Image

മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ താക്കീതായി ഹേമ കമ്മിറ്റി (ശ്രീനി)

ശ്രീനി Published on 01 January, 2020
 മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ താക്കീതായി ഹേമ കമ്മിറ്റി (ശ്രീനി)
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അഥവാ അവസരങ്ങള്‍ നല്‍കാമെന്നു പറഞ്ഞുള്ള ലൈംഗികചൂഷണം ഉള്‍പ്പെടെ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നതായുള്ള ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചലചിത്ര രംഗത്തെ കപട സദാചാരത്തിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. സിനിമാ മേഖലയിലെ സ്ത്രീകളുമായും തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ടുവര്‍ഷം നീണ്ട തെളിവെടുപ്പുകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് മലയാള സിനിമയിലെ സ്ത്രീവിരുദ്ധ പ്രവണതകള്‍ തുറന്നുകാട്ടുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നടി ശാരദ, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി വല്‍സല കുമാരി എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു. സിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒട്ടേറെയാണെന്ന് കമ്മിഷന്‍ കണ്ടെത്തി. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കും കുറ്റംചെയ്യുന്നവര്‍ക്കും പിഴ ചുമത്തണം. ഇത്തരക്കാര്‍ക്ക് സിനിമാ വ്യവസായത്തില്‍ വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. *ചലച്ചിത്രരംഗത്തേക്ക് പുതുതായി കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്നു.*ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ പലപ്പോഴും പോലീസില്‍ പരാതിപ്പെടാറില്ല. *ചിത്രീകരണ സ്ഥലങ്ങളില്‍ കക്കൂസുകളും വസ്ത്രം മാറ്റാനുള്ള സൗകര്യവും ഇല്ലാത്ത അവസ്ഥയുണ്ട്. *സ്ത്രീകള്‍ക്കു നേരെ സൈബര്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള അക്രമങ്ങള്‍ കൂടുന്നു. *മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗത്തെത്തുടര്‍ന്നുള്ള അതിക്രമങ്ങള്‍ കൂടുന്നു...തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍. • 

'വിമന്‍ ഇന്‍ സിനിമ കളക്ടീവി'ന്റെ (ഡ.ബ്ല്യു.സി.സി) ഇടപെടലുകളെക്കുറിച്ചും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എടുത്തു പറയുന്നുണ്ട്. ഈ സംഘടനയുടെ ഇടപെടലുകള്‍ ഫലപ്രദമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 1917 ഫെബ്രുവരി 19നാണ് പ്രമുഖ നടി കൊച്ചിയില്‍ അതിക്രൂരമായ ആക്രമണത്തിനിരയാവുന്നത്. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. സംഭവമുണ്ടായി രണ്ട് ദിവസത്തിനകം തന്നെ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ യോഗം ചേര്‍ന്ന് സഹപ്രവര്‍ത്തക നേരിട്ട അക്രമത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അമ്മയിലെ ആണധികാര കേന്ദ്രങ്ങളില്‍ നിന്ന് ഒരു പ്രഖ്യാപനമുണ്ടായി. ''രാത്രി നടിമാര്‍ ഒറ്റക്ക് യാത്ര ചെയ്യേണ്ട...'' എന്ന്. പറയുന്നതും ചര്‍ച്ചചെയ്യുന്നതും തൊഴിലെടുക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം. പക്ഷെ തീരുമാനിക്കുന്നത് രക്ഷകര്‍ത്താക്കള്‍ ചമയുന്ന ആങ്ങളമാരുമെന്ന് ആക്ഷേപമുയര്‍ന്നു. 

ആയിരക്കണക്കിന് സ്ത്രീകള്‍ തൊഴില്‍ ചെയ്യുന്ന സിനിമാ മേഖലയില്‍, സ്ത്രീകളുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ചുരുങ്ങിയത് ആ മേഖലയിലെ ഒന്നോ രണ്ടോ സ്ത്രീകളോടെങ്കിലും ചര്‍ച്ച ചെയ്തതിന് ശേഷം വേണമെന്ന സാമാന്യ മര്യാദ പോലും കാണിക്കാതെയുണ്ടായ ഒറ്റവാക്കിലുള്ള തീര്‍പ്പായിരുന്നു അത്. അരക്ഷിതമായ സാഹചര്യങ്ങളില്‍ രാവും പകലുമെന്നില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആ തീരുമാനത്തിന് മുമ്പോ പിമ്പോ അവര്‍ക്കിടയില്‍ ചോദ്യമായതുമില്ല. തങ്ങള്‍കൂടി അംഗമായ താരസംഘടനയുടെ ആ രക്ഷാകര്‍തൃ നിലപാടില്‍ നിന്നാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടത്തില്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ചോദ്യമായി ഉയര്‍ത്തിക്കൊണ്ടു വരാനും അതിന് പരിഹാരം കാണാനുമായി ഒരു കൂട്ടം വനിതകള്‍ ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഇന്ത്യയില്‍ തന്നെ ആദ്യമായി വനിതാ സിനിമാപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ എന്ന ആശയം രൂപപ്പെടുന്നതും. ചരിത്രപരമെന്നോ വിപ്ലവകരമെന്നോ വിശേഷിപ്പിക്കാവുന്ന 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്' ഉണ്ടാവുന്നതങ്ങനെയാണ്.

സംഘടനയുടെ പിറവിക്ക് ശേഷം മലയാള സിനിമ രംഗത്തെയും ഗ്രസിച്ച ചൂഷങ്ങളെ കുറിച്ച് ധൈര്യപൂര്‍വം സംസാരിക്കാന്‍ നടിമാര്‍ മുന്നോട് വന്നു. അവസരം നല്‍കാന്‍ കൂടെ കിടക്കണമെന്ന ആവശ്യവുമായി സംവിധായകരോ സൂപ്പര്‍ നായകന്മാരോ ക്ഷണിക്കുന്നതിനെയാണ് സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ച് എന്ന് വിളിക്കുന്നത്. നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാന്‍ മടിയില്ലാത്ത പദ്മപ്രിയ, ചാര്‍മിള, പ്രയാഗ മാര്‍ട്ടിന്‍, കാതല്‍ സന്ധ്യ, വരലക്ഷ്മി ശരത്ത് കുമാര്‍, ലക്ഷ്മി രാമകൃഷ്ണന്‍, മുരുഗേശ്വരി, കെ.പി.എ.സി ലളിത, പാര്‍വ്വതി, ടിസ്‌ക ചോപ്ര, കസ്തൂരി, വൈശാലി ഫെയിം സുപര്‍ണ ആനന്ദ് തുടങ്ങി നിരവധി നടിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരമുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയുണ്ടായി. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാല്‍ ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ താന്‍ ആ കാര്യത്തെ വളരെ ബോള്‍ഡ് ആയിത്തന്നെ ഡീല്‍ ചെയ്തുവെന്നും കസ്തൂരി പറയുന്നു. സംവിധായകന്റെ ഭാഗത്തു നിന്നാണ് അത്തരം ഒരു മോശം സമീപനം ഉണ്ടായതെന്നും ഗുരുദക്ഷിണയായി അദ്ദേഹം ആവശ്യപ്പെട്ടത് തന്റെ ശരീരമാണെന്നും കസ്തൂരി വെളിപ്പെടുത്തുന്നു. ഗുരുദക്ഷിണ പലവിധത്തിലുണ്ടല്ലോ എന്നൊക്കെ അദ്ദേഹം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആദ്യമൊന്നും എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്കു മനസ്സിലായില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ശരിയായ ഉദ്ദേശം മനസ്സിലായപ്പോള്‍ അയാള്‍ക്ക് ചുട്ട മറുപടി കൊടുത്തെന്നും പിന്നീട് അയാള്‍ തന്നോട് സംസാരിച്ചിട്ടേയില്ലെന്നും കസ്തൂരി പറയുന്നു.

മലയാള സിനിമയില്‍ തന്റെ കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നുവെന്നാണ് വൈശാലി ഫെയിം സുപര്‍ണ ആനന്ദിന്റെ വെളിപ്പെടുത്തല്‍. പുരുഷ കേന്ദ്രീകൃതമാണ് ഇന്നും സിനിമയെന്നും സിനിമയിലെ വനിതാ കൂട്ടായമകളെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. തന്റെ ഡ്രൈവറില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായി എന്ന വെളിപ്പെടുത്തലുമായി പദ്മപ്രിയ രംഗത്ത് എത്തിയിരുന്നു. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു പദ്മപ്രിയയുടെയും വെളിപ്പെടുത്തല്‍. സംഭവത്തില്‍ പരാതി നല്‍കിയിട്ട് യാതൊരു നടപടിയും ഉണ്ടായില്ല എന്ന് നടി പറഞ്ഞു. സിനിമാ സംഘടനകളും മൗനം പാലിച്ചു. ചെറുപ്പക്കാരായ മൂന്ന് പയ്യന്മാര്‍ സിനിമയുടെ കഥ പറഞ്ഞ് തന്നെ കോഴിക്കോട് വിളിച്ചു വരുത്തി കൂടെ കിടക്കാന്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു ചാര്‍മിളയുടെ പരാതി.

'വിശ്വാസ പൂര്‍വ്വം മന്‍സൂര്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പ്രയാഗ മാര്‍ട്ടിന് ദുരനുഭവം ഉണ്ടായത്. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രയാഗയോട് മോശമായി പെരുമാറുകയായിരുന്നു. നടി പ്രതികരിച്ചപ്പോള്‍ വിഷയം വിവാദമായി. ഒടുവില്‍ സെറ്റില്‍ തന്നെ പ്രശ്‌നം ഒതുക്കി തീര്‍ക്കാന്‍ വേണ്ടി നടിയോട് ഇയാള്‍ പരസ്യമായി മാപ്പ് പറഞ്ഞു. എന്നാല്‍ പിന്നീട് ഇതേ വ്യക്തി നടിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു. ചെന്നൈയില്‍ ഒരു പരിപാടായില്‍ സംസാരിക്കവെയാണ് തനിക്ക് നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് കാതല്‍ സന്ധ്യ വെളിപ്പെടുത്തിയത്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ വച്ചായിരുന്നു ആ സംഭവം. അതിനാല്‍ പരാതി നല്‍കാന്‍ കഴിഞ്ഞില്ല എന്ന് കാതല്‍ സന്ധ്യ പറഞ്ഞു.

ചാനല്‍ പ്രമുഖനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ട്വിറ്ററിലൂടെയാണ് വരലക്ഷ്മി ശരത്ത് കുമാര്‍ വെളിപ്പെടുത്തിയത്. അരമണൂക്കൂറോളം സംസാരിച്ച ശേഷം ചാനല്‍ പ്രമുഖന്‍ കിടക്ക പങ്കിടാന്‍ ക്ഷണിക്കുകയായിരുന്നു. ദേഷ്യം മറച്ച് വച്ച് ഞാന്‍ അയാളോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയുമ്പോള്‍, സിനിമയല്ലേ.. ഇതൊക്കെ ഉണ്ടാവും എന്നാണ് എല്ലാവരും പറയുക. ഞാനൊരു സ്ത്രീയാണ്, മാംസപിണ്ഡമല്ല. അഭിനയം എന്റെ തൊഴിലാണ് എന്നാണ് അത്തരക്കാരാട് വരലക്ഷ്മി പറയുന്നത്. സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് ലക്ഷ്മി രാമകൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. മോണിറ്ററില്‍ അഭിനയിച്ച രംഗങ്ങള്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ തോളില്‍ കൈയ്യിട്ട് ഇഷ്ടം പ്രകടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ''ഇഷ്ടമല്ലേ...'' എന്ന് ചോദിച്ചു. ''ഇഷ്ടമല്ല...'' എന്ന് ഞാന്‍ പറഞ്ഞു. പിന്നെ ആ ചിത്രത്തിന്റെ സെറ്റില്‍ എനിക്ക് കഷ്ടപ്പാടായിരുന്നു. വെറുതേ ഒന്ന് നടക്കുന്ന രംഗം പോലും 25 പ്രാവശ്യം ടേക്ക് പോയി.

''നാന്‍ കടവുള്‍'' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ തമിഴ് നടിയാണ് മുരുഗേശ്വരി. ഒരിക്കല്‍ ബസ്സില്‍ നിന്നി ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മുരുഗേശ്വരിയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായത്. പിന്തുടര്‍ന്ന് വന്ന രണ്ട് യുവാക്കള്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇവര്‍ മുരുഗേശ്വരിയുടെ വസ്ത്രം വലിച്ചു കീറുകയും ചെയ്തു. നടി നിലവിളിച്ചതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് അടൂര്‍ ഭാസിയാണെന്ന കെ.പി.എ.സി ലളിതയുടെ വെളിപ്പെടുത്തലും ഞെട്ടലുളവാക്കുന്നതായിരുന്നു. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. ഞാനതിന് വഴങ്ങിക്കൊടുക്കാതെയായപ്പോള്‍ പല സിനിമകളില്‍ നിന്നും എന്നെ പുറത്താക്കി. മദ്രാസിലെ വീട്ടില്‍ മദ്യപിച്ച് വന്ന്, നഗ്‌നനായി ബഹളമുണ്ടാക്കി. അടുത്ത ദിവസം ബഹദൂര്‍ എത്തിയാണ് ഭാസിയെ കൂട്ടിക്കൊണ്ടുപോയത്.

ചില പ്രമുഖ സംവിധായകര്‍ കൂടെ കിടക്കാന്‍ വിളിച്ചിട്ടുണ്ട് എന്ന് നടി പാര്‍വ്വതിയും വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലാണ് ഈ ദുരനുഭവം ഉണ്ടായത്. മറ്റൊരു ഇന്റസ്ട്രിയിലും ഉണ്ടായിട്ടില്ല എന്നും പാര്‍വ്വതി വ്യക്തമാക്കിയിരുന്നു. അത് അവരുടെ അവകാശം പോലെയാണ് ചോദിക്കുന്നത്. നമ്മുടെ മാന്യമായ സ്വഭാവത്തിലൂടെ അവരെ ഒതുക്കി നിര്‍ത്തുകയാണ് അവിടെ വേണ്ടത എന്ന് പാര്‍വ്വതി പറയുന്നു 'താരേ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരം ടിസ്‌ക ചോപ്ര മായാബസാര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് മലയാളത്തിലെത്തിയത്. ബോളിവുഡിലെ ഒരു പ്രമുഖ സംവിധായകന്‍ തന്നെ ഹോട്ടല്‍ മുറിയില്‍ കൂടെ കിടക്കാന്‍ ക്ഷണിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. വളരെ മാന്യമായി ആ സംവിധായകനെ നടി ഒഴിവാക്കുകയും ചെയ്തു.

കാസ്റ്റിങ് കൗച്ച്, മീടൂ വിവാദങ്ങളില്‍ ഇവരെ കൂടാതെ നിരവധി നടിമാരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഭയവും അപമാന ഭാരവും മൂലം വെളിപ്പെടുത്താത്തവരാണ് ഭൂരിപക്ഷവും. ലൈംഗിക അരാജകത്വവും വൈകൃതവും കാമഭ്രാന്തും  മലയാള സിനിമയില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. പല നടിമാരുടെയും ദുരൂഹ മരണങ്ങള്‍ക്കിത് കാരണമാവുകയും ചെയ്തിട്ടുണ്ട്. 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്' എന്ന ചിത്രത്തിന് പ്രസ്തുത വിഷയവുമായി ബന്ധമുണ്ട്.  സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്. പ്രശസ്ത ചലച്ചിത്ര താരവും ദേശീയപുരസ്‌കാര ജേതാവുമായ ലേഖ (നളിനി) ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ഒരു ചെറുഗ്രാമത്തില്‍ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെണ്‍കുട്ടിക്ക് എങ്ങനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്ന്വേഷണമാണ് ചിത്രം. താന്‍ ചിത്രീകരിച്ചത് നടി ശേഭയുടെ ജീവിതവും മരണവുമാണെന്ന് സംവിധായകന്‍ കെ.ജി ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്. സംവിധായകന്‍ ബാലു മഹേന്ദ്രയെയാണ് ശോഭ വിവാഹം ചെയ്തത്. അറിയപ്പെടാത്ത കാരണങ്ങളാല്‍ 17-ാം വയസില്‍ 1980 മേയ് ഒന്നാം തീയതിയാണ് ശോഭ ആത്മഹത്യ ചെയ്തത്.

ജസ്റ്റിസ് ഹേമ കമ്മിറ്റി ഇന്ത്യയില്‍ ഇത്തരത്തില്‍ ആദ്യത്തേതാണ്. അവസരം കിട്ടാന്‍ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്ന് ചില നടിമാര്‍ തെളിവ് സഹിതമാണ് കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുള്ളത്.സിനിമാ മേഖലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കാന്‍ ജില്ല ജഡ്ജിയുടെ നേതൃത്വത്തില്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും ശക്തമായ നിയമം കൊണ്ടുവരണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചിന് താന്‍ ഇരയാകാറുണ്ടെന്ന് യുവനടന്‍ നവജിത്ത് നാരായണന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്കുണ്ടായ ഒരു അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് നടന്‍ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ആണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് നവജിത്ത് പ്രതികരിച്ചു. ഇത്തരത്തില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ച സംവിധായകന് ഒരു താക്കീത് നല്‍കാനാണ് ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ കുടുംബം തകര്‍ക്കാന്‍ ഉദ്ദേശമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താതിരുന്നതെന്നും പോലീസിന് പരാതി നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകോത്തര ചിത്രങ്ങള്‍ക്ക് ജന്‍മം കൊടുത്തിട്ടുള്ള മലയാള സിനിമയിലെ അപചയങ്ങളും ജീര്‍ണതകളും ദൂര്‍നടപ്പും ഇല്ലാതാക്കാന്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും സിനിമയിലെ അധാര്‍മികതയ്ക്കും സദാചാര ഭ്രംശത്തിനുമെതിരെയുള്ള താക്കീതാണീ റിപ്പോര്‍ട്ട്. ഇത് കുറ്റവാളികളില്‍ ഭയവുമുളവാക്കിയിരിക്കണം. ഇച്ഛാശക്തിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് മലയാള ചലചിത്ര പ്രേമികളുടെ കൂട്ടപ്രാര്‍ത്ഥന.

 മലയാള സിനിമയിലെ ലൈംഗിക ചൂഷണത്തിനെതിരെ താക്കീതായി ഹേമ കമ്മിറ്റി (ശ്രീനി)
Join WhatsApp News
Mee2 2020-01-01 10:18:12
ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വൃത്തികേടുകളെ കുറിച്ച് മമ്മൂട്ടിക്കും മോഹൻലാലിനും എന്താണ് പറയാനുള്ളത് ? അതോ ദിലീപിനെപ്പോലെയുള്ളവർക്ക് കൂട്ട് നില്ക്കുകയോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക