Image

ആള്‍ക്കൂട്ടം(കവിത) -എം.ബഷീര്‍

എം.ബഷീര്‍ Published on 04 January, 2020
ആള്‍ക്കൂട്ടം(കവിത) -എം.ബഷീര്‍
ആള്‍ക്കൂട്ടം പിരിഞ്ഞുപോകാത്ത
ഒരു തെരുവാണ് ഞാന്‍
വന്നുപോകുന്നവരും
വഴിനടക്കുന്നവരും
സ്ഥിരതാമസക്കാരുമുണ്ടെന്റെയുള്ളില്‍

ഓരോ കവിതയെഴുതിക്കഴിയുമ്പോഴും
ആത്മഹത്യ ചെയ്യുന്ന കവികള്‍
താമസിക്കുന്ന മുറിയുണ്ട്
എന്റെയുള്ളില്‍

എങ്ങോട്ടെന്നറിയാതെ
വീടുവിട്ടുപോന്ന കുട്ടികള്‍
തോരാമഴയെ നോക്കിനില്‍ക്കുന്ന
പീടികക്കോലായയുണ്ട്
എന്റെയുള്ളില്‍

ഒരു വണ്ടിയും നിര്‍ത്താത്ത
സ്‌റ്റേഷനില്‍
ഋതുക്കളുടെ പേരറിയാത്ത യാത്രികര്‍
ഏകാന്തത പുതച്ചിരിക്കുന്ന
ഒരു തീവണ്ടിയാപ്പീസുണ്ട്

കനലൂതിയൂതി
കരളിനെ കല്ലാക്കിയൊരു പെണ്ണ്
ജീവപര്യന്തം തീരുന്നതും കാത്ത്
കരിഞ്ഞു പുകഞ്ഞിരിക്കുന്നൊരു
അടുക്കളയുണ്ട്

ചുട്ടുപഴുത്ത മണലില്‍
കാലടികള്‍ വേവിക്കാന്‍ വെച്ച്
തിരയില്ലാത്ത കടലിനെ നോക്കി നോക്കി
പച്ചമരങ്ങളുടെ ആകാശം വരയ്ക്കുന്ന
പരദേശിയെ അടച്ചിട്ട തടവുമുറിയുണ്ട്
എന്റെയുള്ളില്‍

പ്രണയത്തിന്റെ സൂചികൊണ്ട്
മുറിവുകളുടെ കുപ്പായം തുന്നി
പരസ്പരമണിയിച്ച്
മൗനത്തിന്റെ ദ്വീപുകളില്‍
ഒറ്റയ്ക്ക് പാര്‍ക്കുന്ന രണ്ടുപേരുടെ
മൂടാത്ത കല്ലറകളുള്ള
ശ്മാശാനമുണ്ട്

ചെമ്പരത്തിയുടെ വസന്തം കൊണ്ട്
ഉയിരിനെ ഉന്മാദത്തിന്റെ
ഉത്സവപ്പറമ്പാക്കിയൊരുത്തന്‍
ഉടച്ചുകളഞ്ഞൊരു കണ്ണാടിമാളികയുണ്ട്

പിന്നിലൊളിപ്പിച്ച കത്തിയുമായി
ചിരിച്ചു നടക്കുന്നൊരു
അഴകിയരാവണന്‍ പാര്‍ക്കുന്ന
ഇടിഞ്ഞുവീഴാറായ
ഭാര്‍ഗ്ഗവീ നിലയമുണ്ടെന്റെയുള്ളില്‍

മുഖമൂടികള്‍ വില്‍ക്കുന്ന
മുന്തിയ പീടികകളുണ്ട്
പൊയ്ക്കാലുകള്‍ നിര്‍മ്മിക്കുന്ന
കൂറ്റന്‍ ഫാക്ടറികളുണ്ട്
തലച്ചോറ് വാടകയ്ക്ക് നല്‍കുന്ന
പാണ്ടികശാലകളുണ്ട്
മതിലുകള്‍ മാത്രമുണ്ടാക്കുന്ന
മേസ്തിരിമാരുണ്ട്
കണ്ണില്‍കാണുന്നതൊക്കെ
കട്ടുവില്‍ക്കുന്നൊരു
കള്ളനുണ്ടെന്റെയുള്ളില്‍

കൊടുങ്കാറ്റിനെ ഗര്‍ഭം ധരിച്ചൊരുവള്‍
കുടിയിരിക്കുന്ന
മഴപൂത്ത മരമുണ്ട്
കാറ്റ് തല്ലിക്കൊഴിച്ച
ഇലകളുടെ ചുടുകാട്ടില്‍
എരിയുന്ന ചിതകളുണ്ട്
നെഞ്ചിലെ ചങ്ങലകിലുക്കി
തീരാത്ത നൃത്തമാടുന്ന തിരകളുടെ
കണ്ണീര് നിറച്ച ശംഖുകളുണ്ടെന്റെയുള്ളില്‍

ഓര്‍മ്മകള്‍
പണ്ട് കിനാക്കളുടെ
പച്ചമണ്ണ് കുഴച്ചുണ്ടാക്കിയ
പുരാതന കോട്ടകളുണ്ട്
മറവിയുടെ മരങ്ങള്‍ കാടുപിടിച്ച
ആളൊഴിഞ്ഞ നിരത്തുകളുണ്ടെന്റെയുള്ളില്‍

വിപ്ലവത്തിന് വെടിമരുന്നുണ്ടാക്കുന്ന
കലാപകാരികളുടെ കമ്മ്യൂണുണ്ട്
വിശുദ്ധമുദ്രകള്‍ കൊത്തിവെച്ച
സുവര്‍ണ്ണമിനാരങ്ങളുണ്ട്
തോറ്റുപോയവരുടെ പ്രതിമകള്‍ക്ക്
കാവല്‍നില്‍ക്കുന്ന
ചിറകറ്റ പക്ഷികളുണ്ടെന്റെയുള്ളില്‍

രക്തസാക്ഷികളുടെ പേരുകള്‍ മാഞ്ഞുപോയ
ചുവന്ന ചുമര്‍ചിത്രങ്ങളുണ്ട്
ഒറ്റുകാര്‍ ഒളിച്ചു പാര്‍ക്കുന്ന
നിറം മാറുന്ന മണിമാളികകളുണ്ട്
വെള്ളരിപ്പ്രാക്കളെ നായാടിക്കൊന്ന്
ചോരകുടിച്ചു ദാഹം മാറ്റുന്നൊരു
കാട്ടാളനുണ്ടെന്റെയുള്ളില്‍

വീടുവിട്ട് മരച്ചോട്ടിലിരുന്ന്
സഹനത്തിന്റെ വേരുകള്‍
ഭൂമിയോളം ആഴത്തില്‍ പടര്‍ത്തിയൊരു ബുദ്ധനുണ്ടെന്റെയുള്ളില്‍

വെടിവെച്ചാലും
കണ്ണീര്‍വാതകം ചീറ്റിയാലും
അടിച്ചോടിച്ചാലും പിരിഞ്ഞുപോകാത്ത
ഒരാള്‍ക്കൂട്ടമുണ്ടെന്റെയുള്ളില്‍.....

ആള്‍ക്കൂട്ടം(കവിത) -എം.ബഷീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക