Image

ഒറ്റയ്ക്ക് (കവിത: ലിഖിത ദാസ്)

Published on 15 January, 2020
ഒറ്റയ്ക്ക് (കവിത: ലിഖിത ദാസ്)
നിങ്ങള്‍ തീവ്രമായി പ്രണയിക്കുന്ന
ഒരുവനെ/വളെ ഒരിയ്ക്കലുമൊരിക്കലും
പുതുക്കാന്‍ ശ്രമിക്കരുത്.

വൃത്തിയാക്കാനെന്ന വ്യാജേന നിങ്ങള്‍
അയാളുടെ ഹൃദയത്തിലെ
വഴുപ്പുള്ള പായല്‍ തുടച്ചു നോക്കരുത്
അടിയിലെ കനം കുറഞ്ഞൊരു
പാളിയില്‍ പോലും
നിങ്ങളുടെ പേരില്ലെന്നു കണ്ട്
ഒരുപക്ഷേ നിങ്ങള്‍
നിലവിളിക്കാന്‍ സാധ്യതയുണ്ട്.

അറിയാതെ പോലും അയാളുടെ
രഹസ്യ മുറിയുടെ താക്കോല്‍
എവിടെയാണെന്ന് തപ്പി നോക്കരുത്.
ഇനിയത് കയ്യില്‍ തടഞ്ഞാലും
എറിഞ്ഞു കളഞ്ഞേക്കുക.
നിങ്ങളുടെ പ്രതീക്ഷയേക്കാള്‍മനോഹരമായ
ഒരു ചിത്രമോ
നിങ്ങളുടേതിനേക്കാള്‍ മനോഹരമായ
ഒരു കൈപ്പടയോ മതി
അനേക ദിവസങ്ങള്‍ ഭക്ഷണത്തിനു
രുചിപോരെന്നും ഉറക്കം വരില്ലെന്നും
നിങ്ങള്‍ നിങ്ങളെത്തന്നെ ഭയന്നു തുടങ്ങാന്‍

അവള്‍/അവന്‍ എവിടെയാണെന്ന്
തുടര്‍ച്ചയായി അന്വേഷിക്കാന്‍
മെനക്കെടരുത്.
നിങ്ങളുടെ സമയങ്ങളാണ്
അതിനെക്കാളൊക്കെ മികച്ചതെന്ന്
വെറുതേയങ്ങ് വിശ്വസിച്ചേക്കുക
എന്നിട്ട് അയാള്‍ പറയുന്ന കഥകളുടെ
നല്ലൊരു കേള്‍വിക്കാരി/ക്കാരനാവുക.

അയാള്‍ ഉണ്ടോ,ഉറങ്ങിയോ എന്ന്
വേവലാതി തുടങ്ങുന്ന സമയത്ത്
നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകം
വായിച്ചു തുടങ്ങുക.
നിങ്ങളില്ലായ്മകളിലും അയാള്‍
വിശക്കുകയും
ഉറക്കം തൂങ്ങുകയും ചെയ്യുന്ന
ഒരു അതിസാധാരണ ജീവിയാണെന്ന്
ചിന്തിക്കുക.

ഇന്നു തരുമോ നാളെത്തരുമോ
എന്നൊരു പരിഗണനയുടെ ഭാരം
അയാളുടെ തോളത്തിടരുത്.
നിങ്ങളുടെ ഇത്തരം
വിലകുറഞ്ഞ പ്രതീക്ഷയുടെ
ഭാരം ചുമക്കാന്‍ പോലുമുള്ള നേരം
അയാള്‍ക്ക് കാണില്ലെന്ന് മനസിലാക്കുക.

ഒരു വൈകുന്നേര നടത്തത്തിനോ,
മുറ്റത്തെ ചെടി നനയ്ക്കാനൊ
ഒരു സിനിമയ്‌ക്കൊ
ഒരു രാത്രി ഭക്ഷണത്തിനോ നിങ്ങള്‍
ഒരുമിച്ച് പോയേക്കാം.
പിന്നീട് അതിനെക്കുറിച്ച് മാത്രം
ഓര്‍ത്തുകൊണ്ടിരിക്കരുത്..
എല്ലായ്‌പ്പോഴും സംഭവിക്കുന്ന ഒന്നിനെ
അത്ഭുതമെന്നൊ പ്രതിഭാസമെന്നൊ
നമ്മള്‍ വിളിയ്ക്കാറില്ലല്ലൊ

ഒരുമിച്ച് പോകാമെന്ന് കരുതി
പിന്നേയ്ക്ക് പിന്നേയ്ക്ക്
പ്രിയപ്പെട്ട ഇടങ്ങള്‍ മാറ്റിവയ്ക്കരുത്.
ചില സമയങ്ങളും ചില തോന്നലുകളും
ഒരിക്കലും ആവര്‍ത്തിക്കാനിടയില്ല.
ഇതാണ് ആ യാത്രയ്ക്ക് നിങ്ങളൊരുക്കി
വച്ചിട്ടുള്ള ഏറ്റവും നല്ല സമയമെന്ന്
ഉറപ്പിക്കുക
ഇറങ്ങി നടന്നേക്കുക..

നിങ്ങളൊരിക്കലും ഒരുവനെ/വളെ പുതുക്കാതിരിക്കുക..
കാടുകള്‍
അതങ്ങ് ഒറ്റയ്ക്ക് പൂക്കാറാണ് പതിവ്.
നനച്ചും തൊട്ടും
വളര്‍ത്തുന്നവയേക്കാള്‍ സുന്ദരം
ഒറ്റയ്ക്ക് വളരുന്നതാണ്.
വിശന്നിട്ടും തളര്‍ന്നിട്ടും
കരളുറച്ച് വളരുന്നത് തന്നെയാണ്.

Join WhatsApp News
ജോസഫ് നമ്പിമഠം 2020-01-16 16:17:21
ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന മനോഹരമായ ഒരു പുതുകവിത. 
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. The best lines are quoted here again

"നിങ്ങളൊരിക്കലും ഒരുവനെ/വളെ പുതുക്കാതിരിക്കുക..
കാടുകള്‍ 
അതങ്ങ് ഒറ്റയ്ക്ക് പൂക്കാറാണ് പതിവ്.
നനച്ചും തൊട്ടും
വളര്‍ത്തുന്നവയേക്കാള്‍ സുന്ദരം
ഒറ്റയ്ക്ക് വളരുന്നതാണ്."


കാടുകള്‍ ഒറ്റക്ക് പൂക്കാറില്ല 2020-01-16 19:23:09

 
ഞാൻ നിന്നെ പ്രണയിക്കുന്നതിന് മുൻപ് 
എനിക്കറിയാമായിരുന്നു നിന്റെ 
പ്രണയം കപടമായിരുന്നു എന്ന് .
ഇന്ന് അത് നിന്റ വായിൽ നിന്ന് 
തന്നെ ഞാൻ കേട്ടതിൽ സന്തുഷ്ടവാനാണ് 
"അവള്‍/അവന്‍ എവിടെയാണെന്ന്
തുടര്‍ച്ചയായി അന്വേഷിക്കാന്‍
മെനക്കെടരുത്.
നിങ്ങളുടെ സമയങ്ങളാണ്
അതിനെക്കാളൊക്കെ മികച്ചതെന്ന്
വെറുതേയങ്ങ് വിശ്വസിച്ചേക്കുക
എന്നിട്ട് അയാള്‍ പറയുന്ന കഥകളുടെ
നല്ലൊരു കേള്‍വിക്കാരി/ക്കാരനാവുക.'
കാടുകൾക്ക് ഒറ്റക്ക് പൂക്കാൻ കഴിയില്ല കുട്ടി 
അതിന് പരപാരഗണം ആവശ്യമാണ് 
അതുകൊണ്ട് നമ്മൾക്ക് പ്രണയത്തെ മറന്ന് 
ചിന്തകളെ 'ഉദ്ദീപിപ്പിച്ച്' പരാഗണത്തിനുള്ള 
മാർഗ്ഗങ്ങൾ തിരയാം.. നമ്മളുടെ 
സ്വപ്നങ്ങളൂം പൂത്തുലയട്ടെ 
josecheripuram 2020-01-16 20:10:06
Even you are married this is applicable.Allow people to think free,act free,why you have to impose your ideas in to someones mind?Creator did't do it.Why creation do it?
Santhosh Pala 2020-01-18 00:33:24
നല്ല കവിത.. ആശംസകള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക