Image

പുറത്താക്കിയാല്‍ വി.എസിനെ നേതാവാക്കി പുതിയ പാര്‍ട്ടിക്ക്‌ നീക്കം

Published on 15 May, 2012
പുറത്താക്കിയാല്‍ വി.എസിനെ നേതാവാക്കി പുതിയ പാര്‍ട്ടിക്ക്‌ നീക്കം
കൊച്ചി: വി.എസ്‌. അച്യുതാനന്ദനെ സിപിഎമ്മില്‍ പുറത്താക്കിയാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അണികള്‍ അണിയറയില്‍ നീക്കം തുടങ്ങി. പാര്‍ട്ടി അണികള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ വിഎസ്‌ പക്ഷത്തെ പ്രമുഖര്‍ സൂചനകള്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്‌. ഏതു കടുത്ത നീക്കത്തിനും തയാറായിട്ടാണു തങ്ങള്‍ നിലകൊള്ളുന്നതെന്നാണു വിഎസ്‌ പക്ഷം സൂചിപ്പിക്കുന്നത്‌. സിപിഎം നേതൃത്വത്തില്‍നിന്നുള്ള നടപടികള്‍ക്കായി കാക്കുകയാണവര്‍. ഉടന്‍തന്നെ കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെ നീളുന്ന ജനകീയ മാര്‍ച്ചുമായി അദ്ദേഹം രംഗത്തെത്തുമെന്നു വിഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കി.

പുറത്താക്കല്‍ പോലുള്ള കടുത്ത നടപടികള്‍ ഉണ്‌ടാകുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്‌ടാകാത്തതാണു കൂടുതല്‍ ദൃശ്യമായ പ്രവര്‍ത്തനം നടത്തുന്നതിനു വിഎസ്‌ പക്ഷത്തിനു തടസമാകുന്നത്‌. എന്തുതന്നെ ആയാലും തയാറെടുത്തു കഴിഞ്ഞു.

ഇതിനിടെ വി.എസിനെ അനുമയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക നേതൃത്വം തുടങ്ങി. ആര്‍എസ്‌പി നേതാവ്‌ ടി.ജെ. ചന്ദ്രചൂഡനെപ്പോലുള്ളവരെ ഇടപെടുവിച്ചു വിഎസിനെ അനുനയിപ്പിക്കാനുള്ള നീക്കവും ഈ പശ്ചാത്തലത്തിലാണ്‌. പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കണമെന്നു കേന്ദ്ര നേതൃതവും ആവശ്യപ്പെടുന്നു.

വിഎസിനെ പുറത്താക്കുകയാണെങ്കില്‍ എറണാകുളത്ത്‌ പത്തോളം ജില്ലാ കമ്മിറ്റി അംഗങ്ങളും അഞ്ച്‌ ഏരിയാ സെക്രട്ടറിമാരും എങ്കിലും അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നാണു വിഎസ്‌ പക്ഷം കണക്കുകൂട്ടുന്നത്‌. കൂടാതെ സംസ്ഥാന വ്യാപകമായി സി.പി.എമ്മിനെതിരേയുള്ള കടുത്ത രോഷവും, വി.എസിനോടുള്ള ആഭിമുഖ്യവും വി.എസ്‌ പക്ഷക്കാര്‍ക്ക്‌ സന്തോഷം പകരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക