Image

അയര്‍ലന്‍ഡില്‍ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി

Published on 21 January, 2020
അയര്‍ലന്‍ഡില്‍ സത്ഗമയ മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി
ഡബ്ലിന്‍ : ഭക്തിയുടെ ഭസ്മക്കുറി ചാര്‍ത്തി ഭക്തകണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശരണം വിളികളാല്‍ അയര്‍ലന്‍ഡിലും മകരവിളക്ക് ആഘോഷം ഭക്തിസാന്ദ്രമായി. ആദ്യഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്‌ളോണീ റോയല്‍ മീത്ത് പിച്ച് & പുട്ട് ക്ലബില്‍ ക്ഷേത്രമാതൃകയില്‍ തയാറാക്കിയ വേദിയില്‍, അയ്യപ്പ വിഗ്രഹത്തിനുമുന്നില്‍ നിലവിളക്ക് തെളിച്ചു ശബരീശന് പുഷ്പ്പാഞ്ജലിയും കാണിക്കയുമര്‍പ്പിച്ചു ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ദീപാരാധന ദര്‍ശിച്ചു ഭക്തജനങ്ങള്‍ സായൂജ്യമടഞ്ഞു.

കലിയുഗ വരദനായ ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ അനുഗ്രഹത്തിനായി, മനസിലും വചസിലും ഭക്തിയുടെ പുണ്യംനിറച്ച് ബ്രഹ്മശ്രീ ഇടശ്ശേരി രാമന്‍ നന്പൂതിരി, പ്രദീപ് നന്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടോത്തരി, അയ്യപ്പപൂജ എന്നിവ ഭക്തമനസുകളെ ആനന്ദനിര്‍വൃതിയില്‍ ആറാടിച്ചു. തുടര്‍ന്ന് സത്ഗമയ ഭജനസമിതിയുടെ ഭക്തിഗാനസുധയും പ്രസാദവിതരണവും അന്നദാനവും സംഘടിപ്പിച്ചിരുന്നു.

എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന സത്സംഗത്തിലും തുടര്‍ന്നുള്ള പരിപാടികളിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 087 322 6832, 087 781 8318,083 447 8366 എന്നീ നന്പറുകളില്‍ ബന്ധപ്പെടുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക