Image

പൗരത്വ നിയമ ഭേദഗതിക്കെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം

Published on 14 January, 2020
പൗരത്വ നിയമ ഭേദഗതിക്കെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം

ന്യൂഡല്‍ഹി:  ദേശീയ പൗരത്വ നിയമഭേദഗതി പാസായത്‌ മുതല്‍ ആരംഭിച്ച പൊതുജന പ്രക്ഷോഭം തുടരുന്നതിനിടെ നിയമത്തിനെതിരെ പരമോന്നത കോടതിയെ സമീപിച്ച്‌ പിണറായി സര്‍ക്കാര്‍. 

നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന്‌ ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള വിഷയം സുപ്രീംകോടതി 23ന്‌ പരിഗണിക്കാനിരിക്കെയാണ്‌ കേരളം ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌.

നേരത്തെ, നിയമത്തിന്‌ എതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി, നിയമവിദഗ്‌ധരുമായി ചര്‍ച്ച നടത്തിയിരുന്നു. 

ഇതിന്‌ പിന്നാലെയാണ്‌ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌. നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ്‌ കേരളം.

ഭരണഘടനയുടെ 131 -ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ടാണ്‌ കേരള സര്‍ക്കാര്‍ കേന്ദ്രത്തിന്‌ എതിരെ സ്യൂട്ട്‌ ഫയല്‍ ചെയ്‌തിരിക്കുന്നത്‌. 

ഭരണഘടനയുടെ 14ാം അനുച്ഛേദം പൗരര്‍ക്ക്‌ അനുവദിച്ചിട്ടുള്ള തുല്യതയുടെ ലംഘനമാണ്‌ ഈ നിയമമെന്നും മുസ്ലിം ജനവിഭാഗങ്ങളോട്‌ വിവേചനം കാട്ടുന്ന നടപടിയാണ്‌ ഇതെന്നും ഹര്‍ജിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക