Image

റോയല്‍ മാസ്സക്ര്‍ (ഭാഗം 1: ജയ്.എന്‍ .കെ)

Published on 09 January, 2020
റോയല്‍ മാസ്സക്ര്‍ (ഭാഗം 1: ജയ്.എന്‍ .കെ)
സ്വര്‍ണ്ണത്തളികയിലെ ചെറിയ പാത്രങ്ങളില്‍ വിവിധ തരം ഭോജ്യ വസ്തുക്കളാണ് നിരത്തിയിക്കുന്നത്. ഒരു മനുഷ്യന് അത് മുഴുവന്‍ ഭക്ഷിച്ച് തീര്‍ക്കാന്‍ സാധിക്കുകയില്ലയെന്ന് ഭക്ഷണം പാകം ചെയ്തവര്‍ക്കും വിളമ്പിയവര്‍ക്കും അറിയാം. എന്നിരുന്നാലും ഓരോ പാത്രങ്ങളില്‍ നിന്ന് ഒരു നുള്ളെങ്കിലും കഴിക്കണം എന്നാണ് വിധി. ആ ഭക്ഷണം മറ്റൊരാളും കഴിക്കുവാനും പാടില്ല. ഒരു നൂറ്റാണ്ടില്‍ രണ്ടോ മൂന്നോ വട്ടം മാത്രം തയ്യാറാക്കുന്ന ഭക്ഷണം.

സ്വര്‍ണ്ണത്തളികയുടെ പിന്നിലെ വലിയ കസേരയിലിരുന്ന് ദുര്‍ഗ്ഗാ പ്രസാദ് സപ്‌കോട്ട ഭോജ്യങ്ങളിലേക്ക് കണ്ണ് പായിച്ചു. ഇത്രയും വിഭവങ്ങളുള്ള ഭക്ഷണം ആദ്യമായാണ് കാണുന്നത്. രുചികരമായ ഗന്ധം വരുന്നുണ്ടെങ്കിലും മനസ്സിനെ കൊതിപ്പിക്കുന്നില്ല. തളികയില്‍ നിരന്നിരിക്കുന്നതില്‍ കൂടുതലും മാംസവിഭവങ്ങളാണ്. ഈ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ആ വൃദ്ധന്‍, ബ്രാഹ്മണന് വിധിക്കാത്ത ഒന്നും ഭക്ഷിച്ചിട്ടില്ല. അതേ പോലെതന്നെ സ്വന്തം ഭവനത്തില്‍ നിന്ന് പോലും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടുമില്ല. അവിടെ എല്ലാ കാലത്തും ദാരിദ്ര്യമായിരുന്നു. നല്ല രീതിയില്‍ ഭക്ഷണം കഴിച്ചിട്ടുള്ളത് കൊട്ടാരത്തില്‍ അല്ലെങ്കില്‍ സമ്പന്നഭവനങ്ങളില്‍ പൂജാദി കര്‍മ്മങ്ങളില്‍ സഹായിയായി അവസരം കിട്ടുമ്പോഴാണ് . പക്ഷെ അതും അപൂര്‍വ്വമായി മാത്രം. ദരിദ്രനായ പണ്ഡിതനല്ലാത്ത സപ്‌കോട്ടയെ പൂജാദി കര്‍മ്മങ്ങള്‍ക്കു വിളിക്കാന്‍ ഏതു സമ്പന്നനാണ് തയ്യാറാവുക? അയാള്‍ നേപ്പാളിലെ പാവങ്ങളുടെ ആയിരമായിരം പുരോഹിതന്മാരില്‍ ഒരാള്‍ മാത്രം.

തളികയിലെ ചോറിന് മുകളിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത ആള്‍ ഗിരിജാ പ്രസാദ് കൊയ്‌രാള ആയിരുന്നു. നേപ്പാളിന്റെ പ്രധാനമന്ത്രി. ഇതോടെ ചിട്ടപ്രകാരമുള്ള എണ്‍പത്തിനാല് തരം ഭക്ഷണവിഭവങ്ങളും ദുര്‍ഗ്ഗാ പ്രസാദ് സപ്‌കോട്ടയുടെ മുമ്പില്‍ നിരന്ന് കഴിഞ്ഞുവെന്ന് രാജകീയ പുരോഹിതനായ രമേശ് പ്രസാദ് പാണ്ഡെയ്ക്ക് മനസ്സിലായി. പ്രധാന മന്ത്രി രാജകീയ പുരോഹിതന് നേര്‍ക്ക് ചോദ്യഭാവത്തില്‍ ഒന്ന് നോക്കി. ഇനിയെന്തെങ്കിലും ചടങ്ങ് ബാക്കിയുണ്ടോ? ഇതിനു മുന്‍പ് ഇത്തരമൊരു ചടങ്ങ് കൊട്ടാരത്തില്‍ നടന്നത് ഇരുപത്തിയൊന്‍പത് വര്ഷം മുമ്പാണ്. മഹാരാജാവ് മഹേന്ദ്ര വീര്‍ വിക്രം ഷായുടെ നാട് നീങ്ങലിനെത്തുടര്‍ന്ന്. അന്നും കാണികള്‍ക്കിടയില്‍ താനുണ്ടായിരുന്നുവെങ്കിലും ചടങ്ങുകള്‍ ഓര്‍മ്മ വരുന്നില്ല.

രമേശ് പ്രസാദ് പാണ്ഡെ പ്രധാനമന്ത്രിക്ക് കണ്ണുകളാല്‍ സമ്മതം നല്‍കി. രണ്ടു പേരും ഒരല്‍പം മുന്നോട്ട് നീങ്ങി ദുര്‍ഗ്ഗാ പ്രസാദ് സപ്‌കോട്ടയെ തൊഴുതു:

" ദയവായി ഭക്ഷിച്ചാലും "

സപ്‌കോട്ട ഓരോരോ വിഭങ്ങളില്‍ നിന്ന് ഓരോ നുള്ള് വീതം എടുത്തുകഴിക്കുന്നത് രാജകീയ പുരോഹിതനും പ്രധാനമന്ത്രിയും നോക്കി നിന്നു. ആ തളികയില്‍ പോത്തിന്റെയും ആടിന്റേയും കോഴിയുടെയും മാംസമുണ്ട്. അതിലേതിലോ ഒന്നില്‍ കൊല്ലപ്പെട്ട ബീരേന്ദ്ര മഹാരാജാവിന്റെ ചിതയില്‍ നിന്നെടുത്ത മഹാരാജാവിന്റെ അസ്ഥിക്കഷ്ണങ്ങളും മജ്ജയും ചേര്‍ത്തിട്ടുണ്ട്. രാജാവിന്റെ ശരീരകലകള്‍ ഭക്ഷിച്ചു കഴിയുമ്പോള്‍ ഈ ബ്രാഹ്മണന്‍ കൊല്ലപ്പെട്ട രാജാവിന്റെ പ്രതി പുരുഷനാവും.

'കാട്ടോ ' എന്നാണ് ഈ ചടങ്ങിന്റെ പേര്. മഹാരാജാവിന് വിഷ്ണുപദം പൂകണമെങ്കില്‍ ഇത് പൂര്‍ത്തിയാക്കണം. ഒരു ബ്രാഹ്മണന്‍ മാംസവും മരിച്ച രാജാവിന്റെ ശരീരകലകളും ഭക്ഷിച്ചുകൊണ്ട് തന്റെ വര്‍ണ്ണം ത്യജിച്ച് രാജാവിന്റെ പ്രതിപുരുഷനായി രാജാവിന്റെ സകലപാപങ്ങളും ഏറ്റെടുത്ത് ബാഗ്മതി നദി കടന്നു പോവണം. പിന്നെ ജീവിത കാലത്തില്‍ ഒരിക്കലും കാഠ്മണ്ഡുവിലേക്ക് തിരിച്ചു വരാനും പാടില്ല. നേപ്പാളിലെ രാജപരമ്പരയുടെ മരണാനന്തരചടങ്ങുകളിലെ അവസാനഭാഗമാണ് ഇന്ന് നടക്കുന്നത്.

ഇന്നേക്ക് പതിനൊന്ന് ദിവസം മുന്‍പ് അതായത് രണ്ടായിരത്തിയൊന്ന് ജൂണ്‍ ഒന്നിന് രാത്രിയാണ് നേപ്പാളിനെയോ ദക്ഷിണേഷ്യയെയോ മാത്രമല്ല ലോകത്തിനെത്തന്നെ നടുക്കിയ കൂട്ടക്കൊല 'നാരായണ്‍ഹിതി പാലസില്‍' വച്ച് നടന്നത്. നേപ്പാളിന്റെ എല്ല്‌ലാമെല്ലാമായ മഹാരാജാവ് ബീരേന്ദ്ര വീര്‍ വിക്രം ഷായും രാജ്ഞി ഐശ്വര്യയും അടക്കം രാജകുടുംബത്തിലെ പത്ത് പേര്‍ അന്ന് രാത്രി കൊല്ലപ്പെട്ടു. യുവരാജാവായ ദീപേന്ദ്ര, രാജകുമാരി ശ്രുതി, രാജകുമാരന്‍ നിരഞ്ജന്‍, മഹാരാജാവിന്റെ ഇളയ അനുജന്‍ ധീരേന്ദ്ര, സഹോദരിമാരായ രാജകുമാരിമാര്‍ ശാന്തയും ശാരദയും, സഹോദരീഭര്‍ത്താവ് കുമാര്‍ ഖഡ്ഗ, മഹാരാജാവിന്റെ അര്‍ദ്ധ സഹോദരി രാജകുമാരി ജയന്തി തുടങ്ങിയവരാണ് കൊട്ടാരത്തില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. അഞ്ചോളം രാജകുടുംബാംഗങ്ങള്‍ ഇപ്പോഴും ആശുപതിയില്‍ മരണത്തിന്റെ വക്കിലാണ്. നേപ്പാളിലെ നാനൂറ്റിയമ്പത് വര്‍ഷം പഴക്കമുള്ള ‘ഷാ രാജവംശം’ നാമാവശേഷമായിരിക്കുന്നു.

രമേശ് പ്രസാദ് പാണ്ഡെ കൂടി നില്‍ക്കുന്നവരെയെല്ലാം ഓടിച്ചൊന്ന് വീക്ഷിച്ചു. എല്ലാ മന്ത്രിമാരുമുണ്ട്, രാജകുടുംബാംഗങ്ങളില്‍ അടുത്ത ബന്ധമുള്ളവരുമുണ്ട്, സേനാപ്രമുഖന്മാരുമുണ്ട്, കാഠ്മണ്ഡുവിലെ പൗരപ്രമുഖന്മാരുണ്ട്. കുറച്ചധികം പേര്‍ കൊട്ടാരത്തിന്റെ ഹാളിലും പുറത്തും നില്‍പ്പുണ്ട്. വിദേശരാജകുടുംബാംഗങ്ങളുടെ പ്രതിനിധികള്‍ , ‘റാണ വംശ’ത്തിലുള്ളവര്‍, നേപ്പാള്‍ രാഷ്ട്രീയത്തിലെ പ്രധാന കുടുംബങ്ങളായ താപ്പ, ഭട്ടറായി.കൂംവര്‍, ബെന്‍സ്യാത്, ഭണ്ടാരി, കൊയ്‌രാള തുടങ്ങിയവയിലെ അംഗങ്ങള്‍. എല്ലാവരുടെയും മുഖത്ത് അവിശ്വസനീയ ഭാവം മരവിച്ചുനില്‍ക്കുന്നു.

എങ്ങനെ അതുണ്ടാവാതിരിക്കും? ലോകത്തിലെ ഏക ഹിന്ദു രാജ്യത്തിലെ മഹാരാജാവിന്റെ കുടുംബമാണ് നാമാവശേഷമായിരിക്കുന്നത്. അതും നേപ്പാളിലെ ഏറ്റവും സുരക്ഷയുള്ള നാരായണ്‍ഹിതി പാലസില്‍ വച്ച്. അതിനുത്തരവാദിയായി പറയപ്പെടുന്ന ആളിന്റെ പേര് കേള്‍ക്കുമ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.

യുവരാജാവ് ദീപേന്ദ്രയാണ് തന്റെ പിതാവിനെയും മാതാവിനെയും സഹോദരങ്ങളെയും വെടി വച്ച് കൊന്നിരിക്കുന്നത്! ഇല്ല, ആരും അത് വിശ്വസിച്ചിട്ടില്ല. യുവരാജാവിന് ഒരിക്കലും അത് ചെയ്യാന്‍ സാധിക്കുകയില്ല. അത്രയും പാവവും നിഷ്കളങ്കനും ആയിരുന്നുവല്ലോ തങ്ങളുടെ യുവരാജാവ്?

തനിക്ക് മാത്രമല്ല നേപ്പാളിലെ ജനതക്കും അക്കഥ വിശ്വസനീയമല്ല . നേപ്പാളിലെ തെരുവീഥികളിലാകെ ജനങ്ങള്‍ രോഷാകുലരാണ്. ഈ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് അവര്‍ വിശ്വസിക്കുന്ന രണ്ട് പേരുകള്‍ അവര്‍ ഉറക്കെപ്പറയുന്നുമുണ്ട്.

പുതിയ മഹാരാജാവ് ഗ്യാനേന്ദ്രയും മകന്‍ പാരസിന്റെയും പേരാണവര്‍ വിളിച്ചു പറയുന്നത്. കൂട്ടക്കൊല നടന്ന അതേ വിരുന്നില്‍ പങ്കെടുത്തിട്ടും ഒരു പോറല്‍ പോലും പാരസിനോ അമ്മ കോമാളിനോ ഒന്നും പറ്റാതിരുന്നത് ആ സംശയത്തിന് ബലവും കൂട്ടുന്നുണ്ട്. എന്തായാലും ഈ ദുരന്തം കൊണ്ട് ഗുണഫലമുണ്ടായത് പുതിയ രാജാവ് ഗ്യാനേന്ദ്രയ്ക്കും കുടുംബത്തിനുമാണല്ലോ?

ദുര്‍ഗ്ഗാ പ്രസാദ് സപ്‌കോട്ട എല്ലാ വിഭവങ്ങളും രുചിച്ചുനോക്കി കഴിഞ്ഞിരുന്നു. ആ വൃദ്ധന്‍ ഛര്‍ദ്ദിക്കാതെ പിടിച്ചു നിന്നത് രാജ പുരോഹിതനും പ്രധാനമന്ത്രിയും വാഗ്ദാനം ചെയ്ത പ്രതിഫലത്തിന്റെ ഓര്‍മ്മ കൊണ്ട് മാത്രമാണ്. ബാഗ്മതി നദിക്കക്കരെ ‘തെരായി’ പ്രദേശത്ത് ഒരു വലിയ വീട്, വീട്ടുപകരണങ്ങള്‍, കൃഷിസ്ഥലം, മഹാരാജാവ് ബീരേന്ദ്രയുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കാഠ്മണ്ഡുവില്‍ നിന്ന് പിന്നെ ബാഗ്മതി നദി കടന്ന് പ്രവാസം നടത്തുന്ന കൊമ്പനാന. പ്രതിഫലത്തിന്റെ പട്ടിക നീണ്ടതാണ്.

ഇനി അടുത്ത ചടങ്ങ് ബ്രാഹ്മണന്റെ ശരീരത്തില്‍ നിന്ന് യജ്ഞോപവീതം അഥവാ ജനേവൂ എടുത്തു മാറ്റലാണ്. മാംസം ഭക്ഷിച്ചതോടെ അയാളുടെ ബ്രാഹ്മണ്യം നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു. ഇനി അയാള്‍ക്ക് വര്‍ണ്ണ വ്യവസ്ഥയുടെ അടിത്തട്ടിലാണ് സ്ഥാനം. ശരീരത്തിനെ കുറുകെ ധരിച്ചിരുന്ന നിറം മങ്ങിയ മൂന്നിഴന്നൂല്‍ മാറ്റപ്പെട്ടപ്പോള്‍ സപ്‌കോട്ടയുടെ നെഞ്ച് പിടഞ്ഞു. ഏഴാം വയസ്സില്‍ ലഭിച്ച വരേണ്യതയുടെ അടയാളമാണത്. എല്ലാ മാന്യതയും നഷ്ടപ്പെട്ടിരിക്കുന്നു. ഇനി താന്‍ ഹിന്ദുവോ ബൗദ്ധനോ അല്ല. സ്വവര്‍ഗ്ഗത്തില്‍ നിന്ന് നിഷ്കാസിതന്‍.

ബാക്കി ചടങ്ങുകള്‍ ധൃതഗതിയില്‍ത്തന്നെ നടന്നു. മഹാരാജാവിന്റെ വര്‍ണ്ണശബളമായ അംഗവസ്ത്രം സപ്‌കോട്ടയെ ധരിപ്പിച്ചു. നേപ്പാള്‍ മഹാരാജാക്കന്‍മാരുടെ കിരീടത്തിന്റെ മാതൃകയിലുള്ള കുതിരയുടെ കുഞ്ചി രോമം പോലെയുള്ള കിരീടം സപ്‌കോട്ടയുടെ ശിരസ്സിലണിയിച്ചു കൊടുത്തു രാജപുരോഹിതന്റെ ശിഷ്യന്മാര്‍. അവര്‍ ആനയിച്ചു കൊണ്ട് പോകവേ ദരിദ്രബ്രാഹ്മണന്‍ പ്രധാനമന്ത്രി ജി.പി. കൊയ്‌രാളയെ ഒന്ന് നോക്കി. ചെയ്ത വാഗ്ദാനം പാലിക്കണേ എന്ന അപേക്ഷയായിരുന്നു ആ കണ്ണുകളില്‍. അത് മനസ്സിലാക്കിയ പ്രധാനമന്ത്രി ഒന്ന് ഭയപ്പെടേണ്ട എന്ന് ആംഗ്യം കാണിച്ചു.

കൊട്ടാരമുറ്റത്ത് പട്ടുവസ്ത്രങ്ങള്‍ പുതപ്പിച്ച കൊമ്പനാന തയ്യാറായിരുന്നു. ആ കറുമ്പന്റെ ദേഹത്ത് നീലയും മഞ്ഞയും ചുവപ്പും നിറമുള്ള പൊടികള്‍ കൊണ്ട് ചിത്രപ്പണികള്‍ നടത്തി വര്‍ണ്ണാഭമാക്കിയിരിക്കുന്നു. ആനപ്പുറത്തു ഇരിപ്പടം സജ്ജീകരിച്ചിട്ടുണ്ട്.

കൊട്ടാരത്തിന്റെ പടിയിറങ്ങവേ തന്നെലെന്തോ ആവേശിച്ചതായി ആ വൃദ്ധ ബ്രാഹ്മണന് തോന്നി. പ്രീയപ്പെട്ടതെന്തോ നഷ്ടപ്പെടുന്നതായി തോന്നുന്നു. ഓര്‍മ്മകളുടെ നഷ്ടസുഗന്ധം എവിടെയോ പടരുന്നു. തനിക്കെന്താണ് ഈ കൊട്ടാരത്തില്‍ പ്രീയതരമായി ഉള്ളത്? ഒന്നുമില്ല, അഞ്ചോ ആറോ തവണ ഊട്ടുപുരയില്‍ കഴിച്ച ഭക്ഷണം ദക്ഷിണയായി ലഭിച്ച നാണയങ്ങള്‍ മാത്രമേ ഓര്‍മയിലുള്ളൂ, എന്നിട്ടും പ്രാണന്‍ പറിയുന്നത് പോലെ തോന്നുന്നത് എന്താണ്? മഹാരാജാവിന്റെ ആത്മാവ് തന്നില്‍ പ്രവേശിച്ചുവോ..? എന്താണ് ഒരു തിക്കുമുട്ടല്‍ കണ്ഠത്തിനുള്ളില്‍ കുരുങ്ങുന്നത്?

ആനപ്പുറത്ത് താന്‍ എങ്ങനെയാണ് ഏറ്റപ്പെട്ടതെന്ന് സപ്‌കോട്ടയ്ക്ക് മനസ്സിലായില്ല. മുന്‍പില്‍ സൈനീകക്കുപ്പായം ധരിച്ച ഒരു പട്ടാളക്കാരന്‍ ഇരുപ്പുണ്ട്. പിമ്പില്‍ വെണ്‍കൊറ്റക്കുട പിടിച്ച് മറ്റൊരാളും. മഹാരാജാവിന്റെ എല്ലാ പാപങ്ങളും ഏറ്റെടുത്ത് പ്രവാസം തുടങ്ങുകയാണ്. ഇതോടെ മഹാരാജാവ് ബീരേന്ദ്രയുടെ സ്വര്‍ഗ്ഗവാതിലിലേക്ക്, വിഷ്ണുപദത്തിലേക്കുള്ള യാത്രയും തുടങ്ങുകയാണ്.

കൊട്ടാരകവാടം മുതല്‍ പൊതുജനങ്ങള്‍ പാതയുടെ ഇരുവശവും കൂടി നില്‍ക്കുകയാണ്, പലരും പൊട്ടിക്കരയുന്നുണ്ട്. പല കെട്ടിടങ്ങളുടെ മുന്‍പിലും മഹാരാജാവിന്റെയും കുടുംബത്തിന്റെയും വര്‍ണ്ണചിത്രം മാലയിട്ട് കുങ്കുമം പൂശി മുന്‍പില്‍ ദീപം കൊളുത്തി വച്ചിരിക്കുന്നു. മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു നേപ്പാള്‍ മഹാരാജാവ് ബീരേന്ദ്രയെന്നാണ് വിശ്വാസം. കണ്‍ കണ്ട ദൈവം. നാരായണ്‍ഹിതി കൊട്ടാരം മുതല്‍ ബാഗ്മതി നദിക്കരയിലെ പശുപതിനാഥ ക്ഷേത്രം വരെ ജനങ്ങള്‍ കണ്ണീര്‍ തുടച്ചു കൊണ്ട് പൂക്കളും കുങ്കുമവും കൊമ്പനാനയുടെ നേര്‍ക്ക് ചൊരിഞ്ഞു. അവരുടെ മഹാരാജാവ്, ദൈവം നേപ്പാളിനെ വിട്ടു പ്രസ്ഥാനത്തിന് തിരിക്കുകയാണ്. ഇനിയാരുണ്ട് നേപ്പാളിന്?

കൊമ്പനാന വരണ്ട നീര്‍ച്ചാലുകളൊഴുകുന്ന ബാഗ്മതി കടക്കവേ രാജപുരോഹിതനും പ്രധാനമന്ത്രിയും പൗരപ്രമുഖരും തൊഴുകൈകളോടെ നിന്നു. നേപ്പാളിന്റെ എല്ലാമെല്ലാമായ മഹാരാജാവ് ബീരേന്ദ്രയ്ക്ക് അവസാനമായി നല്‍കുന്ന കൂപ്പുകൈ. ഇനി മൂന്നു ദിവസം കഴിയുമ്പോള്‍ ഇതേ ചടങ്ങിന്റെ ആവര്‍ത്തനം നടത്തണം. മഹാരാജാവിന്റെ കാലശേഷം അബോധാവസ്ഥയില്‍ കിടക്കവേ മഹാരാജാവായ, വെറും മൂന്നുദിവസം മാത്രം രാജാവായ ദീപേന്ദ്രയുടെ ‘കാട്ടോ’ ചടങ്ങുകള്‍.

ബാഗ്മതിയുടെ മറുകരയിലെത്തവേ ഒന്ന് തിരിഞ്ഞു നോക്കാന്‍ തോന്നിയതാര്‍ക്കാണ്? സര്‍വ്വപാപങ്ങളുമേറ്റെടുത്ത ദുര്‍ഗ്ഗാ പ്രസാദ് സപ്‌കോട്ടയ്‌ക്കോ പാപവിമുക്തനായ മഹാരാജാവ് ബീരേന്ദ്രയ്‌ക്കോ ..?

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക