Image

പൂട്ടിയിട്ട കാറില്‍ അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി

Published on 18 January, 2020
പൂട്ടിയിട്ട കാറില്‍ അവശനിലയില്‍  കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി

അടിമാലി: ദേശീയപാതക്കരികില്‍ കാറില്‍ അവശനിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി. അമ്മ ലൈലാ മണിയെ കുറിച്ച്‌ മാധ്യമങ്ങളിലൂടെ അറിഞ്ഞ മകന്‍ മഞ്‌ജിത്ത്‌ അടിമാലി പൊലീസ്‌ സ്റ്റേഷനിലാണ്‌ ഹാജരായത്‌. അടിമാലി സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ്‌ മകനെത്തിയത്‌.

മാനന്തവാടി കാമ്‌ബാട്ടി വെണ്‍മണി വലിയവേലിക്കകത്ത്‌ മാത്യുവിന്‍റെ ഭാര്യ ലൈലാമണിയെയാണ്‌ (63) വെള്ളിയാഴ്‌ച ഉച്ചയോടെ പൂട്ടിയ കാറില്‍ കണ്ടെത്തിത്‌. പൊലീസ്‌ എത്തിയാണ്‌ ലൈലാമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

വ്യാഴാഴ്‌ച ഉച്ചയോടെ കാര്‍ പാര്‍ക്ക്‌ ചെയ്‌ത്‌ ഭര്‍ത്താവ്‌ മാത്യു പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ പോയതാണെന്നാണ്‌ വീട്ടമ്മപറയുന്നത്‌. 

എന്നാല്‍, പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്‌ച വൈകീട്ടുവരെ മാത്യുവിനെ കണ്ടെത്താനായില്ല. ആള്‍ട്ടോ കാറിന്‍റെ പിന്‍സീറ്റില്‍ വീട്ടുസാധനങ്ങളും പലചരക്ക്‌ സാധനങ്ങളുമാണ്‌. വീട്ടമ്മ പരസ്‌പര വിരുദ്ധമായാണ്‌ സംസാരിച്ചിരുന്നത്‌. 

 എന്നാല്‍, ലൈലാമണിയെ ഭര്‍ത്താവ്‌ മാത്യൂ ഇതിന്‌ മുന്‍പും ഉപേക്ഷിക്കാന്‍ ശ്രമിച്ചതായാണ്‌ പൊലീസ്‌ പറയുന്നത്‌. . ഏതാനും വര്‍ഷം മുന്‍പ്‌ തിരുവനന്തപുരത്ത്‌ വച്ച്‌ കാറില്‍ ഉപേക്ഷിച്ച്‌ കടന്നുകളയാന്‍ രണ്ടാം ഭര്‍ത്താവ്‌ ശ്രമിച്ചിരുന്നു

 ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ ലൈലാ മണിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ മകന്‍ മഞ്‌ജിത്ത്‌ സമ്മതിച്ചു. 

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ പൊലീസ്‌ എടുത്തിട്ടില്ല. അമ്മയുടെ അഭിപ്രായം കൂടി ആരാഞ്ഞ്‌ തീരുമാനം എടുക്കാനുളള നീക്കത്തിലാണ്‌ പൊലീസ്‌ എന്നാണ്‌ അറിയുന്നത്‌.


 ഓട്ടോ ഡ്രൈവര്‍മാരാണ്‌ കാറില്‍ വീട്ടമ്മയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്‌. തുടര്‍ന്ന്‌ പൊലീസ്‌ എത്തി ഇവരെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. 

കാറിന്റെ താക്കോലും, വസ്‌ത്രങ്ങളും, ബാങ്ക്‌ ഇടപാട്‌ രേഖകളും കാറില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.അതിനിടെ, മാത്യുവിനെ കണ്ടെത്തുന്നതിനുളള ശ്രമം പൊലീസ്‌ ഊര്‍ജിതമായി തുടരുന്നു.

 ഒരു ഭാഗം തളര്‍ന്ന്‌ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന  ലൈലാമണി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അതിനിടെ നടത്തിയ അന്വേഷണത്തിലാണ്‌ രണ്ടാം ഭര്‍ത്താവായ മാത്യൂവിനെ കുറിച്ച്‌ പൊലീസിന്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്‌.

ആദ്യ ഭര്‍ത്താവ്‌ മരിച്ചതിനെ തുടര്‍ന്ന്‌ 2014ലാണ്‌ മാത്യൂവും ഒന്നിച്ച്‌ ലൈലാമണി ജീവിക്കാന്‍ തുടങ്ങിയത്‌. ഇവര്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലെന്ന്‌ പൊലീസ്‌ പറയുന്നു.ഏതാനും വര്‍ഷം മുന്‍പാണ്‌ ലൈലാമണിയെ ഉപേക്ഷിക്കാനുളള ആദ്യ ശ്രമം മാത്യൂ നടത്തിയത്‌. 

തിരുവനന്തപുരത്ത്‌ വെഞ്ഞാറുമൂട്‌ വച്ച്‌ ലൈലാ മണിയെ ഉപേക്ഷിച്ച്‌ കടന്നുകളയാനാണ്‌ മാത്യൂ ശ്രമിച്ചത്‌. എന്നാല്‍ പൊലീസ്‌ ഇടപെട്ട്‌ ബന്ധുക്കളെ കണ്ടെത്തി മാത്യൂവിന്‌ ഒപ്പം ലൈലാമണിയെ പറഞ്ഞയച്ചു.

താനും ഭര്‍ത്താവുമായി ഇരട്ടയാറിലുള്ള മകന്റെ വീട്ടിലേക്ക്‌ പോവുകയായിരുന്നെന്നും, യാത്രയ്‌ക്കിടയില്‍ കാറില്‍ നിന്ന്‌ ഇറങ്ങി പോയ ഭര്‍ത്താവ്‌ പിന്നെ തിരിച്ച്‌ വന്നില്ലെന്നുമാണ്‌ വീട്ടമ്മ പറയുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക