Image

പച്ചപ്പരപ്പിനിടയിലൊരു മായാനഗരം (ചരിത്രമുറങ്ങുന്ന നേപ്പാൾ -3: മിനി വിശ്വനാഥൻ)

Published on 29 December, 2019
പച്ചപ്പരപ്പിനിടയിലൊരു മായാനഗരം (ചരിത്രമുറങ്ങുന്ന നേപ്പാൾ -3: മിനി വിശ്വനാഥൻ)
ഒടുവിൽ കാത്തു കാത്തിരുന്ന യാത്രാദിനമായി. ശ്രീബുദ്ധന്റെ നാട്ടിലേക്ക് വെറുതെയൊരു യാത്ര.
നേപ്പാൾ സന്ദർശനം നാട്ടിലേക്കുള്ള യാത്രാമദ്ധ്യേയായതിനാൽ വെറുമൊരു ബാക്ക്പാക്ക് യാത്രയല്ല ഇത്തവണത്തേത് എന്നൊരു വ്യത്യാസമുണ്ടായിരുന്നു. അതിന്റെതായ ചില്ലറ അസൗകര്യങ്ങൾ മനസ്സിനെ അലട്ടാതെയുമിരുന്നില്ല. പതിവുപോലെ ഡ്യൂട്ടിഫ്രീയിലൊന്നും ചുറ്റിയടിക്കാതെ നല്ല കുട്ടികളായി ഷാർജ എയർപോർട്ടിലെ വെയിറ്റിങ്ങ് ലോഞ്ചിൽ ഇരുന്നു. ബാംഗ്ലൂരുകാരുമായി നിരന്തരം മെസേജുകളിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുമുണ്ടായിരുന്നു. ഞങ്ങൾ ഷാർജയിൽ നിന്ന് ഫ്ലൈറ്റിൽ കയറുമ്പോഴേക്കും ബാംഗ്ലൂർക്കാർ എയർപോർട്ടിൽ എത്തിയിട്ടേയുണ്ടായിരുന്നുള്ളു. ഏകദേശം മുക്കാൽ  മണിക്കൂറിന്റെ വ്യത്യാസത്തിലാണ് കാഠ്മണ്ടുവിൽ ഇരുകൂട്ടരും ലാൻഡ് ചെയ്യുക. വിനീതയും ശ്രീക്കുട്ടിയും ഹിമാലയം കാണാൻ പോവുകയാണെന്ന സന്തോഷത്തിന്റെ പാരമ്യത്തിലാണ്.

എന്നിൽ വിമാനയാത്രയുടെ കൗതുകങ്ങൾ കാലം ഒടുക്കിയിരുന്നു. സൈഡ് സീറ്റിന്റെ ആഡംബരം പോലും .
ഷാർജയിൽ നിന്ന് വിമാനം ഉയർന്നാൽ പുറംകാഴ്ചകളിൽ കുറച്ച് സമയം മരുഭൂമിയും കുറെയേറെ സമയം കടലും പിന്നെ അനന്തമായി നീണ്ടു കിടക്കുന്ന ആകാശവുമാണ്.
ലാൻഡ് ചെയ്യുന്നത് രാത്രിയായതിനാൽ ഹിമാലയ ദർശനഭാഗ്യം ഉണ്ടാവില്ലെന്നുറപ്പാണ്. മഴക്കാലമായതിനാൽ കാർമേഘങ്ങൾ കാഴ്ചയെ മറയ്ക്കാനും സാദ്ധ്യതയുണ്ട് എന്ന് പ്രതീക്ഷയുടെ മുനയൊടിച്ചിരുന്നു നേപ്പാൾ സ്വദേശികളായ കൂട്ടുകാർ.

വെക്കേഷന് നാട്ടിലേക്ക് പോവുന്നവരാണ് സഹയാത്രികരിലേറെയും. കാഠ്മണ്ഡുവിൽ നിന്ന് മണിക്കൂറുകൾ യാത്ര ചെയ്താലേ സ്വന്തം നാട്ടിലെത്തൂ എന്ന് പറഞ്ഞു അടുത്ത സീറ്റുകാരൻ. മഴക്കാലമായതിനാൽ റോഡുകളുടെ സ്ഥിതി എന്താവുമെന്നറിയാത്ത ആധിയിലായിരുന്നു അയാൾ. ഞങ്ങളിലേക്ക് ആ ആധി പകരുന്നതിന് മുൻപ് എന്റെ കണ്ണുകൾ ഫ്ലൈറ്റിലെ ദിശാ സൂചകസ്ക്രീനിൽ പതിഞ്ഞു. ഇന്ത്യക്ക് മുകളിലൂടെയാണ് ഞങ്ങൾ പറക്കുന്നതെന്ന അറിവിൽ വെറുതെ എനിക്ക് സന്തോഷം തോന്നി. സ്നേഹത്തോടെ പുറത്തേക്ക് നോക്കി. സ്വന്തം നാടിനു മുകളിലൂടെ  പറന്നു നടക്കുന്ന മേഘങ്ങളെ നോക്കി പരിചയം പുതുക്കി. അവയെ കൈ നീട്ടി തൊടാനാവാത്തതിൽ സങ്കടം തോന്നി.

കാലാവസ്ഥ മോശമാണെന്ന അനൗൺസ്മെൻറുകൾക്കിടയിൽ വിമാനം  ലാൻഡ് ചെയ്യുകയാണെന്ന അറിയിപ്പ് കിട്ടി. കുന്നിൽ ചെരിവു നിറയെ ദീപാലങ്കാരവുമായി കാഠ്മണ്ടു നഗരം ഞങ്ങളെ സ്വീകരിച്ചു. കടുത്ത മഞ്ഞുപാളികൾക്കുള്ളിലൂടെ പുറത്ത് വരുന്ന ദീപക്കാഴ്ചയ്ക്കൊടുവിൽ വിമാനം ഭൂമിയെ സ്പർശിച്ചു. ദുബായിലെ നാല്പത് ഡിഗ്രിയിൽ നിന്ന് നിന്ന് പുറത്തെ ഇരുപത് ഡിഗ്രിയിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ തണുപ്പ് ശരീരം മുഴുവൻ പൊതിഞ്ഞു.
പരമ്പരാഗത നേപ്പാൾ വാസ്തുശില്ല രീതിയിൽ ഇഷ്ടികകളും മരവും കൊണ്ട് നിർമ്മിച്ച ചെറിയ ഒരു എയർപോർട്ട് ആയിരുന്നു കാഠ്മണ്ടുഖിലേത്. രാത്രിയുടെ നിശബ്ദത എയർപോർട്ടിനെയും ബാധിച്ചിരുന്നു.
വിസ ആവശ്യമില്ലെങ്കിലും എംബാർക്കേഷൻ ഫോം പൂരിപ്പിക്കണം. തൊട്ടു മുന്നിൽ വന്ന വിമാനത്തിലെ യാത്രക്കാർ തിടുക്കം കൂടി ഫോം പൂരിപ്പിക്കുകയായിരുന്നു. ഞങ്ങൾ ബാംഗ്ലൂർ ഫ്ലൈറ്റ് വരുന്നത് വരെയുള്ള
സമയമുണ്ടെന്ന ആശ്വാസത്തിൽ അവിടെയൊന്ന് ചുറ്റിക്കറങ്ങി.അപ്പോഴേക്കും ബാംഗ്ലൂർ ഫ്ലൈറ്റും എത്തി. ഞങ്ങളൊരുമിച്ച് ചെക്കിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങി.

പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു. പറഞ്ഞേൽപ്പിച്ച കാർ കാത്തുനിൽക്കുന്നുണ്ടെന്ന മെസേജ് വന്നു. പഴയ രണ്ടു മാരുതിക്കാറുകളായിരുന്നു അവിടെ ഞങ്ങളെ കാത്തിരുന്ന ശകടങ്ങൾ. ലഗേജുകളും കൂട്ടത്തിൽ  ഞങ്ങളെയും എങ്ങിനെയൊക്കെയോ  കുത്തിക്കയറ്റി ബുക്ക് ചെയ്ത ഹോട്ടൽ ലക്ഷ്യമാക്കി കാറുകൾ നീങ്ങി.

കാഠ്മണ്ടുവിലെ തിരക്കുപിടിച്ച വ്യാപാരമേഘലയിലൊന്നായ തമേൽ മാർക്കറ്റിനുള്ളിലായിരുന്നു ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടൽ.  മഴ പെയ്തവസാനിച്ചിരുന്നു. നനഞ്ഞ തെരുവുകൾ വെളിച്ചഘോഷത്താൽ നിറഞ്ഞിരുന്നു. ട്രെക്കിങ്ങ്കാരുടെ പ്രധാന വിശ്രമകേന്ദ്രം കൂടിയാണ് തമേൽ. അതു കൊണ്ട് തന്നെ റെസ്റ്റോറന്റുകളും ഷോപ്പുകളും ചെറിയ ഗസ്റ്റ്ഹൗസുകളും ധാരാളമായി അവിടെ ഉണ്ടായിരുന്നു. രാത്രി വൈകുവോളം ഉണർന്നിരിക്കുന്ന തമേൽമാർക്കറ്റ് നല്ല ഒരു ഷോപ്പിങ്ങ് കേന്ദ്രമാണ്. കമ്പിളിക്കുപ്പായങ്ങളും ചെറു പുതപ്പുകളും കൗതുകവസ്തുക്കളും നിരന്നിരിക്കുന്ന കടകൾക്കിടയിലൂടെയായിരുന്നു ഹോട്ടലിലേക്കുള്ള വഴി.

ചെറുതാണെങ്കിലും നല്ല വൃത്തിയും ഭംഗിയുമുള്ളതായിരുന്നു ഹോട്ടൽ മുറികൾ. നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും പങ്ക് വെച്ചു കഴിഞ്ഞപ്പോഴേക്കും ശ്രീപൂജയെ കാണാനാവാത്ത സങ്കടം മനസ്സിൽ നിറഞ്ഞു. യാത്രാ ക്ഷീണത്താൽ ആ രാത്രി ഞങ്ങൾ പുറത്തിറങ്ങിയില്ല. രാവിലെ എട്ട് മണിയോടെ  നാട് കാണാനുള്ള വാഹനം എത്തുമെന്ന് ടൂർ ഓപ്പറേറ്ററുടെ മെസേജും വന്നിരുന്നു. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ച് ഒരു കരുതൽ ഉണ്ടായിരുന്നു ട്രാവൽ ഏജന്റിന്. സരിതമാഡത്തിന്റെ അതിഥികൾക്ക് ഒരു കുറവും വരാൻ പാടില്ലെന്ന നിർബദ്ധവും.

നേപ്പാളിലെ ആദ്യ പ്രഭാതം  മഴച്ചാറലോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. മൺസൂൺ ചതിക്കില്ലെന്ന വിശ്വാസത്തിൽ യാത്രക്കൊരുങ്ങി ഞങ്ങൾ ഡൈനിങ്ങ് ഹാളിലെത്തി. രാത്രി പട്ടിണി കിടന്നതിന്റെ ക്ഷീണമുണ്ട് എല്ലാവർക്കും. മുറി ബുക്ക് ചെയ്യുമ്പോൾ വിനിതയും വിശ്വേട്ടനും സാമ്പത്തിക ലാഭം കണക്ക് കൂട്ടിയും കിഴിച്ചും കോംപ്ലിമെന്ററി ബ്രേക്ഫാസ്റ്റ് വേണ്ടെന്ന് പറഞ്ഞിരുന്നു. അവിടത്തെ ബ്രേക്ഫാസ്റ്റിന്റെ വില കണ്ടപ്പോൾ അതൊരു വേണ്ടാത്ത കണക്ക് കൂട്ടലായിപ്പോയെന്ന് രണ്ടു പേർക്കും സമ്മതിക്കേണ്ടിയും വന്നു..ഒരു ആലു പറാത്തക്കും ചെറിയ കപ്പ് തൈരിനും കാപ്പിക്കും കൂടെ 500 രൂപ. ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് ഓർഡർ ചെയ്തവർക്ക് വയറ് നിറയുകയും ചെയ്തില്ല അഞ്ഞൂറ് രൂപ പോവുകയും ചെയ്തു..കഠിനമായ അനുഭവങ്ങളിലൂടെയാണ് ഓരോ പാഠങ്ങൾ പഠിക്കുകയെന്ന തത്വചിന്ത ഉരുവിടുമ്പോഴേക്കും ഡ്രൈവർ വണ്ടിയുമായി എത്തിയെന്ന് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് പറഞ്ഞു.
നരേഷ്ഥാപ്പയെന്ന പ്രസന്നവദനനും മിടുക്കനുമായ ഡ്രൈവറായിരുന്നു ഞങ്ങളുടെ സാരഥി. ഏല്പിച്ച സെവൻ സീറ്ററിനു പകരം ടൊയോട്ടയുടെ ഒരു മിനി വാൻ (ടോയോട്ട ഹൈയസ്) ആയിരുന്നു ഞങ്ങളുടെ വാഹനം. അതിന് പിന്നിലുമൊരു നിമിത്തമുണ്ടെന്ന് യാത്രാന്ത്യം ഞങ്ങളെ ഓർമ്മിപ്പിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 2551 കിലോമീറ്റർ ഉയരെ സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരി മലനിരകളിലേക്കാണ് ഞങ്ങളുടെ ആദ്യ യാത്ര....

പകൽ വെളിച്ചത്തിൽ നഗരം ആദ്യമായി  കാണുകയായിരുന്നല്ലോ ഞങ്ങൾ. പ്രവൃത്തി ദിവസത്തിന്റെ തിരക്കുകളിലായിരുന്നു നഗരം .വഴിയരികിൽ ഇലവർഗ്ഗങ്ങളും പച്ചക്കറികളും പഴങ്ങളും വില്പനക്ക് വെച്ചിരിക്കുന്ന
സ്ത്രീകളുടെ കണ്ണുകളിൽ വല്ലാത്തൊരു നിസ്സഹായതയും വാങ്ങാനാരെങ്കിലും വരുമെന്ന നിസ്സംഗതയും കാണാതായി. റോഡുകളുടെ സ്ഥിതി ഒട്ടും മെച്ചപ്പെട്ടതുമായിരുന്നില്ല. അതിനിടയിൽ നേപ്പാൾ സിം എടുത്തിരുന്നു ഞങ്ങൾ. നരേഷുമായുള്ള കമ്മ്യുണിക്കേഷന് സിം അത്യാവശ്യമാണ്.
താഴ്വാരങ്ങളിലെ വീടുകളുടെ കാഴ്ച വിവിധ നിറങ്ങളിൽ ചായം തേച്ച  പെട്ടികൾ അടുക്കി വെച്ചതു പോലെ  തോന്നി. പണ്ട് കൂനൂരിലെ ഞങ്ങളുടെ ക്വാർട്ടേഴ്സിൽ നിന്ന് താഴേക്ക് നോക്കുന്ന ഒരോർമ്മ മനസ്സിലുണർന്നു.

പച്ചപ്പരപ്പിനിടയിലൊരു മായാനഗരമായിരുന്നു കാഠ്മണ്ടു.

ചന്ദ്രഗിരിയിലെ കാഴ്ചകളും വിശേഷങ്ങളുമായി അടുത്ത ആഴ്ച വീണ്ടും....

പച്ചപ്പരപ്പിനിടയിലൊരു മായാനഗരം (ചരിത്രമുറങ്ങുന്ന നേപ്പാൾ -3: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക