Image

മരടിലെ രണ്ട്‌ ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ചു; രണ്ടാം ഘട്ടം നാളെ

Published on 11 January, 2020
 മരടിലെ രണ്ട്‌ ഫ്‌ളാറ്റുകള്‍ വിജയകരമായി പൊളിച്ചു; രണ്ടാം ഘട്ടം നാളെ

കൊച്ചി: സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല്‌ ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണവും വിജയകരമായി പൊളിച്ചു നീക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷമാണ്‌ ഇന്ന്‌ മരടിലെ രണ്ട്‌ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയത്‌. അവശേഷിക്കുന്ന രണ്ട്‌ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും.

സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്‌ദ്ധരുടേയും സഹായത്തോടെയാണ്‌ മരടിലെ രണ്ട്‌ ഫ്‌ളാറ്റുകളും വിജയകരമായി പൊളിച്ചു നീക്കിയത്‌. മുന്‍നിശ്ചയിച്ച പോലെ രാവിലെ 10.30-നാണ്‌ ഫ്‌ളാറ്റ്‌ പൊളിക്കുന്നതിന്‌ മുന്നോടിയായുള്ള ആദ്യസൈറണ്‍ മുഴങ്ങിയത്‌.

ഇതിന്‌ മുന്‍പായി ഇരുഫ്‌ളാറ്റുകള്‍ക്കും ഇരുന്നൂറ്‌ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പേരേയും ഒഴിപ്പിച്ചിരുന്നു. പ്രദേശത്തുള്ള എല്ലാ ചെറുറോഡുകളും പോലീസ്‌ ബ്ലോക്ക്‌ ചെയ്‌തിരുന്നു.

അതേസമയം, രണ്ട്‌ ഫ്‌ളാറ്റുകളും വിജയകരമായി പൊളിച്ച സാഹചര്യത്തില്‍ തേവര-കുണ്ടന്നൂര്‍ പാതയും പ്രദേശത്തെ മറ്റു റോഡുകളും ഗതാഗതത്തിന്‌ തുറന്നു കൊടുത്തു. 

സമീപത്തെ പാലത്തിലും കെട്ടിടങ്ങളുടെ മുകളിലുമെല്ലാമായി നൂറുകണക്കിന്‌ ആള്‍ക്കാരാണ്‌ ഈ അപൂര്‍വ്വ കാഴ്‌ച കാണെനെത്തിയത്‌.
വര്‍ഷങ്ങള്‍കൊണ്ട്‌ പണിതുയര്‍ത്തിയ അംബരചുംബികളായ സമുച്ചയങ്ങള്‍ നിമിഷങ്ങള്‍ക്കകം നിലംപൊത്തുന്നത്‌ വിസ്‌മയത്തോടെയാണ്‌ എല്ലാവരും കണ്ടുനിന്നത്‌.

രാവിലെ 11.17 ഓടെയായിരുന്നു എച്ച്‌ടുഓ ഹോളിഫെയ്‌തത്തില്‍ സ്‌ഫോടനം നടന്നത്‌. 5 സെക്കന്റില്‍, നേരത്തെയുള്ള പ്രവചനങ്ങളെല്ലാം ശരിവെച്ചുകൊണ്ടുള്ള ശാന്തമായ ഒരു മണ്ണടിയലായിരുന്നു അത്‌. എന്നാല്‍
 ആല്‍ഫാ സെറിന്‍ നാടിനെ ഒന്നുകുലുക്കി. 
ചെറുതായല്ലാതെ ഒന്നു വിറപ്പിക്കുകയും ചെയ്‌തു. 

 ഇന്നലെ രാത്രി മുതല്‍ തന്നെ സംഭവസ്ഥലവും, പരിസരങ്ങളും പോലീസ്‌ വലയത്തിലായിരുന്നെങ്കിലും രാവിലെയോടെ കൂടുതല്‍ പൊലീസെത്തി റോഡിന്റെയും, ഇടറോഡുകളുടേയുംവരെ നിയന്ത്രണം ഏറ്റെടുത്തു. 

ഡിസിപി പൂങ്കുഴലിയും, അസിസ്റ്റന്റ്‌ കളക്ടറുമെല്ലാം നേരിട്ടാണ്‌ നിയന്ത്രണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചത്‌. കായലില്‍ കോസ്റ്റല്‍ പോലീസും, ആകാശത്ത്‌ നേവിയുടെ ഹെലികോപ്‌റ്ററും സുരക്ഷ തീര്‍ത്തു.'

ഇതോടെ ഇനി പൊളിക്കാനിരിക്കുന്ന ജെയില്‍ കോറലിന്റേയും, ഗോള്‍ഡന്‍ കായലോരത്തിന്റേയുമെല്ലാം അനിശ്ചിതത്ത്വവും നീങ്ങി.

ഒഴിഞ്ഞുപോകമെന്ന്‌ പലരും ആഗ്രഹിച്ച ഒരു വിധിയാണ്‌ അതികണിശമായി നടപ്പായത്‌. 
മാസങ്ങളുടെ പ്രയത്‌നത്തിനുും, കാത്തിരിപ്പിനും, ആശങ്കകള്‍ക്കുമൊക്കെ വിരാമമായതിന്റെ ആശ്വാസത്തിലാണ്‌ ഇപ്പോള്‍ ഡിമോളിഷിംഗ്‌ സംഘവും, മരടും, കേരളവും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക