Image

അഭയകേസ്: സാക്ഷിയായ ഡോക്ടറെ വിസ്തരിക്കും

Published on 18 January, 2020
അഭയകേസ്: സാക്ഷിയായ ഡോക്ടറെ വിസ്തരിക്കും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ 87ാം  സാക്ഷിയായ ഡോ.എസ്.കെ. പഥക്കിനെ വിഡിയോ കോണ്‍ഫറന്‍സ് മുഖേന  വിസ്തരിക്കും. കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്‍െറില്‍ അഭയയുടെ മൃതദേഹത്തിന്‍െറ ഡമ്മി പരീക്ഷണം നടത്തിയ ഫോറന്‍സിക് വിദഗ്ധനായിരുന്നു പഥക്. ജനുവരി 29ന് ജയ്പുര്‍ സെഷന്‍സ് കോടതിയില്‍ എത്തുന്ന ഡോക്ടറെ വിഡിയോ കോണ്‍ഫറന്‍സ് വഴി തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിസ്തരിക്കുക.

ജയ്പുരില്‍ താമസിക്കുന്ന ഡോ. പഥക്കിന് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം  യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് സി.ബി.ഐ അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. അഭയകേസില്‍ ഇതുവരെ 35 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍ 27പേര്‍ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോള്‍ എട്ടുപേര്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കി. പ്രധാന സാക്ഷികള്‍ കൂറുമാറിയതോടെ സി.ബി.ഐ ശാസ്ത്രീയതെളിവുകളെ ആശ്രയിക്കുകയാണ് പ്രോസിക്യൂഷന്‍.

നേരത്തേ കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വപരിശോധന നടത്തിയ പൊലീസ് സര്‍ജനും ഗൈനക്കോളജി മേധാവിയുമായിരുന്ന ഡോ.രമയുടെ മൊഴി അവരുടെ ശാരീരികഅവശത കാരണം വീട്ടില്‍ പോയി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം സി.ബി.ഐ ഇടമലയാര്‍ സ്‌പെഷല്‍ കോടതിയിലെ ജഡ്ജിയായിരുന്ന ശരത്ചന്ദ്രനെ  സാക്ഷിയായി വിസ്തരിച്ചു.

സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ അന്നത്തെ മജിസ്‌ട്രേറ്റ് ആയിരുന്നു ശരത്ചന്ദ്രന്‍. 1992 മാര്‍ച്ച് 27 ന് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്‍െറിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക