Image

രണ്ടാംവരവ് (കവിത: ഉഴവൂര്‍ ശശി)

Published on 26 December, 2019
രണ്ടാംവരവ്  (കവിത: ഉഴവൂര്‍ ശശി)
ഒലീവിലകള്‍ ഞെരിയുന്നൊതുക്കു
കല്ലില്‍ നിന്റെ വ്രണമുള്ള പാദങ്ങള്‍
കനല്‍കൊണ്ടു കഴുകിച്ചു
കതകടയ്ക്കാതെ ഞാന്‍ കാത്തിരുന്നീടുന്നു.
വരുമെന്നു പറയാതെ വരുമെന്നറിഞ്ഞവള്‍
ദൂരങ്ങള്‍താണ്ടി തളര്‍ന്നു വന്നീടവേ ഞാനുണ്ട്....
പാപങ്ങള്‍ നോവാക്കി മാറ്റിയോള്‍.
കണ്ണിനാല്‍ കല്ലെറിയപ്പെട്ട എന്റെയീ
തിരുമുറിവു നീയെന്ന
ചുരിക
കൊണ്ടെഴുതിയവ.

പൊള്ളില്ലെനിക്കു നിന്‍ വേദന
കാലമെന്‍ കണ്ണുകള്‍ കൊത്തിപ്പറിക്കുന്ന ഓര്‍മ്മയില്‍
വേനലും മഞ്ഞുമായ് സന്ധ്യകള്‍ വന്നില്ല
ഓടിയകന്നില്ല പെയ്‌തൊഴിഞ്ഞില്ലവ .
ഗര്‍ഭപാത്രത്തില്‍ തരിപ്പായി
എന്നിലെ അഗ്‌നി കെടാതെ സുക്ഷിച്ചവന്‍ നീ:
പിന്നെ ഒലീവിലത്തുമ്പിലും മുന്തിരിത്തോപ്പിലും
ഒരുപാടു ഗീതങ്ങളെഴുതാതെ പോയവന്‍...

പകലിന്റെ വിത്തിനും പ്രളയക്കുരുന്നിനും
പിടിതാളു നേടുവാന്‍ *
മുറിവായ് മറഞ്ഞ നീ
വരുമെന്നറിഞ്ഞു ഞാന്‍
കാക്കാതിരിക്കവേ,
ചിലവുമായ് സത്യം
കടവു കടന്നെത്തി
തുഴകളില്‍
നിനവുകള്‍ കുരിശായി...
പാപമായ് .......

പുണ്യാളരെല്ലാം ചിരിവെച്ചുകെട്ടിയ
മിഴികളാല്‍
'ഇവനാരറിയില്ല'
മൊഴിയവേ ,
ഉള്ളില്‍ മന്ത്രിച്ചതാരെന്‍
പേര്;
നെഞ്ചിലെ ചന്ദനക്കാട്ടിലായ്
നീ കാത്തുപോന്ന പേര്‍.

സര്‍പ്പമിഴഞ്ഞെത്തി മുട്ടയിട്ടീടുന്ന
കത്തുന്ന കാമക്കവാടത്തിലെപ്പോഴും
സ്‌നിഗ്ദ്ധ വാത്സല്യം
നിറച്ചാരു കാത്തതീ
ഹൃത്തിന്‍ മുറിവുകള്‍ ചുംബിച്ചുണക്കുവാന്‍
മുറുകുന്ന കെട്ടിനെ മറികടന്നെത്തുന്ന
വാഴ്ത്തപ്പെടുത്തുന്നവര്‍
ക്കൊക്കെ ഉറങ്ങിടാം
മദഗജം ചിന്നം വിളിയ്ക്കുന്ന
അടവിയില്‍ ഞാനുണ്ടുറങ്ങാതെ .....
ആവില്ലുറങ്ങുവാന്‍.
ഉള്ളിലായെത്ര ആഴ്‌നെന്നറിഞ്ഞീടാത്ത
മുള്ളാണി നോവുന്ന ഏപ്രിലാവുന്നു ഞാന്‍ .

പറയാനറയ്ക്കുന്ന തിരുവചനമെഴുതാത്ത
നിനവുകള്‍ ലയിക്കുന്ന
 കടലു ചുമ്പിക്കുന്നു
കുറിമാനമാവാത്ത സങ്കീര്‍ത്തനങ്ങളില്‍
ഒരുപാടു വരവിന്റെ
ഓര്‍മ്മപ്പുതുക്കല്‍ ഞാന്‍ .
നിണരാഗമായിപ്പടര്‍ന്നു കല്ലേറേറ്റു
സ്മരണയില്‍ മുറിവായ മര്‍ത്ത്യര്‍ തന്‍ കഴലുകള്‍
മിഴിനീരു ചിറകെട്ടി മുടിനാരുമുക്കിയെന്‍
മൃഗതൃഷ്ണ ആത്മപ്രഹര്‍ഷമായ്
മാറ്റുന്നതിനിവരാനുള്ളവര്‍ പറയില്ലയെങ്കിലും
പറയാതെ അര്‍ത്ഥമായ് മാറുന്ന സത്യത്തി
നെഴുതാപ്പുറങ്ങള്‍ക്കു
മുഴുവന്‍ പൊരുളു നാം .


************

* റൂത്തിന്റെ കഥയാണ്. പഴയ നിയമത്തില്‍ നിന്ന്. പിടിതാള്‍, കൊയ്ത്തു കഴിഞ്ഞ പാടത്ത് ബാക്കിയാവുന്ന
നെന്മണികളാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക