Image

ഇളം പച്ച നിറത്തിലുള്ള ഗോദ്‌റെജ് അലമാര- (സുനീതി ദിവാകരന്‍)

സുനീതി ദിവാകരന്‍ Published on 01 January, 2020
ഇളം പച്ച നിറത്തിലുള്ള ഗോദ്‌റെജ് അലമാര- (സുനീതി ദിവാകരന്‍)
ഇത്തിരി പുറകോട്ടൊന്നു തിരിഞ്ഞു നോക്കണം
ഒരു പത്തിരുപതു കൊല്ലം പുറകിലേക്ക് 
വീടുകളിലൊക്കെ അന്നൊരു അലമാര മുക്കുണ്ടായിരുന്നു
മുക്കിന്റെ ഉടമയും രാജനുമായി
ഇളം പച്ചനിറത്തിലുള്ള ഒരു ഗോദ്‌റെജ് അലമാരയും
വീട്ടിലെ വിശ്വസ്തനായിരുന്ന അലമാര
സ്വര്‍ണവും, പണവും, പാസ്ബുക്കുകളും
ആധാരങ്ങളും, പോളിസികളുമൊക്കെ
കാത്തുസൂക്ഷിച്ചിരുന്നു
അലമാരയില്‍ അടുക്കി വെച്ചിരുന്ന
തുണികള്‍പോലും അന്ന് അഹങ്കരിച്ചിരുന്നു
വയറില്‍ കൊള്ളാത്തതൊക്കെ കുത്തിനിറക്കുമ്പോള്‍
ദഹനക്കേട് വന്നു അലമാര ഛര്‍ദ്ദിച്ചിരുന്നു
വര്‍ഷങ്ങള്‍ പറന്നു പോയി, അലമാരക്കും നര തുടങ്ങി
തൊലി പരുക്കനാവാനും ശബ്്ദം ഇടറാനും തുടങ്ങി
അലമാര തുറക്കുമ്പോഴുള്ള കര കര ശബ്ദം
അരോചകമാവാന്‍ തുടങ്ങി
ചുളിവും നരയും മാറാന്‍
അലമാരക്കും കൊടുത്തു ഒരു ബ്യൂട്ടീട്രീറ്റ്‌മെന്റ്
ഇളം പച്ച നിറത്തില്‍നിന്നും
ഇളം ബ്രൗണിലേക്കൊരു കളര്‍ മാറ്റം
ചായമെത്ര പൂശിയാലും പ്രായം കുറയുമോ?
അലമാരയുടെ വാര്‍ദ്ധക്യം മറച്ചുവെക്കാന്‍ പറ്റാതായി
അലമാര ദിവസവും തുറക്കാതായി
ദഹനക്കേട് പോയിട്ട് വയറുനിറയെ
ഭക്ഷണം പോലും കിട്ടാതായി
വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടല്‍ അലമാരയും അറിഞ്ഞുതുടങ്ങി
മിണ്ടതൊരു മൂലക്കിരിക്കാന്‍ അലമാരക്കും കിട്ടി ആജ്ഞ
ഔട് ഡേറ്റഡ് ആയ അലമാര വേണ്ടാത്തത്
കുത്തിനിറക്കാനുള്ള ഒരു ഇടമായി മാറി
ചുമര്‍ നിറയെ വാര്‍ഡ്രോബുകള്‍ പണിതപ്പോള്‍
പലനിറത്തിലും തരത്തിലുമുള്ള 
കൂടുകളും വലിപ്പുകളുമായപ്പോള്‍
സ്ഥലം മുടക്കനായൊരു അലമാര വേണ്ടാതായി
രാജാധികാരങ്ങളും അവകാശങ്ങളുമൊഴിഞ്ഞു
അലമാര ഇന്ന് ആക്രി സാധനങ്ങള്‍ക്കൊപ്പമായി
ഒറ്റക്കിരിക്കുമ്പോള്‍ അലമാരയുടെ ചിന്ത ഇങ്ങനെ
കാലം ഇനിയും കടന്നുപോകും
വാര്‍ഡ്രോബും തനിക്കു കൂട്ടായി 
ഒരു നാള്‍ ഈ ആക്രി മുക്കിലെത്തും.

ഇളം പച്ച നിറത്തിലുള്ള ഗോദ്‌റെജ് അലമാര- (സുനീതി ദിവാകരന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക