Image

യുഎഇയില്‍ വീണ്ടും മഴയ്ക്കു സാധ്യത; മൂന്നു മരണം, ഒരാളെ കാണാതായി

Published on 14 January, 2020
യുഎഇയില്‍ വീണ്ടും മഴയ്ക്കു സാധ്യത; മൂന്നു മരണം, ഒരാളെ കാണാതായി
ദുബായ്: തോരാതെ പെയ്ത പെരുമഴയ്ക്കു ശേഷം അന്തരീക്ഷം തെളിഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് മാറിയില്ല. റോഡുകളിലെ വെള്ളക്കെട്ട് പൂര്‍ണമായി നീക്കിയെങ്കിലും താഴ്ന്നമേഖലകളില്‍ വെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. മുനിസിപ്പാലിറ്റി ജീവനക്കാര്‍ ശുചീകരണ ജോലികള്‍ തുടരുന്നു.

ഇന്നു വൈകിട്ടു മുതല്‍ നാളെ രാവിലെ വരെ സാമാന്യം ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. കാറ്റ് ശക്തമാകും. അതേസമയം, മഴയ്ക്കിടെയുണ്ടായ അപകടങ്ങളില്‍ 3 പേര്‍ മരിക്കുകയും ഒരു ഏഷ്യക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയും ചെയ്തു.

വ്യത്യസ്ത വാഹനാപകടങ്ങളില്‍ 2 സ്വദേശി യുവാക്കളും റാസല്‍ഖൈമയില്‍ മതിലിടിഞ്ഞു വീണ് ആഫ്രിക്കന്‍ വനിതയുമാണ് മരിച്ചത്. റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ടായിരുന്നു വാഹനാപകടങ്ങള്‍. റാസല്‍ഖൈമ ഷാം വാദിയിലാണ് ഏഷ്യന്‍ തൊഴിലാളിയെ കാണാതായത്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങളില്‍ നിന്നു ദുബായ് പൊലീസ് ഒരു ഏഷ്യക്കാരനെയും സ്വദേശി വനിതയെയും രക്ഷപ്പെടുത്തി. ദുബായ് ഇന്റര്‍നാഷനല്‍ സിറ്റിയില്‍ ചൈന, ഇംഗ്ലണ്ട് ക്ലസ്റ്ററുകളിലെ താമസക്കാര്‍ക്ക് മഴയെതുടര്‍ന്ന് 2 ദിവസത്തിലേറെ പുറത്തിറങ്ങാനായില്ല. പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി.

റാസല്‍ഖൈമ അല്‍ സുഹാദ, ജബല്‍ ജൈസ്, അല്‍ ഖരന്‍ പാലം എന്നിവിടങ്ങളില്‍ ഗതാഗതം പുനരാരംഭിച്ചിട്ടില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജബല്‍ അസാന്‍ മലയോര മേഖലയിലേക്കുള്ള റോഡും അടച്ചു. അല്‍ ഫിലായ താമസമേഖലയിലേക്കും നഖ്ബ് വാദിയിലേക്കുമുള്ള റോഡുകള്‍ ഭാഗികമായി അടച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക