Image

ചൈനയില്‍ ഇന്ത്യക്കാരിക്കും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്

Published on 19 January, 2020
ചൈനയില്‍ ഇന്ത്യക്കാരിക്കും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്
ബെയ്ജിങ്: ചൈനയില്‍ പടരുന്ന പുതിയ ഇനം കൊറോണ വൈറസ്ബാധയേറ്റ് ഇന്ത്യക്കാരിയും ചികിത്സയില്‍. ചൈനയിലെ ഷെന്‍സെനില്‍ അധ്യാപികയായ പ്രീതി മഹേശ്വരി(45)യെയാണ് വെള്ളിയാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും  ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഭര്‍ത്താവ് അഷുമാന്‍ ഖോവല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. ഡല്‍ഹിയില്‍ വ്യാപാരിയാണ് അഷുമാന്‍.

മഹേശ്വരി നിലവില്‍ ഐസിയുവിലാണ്. വെന്റിലേറ്ററില്‍ മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ. ഏതാനും മണിക്കൂര്‍ മഹേശ്വരിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവിന് അനുവാദം നല്‍കിയിട്ടുണ്ട്. മഹേശ്വരി അബോധാവസ്ഥയില്‍ തുടരുകയാണ്. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധയേറ്റ് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്.

ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറിലേറെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വുഹാനില്‍ മാത്രം പഠിക്കുന്നുണ്ട്. എന്നാല്‍ ചൈനീസ് പുതുവര്‍ഷാഘോഷ അവധിയുടെ ഭാഗമായി ഇവരിലേറെയും ഇന്ത്യയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. വുഹാന്‍, ഷെന്‍സെന്‍ മേഖലകളില്‍ പടരുന്ന ന്യുമോണിയയുടെ കാരണം അന്വേഷിച്ചപ്പോഴായിരുന്നു ‘സാര്‍സ്’ പരത്തുന്നതിനു തുല്യമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങള്‍. 2002–03ല്‍ ചൈനയെയും ഹോങ്കോങ്ങിനെയും വിറപ്പിച്ച സാര്‍സിനു തുല്യമാണ് ഈ കൊറോണ വൈറസ് ബാധയെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് 650നടുത്ത് രോഗികളാണു മരിച്ചത്.

ഏതാനും ആഴ്ച മുന്‍പ് വുഹാനിലാണ് വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 17 സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 62 ആയി. ഇതില്‍ 19 പേര്‍ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ശേഷിക്കുന്നവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഷെന്‍സെനില്‍ രണ്ട് രോഗികളാണ് ചികിത്സയിലുള്ളത്. തായ്‌ലന്‍ഡിലും ജപ്പാനിലുമെത്തിയ ഓരോ ചൈനക്കാരിലും വൈറസിനെ കണ്ടെത്തിയിരുന്നു. ഇവരും ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക