കണ്ണൂര്‍: കതിരൂര്‍ നായനാര്‍ റോഡില്‍ പോലീസ് പിക്കറ്റ് പോസ്റ്റിനു നേരെ ബോംബെറിഞ്ഞ കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലാല്‍ കുടക്കളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രബേഷിഷിനുവേണ്ടിയാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ബോംബേറിന് തൊട്ടു മുന്‍പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍മാര്‍ വിശ്രമമുറിയിലേക്ക് പോയതിനാലാണ് പ്രതി രക്ഷപ്പെട്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ബോംബെറിഞ്ഞ ആളെ പോലീസ് തിരിച്ചറിഞ്ഞത്.
നായനാര്‍ റോഡിന് സമീപത്തെ കുണ്ടുചിറയില് നിന്നും ആഴ്ചകള്‍ക്ക് മുന്‍പ് ബോംബു ശേഖരം കണ്ടെത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസ് പിക്കറ്റിംഗ് പോസ്റ്റിനു നേരെ ബോംബേറുണ്ടായത്.