Image

രാത്രിനടത്തം (കവിത: സീന ജോസഫ്)

Published on 30 December, 2019
രാത്രിനടത്തം (കവിത: സീന ജോസഫ്)
കൂടെപ്പോരുന്നോ,
റേറ്റ്‌ എത്രയാ, എന്നാരും ചോദിച്ചില്ലെന്ന്

വിറയ്ക്കുന്ന വിരലുകൾക്കിടയിൽ മൊട്ടുസൂചികൾ
ഒളിച്ചു പിടിക്കേണ്ടി വന്നില്ലെന്ന്

കണ്ണുകൾ ചുറ്റിലും ചുരിക പോലെ 
ചുഴറ്റിയെറിയേണ്ടി വന്നില്ലെന്ന്

ഹൃദയം പെരുമ്പറ പോലെ
ഞെട്ടിവിറച്ചു നിലവിളിച്ചില്ലെന്ന്

വൃത്തികെട്ട വിരലുകൾ ചൊറിയൻ പുഴു പോലെ
ഉടലിൽ ഉഴറിനടന്നില്ലെന്ന്

ആത്മാവിൽ ആരും ആസിഡ്‌ ഒഴിച്ച്‌
പൊള്ളിച്ചില്ലെന്ന്

അറപ്പിന്റെ വഴുവഴുപ്പു വീണ ഉടയാടകൾ
തീയിലെറിയേണ്ടിവന്നില്ലെന്ന്

മെഴുതിരിനാളങ്ങളിൽ പ്രതീക്ഷകൾ
വല്ലാതെ തിളങ്ങിയെന്ന്

രാത്രിനടത്തം ഒരു സ്വപ്നം പോലെ
സുന്ദരമായിരുന്നുവെന്ന്

ഒന്നുറങ്ങിയുണരുമ്പോൾ വീണ്ടും ഭീതിയുടെ
ഇരുൾക്കുഴിയിലേക്ക്‌ വീണുപോകില്ലെന്ന്
എങ്ങനെയുറപ്പിക്കാനാകുമെന്ന്...
Join WhatsApp News
ജോസഫ് നമ്പിമഠം 2019-12-31 10:38:11
നല്ല കവിത. അഭിനന്ദനങ്ങൾ 
Sonia 2020-01-01 03:18:01
തീവ്രമായ രോഷം വരികളിൽ.. ഒരു പെണ്ണിനു മാത്രം എഴുതാൻ പറ്റുമ്പോലെ... ശരിക്കും പെണ്ണെഴുത്ത്.. beautiful..
Seena Joseph 2019-12-31 18:36:10
Thank you..
വിദ്യാധരൻ 2019-12-31 20:50:55
കാമാഗ്നിയിൽ കരിഞ്ഞു ചാമ്പലാകുന്നു
കാമാസക്തിയെ കീഴടക്കിയ 'ഫ്രാങ്കോമാരും'.
രാത്രിയുടെ യാമങ്ങളിൽ തേടുന്നവർ
രതിക്രീഡയ്ക്കായ് ദേവതകളെപ്പോലും  
മേനകമാർ അരുണാഭ വസ്ത്രങ്ങൾ ചുറ്റി 
മുന്നിൽ നടനമാടുമ്പോൾ,  ഇളകിടുന്നു
വിശ്വാമിത്രനും,  ഇണചേരുവാൻ കൊതിക്കുന്നു.
നമ്മളെ പടച്ചവൻ ആരായിരുന്നാലും
ആളവൻ ഭയങ്കരൻ; കുത്തണം 
മൊട്ടു സൂചികൊണ്ടവന്റെ കൈയ്ക്ക് തീർച്ച .

ആലിയാര് 2020-01-01 09:42:06
ഇങ്ങള് കബിത എയിതപ്പോൾ റോഡിൽ നിന്ന് ഷൂളം അടിക്കണവരേം , ബസ്സിൽ യാത്ര ചെയ്യുന്നവരേം മാത്രമേ പറഞ്ഞുള്ളു .വിദ്യാധരൻ മാഷ് പറഞ്ഞപോലെ , ഫ്രാങ്കോയേം , വിശ്വാമിത്ര മഹര്ഷിയേം, ട്രമ്പിനേം ബിട്ടു കളഞ്ഞത് ശരിയായില്ല . ഇങ്ങള് പെണ്ണുങ്ങൾക്ക് ബികാരം ഇല്ലേ ? ആനിയമ്മ ചേടത്തി പറേണത്‌ കേട്ടാൽ തോന്നും ആണുങ്ങൾക്ക് മാത്രമേ ഈ കൊയപ്പം ഉള്ളെന്ന് . എന്തായാലും പരസ്പര സമ്മതം ഇല്ലാതെ ബ്രിത്തികേട്‌ കാണിക്കണ പരിപാടി നല്ലതല്ല .  കയ്യിൽ മൊട്ടു സൂചിയുള്ള കാര്യം പടച്ചവനറിയണ്ട . അങ്ങേരാണ് ഇതിന്റെ പിന്നിലെ ആള് .  ഞമ്മടെ ചങ്ങാതി മൊല്ലാക്കാനേ സൂക്ഷിക്കണം . 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക