Image

ചക്കകള്‍ പൂക്കുന്ന വസന്തകാലം (ചെറുകഥ: വിനോദ് കൃഷ്ണ മഞ്ചേരി)

Published on 29 December, 2019
ചക്കകള്‍ പൂക്കുന്ന വസന്തകാലം (ചെറുകഥ: വിനോദ് കൃഷ്ണ മഞ്ചേരി)
ഇനി മൃഗാളിപുരത്ത് ഇത്തരത്തിൽ നടക്കുന്ന ഒരു സാംസ്കാരിക പരിപാടിയിലേക്ക് നമുക്കൊന്ന് കടന്ന് ചെല്ലാം.

വേദിയെല്ലാം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. സദസ്സിനു വേണ്ടി കസേരകൾ നിരന്നു കഴിഞ്ഞു. പക്കമേളക്കാരും, വാദ്യക്കാരും അവരുടെ സഞ്ചികളിൽ നിന്നും ഉപകരണങ്ങൾ കുടഞ്ഞൊതുക്കുന്ന തിരക്കിലാണ്. മലയാള മൃഗനായകൻ പുലികേശന് സ്വാഗതം എന്ന വലിയ ബോർഡ് വേദിയിൽ തൂക്കിയിരിക്കുന്നു. ഏതാനും നിമിഷങ്ങൾക്കകം പരിപാടികൾ തുടങ്ങുന്നതാണെന്ന് ഇടക്കിടക്ക് നമ്മുടെ സ്ഥിരം അവതാരകനായ ശങ്കു മൈക്കിലൂടെ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

സദസ്സിലേക്ക് ഓരോ കുടുംബങ്ങളായി എത്തിത്തുടങ്ങി. എല്ലാം പരിചിതർ. മൃഗാളിപുരത്ത് ഏത് പരിപാടി നടക്കുമ്പോഴും ഇവരെ കാണാം. പിന്നെ മറ്റൊരു കൂട്ടരുണ്ട്, കുഞ്ഞുങ്ങളേയും ഒക്കത്തെടുത്ത് പരിപാടിക്ക് വരുന്ന കുടുംബങ്ങൾ. ഇവരെ അധികവും സദസ്സിൽ കാണില്ല. തൊട്ടപ്പുറത്തെ മേക്കപ്പ് മുറിയാണ് ഇവരുടെ സങ്കേതം. അവിടെ ഈ കൊച്ച് കുഞ്ഞുങ്ങൾക്ക് മുഖത്ത് ചായം പുരട്ടിയും, തലമുടി കെട്ടിയും, കണ്ണെഴുതിക്കൊടുത്തും ഒപ്പം കുറേ കുശലങ്ങൾ പറഞ്ഞും അവരങ്ങിനെ ഒതുങ്ങിക്കൂടും.

ഇതിനിടയിലാണ് ഒരു പൈതൽ എന്റെടുത്തേക്ക് ഓടി വന്നത്. മുഖത്തും ചുണ്ടിലും ചായം തേച്ച് കണ്ണിൽ നീളത്തിൽ കൺമഷിയിട്ട് തലമുടി അലങ്കരിച്ച് കൊമ്പിലെല്ലാം തോരണങ്ങൾ തൂക്കി, പട്ടുകൊണ്ട് തുന്നിച്ചേർത്ത ഉടയാടയും.

" എന്താ കുഞ്ഞേ പേര്?"
ഹിരണ്യ....
"എന്താ വേണ്ടേ?"
ഒരിറ്റ് വെള്ളം കുടിക്കണം...

അയ്യോ, ചുണ്ടത്ത് ചായം കട്ടിയിൽ പുരട്ടിയതല്ലേ.. വെള്ളം കുടിക്കുമ്പോൾ ആ ചായം പോകില്ലേ. കുഞ്ഞേ, കുറച്ച് കഴിയട്ടെ, പരിപാടി കഴിഞ്ഞാൽ ഉടൻ വെള്ളം തരാം..

ആട്ടെ കുട്ടി, എത്ര നേരമായി ചായം തേച്ച് നിൽക്കുന്നു?

രണ്ട് മണിക്കൂറായി....

എത്ര കാലത്തെ പരിശീലനമുണ്ടായിരുന്നു?

രണ്ട് മാസം...

സാരമില്ലട്ടോ, പരിപാടി ഇപ്പം തുടങ്ങും. കഴിഞ്ഞാൽ നമുക്ക് ഭക്ഷണം കഴിക്കാം. വെള്ളോം കുടിക്കാം.

അവൾ തലയാട്ടി അവിടെ നിന്നും മേക്കപ്പ് റൂമിലേക്ക് ഓടി.

ഏതാണ്ട് പറഞ്ഞതിലും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സദസ്സ് ഏകദേശം നിറഞ്ഞു.  വേദിയിൽ കസേരകൾ നിറന്നു. അവതാരകൻ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിച്ചു. സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ....

മെയിൻ സ്പോൺസർ കോട്ടും ടൈയും ഒന്ന് ശരിയാക്കി ഉന്തിയ വയർ ഒന്ന് ഉള്ളിലേക്ക് വലിച്ച് പിടിച്ച് വേദിയിലേക്ക് കയറുമ്പോൾ പൂച്ചെണ്ടുമായി കുഞ്ഞുങ്ങൾ സ്വീകരിച്ചു. പിന്നീട് നിറഞ്ഞ ഹർഷാരവത്തോടെ നമ്മുടെ മൃഗനായകൻ പുലികേശിയും.

പിന്നീട് മൃഗാളിപുരത്തെ ആശംസാ തൊഴിലാളികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിച്ചു. ഇതിനിടയിലാണ് രണ്ട് ആശംസാ തൊഴിലാളികൾ ദൂരെ നിന്നും വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇവരെയെല്ലാം വളരെ വേഗത്തിൽ തിരിച്ചറിയാം. കറുത്ത കോട്ടായിരിക്കും മുഖ്യവേഷം. തല ഉയർത്തിപ്പിടിച്ച് നേരെ സദസ്സിലെ മുൻ സീറ്റ് ലക്ഷ്യമാക്കി ഒരു നടപ്പുണ്ട്. അതിനിടയിൽ ഏതെങ്കിലും പരിചയക്കാരെ കണ്ടാൽ ചുണ്ടുകൾ ഒരൽപ്പം ഇടത്തോട്ട് വലിച്ച് ഒരു ചിരിയുണ്ട്. മുഖ്യാഥിതി പുലികേശി സദസ്സിനോടുള്ള ഭയഭക്തി ബഹുമാനത്താൽ വിനീതനായി ഇരിക്കുമ്പോൾ ഈ ആശംസാ തൊഴിലാളികളുടെ ഇരിപ്പ് കണ്ടാൽ മൃഗരാജൻ പോലും നാണിച്ച്പോകും.

നമ്മുടെ മഹാരാഷ്ട്രയിലും, ഉത്തരേന്ത്യയിലും മറ്റും നമ്മൾ ചക്കകളെന്ന് വിളിക്കുന്ന ഒരു വിഭാഗമില്ലേ, വയസ്സറിയിക്കൽ ചടങ്ങിലും, പിറന്നാളിനും, വിവാഹ നിശ്ചയങ്ങൾക്കുമെല്ലാം ഈ ചക്കകൾ വന്ന് കൊട്ടിപ്പാടി പോകാറുണ്ടല്ലോ. അതൊരു ഐശ്വര്യമാണെന്നാണ്‌ വിശ്വാസം. ഏതാണ്ട് അതു പോലെ ഈ മൃഗാളി പുരത്തും ഈ ആശംസാ തൊഴിലാളികൾ ഏത് പരിപാടിക്കും ആദ്യമേ ഒന്ന് കൊട്ടിപ്പാടണം എന്നതാണ് അലിഖിത നിയമം. മൈക്ക് കയ്യിൽ കിട്ടിയാൽ ആവേശത്താൽ പിന്നൊരു വാചകക്കസർത്താണ്. അവിടെ പറഞ്ഞത് തന്നെ ഇവിടേയും. ഇനി പറയാൻ പോകുന്നിടത്തും തഥൈവ.

അദ്ധ്യക്ഷനോ, അവതാരകനോ ഇടക്കിടക്ക് രണ്ട് മിനിറ്റിൽ കൂടരുതെന്ന് പറയുന്നത് മറ്റൊരു ചടങ്ങ്.

അങ്ങിനെ ഇവിടേയും ആശംസകളുടെ പെരുമഴക്കാലം തുടങ്ങി. ഇടക്ക് ഹിരണ്യ മേക്കപ്പ് റൂമിൽ നിന്നും ഇറങ്ങി എന്നെ എത്തിനോക്കുന്നുണ്ട്. ഇപ്പോൾ കഴിയും എന്ന് ആംഗ്യ ഭാഷയിൽ ഞാനും മറുപടി കൊടുത്തു.

അങ്ങിനെ ഏതാണ്ട് ഒരൊന്നൊന്നര മണിക്കൂർ നീണ്ട ആശംസകൾ. ഒടുവിൽ ആശംസാ തൊഴിലാളികൾ എല്ലാവരും തല ഉയർത്തിപ്പിടിച്ച് വരി വരിയായി അടുത്ത ആഘോഷ സ്ഥലത്തേക്ക് നടന്നു. സമയത്തിന്റെ വിലയറിയാവുന്ന പുലികേശി രണ്ട് മിനിറ്റിൽ തന്റെ പ്രഭാഷണം അവസാനിപ്പിച്ചു.

അടുത്തത് കലാപരിപാടികൾ... സോപാന സംഗീതത്തിലെ ഉടുക്കിന്റെ ശബ്ദത്തിൽ പ്രാദേശിക കലാമൃഗങ്ങൾ പാടിത്തകർത്തു. ഹി രണ്യയുടെ നൃത്തം കാണാനായി ഞാൻ ആകാംഷയോടെ കാത്തിരുന്നു. അവസാനം അവളുടെ ഊഴം വന്നു.

അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ അവതാരകൻ പരസ്പര ബന്ധമില്ലാത്ത വർണ്ണനകൾ പറഞ്ഞു കൊണ്ടേയിരുന്നു.

സദസ്സിലെ ലൈറ്റുകളെല്ലാം അണഞ്ഞു. വേദിയിൽ അരണ്ട വെളിച്ചം മാത്രം. സംഗീതം ആരംഭിച്ചതും അവൾ ആ വേദിയിൽ തളർന്ന് വീണു.

ഞാൻ ഞെട്ടിയുണർന്നു. ക്ലോക്കിൽ നോക്കുമ്പോൾ സമയം 6 മണി.
Join WhatsApp News
Jamhar 2020-01-02 12:23:57
കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരുമായോ ഇപ്പോൾ റിയാദിൽ ഉള്ളവരുമായോ വല്ല സാമ്യവും തോന്നിയാൽ അത് വെറുമൊരു സംശയം മാത്രമാണെന്ന് അറിയിച്ചുകൊള്ളുന്നു 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക