Image

മൊഴി നല്‍കില്ല; ജയിലില്‍ പോകാന്‍ തയാര്‍: മാധ്യമപ്രവര്‍ത്തകന്‍

Published on 15 May, 2012
മൊഴി നല്‍കില്ല; ജയിലില്‍ പോകാന്‍ തയാര്‍: മാധ്യമപ്രവര്‍ത്തകന്‍
മൊഴി നല്‍കില്ല; ജയിലില്‍ പോകാന്‍ തയാര്‍

ന്യൂദല്‍ഹി: എന്‍.ഡി.എ ഭരണകാലത്ത് നടന്ന പ്രതിരോധ അഴിമതി ഇടപാടുകള്‍ ഒളികാമറ വഴി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചു. കോടതിയില്‍ സാക്ഷിമൊഴി നല്‍കാന്‍ ഹാജരാകുന്നതിന് വരുന്ന പ്രതിദിന ചെലവ് നല്‍കാന്‍ സി.ബി.ഐ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണിത്. ‘സ്വന്തം പോക്കറ്റില്‍നിന്ന് ചെലവാക്കി ഇനി മൊഴി നല്‍കാന്‍ പറ്റില്ല.
കോടതിക്ക് വേണമെങ്കില്‍ അറസ്റ്റു ചെയ്ത് ജയിലിലാക്കാം’ -മാത്യു സാമുവല്‍ കോടതിയില്‍ പറഞ്ഞു. മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ കോടതി, പ്രശ്നത്തില്‍ അടിയന്തര തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ച് വിചാരണ നടപടികള്‍ ജൂലൈ 12ലേക്ക് മാറ്റി.
അഴിമതി പുറത്തുകൊണ്ടുവന്നതിന്‍െറ പേരില്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ‘മാധ്യമം’ ആഴ്ചപ്പതിന്‍െറ പുതിയ ലക്കത്തില്‍ മാത്യു സാമുവല്‍ വിശദീകരിക്കുന്നുണ്ട്. സേനക്ക് യുദ്ധസാമഗ്രികള്‍ വാങ്ങുന്നതിന് ഒത്താശ ചെയ്യാന്‍ ബി.ജെ.പി മുന്‍ പ്രസിഡന്‍റ് ബങ്കാരു ലക്ഷ്മണ്‍ ലക്ഷം രൂപ കോഴ വാങ്ങുന്നതിന്‍െറ തെഹല്‍ക ഒളികാമറ ദൃശ്യങ്ങള്‍ പകര്‍ത്തിയതും ‘കോഴ’ നല്‍കിയതും മാത്യു സാമുവലാണ്.
അദ്ദേഹം 25 ദിവസം പ്രത്യേക കോടതിയില്‍ ഹാജരായി നല്‍കിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ബങ്കാരു ലക്ഷ്മണ്‍ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയിലിലായത്. മൊഴിനല്‍കാന്‍ വിമാനടിക്കറ്റ് അടക്കമുള്ള ചെലവുകള്‍ വാഗ്ദാനം ചെയ്ത് മാത്യു സാമുവലിനെ ദല്‍ഹിക്ക് വിളിച്ചുവരുത്തിയ സി.ബി.ഐ യാത്രയുടെയും ഭക്ഷണത്തിന്‍െറയും നാമമാത്ര ചെലവുപോലും നല്‍കാന്‍ തയാറായില്ല.
തെഹല്‍ക വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട 11 കേസുകളില്‍ മൊഴിനല്‍കുന്നതിന് 200 ദിവസംകൂടി കോടതിയില്‍ ഹാജരാകണമെന്നാണ് സി.ബി.ഐ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പ്രതിദിനം 200 രൂപയും ഭക്ഷണ ചെലവിനത്തില്‍ 25 രൂപയും നല്‍കാമെന്നാണ് വാഗ്ദാനം. ദല്‍ഹിയില്‍ തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്കുപോലും പ്രതിദിനം 450 രൂപ കൂലി നല്‍കുന്നുണ്ടെന്നും കോടതി കാന്‍റീനില്‍ ഉച്ചഭക്ഷണത്തിന് നല്‍കേണ്ടത് 65 രൂപയാണെന്നും മാത്യു സാമുവല്‍ കോടതിയെ ബോധിപ്പിച്ചു. അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതിന്‍െറ പേരില്‍ പലവിധ പീഡനമാണ് നേരിടുന്നത്. ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. 11 കൊല്ലമായി നിയമപരമായ നൂലാമാലകള്‍ക്ക് പിന്നാലെയാണ്.
ഇതോടെ, രോഹിണിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ രംഗം ചൂടായി. ചെലവ് നല്‍കേണ്ടത് കോടതിയല്ലെന്ന് ജഡ്ജി പറഞ്ഞപ്പോഴാണ്, മൊഴി നല്‍കാത്തതിന്‍െറ പേരില്‍ ജയിലില്‍ പോകാന്‍ തയാറാണെന്ന് മാത്യു സാമുവല്‍ പറഞ്ഞത്.
തുടര്‍ന്ന് സി.ബി.ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ജഡ്ജി മനോജ് കെ. ജയിന്‍ വിളിച്ചുവരുത്തി. മാത്യു സാമുവലിന്‍െറ ആവശ്യം ന്യായമാണെങ്കില്‍പോലും, ചെലവ് തുക നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. അതേസമയം, പൊതുപ്രാധാന്യമുള്ള ഒരു കേസില്‍ ഒരാള്‍ സ്വന്തം കൈയില്‍നിന്ന് ചെലവിടേണ്ട കാര്യമില്ല -കോടതി കൂട്ടിച്ചേര്‍ത്തു.
തെഹല്‍ക വെളിപ്പെടുത്തലിനെ തുടര്‍ന്ന് സര്‍വീസില്‍നിന്ന് പുറത്താക്കപ്പെട്ട ആറുപേരില്‍ പ്രതിരോധ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറിയും മുന്‍പ്രതിരോധ സഹമന്ത്രി ഹരിണ്‍ പഥക്കിന്‍െറ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയുമായിരുന്ന എച്ച്.സി. പന്ത്, റവന്യൂ സര്‍വീസ് ഓഫിസറായിരുന്ന നരേന്ദ്രസിങ് എന്നിവര്‍ക്കെതിരായ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ഇവര്‍ മാത്യു സാമുവലില്‍നിന്ന് കോഴപ്പണം കൈപ്പറ്റിയിരുന്നു. കേസില്‍ തെഹല്‍ക ടീമിലെ ഏകസാക്ഷിയാണ് മാത്യു സാമുവല്‍.

(Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക