Image

പൂരത്തിനിടെ ആനയുടെ കുത്തേറ്റ വീട്ടമ്മയ്ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Published on 12 January, 2020
പൂരത്തിനിടെ ആനയുടെ കുത്തേറ്റ വീട്ടമ്മയ്ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ എഴുന്നള്ളത്തിനെത്തിച്ച ആനയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയ്ക്ക് 10,00,500 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു . തൃശ്ശൂര്‍ ചിറ്റിലപ്പിള്ളിയിലെ ഉദയക്കാണ്(47) ഇന്‍ഷുറന്‍സ് കമ്ബനി നഷ്ടപരിഹാരം നല്‍കേണ്ടത്. തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജി പി.വി. പ്രകാശന്റേതാണ് വിധി.


2012 മെയ് രണ്ടിനായിരുന്നു സംഭവം. പൂരം ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിനിടെ പാറമേക്കാവ് ‍ദേവസ്വത്തിനു വേണ്ടി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന കര്‍ണന്‍ എന്ന കാളിദാസന്‍ ആനയാണ് ഇടഞ്ഞത്. ജനക്കൂട്ടത്തിലേക്ക് ഓടിയ കാളിദാസന്‍ നിലത്ത് വീണുകിടന്ന ഉദയയുടെ അടിവയറിന് കുത്തുകയായിരുന്നു . സാരമായി പരുക്കേറ്റ വീട്ടമ്മ രണ്ടുമാസം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം വിശ്രമവും.


ചികിത്സിച്ച ഡോക്ടര്‍മാരുടെയും ശാരീരിക അവശത പരിശോധിച്ച സമിതിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത് . കേസ് തുടങ്ങിയ കാലം മുതല്‍ ഇതേവരെയുള്ള കാലത്ത് നഷ്ടപരിഹാരത്തുകയ്ക്ക് ഒന്‍പത് ശതമാനം പലിശയും നല്‍കണം. നഷ്ടപരിഹാരത്തുക മൂന്നു മാസത്തിനുള്ളില്‍ കോടതിയില്‍ കെട്ടിവെക്കണമെന്നാണ് നിര്‍ദ്ദേശം .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക