Image

ജര്‍മന്‍ ലുഫ്താന്‍സ ടെഹ്‌റാന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published on 11 January, 2020
ജര്‍മന്‍ ലുഫ്താന്‍സ ടെഹ്‌റാന്‍ സര്‍വീസുകള്‍ റദ്ദാക്കി

ബര്‍ലിന്‍: ഇറാനില്‍ യുക്രെയ്ന്‍ യാത്രാ വിമാനം തകര്‍ന്നു വീണതിന്റെ ഉത്തരവാദിത്വം ഇറാന്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ജനുവരി 20 വരെ ടെഹ്‌റാനിലേക്കും പുറത്തേക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജര്‍മന്‍ ലുഫ്താന്‍സ അറിയിച്ചു.

ടെഹ്‌റാന്‍ വിമാനത്താവളത്തിനു ചുറ്റുമുള്ള വ്യോമാതിര്‍ത്തിയുടെ വ്യക്തതയില്ലാത്ത സുരക്ഷാ സാഹചര്യമാണ് വിമാന നിരോധനത്തിന് കാരണമായി ലഫ്ത്താന്‍സാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇറാനിയന്‍ ജനറല്‍ സുലൈമാനിയെ വധിച്ച സംഭവത്തില്‍ ഇറാഖിലെ യുഎസ് സേനയ്ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ടെഹ്‌റാനില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചു.

മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനാല്‍ ഇറാന്‍, ഇറാഖ് വ്യോമാതിര്‍ത്തി ഒഴിവാക്കുമെന്ന് നിരവധി വിമാനക്കമ്പനികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളാല്‍ ഫ്രാങ്ക്ഫര്‍ട്ട് ടെഹ്‌റാന്‍ ലുഫ്താന്‍സ വിമാനം ടേക്ക് ഓഫ് ചെയ്തതിനു ഒരു മണിക്കൂറിനുശേഷം തിരിച്ചു ലാന്‍ഡു ചെയ്തു.

അതേസമയം, ടെഹ്‌റാനിലേക്കുള്ള വിമാനം സോഫിയയില്‍ നിര്‍ത്തിയശേഷം വിയന്നയിലേക്ക് മടങ്ങാന്‍ ഉത്തരവിട്ടതായി ലുഫ്ത്താന്‍സയുടെ കീഴിലുള്ള ഓസ്ട്രിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക