിലാണ് ഇന്റ്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്.) ഇന്ത്യ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. ഒരു വര്‍ഷം മുമ്പു വരെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ ഉപഭോഗവും നിക്ഷേപവും നികുതിവരുമാനവും കുറഞ്ഞിരിക്കുന്നു. നോട്ടുനിരോധനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറച്ചെന്ന് ഐ.എം.എഫിന്റ്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടിരുന്നു. ജി.എസ്.ടി. പോലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ സ്വകാര്യ നിക്ഷേപങ്ങളേയും ബാധിച്ചു. കയറ്റുമതി, ഇറക്കുമതി, സര്‍ക്കാര്‍ വരുമാനങ്ങള്‍ എന്നിവയുടെ സൂചികകളെല്ലാം നെഗറ്റീവിലേക്ക് എത്തുന്നത് എന്തായാലും ശക്തമായ ഒരു സമ്പദ് വ്യവസ്ഥയുടെ ലക്ഷണങ്ങളായി കരുതാന്‍ ആവില്ല.

ഈ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് മറ്റൊരു വശം കൂടിയുണ്ട്. പല കമ്പനികള്‍ക്കും ബാങ്കുകളില്‍ ഭീമമായ കടമുണ്ട്. ഉദാരവല്‍ക്കരണത്തെ തുടര്‍ന്ന് പല കമ്പനികള്‍ക്കും ലോണുകള്‍ വളരെ ഉദാരമായ വ്യവസ്ഥകളോടെ നല്‍കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നാണ് മുന്‍ ചീഫ് ഇക്കണോമിക്ക് അഡൈ്വസര്‍ അരവിന്ദ് സുബ്രമണ്യം 'Of Counsel - The Challenges of the Modi - Jaitley Economy' എന്ന പുസ്തകത്തില്‍ പറയുന്നത്. കിട്ടാക്കടങ്ങള്‍ ഇപ്പോള്‍ ബാങ്കിങ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. പല കമ്പനികള്‍ക്കും ബാങ്കുകളില്‍ ഭീമമായ കടമുണ്ട്. ഇപ്പോള്‍ നഷ്ടത്തിലായി കഴിഞ്ഞിരിക്കുന്ന ടെലിക്കോം സ്ഥാപനങ്ങളായ വൊഡാഫോണ്‍-ഐഡിയ, എയര്‍ടെല്‍ - കമ്പനികള്‍ക്ക് ബാങ്കുകളില്‍ ഭീമമായ കടമുണ്ട്. വൊഡാഫോണ്‍-ഐഡിയക്ക് ഒരു ലക്ഷത്തി 17 കോടിയോളം കടമുണ്ട്. എയര്‍ടെല്‍ കമ്പനിക്കാണെങ്കില്‍ ഒരു ലക്ഷത്തി 18 കോടിയോളവും. അപ്പോള്‍ ഈ കമ്പനികള്‍ പൂട്ടിപ്പോവുകയും അവയെ 'പാപ്പരായി' പ്രഖ്യാപിക്കുകയും ചെയ്താല്‍ ബാങ്കുകളുടെ 'ബാലന്‍സ് ഷീറ്റ്' വലിയ നഷ്ടം കാണിക്കില്ലേ? കമ്പനികളുടെ ആസ്തികള്‍ വിറ്റാലും ബാങ്കുകളുടെ കടങ്ങള്‍ വീട്ടാന്‍ പറ്റിയെന്നു വരില്ല. ബാങ്കുകള്‍ നഷ്ടത്തിലായാല്‍ മൊത്തം സമ്പദ് വ്യവസ്ഥയേയും അത് ബാധിക്കില്ലേ? അതുകൂടാതെയാണ് തൊഴില്‍ നഷ്ടപ്പെടുന്നവരുടേയും, അവരുടെ കുടുംബങ്ങളിലുള്ളവരുടേയും പ്രശ്‌നങ്ങള്‍. എങ്ങനെ ഇതിനെ ഒക്കെ മറികടക്കും എന്ന് ചോദിച്ചാല്‍ ആര്‍ക്കും കൃത്യമായ ഒരു ഉത്തരവുമില്ലാ.

പൗരത്വ ബില്ലിനെ ചൊല്ലിയുള്ള ആവശ്യമില്ലാതിരുന്ന വിവാദം സൃഷ്ടിക്കപ്പെട്ടത് ഈ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് തോന്നുന്നത്. പ്രതിപക്ഷവും ജനങ്ങളും ഇന്നത്തെ ഭരണവര്‍ഗം കുഴിച്ച കുഴിയില്‍ വീണത് പോലെയാണ് തോന്നുന്നത്. സാമ്പത്തിക തളര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറിക്കഴിഞ്ഞു. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കേണ്ടതിനു പകരം മതം പറഞ്ഞു ഇന്ത്യയില്‍ ആളുകള്‍ തമ്മില്‍ തല്ലുകയാണ്. മതം ഒരു പാരമ്പര്യ സമൂഹത്തില്‍ വളരെ വൈകാരികമായ വിഷയമാണ്. അത് ഭരണ വര്‍ഗത്തിന് നന്നായി അറിയാം. അതുകൊണ്ട് മതം പറഞ്ഞു ആളുകളെ അവര്‍ വളരെ സമര്‍ത്ഥമായി വഴി തെറ്റിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
VJ Kumar 2019-12-26 11:22:06
ഇന്ത്യക്കാർക്ക് അഭിമാനിക്കാം ഈ നേട്ടം, വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി
Read more:  https://keralakaumudi.com/news/news.php?id=212325&u=foreign-investors-invested-rs-1-lakh-crore-country-stock-market
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക