Image

ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണറും പൗരത്വ സമരക്കാരും ഇടഞ്ഞപ്പോള്‍ (ശ്രീനി)

Published on 29 December, 2019
ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണറും പൗരത്വ സമരക്കാരും ഇടഞ്ഞപ്പോള്‍ (ശ്രീനി)
പൗരത്വ നിയമഭേദഗതിക്കെതിരായ ജനകീയ സമരങ്ങളെ വിമര്‍ശിച്ച ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ വിവാദപരമായിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു സേനാ മേധാവിയും നടത്താത്ത ഇടപെടലാണ് റാവത്തിന്റേതെന്ന ആരോപണമാണ് ഉയര്‍ന്നത്. റാവത്തിന്റെ പ്രസ്താവന ചില ബി.ജെ.പി നേതാക്കള്‍ ഏറ്റെടുത്തതോടെ വിവാദം കൊഴുത്തു. എന്തിനാണ് ബിപിന്‍ റാവത്ത് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന ചോദ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇതുപോലെ സംസാരിക്കാന്‍ കഴിയുന്നുവെന്ന ചോദ്യവും നിര്‍ണായകമാണ്. ""ജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും ആള്‍ക്കൂട്ടങ്ങളെ നയിച്ച് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ഏറ്റെടുക്കുകയാണ്. അതിനെ നേതൃത്വം എന്നു വിളിക്കാനാകില്ല. രാജ്യത്ത് നടക്കുന്നത് വഴിവിട്ട സമരങ്ങളാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളെ അനുചിത വഴികളിലേക്ക് തള്ളിയിടുന്നവരല്ല നേതാക്കള്‍. തീവയ്പിലേക്കും അക്രമത്തിലേക്കും നയിക്കുന്നത് നല്ല നേതൃത്വമല്ല...'' ബിപിന്‍ റാവത്തിന്റെ വാക്കുകളിങ്ങനെ.

കരസേനാ മേധാവി രാഷ്ട്രീയം പറഞ്ഞത് വിവാദമായപ്പോള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ വിഷത്തില്‍ കുരുങ്ങി. ഇരുവരും ബി.ജെ.പിയുടെ നാവായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആക്ഷേപം. റാവത്തിന്റെ താത്പര്യം എന്തായിരിക്കാം എന്നാണിപ്പോള്‍ പലരും ചികഞ്ഞ് നോക്കുന്നത്. ഈ ഡിസംബര്‍ 31ന് വിരമിക്കുന്ന ബിപിന്‍ റാവത്തിനെ മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ആദ്യത്തെ ഒറ്റ സേനാ തലവനായി (ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്) നിയമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ മോദി അനുകൂല പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഭരണഘടനാ പദവി വഹിക്കുന്ന, രാഷ്ട്രീയ താതാപര്യങ്ങള്‍ക്കതീതമായി നിഷ്പക്ഷനായി പ്രവര്‍ത്തിക്കേണ്ട കേരള ഗവര്‍ണര്‍ സംസാരിച്ചതിന്റെ സാംഗത്യവും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ 80-ാമത് ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് കേരള ഗവര്‍ണര്‍ സംസാരിക്കുമ്പോഴാണ് വ്യാപക പ്രതിഷേധമുയര്‍ന്നത്. പൗരത്വനിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ സംസാരിച്ചു. പ്രതിഷേധങ്ങള്‍ സമാധാനപരമാകണം, എപ്പോള്‍ വേണമെങ്കിലും ഈ വിഷയത്തില്‍ സംവാദം നടത്താമെന്നും ഗവര്‍ണര്‍ പറഞ്ഞു. എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്താമെന്ന് ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികളായ ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. "പൗരത്വ നിയമഭേദഗതിയും എന്‍.ആര്‍.സിയും ഉപേക്ഷിക്കുക' എന്ന പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായപ്പോള്‍ പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങി.

എഴുതി തയ്യാറാക്കിയ പ്രസംഗത്തില്‍നിന്ന് വിഭിന്നമായി തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു പൗരത്വ നിയമത്തെ കുറിച്ച് ഗവര്‍ണര്‍ അഭിപ്രായ പ്രകടനം നടത്തിയത്. ഇതിന് മുമ്പ് സംസാരിച്ച കെ.കെ രാഗേഷ് എം.പി സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍ ചരിത്രം തിരുത്തിയെഴുതുന്ന കാലമാണ് ഇതെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു. ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇതിനൊപ്പം നടക്കുന്നതെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇതിനോടുള്ള പ്രതികരണമായാണ് ഗവര്‍ണര്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചത്.

രാജ്ഭവനിലും കോഴിക്കോടും പ്രതിഷേധിച്ചവരോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞെങ്കിലും ആരും തയ്യാറായില്ലെന്നായിരുന്നു ഗവര്‍ണരുടെ വാദം. പൗരത്വഭേദഗതി നിയമത്തില്‍ തന്റെ വാദങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി. എതിര്‍ക്കുന്നവരെ ഗാന്ധിജി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും അവര്‍ സന്നദ്ധരായിരുന്നില്ലെന്നും പിന്നീട് ഗാന്ധിജി കൊല്ലപ്പെട്ടുവെന്നും ഗവര്‍ണര്‍ എടുത്തു പറഞ്ഞു. പാകിസ്താന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ ഹിന്ദുവായതുകൊണ്ടാണ് പ്രതിഷേധം നേരിട്ടത് എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഇതോടെയാണ് പ്രതിനിധികള്‍ പ്രതിഷേധവുമായി എഴുന്നേറ്റത്. ഈഘട്ടത്തില്‍ വേദിയിലുണ്ടായിരുന്ന പ്രമുഖ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ  ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറുടെ സമീപത്തേക്ക് നീങ്ങി. ""ഇങ്ങനെയാണ് സംസാരിക്കുന്നതെങ്കില്‍ ഗാന്ധിജിയെ അല്ല ഗോഡ്‌സെയെ ഉദ്ധരിക്കൂ...'' എന്ന് ഇര്‍ഫാന്‍ ഹബീബ് രോഷത്തോടെ പറഞ്ഞു. പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു. എന്നാല്‍ എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

ഏതായാലും ഗവര്‍ണര്‍ക്കു നേരേയുണ്ടായ പ്രതിഷേധത്തെ ഗവര്‍ണറുടെ ഓഫീസ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ഗവര്‍ണറുടെ ഓഫീസിന്റെ ട്വീറ്റ് അതിന്റെ സൂചനയാണ്. ചരിത്ര കോണ്‍ഗ്രസ് കഴിഞ്ഞ് നടപടിയുണ്ടാകാനാണ് സാധ്യത. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഗവര്‍ണറുടെ പരിപാടിയില്‍ ഇത്ര ഗുരുതര വീഴ്ചയോ പ്രതിഷേധമോ ഉണ്ടായിട്ടില്ല എന്നാണ് ഗവര്‍ണറുടെ ഓഫീസിന്റെ വിലയിരുത്തല്‍. വേദിയിലും സദസിലും ഒരുപോലെ പ്രതിഷേധം. അതും ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികളും ഉത്തരവാദപ്പെട്ട പദവികളിലുള്ളവരും പ്രതിഷേധിച്ചതാണ് പ്രശനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പോലീസ് ഇന്‍റലിജന്‍സിനും പറ്റിയ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമത്രേ. സദസിന്റെ മുന്‍നിരയിലിരുന്നവര്‍ തന്നെ പ്ലക്കാര്‍ഡുകള്‍ കരുതിയിരുന്നു. പ്രതിനിധികള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കാനിരുന്നിട്ടും അക്കാര്യം ഗവര്‍ണറെ അറിയിച്ചില്ല. സര്‍വകലാശാലാ അധികൃതരും ഇന്റലിജന്‍സും ഇതിനു മറുപടി പറയേണ്ടി വരും. പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തിന്റെ മുഴുവന്‍സമയ വീഡിയോയും ആവശ്യപ്പെട്ടു. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നു ഗവര്‍ണര്‍ ആരോപിച്ചത് സംഭവത്തെ വളരെ ഗൗരവമായി കാണുന്നു എന്നതിനു തെളിവാണ്. വേദിയില്‍ വച്ച് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ശാരീരികമായി തടയാന്‍ ശ്രമിച്ചു എന്നും തന്റെ എ.ഡി.സിയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും തട്ടിമാറ്റി എന്നുമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്.

ഏതായാലും ചരിത്ര കോണ്‍ഗ്രസ് നടക്കുമ്പോള്‍ എന്തെങ്കിലും തുടര്‍നടപടികളിലേക്കു കടക്കാന്‍ ഗവര്‍ണറോ ഗവര്‍ണറുടെ ഓഫീസോ താത്പര്യപ്പെടുന്നില്ല. സര്‍വകലാശാലയുടെ കാര്യത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്കു നേരിട്ടു നടപടി സ്വീകരിക്കാം. മറ്റു കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടി കൈക്കൊള്ളും എന്നു പ്രതീക്ഷിക്കുകയാണ് ഗവര്‍ണര്‍. അതുണ്ടായില്ലെങ്കില്‍ മറ്റു നടപടിക്രമങ്ങളിലേക്കു കടന്നേക്കും. ഗവര്‍ണര്‍ക്കു ശക്തമായ പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

അരാണ് ഗവര്‍ണര്‍..? കേന്ദ്രഗവണ്‍മെന്റില്‍ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങള്‍ സംസ്ഥാന തലത്തില്‍ കൈയ്യാളുന്നതിന് ഇന്ത്യന്‍ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവര്‍ണ്ണര്‍. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഈ പദവിയുടെ പേര് ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്നാണ്. ഒരു സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഭരണം നിര്‍വഹിക്കുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും സംസ്ഥാനത്തിന്റെ നാമമാത്ര ഭരണത്തലവന്‍ ആയി ഗവര്‍ണ്ണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ നടപടികളും ഗവര്‍ണ്ണറുടെ പേരിലാണ് നടക്കുന്നത്. രാഷ്ട്രപതിയാണ് അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ഗവര്‍ണ്ണര്‍മാരെ നിയമിക്കുന്നത്. കാര്യനിര്‍വ്വഹണാധികാരം, നിയമനിര്‍മ്മാണാധികാരം, സ്വേച്ഛാനുസൃതമായ അധികാരം തുടങ്ങി ഗവര്‍ണ്ണര്‍ക്ക് പല അധികാരങ്ങളും നല്‍കപ്പെട്ടിരിക്കുന്നു. ഗവര്‍ണറെ നിയമിക്കുന്നത് രാഷ്ട്രപതി ആണെങ്കിലും ആളെ തീരുമാനിക്കുന്നത് അതാത് കാലത്തു കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകളാണ്. എന്നുകരുതി ഗവര്‍ണര്‍ കേന്ദ്രത്തിനു വേണ്ടി വിടുപണി ചെയ്യേണ്ട ആളാണ് എന്ന് വരുന്നില്ല. തന്റെ രാഷ്ട്രീയം മാറ്റി വെച്ച് ഭരണഘടനക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക