Image

വിഷാദവലയങ്ങള്‍ (പുസ്തക നിരൂപണം )- ശ്രീമയി സൗമ്യ

ശ്രീമയി സൗമ്യ Published on 04 January, 2020
വിഷാദവലയങ്ങള്‍ (പുസ്തക നിരൂപണം  )- ശ്രീമയി സൗമ്യ
വിഷാദത്തിലൂടെ കടന്നു പോയിട്ടുള്ളവര്‍ക്കറിയാം അതിന്റെ സുഖവും വേദനയും. ചിലപ്പോള്‍ വിഷാദം നമുക്ക് പല ജീവിതസമസ്യകള്‍ക്കും ഉത്തരം നല്‍കും. ഒരേ സമയം ഊര്‍ജവും ശാപവും ആയി മാറും. കുഴപ്പിക്കുന്ന ചോദ്യങ്ങളുടെ ഒടുക്കം വിഷാദിയായ ഒരുവന് ലഭിക്കുന്ന ഉത്തരം പലപ്പോഴും ആത്മഹത്യയാണ്. ആ നേരത്ത് മറു ചോദ്യം ചോദിക്കാന്‍ ഒരാള്‍ ഉണ്ടാകുക എന്നത് മാത്രമാണ് അയാളെ പിന്തിരിപ്പിക്കുന്നത്. ഇല്ലെങ്കില്‍ അയാള്‍ ആ ഉത്തരത്തിലേക്കു നീങ്ങുക തന്നെ ചെയ്യും.
'വിഷാദവലയങ്ങള്‍ 'വിഷാദിയായ ജോയലിന്റെ പിന്‍വാങ്ങലുകളുടെ കഥയാണ്. വിഷാദത്തില്‍ നിന്നു ഒരാള്‍ പിന്‍തിരിഞ്ഞു നടക്കുന്നത് അത്ര സുഗമമായ ഒന്നല്ല. പതിയെ, വളരെ പതിയെ, വാടിക്കരിഞ്ഞു പോയ ഒരു ചെടി മഴത്തുള്ളികള്‍ ഓരോന്നിനെ ഏറ്റുവാങ്ങി പ്രകൃതിയിലേക്ക് മടങ്ങുന്ന പോലെ സുന്ദരമാണ് ആ മടക്ക യാത്ര. ഏകാന്തതയും അംഗവൈകല്യവും, പ്രണയ പരാജയവും ജോയല്‍ എന്ന ചെറുപ്പക്കാരനെ വിഷാദത്തിലേക്കു തള്ളി വിടുന്നു. അതിന്റെ പാരമ്യത്തില്‍ ഉറക്കഗുളികകള്‍ വിഴുങ്ങാന്‍ ഒരുങ്ങുന്ന അയാളെ ഉള്‍ക്കിടിലത്തോടെ, പുസ്തകം താഴത്ത് വെക്കാതെയാണ് വായിച്ചു തീര്‍ത്തതു. കാരണം അങ്ങനെ ഒരു പകലിന്റെ ഓര്‍മ്മകള്‍ ഇന്നും അവശേഷിക്കുന്നുണ്ട് ഹൃദയത്തില്‍. അടഞ്ഞ മുറിയുടെ വാതില്‍ മുട്ടി വിളിക്കാന്‍ ഒരു ശബ്ദം ഉണ്ടായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഈ കുറിപ്പ് എഴുതാന്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല.

എസ്‌റ്റേറ്റില്‍ പരിചാരകരോടൊപ്പം കഴിയുന്ന ജോയല്‍ പഴയ ചില മലയാള സിനിമയിലെ നായകന്മാരെയാണ് ആദ്യം ഓര്‍മ്മിപ്പിക്കുക.. വായനക്കാരുടെ ഇടയില്‍ നൂറു നാവു സൃഷ്ടിച്ച നോവല്‍ ഇതാണോ എന്ന് തുടക്കത്തില്‍ ചിന്തിച്ചു പോകുക വരെ ചെയ്തു. പക്ഷെ അനങ്ങാന്‍ സമ്മതിക്കാത്ത ഉദ്വേഗജനകമായ വായന സമ്മാനിക്കാന്‍ 'വിഷാദ വലയങ്ങള്‍ 'ക്കു സാധിച്ചു. മരണപ്പെട്ടവരുടെ ജീവിതത്തിലേക്ക് ഇറങ്ങി ചെന്ന് സ്വന്തം ജീവിതത്തെ തിരിച്ചു പിടിക്കുന്ന ജോയല്‍ ആത്മഹത്യ ചെയ്തവരുടെ ഇടയിലേക്കാണ് ചെന്ന് പതിക്കുന്നത്. അവരിലൂടെ അയാള്‍ താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന കണ്ണിയെ തിരിച്ചറിയുന്നു. ഓരോ അധ്യായത്തിന്റെ ഒടുവിലും വിഷാദത്തിന്റെ പിടിയില്‍ അമര്‍ന്നവരുടെ ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ട്. സില്‍വിയ പ്ലാത് മുതല്‍ ജിനേഷ് മടപ്പള്ളി വരെ. ആത്മഹത്യ ചെയ്ത പ്രശസ്തരുടെയും അപ്രശസ്തരുടെയും വാക്കുകളാണ് ഒരു പക്ഷെ നോവലിലേക്കു നമ്മെ അടുപ്പിക്കുക. ഒരു എഴുത്തുകാരന്റെ സൃഷ്ടി എന്നതിനപ്പുറം യാഥാര്‍ഥത്തിലും അതനുഭവിച്ചു കടന്നു പോയവരുടെ സാക്ഷ്യം പോലെ തോന്നിപ്പിക്കും ആ വരികള്‍. നാമെല്ലാം പരസ്പരം ബന്ധിതമായിരിക്കുന്നു എന്ന തത്വം നോവല്‍ പറഞ്ഞു വെക്കുന്നുണ്ട്. അപരിചിതരെന്ന് തോന്നുന്ന ഓരോ മനുഷ്യനും നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് പല തരത്തില്‍, പല വേഷത്തില്‍.

'വിഷാദത്തിന്റെ പ്രത്യേകതയും അതു തന്നെയാണ്. നിശബ്ദതയുടെ പല ഭാവങ്ങള്‍ അതിനു തിരിച്ചറിയാന്‍ സാധിക്കും '... നോവലിലെ ഏറ്റവും ഹൃദ്യവും സത്യവുമായ വരിയാണിത്. വിഷാദത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് അതിന്റെ സൗന്ദര്യം തൊട്ടറിയാന്‍ ഈ നോവലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ആണ്ടു പോകാതെ, തിരികെ നടന്നു കയറുന്നതിന്റെ ആകുലതകളും പ്രയാസങ്ങളും സന്തോഷങ്ങളും പങ്കു വെക്കുന്നു. ആത്മഹത്യ എന്ന ഉത്തരത്തില്‍ നിന്നു പിന്തിരിഞ്ഞു നടക്കുന്ന വിഷാദിയായ ഒരുവന്റെ ശക്തി അയാളുടെ വിഷാദം തന്നെയാണ്. കാരണം അയാള്‍ ഏകനായി, മനസ്സിന്റെ സങ്കീര്ണതകളെ ജയിക്കുന്നവനാണ്. അങ്ങനെ ഒരുവനെ ജയിക്കാന്‍ മരണത്തിനു പോലും സാധ്യമല്ല.

2019 ലെ ഏറ്റവും ഹൃദ്യമായ വായനയാണ് 'വിഷാദ വലയങ്ങള്‍ 'സമ്മാനിച്ചത്. ഇനിയും ഏറെ എഴുതാന്‍ പ്രിയ എഴുത്തുകാരന് സാധിക്കട്ടെ. ആശംസകള്‍ 

വിഷാദവലയങ്ങള്‍ (പുസ്തക നിരൂപണം  )- ശ്രീമയി സൗമ്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക