Image

ക്യാപ്റ്റന്‍ ബിനോയ് വരകിലിനും ഡോ. ഇളവരശി ജയകാന്തിനും അബ്രഹാം ലിങ്കണ്‍ പുരസ്കാരം

Published on 14 January, 2020
ക്യാപ്റ്റന്‍ ബിനോയ് വരകിലിനും ഡോ. ഇളവരശി ജയകാന്തിനും അബ്രഹാം ലിങ്കണ്‍ പുരസ്കാരം
ദോഹ : സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളില്‍ മികവു തെളിയിക്കുന്നവര്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്‍റര്‍നാഷണലിന്‍റെ അബ്രഹാം ലിങ്കണ്‍ എക്‌സലന്‍സ് അവാര്‍ഡിന് ക്യാപ്റ്റന്‍ ബിനോയ് വരകിലിനേയും ഡോ. ഇളവരശി ജയകാന്തിനേയും തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ലണ്ടനിലെ റോമന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച മൗണ്ടേന്‍സ്, റിവേഴ്‌സ് ആന്‍ഡ് സോള്‍ജിയേഴ്‌സ് എന്ന കൃതിയാണ് ക്യാപ്റ്റന്‍ ബിനോയ് വരകിലിനെ അവാര്‍ഡിനര്‍ഹനാക്കിയത്. അധ്യാപകന്‍, ആര്‍മി ഓഫീസര്‍ എന്നീ നിലകളിലുള്ള സ്തുത്യര്‍ഹമായ സേവനത്തിനു പുറമേ സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായ ബിനോയ് ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനഞ്ചോളം കൃതികളുടെ കര്‍ത്താവാണ്. ലൈഫ് ആന്‍ഡ് ബിയോണ്ട്, ദി റിവര്‍ ദാറ്റ് ക്യാരീസ് ഗോള്‍ഡ്, വിശുദ്ധകേളന്‍, ബോണ്‍ ഇന്‍ ഒക്ടോബര്‍, വോയിസ് ഇന്‍ ദി വിന്‍റ്, സ്‌റ്റോണ്‍ റിവേഴ്‌സ്, ബേഡ്‌സ് ആന്‍ഡ് എ ഗേള്‍, ഹിയര്‍ ഈസ് ലൈറ്റ്, മൈ അണ്‍ലക്കി ഗേള്‍, എ സ്പാരോ, എ സ്ക്ക്യൂറല്‍ ആന്‍ഡ് ആന്‍ ഓള്‍ഡ് ട്രീ, ഡാസ്‌ലിംഗ് ഡ്രീസ്, കവിതയും കവിയും, സോംഗ്‌സ് ഓഫ് ഗദ്‌സെമന്‍ എന്നിവയാണ് പ്രധാന കൃതികള്‍. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്തകമായ "പുകതീനി മാലാഖ' എന്ന കഥാസമാഹാരം കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി മലിനീകരണം, കാന്‍സര്‍, കുടുംബ ബന്ധങ്ങളിലെ ജീര്‍ണത മുതലായ സമകാലിക വിഷയങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നതാണ്.

2016ലെ അന്താരാഷ്ട്ര കവിതാമത്സരത്തില്‍ ഷേക്‌സിപിയര്‍ ആസ് യു ലൈക്ക് ഇറ്റ് സ്‌പെഷല്‍ ജുറി അവാര്‍ഡ്, 2019ലെ ലിപി പ്രവാസലോകം സാഹിത്യ പുരസ്കാരം എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ദേവഗിരി സെന്‍റ് ജോസഫ്‌സ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനും എന്‍സിസി കമ്പനി കമാന്‍ണ്ടറുമാണ് ക്യാപ്റ്റന്‍ ബിനോയ് വരകില്‍. കുന്ദമംഗലം നവജ്യോതി സ്കൂള്‍ അധ്യാപികയായ ഹര്‍ഷയാണ് ഭാര്യ, ഗുഡ്‌വിന്‍, ആന്‍ജലിന്‍ എന്നിവര്‍ മക്കളാണ്.

സംരംഭകയായ ഡോ. ഇളവരശി ജയകാന്ത് അശ്വതി ഹോട്ട് ചിപ്‌സിന്‍റെ അമരക്കാരിയാണ്. 2012ല്‍ ചെറിയ രീതിയില്‍ ആരംഭിച്ച അശ്വതി ഹോട്ട് ചിപ്‌സിനെ കുറഞ്ഞ കാലം കൊണ്ട് ലോകോത്തര നിലവാരമുള്ള വലിയ ഒരു സംരംഭമാക്കി മാറ്റിയത് ഡോ. ഇളവരശിയുടെ അശ്രാന്ത പരിശ്രമമാണ്. കളറുകളും പ്രിസര്‍വേറ്റീവുകളുമില്ലാതെ തികച്ചും ആരോഗ്യപരമായ നാടന്‍ പലഹാരങ്ങള്‍, അച്ചാറുകള്‍, ചിപ്‌സുകള്‍ തുടങ്ങിയ വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്ന അശ്വതി ഹോട്ട് ചിപ്‌സിന് നാല് ശാഖകളുണ്ട്.

സംരംഭക മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സില്‍ ഗ്രാന്റ് അച്ചീവേഴ്‌സ് പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

ഈ മാസം 19ന് ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക