Image

ഏഷ്യ പസഫിക് ഉച്ചകോടിയില്‍ ഒബാമ പങ്കെടുക്കില്ല

Published on 14 May, 2012
ഏഷ്യ പസഫിക് ഉച്ചകോടിയില്‍ ഒബാമ പങ്കെടുക്കില്ല
വാഷിംഗ്ടണ്‍: റഷ്യയില്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ആതിഥേയമരുളുന്ന ഏഷ്യ പസഫിക് ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുക്കില്ല. വൈറ്റ്ഹൌസ് പ്രസ് സെക്രട്ടറി ജെ കാര്‍ണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയാണ് ഉച്ചകോടി നടക്കുക. പസഫിക് രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളാനുമിരിക്കുന്ന സുപ്രധാന ഉച്ചകോടിയാണ് ഒബാമ ഒഴിവാക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്കു രണ്ടാമൂഴത്തിനു പടയൊരുക്കം നടത്തുന്ന ഒബാമ ചില സുപ്രധാന പരിപാടികള്‍ സെപ്റ്റംബര്‍ ആദ്യവാരം നടക്കാനിരിക്കുന്നതിനാലാണ് ഉച്ചകോടി ഒഴിവാക്കുന്നതെന്ന് കാര്‍ണി വ്യക്തമാക്കി. തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചൂടുപിടിക്കുന്ന വേളയില്‍, സെപ്റ്റംബര്‍ ആറിന് നോര്‍ത്ത് കരോളിനയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ വച്ച് ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം സ്വീകരിക്കേണ്ടത് ഒഴിവാക്കാനാകില്ലെന്ന് ഒബാമ അറിയിച്ചതായി കാര്‍ണി പറഞ്ഞു. അതോടൊപ്പം, ഈയാഴ്ച അവസാനം വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാനിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ യാത്ര ഒഴിവാക്കിയതും ഒബാമയുടെ തീരുമാനവും കൂട്ടിവായിക്കാന്‍ കഴിയില്ലെന്നും ഒബാമയുടെ തീരുമാനം പകരത്തിനുപകരമല്ലെന്നും കാര്‍ണി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക