Image

മകര ജ്യോതി, യുവതീ പ്രവേശന വാദം, ഇടത് നിലപാട് മാറ്റം (ശ്രീനി)

ശ്രീനി Published on 14 January, 2020
 മകര ജ്യോതി, യുവതീ പ്രവേശന വാദം, ഇടത് നിലപാട് മാറ്റം (ശ്രീനി)
ഭക്തകോടികള്‍ക്ക് ദര്‍ശനപുണ്യമേകുന്ന മണ്ഡല മകര വിളക്ക് മഹോത്സവത്തിന് സന്നിധാനം ഒരുങ്ങി. ജനുവരി 15-ാം തീയതി ബുധാനാഴ്ചയാണ് പൊന്നമ്പല മേട്ടില്‍ മകരളവിളക്ക് തെളിയുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള പമ്പ വിളക്കും പമ്പ സദ്യയും നടന്നു. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ 14ന് പൂര്‍ത്തിയായി. 15ന് പുലര്‍ച്ചെ 2.09 നാണ് സംക്രമ പൂജ നടക്കുക. ഇതിന് ശേഷം പുലര്‍ച്ചെ 2.30ന് മാത്രമേ ഹരിവരാസനം പാടി നട അടയ്ക്കുകയുള്ളൂ. 15ന് വൈകിട്ട് 6.30നാണ് അയ്യപ്പ സ്വാമിക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധ. ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ സമയത്താകും പൊമ്മമ്പലമേട്ടില്‍ മകര ജ്യോതി തെളിയുക. മകര സംക്രമം പുലര്‍ച്ചെ നടക്കുന്നതിനാല്‍ 14-ാം തീയതി നടയടക്കില്ല.

മകരവിളക്ക് കാണാന്‍ സന്നിധാനത്തും പമ്പയിലും പരിസര പ്രദേശങ്ങളും തീര്‍ത്ഥാടകരെ കൊണ്ട് നിറയുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസ് സേനാ അംഗങ്ങളെ എത്തിച്ചിട്ടുണ്ട്. മകരദീപം ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പോലീസും ദേവസ്വം അധികൃതരും നല്‍കിയിട്ടുണ്ട്. ഒന്‍പത് ഇടങ്ങളിലാണ് മകര ജ്യോതി കാണാന്‍ ഭക്തര്‍ തമ്പടിച്ചിരിക്കുന്നത്. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി കാണാന്‍ പ്രവേശനമില്ല. മാത്രമല്ല വലിയ കെട്ടിടങ്ങളുടെ മുകളില്‍ കയറുന്നതിനും നിയന്ത്രണം ഉണ്ട്. ഇവിടങ്ങളിലെല്ലാം കര്‍ശന സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

മകരമാസാരംഭമായ മകരം ഒന്നാം തീയതിയാണ് മകരവിളക്ക് ഉത്സവം. അന്ന് ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തിരുവാഭരണവുമായി പന്തളം കൊട്ടാരത്തില്‍ നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമലയിലെത്തും. മകരവിളക്ക് ദിവസം ദീപാരാധനയ്ക്ക് മാത്രമേ തിരുവാഭരണം ചാര്‍ത്തുകയുള്ളു. രാത്രി മാളികപ്പുറത്തമ്മയെ എഴുന്നള്ളിച്ച് പതിനെട്ടാം പടി വരെ കൊണ്ടു വരും. പിന്നീട് 'വേട്ട വിളി' എന്ന ചടങ്ങ് നടക്കും. ''കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ'' എന്ന് വിളിച്ച് ചോദിക്കും. ശരം കുത്തിയാലില്‍ ചെന്ന് നോക്കാന്‍ ശാന്തിക്കാരന്‍ ആവശ്യപ്പെടും. കന്നി അയ്യപ്പന്മാര്‍ ദര്‍ശനത്തിനായി എത്താത്ത കൊല്ലം മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാമെന്ന് അയ്യപ്പന്‍ വാക്ക് നല്‍കിയിരിക്കുന്നു എന്നാണ് ഐതിഹ്യം. 

കന്നി അയ്യപ്പന്മാര്‍ ശരം കുത്തിയാലില്‍ ശരം കുത്തണമെന്നുണ്ട്. ശരം കുത്തിയാലില്‍ മാളികപ്പുറം ചെല്ലുമ്പോള്‍ അവിടം നിറയെ ശരമുണ്ടായിരിക്കും. പിന്നെ വാദ്യമേളങ്ങളില്ലാതെ നിരാശയായ മാളികപ്പുറം തിരിച്ചെഴുന്നള്ളുന്നു. മകരം ഒന്നിന് തലേനാള്‍ അകലെ മലകള്‍ക്ക് മുകളില്‍ ഉദിച്ച് കാണുന്ന ദിവ്യജ്യോതിസാണ് മകരവിളക്കെന്ന് ചിലര്‍ വിശ്വസിക്കുന്നു. മകരവിളക്ക് കഴിഞ്ഞ് അഞ്ചാം ദിവസം നട അടയ്ക്കുന്നു. മകര വിളക്ക് ദിനത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാല്‍ പൂജകളും നടക്കും. ഇതുകാണാനായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ശബരിമലയിലേക്ക് എത്താറുള്ളത്. ക്ഷേത്രത്തിലെ ദീപാരാധനയോടൊപ്പം ക്ഷേത്രത്തിന്റെ ഒരു കോണിലുള്ള മലയിയലെ പൊന്നമ്പലമേട് എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. ശബരിമല തീര്‍ഥാടനം പൊന്നമ്പലമേട്ടില്‍ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് ആദിവാസികള്‍ വിളക്കു തെളിയിച്ച് ദീപാരാധന നടത്തുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത്. 

പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ് ഐതിഹ്യം. ശബരിമലയില്‍ നിന്ന് ഇത് കാണാമായിരുന്നുവെന്ന് പറയപ്പെടുന്നു. മൂന്നുപ്രാവശ്യമാണ് മകര ജ്യോതി തെളിയുക. എന്നാല്‍ 2008 ല്‍ ഉണ്ടായ വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും പോലീസ് സംരക്ഷണയില്‍ പൊന്നമ്പല മേട്ടിലെത്തി. കര്‍പ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് അന്ന് ശബരിമലയിലെ മുതിര്‍ന്ന തന്ത്രി കണ്ഠര് മഹേശ്വരര് വെളിപ്പെടുത്തിയിരുന്നു. മകരവിളക്ക് പ്രതീകാത്മകമായ ദീപാരാധനയാണ്. അതുകൊണ്ടാണ് മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന് അദ്ദേഹം പറയുകയുണ്ടായി. മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന നിഗൂഢതകള്‍ക്ക് ഒരു പരിധി വരെ വിരാമമിടാന്‍ നന്ത്രിയുടെ ഈ വെളിപ്പെടുത്തലിന് കഴിഞ്ഞു.

ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യന്‍ ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയിലാണ് മകരസംക്രമ പൂജ. സൂര്യന്‍ രാശി മാറുന്ന മുഹൂര്‍ത്തത്തില്‍ സംക്രമാഭിഷേകം നടക്കും. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു പ്രത്യേക ദൂതന്‍ വശം കൊണ്ടുവന്ന അയ്യപ്പ മുദ്രയിലെ നെയ്യാണ് സംക്രമവേളയില്‍ അഭിഷേകം ചെയ്യുക. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പണിയിച്ച ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങള്‍. ഇത് പന്തളം രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്താണ്. പന്തളത്ത് സൂക്ഷിച്ചിരിക്കുന്ന ഈ ആടയാഭരണങ്ങള്‍ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലെക്ക് കാല്‍നടയായി കൊണ്ട് വരുന്നു. ഇവ മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയില്‍ അയ്യപ്പനെ അണിയിക്കുന്നു. തിരുവാഭരണ ഘോഷയാത്രക്ക് പൂങ്കാവനത്തില്‍ ഗരുഡന്‍ അകമ്പടി സേവിക്കുന്നുവെന്നത് ഒരത്ഭുതമാണ്.

മകര ജ്യോതിക്കു ശേഷം രാത്രിയില്‍ മാളികപ്പുറത്തമ്മയെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പതിനെട്ടാം പടിയിലേക്ക് ആനയിക്കുന്നു. അവിടെ നിന്നും ദേവിയെ തിരിച്ചെഴുന്നളിക്കുന്നതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമാവുന്നതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. മകരവിളക്ക് ഉത്സവം തുടങ്ങി എഴാം ദിവസം രാത്രി മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്‍പില്‍ കുരുത്തോലകളും പൂക്കളും കൊണ്ട് അലങ്കരിച്ച് ഗുരുതിക്കളം ഒരുക്കും. കത്തിയെരിയുന്ന പന്തങ്ങളെ സാക്ഷിയാക്കി ഗുരുതിക്കുറുപ്പ് കുമ്പളങ്ങ മുറിച്ച് ചുണ്ണാമ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഉണ്ടാക്കിയ പ്രതീകാത്മക രക്തം മലദേവതകള്‍ക്കു തൂകുന്നതാണ് ഗുരുതിയുടെ ചടങ്ങ്.

ഗുരുതി കഴിഞ്ഞ് പിറ്റേ ദിവസം പുലര്‍ച്ചെ നട തുറന്ന് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം നടക്കും. ആ ദിവസം തീര്‍ഥാടകര്‍ക്കു ദര്‍ശനമില്ല. ആറുമണിയോടെ രാജപ്രതിനിധി എത്തും. അതിനുമുന്‍പ് തിരുവാഭരണ ഘോഷയാത്ര പതിനെട്ടാംപടിയിറങ്ങും. തുടര്‍ന്ന് പന്തളം തമ്പുരാന്‍ ദര്‍ശനം നടത്തും. ഈ സമയം രാജപ്രതിനിധി അല്ലാതെ മറ്റാരും സോപാനത്തില്‍ ഉണ്ടാകില്ല. പന്തളം തമ്പുരാന്‍ ദര്‍ശനം നടത്തിയ ശേഷം മേല്‍ശാന്തി നട അടച്ച് ശ്രീകോവിലിന്റെ താക്കോല്‍ രാജപ്രതിനിധിയെ ഏല്‍പ്പിക്കും. രാജപ്രതിനിധി പതിനെട്ടാംപടിയിറങ്ങും. തുടര്‍ന്ന് അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ക്കായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്കു താക്കോല്‍ കൈമാറുന്നതോടെ മകരവിളക്ക് ഉത്സവം സമാപിക്കും.
***
കഴിഞ്ഞ വര്‍ഷം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു മണ്ഡല, മകരവിളക്ക് മഹോല്‍സവം നടന്നത്. അതേസമയം യുവതി പ്രവേശനത്തിനെതിരായ പുനപരിശോധന ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വാദം കേട്ടുതുടങ്ങി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, എം ശാന്തനഗൗഡര്‍, ബി ആര്‍ ഗവായ്, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങള്‍.

പുനപരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ച് വിശാലബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിര്‍ണായക ചോദ്യങ്ങള്‍ മാത്രമേ കേള്‍ക്കൂവെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴു ചോദ്യങ്ങളിലാണ് ബെഞ്ച് വാദം കേള്‍ക്കുക. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് അഞ്ചംഗ ബെഞ്ച് ഏഴ് ചോദ്യങ്ങള്‍ വിശാല ഒന്‍പത് അംഗ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി തിരുമാനം എടുക്കുക. 

ഇതിനിടെ പുനപരിശോധന ഹര്‍ജികളെ എതിര്‍ത്ത് 2019ല്‍ ശബരിമല ദര്‍ശനത്തിലൂടെ വിവാദം സൃഷ്ടിച്ച അക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക രംഗത്തെത്തി. യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര്യമായി തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈകടത്തില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2007ല്‍ സര്‍ക്കാര്‍ എടുത്ത നിലപാടാണ് 2016ല്‍ പറഞ്ഞതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നതായും മന്ത്രി പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് തിരിച്ചുപോയേക്കുമെന്ന സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങള്‍ സംരക്ഷിച്ച് നിലപാട് എടുക്കുന്ന കാര്യത്തില്‍ വരുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുത്തേക്കുമെന്നാണ് സൂചനകള്‍. 

ഇതിന് പിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണവും വന്നിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ വാശിയെ തുടര്‍ന്ന് യുവതിപ്രവേശത്തെ കഴിഞ്ഞ മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡ് പരസ്യമായി അനുകൂലിച്ചിരുന്നു. ശബരിമല പുനപരിശോധന ഹര്‍ജികളിലെ നിയമപ്രശ്‌നം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോര്‍ഡും ആലോചനകളിലേക്ക് നീങ്ങുന്നത്. യുവതിപ്രവേശം വേണ്ട എന്നാണ് സുപ്രീകോടതിയില്‍ ദേവസ്വം നല്‍കിയിരിക്കുന്ന സത്യവാങ്മൂലമെങ്കിലും പുനപരിശോധന ഹര്‍ജി വന്നപ്പോള്‍ നിലപാട് മാറ്റിയിരുന്നു.

 മകര ജ്യോതി, യുവതീ പ്രവേശന വാദം, ഇടത് നിലപാട് മാറ്റം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക